2024 September 20
17 Rabiʻ I, 1446 AH
നക്ബ മുതല്‍ അല്‍അഖ്‌സ വരെ

നക്ബ മുതല്‍ അല്‍അഖ്‌സ വരെ

  • ടി ടി എ റസാഖ്

ദീര്‍ഘകാലം ഉസ്മാനിയാ ഭരണത്തിനു കീഴിലായിരുന്ന ഫലസ്തീന്‍ 1918ല്‍ ഒന്നാം ലോകയുദ്ധം അവസാനിച്ചതോടെ യുഎന്‍ മാന്‍ഡേറ്റ് പ്രകാരമാണ് ബ്രിട്ടീഷ് നിയന്ത്രണത്തിലായത്. ഫലസ്തീനിന്റെ മണ്ണില്‍ പിറന്നവരെ ആക്രമിച്ചും നാടു കടത്തിയും ജൂതര്‍ക്കായൊരു മാതൃരാജ്യം സ്ഥാപിക്കാനുള്ള കുല്‍സിത ശ്രമങ്ങള്‍ക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. 1800കളില്‍ ഫലസ്തീനിലേക്ക് കുടിയേറിയ ജൂതസമൂഹത്തിന്റെ പിന്‍ഗാമികളായ വിവിധ സയണിസ്റ്റ് സംഘങ്ങളുമായി ബ്രിട്ടീഷുകാരും പിന്നീട് മറ്റു പാശ്ചാത്യ ശക്തികളും നടത്തിയ ഗൂഢാലോചനയുടെ ഫലമായി വിവിധ രാജ്യങ്ങളിലുള്ള ജൂതമതവിശ്വാസികള്‍ ഫലസ്തീനിലേക്ക് വന്‍തോതില്‍ കുടിയേറാന്‍ തുടങ്ങി.
1917ല്‍ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറിയായിരുന്ന ജയിംസ് ബാല്‍ഫൊര്‍ സയണിസ്റ്റ് നേതാവ് ബാരണ്‍ റോത്‌സ്ചില്‍ഡിന് എഴുതിയ ഒരു കത്താണ് ജൂതരാഷ്ട്ര നിര്‍മാണത്തിനായി അംഗീകരിക്കപ്പെട്ട പരസ്യ പ്രസ്താവന. ബെല്‍ഫൊര്‍ ഡിക്ലറേഷന്‍ എന്നറിയപ്പെടുന്ന ഈ പ്രഖ്യാപനമാണ് ഇന്നും ജൂതരെ ഫലസ്തീനിന്റെ മണ്ണിലേക്ക് കുടിയിരുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ പിന്നില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രമാണം. ധാര്‍മികമോ നിയമപരമമോ ആയ യാതൊരവകാശവും ഇല്ലാതിരിക്കേ, സയണിസ്റ്റ് ഉപശാലാ വൃത്തങ്ങളുമായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ ഗൂഢപദ്ധതിയായിരുന്നു ഈ ജൂത മാതൃരാജ്യ പദ്ധതി എന്ന് ലോകം മനസ്സിലാക്കി (Zionism: The Real Enemy of the Jews, Alan Hart).
പിന്നീട് 1922ല്‍ ജൂത സ്വരാജ്യത്തിന് ലീഗ് ഓഫ് നാഷന്‍സും അംഗീകാരം നല്‍കി. അല്‍പാല്‍പമായി തുടര്‍ന്നുവരുന്ന ജൂത കുടിയേറ്റത്തിന് ഇതും ആക്കം കൂട്ടി. 1921ല്‍ മാത്രം 30,000 ജൂത കുടിയേറ്റങ്ങള്‍ നടന്നതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1948ഓടെ പതിനായിരക്കണക്കിന് ജൂതരാണ് കുടിയേറ്റക്കാരായി ഫലസ്തീനില്‍ എത്തിയത്. അവര്‍ തദ്ദേശീയരുടെ നാടും വീടും കൃഷിഭൂമിയും കൈയേറാന്‍ തുടങ്ങി. ധാരാളം ഫലസ്തീനികള്‍ക്ക് നാടും വീടും കൃഷിഭൂമികളും നഷ്ടമായി. തങ്ങള്‍ നട്ടും നനച്ചും വളര്‍ത്തിയ പഴങ്ങളുടെയും പച്ചക്കറികളുടെയും ഗന്ധം പോലും ഒരു സുപ്രഭാതത്തില്‍ അവര്‍ക്ക് അന്യമായി.


