2024 September 20
17 Rabiʻ I, 1446 AH
വിസ്മയം തീർത്ത്  യുവജന സാഗരം

വിസ്മയം തീർത്ത് യുവജന സാഗരം

  • ശരീഫ് മേലേതിൽ (പ്രസി : ഐ.എസ്.എം കേരള)

അൽഹംദുലില്ലാഹ്... ഐ എസ് എം സംസ്ഥാന സമ്മേളനത്തെ പതിനായിരങ്ങൾ പങ്കെടുത്ത യുവ സാഗരമാക്കിത്തീർക്കുവാൻ അനുഗ്രഹിച്ച അല്ലാഹുവിനാകുന്നു സർവസ്തുതികളും. മുജാഹിദ് പ്രസ്ഥാനം എന്ന കേരള മുസ്ലിം ചരിത്രത്തിലെ അതിമഹത്തായ ഒരു പ്രവാഹത്തെ വരും തലമുറകളിലേക്ക് കൈമാറുവാൻ ഹൃദയത്തിനകത്ത് ആദർശ ബോധത്തിന്റെ ഉൾക്കനവും സിരകളിൽ യൗവനത്തിന്റെ ചൂടും ചൂരുമുള്ള പതിനായിരങ്ങൾ സജ്ജമാണ് എന്ന പ്രഖ്യാപനമായിരുന്നു ഐ എസ് എം സംസ്ഥാന സമ്മേളനം.
മുൻഗാമികളും ജീവിച്ചിരിക്കുന്നവരുമായ മുജാഹിദ് നേതാക്കളുടെയും കാരണവന്മാരുടെയും കഠിനാധ്വാനത്തിലൂടെ മലയാളമണ്ണിൽ വേരുപിടിച്ച് പടർന്നു പന്തലിച്ച ആദർശ പ്രസ്ഥാനത