തദ്ദേശീയരായ ഫലസ്തീനികള്‍ ഇതിനെ സര്‍വ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി നാട് നിരന്തര സംഘര്‍ഷ ഭൂമിയായി മാറി. ബുറാഖ് കലാപം പോലുള്ള വന്‍ കലാപങ്ങളുണ്ടായി. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം മരണദണ്ഡനങ്ങളാണ് നടപ്പാക്കിയത്. കൂട്ടവധശിക്ഷകള്‍ നടപ്പാക്കി ജനങ്ങളെ ഭയചകിതരാക്കാന്‍ ശ്രമിച്ചു. സംശയത്തിന്റെ പേരില്‍ ഫലസ്തീനി വീടുകള്‍ പൊളിച്ചുമാറ്റി. ബ്രിട്ടീഷ് കോളനിയായ ഷേസല്‍ ദ്വീപിലേക്ക് പലരെയും നാടു കടത്തി. കനലില്‍ നടത്തുക, ആളുകളെ കൂട്ടത്തോടെ ചെറിയ റൂമുകളില്‍ അടച്ചിടുക, റെയ്ഡുകള്‍ നടത്തി എണ്ണയും ധാന്യങ്ങളുമെല്ലാം കൂട്ടിക്കലര്‍ത്തി ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുക, നിര്‍ബന്ധിത ജോലികളിലിട്ട് കഷ്ടപ്പെടുത്തുക തുടങ്ങിയ കടുത്ത ഫാഷിസ്റ്റ് ദണ്ഡനമുറകളില്‍ ഫലസ്തീന്‍ നിരന്തരം അശാന്തമായി.
പക്ഷേ, പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ശമനമുണ്ടായില്ല. ഒടുവില്‍ സിറിയന്‍ വേരുകളുള്ള ഇസ്‌ലാമിക പ്രഭാഷകന്‍ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ നേതൃത്വത്തില്‍ ഫലസ്തീനികള്‍ സായുധ സമരമാരംഭിച്ചു. (ഹമാസിന്റെ സൈനിക വിഭാഗം അല്‍ഖസ്സാം ബ്രിഗേഡ് എന്നാണറിയപ്പെടുന്നത്). ബ്രിട്ടീഷുകാരുമായി മാത്രമല്ല, സയണിസ്റ്റ് സായുധ കുടിയേറ്റക്കാരുമായും ഈ ജിഹാദീ സംഘം ഏറ്റുമുട്ടി. പക്ഷേ, മികച്ച ആയുധങ്ങളോ യുദ്ധപരിശീലനമോ ലഭിക്കാത്ത സാധാരണ ഫലസ്തീനി യോദ്ധാക്കള്‍ക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. 1935ല്‍ അല്‍ഖസ്സാം കൊല്ലപ്പെട്ടു.


അദ്ദേഹത്തിന്റെ പ്രതിരോധവും രക്തസാക്ഷിത്വവും ഏറെ ഫലസ്തീനികളെ വീണ്ടും ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചു. 1936-39 കാലഘട്ടങ്ങളില്‍ ബ്രിട്ടീഷ് പടയുമായി രൂക്ഷമായ സായുധ സമരങ്ങളാണ് നടന്നത്. അക്കാലത്തെ ഏറ്റവും മികച്ച സൈനിക ശക്തികളില്‍ ഒന്നായിരുന്ന ബ്രിട്ടീഷ് പട അതും അടിച്ചമര്‍ത്തി. 5000ഓളം പേര്‍ കൊല്ലപ്പെട്ടു. 14,000 പേര്‍ക്ക് മുറിവേറ്റു. 18നും 40നും ഇടയില്‍ വരുന്ന യുവസമൂഹം ഒട്ടുമുക്കാലും കഥാവശേഷമായി. സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. നേതൃത്വം നശിപ്പിക്കപ്പെട്ടു. അറബികളുടെ ബിഷപ്പ് എന്നറിയപ്പെട്ട ബിഷപ് ഹജാറിനെ പോലുള്ള വിവേകശാലികളും ദുരൂഹ സാഹചര്യത്തില്‍ വധിക്കപ്പെട്ടു.


തുടര്‍ന്ന് രണ്ടാം ലോക മഹായുദ്ധം വന്നതോടെ ബ്രിട്ടീഷ് സേന അവരുടെ പക്ഷത്ത് യുദ്ധം ചെയ്യാന്‍ വേണ്ടി ജൂതര്‍ക്ക് ആയുധവും യുദ്ധപരിശീലനവും നല്‍കി. മറുവശത്ത് അറബ് പ്രതിരോധ സമരങ്ങളും കലാപങ്ങളും വര്‍ധിച്ചുവരുന്നത് മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണകൂടം ഗത്യന്തരമില്ലാതെ സയണിസ്റ്റ് കുടിയേറ്റ നയങ്ങള്‍ക്കെതിരേ ചില നിയന്ത്രണ നടപടികളെടുക്കാന്‍ നിര്‍ബന്ധിതരായി. ഇത് ജൂതസമൂഹത്തെ പ്രകോപിപ്പിച്ചു. ജൂതതീവ്രവാദികള്‍ ബ്രിട്ടീഷ് സേനക്കെതിരേ വമ്പിച്ച ഭീകരാക്രമണങ്ങള്‍ നടത്താന്‍ തുടങ്ങി.
പാലു കൊടുത്ത കൈകള്‍ക്കു തന്നെ അവര്‍ കൊത്താന്‍ തുടങ്ങി. തങ്ങള്‍ പരിശീലിപ്പിച്ച ഹെഗനാര്‍, ഇര്‍ഗുന്‍ പോലുള്ള ജൂതതീവ്രവാദി ഗ്രൂപ്പുകളും സമാന്തര സേനകളും ഫലസ്തീന്‍ മണ്ണില്‍ ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി. (ഈ തീവ്രവാദി ഗ്രൂപ്പ് നേതാവ് മെനാച്ചം ബെഗിന്‍ മുപ്പതു വര്‍ഷത്തിനു ശേഷം ഇസ്രായേലിന്റെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നതാണ് നാം കാണുന്നത്. അന്‍വര്‍ സാദത്തിനൊപ്പം അദ്ദേഹം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും പങ്കിട്ടു!). ഇങ്ങനെ സ്വന്തം ചെയ്തികളാല്‍ ദിനംപ്രതി കലുഷിതമായിക്കൊണ്ടിരിക്കുന്ന ഫലസ്തീനില്‍ നിന്ന് രക്ഷപ്പെട്ടു കടല്‍ കടക്കാന്‍ ഇസ്രായേല്‍ നിര്‍ഗമന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ഫലസ്തീനിനെ വിഭജിക്കാനുള്ള രേഖാരൂപങ്ങള്‍ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു.


അങ്ങനെ 1917 ബാല്‍ഫര്‍ പ്രഖ്യാപനം മുതല്‍ സജീവമായ ജൂതരാഷ്ട്രം എന്ന സാമ്രാജ്യത്വ അജണ്ട ഫലസ്തീനിന്റെ മാറ് പിളര്‍ത്തി പ്രതിഷ്ഠാപനം നിര്‍വഹിക്കപ്പെടുന്നത് 1947ലാണ്. ഫലസ്തീനികള്‍ ജനിച്ചു വളര്‍ന്ന മണ്ണും മലയും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രം യൂറോപ്പില്‍ നിന്നും മറ്റും കുടിയേറിയ ഒരു ന്യൂനപക്ഷത്തിന് ഭാഗം വെച്ചുകൊടുത്തത് അറബ് ലോകം അംഗീകരിച്ചില്ല. മറുവശത്ത് സയണിസ്റ്റുകളുടെ കുടിയേറ്റാവകാശം യുഎന്‍ അടക്കം അംഗീകരിച്ചു എന്നത് വന്‍ വിജയമായി കാണുകയും ഈ ഭാഗംവെപ്പ് അംഗീകരിച്ച് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു.


അറബ് ലോകം പ്രകോപിതരായി. ജൂതരുടെ അതിര്‍ത്തി നിര്‍ണയത്തിലും അവര്‍ക്ക് ദാനം കിട്ടിയ ഭൂവിസ്തൃതിയിലും കടുത്ത ശത്രുത ഉടലെടുത്തു. ഇത് 1948ല്‍ അറബ്-ഇസ്രായേല്‍ യുദ്ധത്തിന് കാരണമാവുകയും അറബികള്‍ പരാജയപ്പെടുകയും ചെയ്തു. ഈ യുദ്ധത്തോടെയാണ് ഫലസ്തീനിന്റെ 78% ഭൂമിയും ഇസ്രായേല്‍ കൈയേറിയത്. ഇതേ തുടര്‍ന്നാണ് ഫലസ്തീന്‍ ജനതയില്‍ ഭൂരിപക്ഷവും ഇന്നും ഒരു ‘സ്റ്റേറ്റ്‌ലസ്’ പദവിയില്‍ ഫലസ്തീനിലും പുറത്തും ചിതറിക്കഴിയുന്നത്. 1948ല്‍ നടന്ന അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായുണ്ടായ ഈ ദുരന്ത കാലഘട്ടമാണ് അറബ് ലോകത്ത് ‘അന്നക്ബ’ (മഹാദുരന്തം) എന്നറിയപ്പെടുന്നത്.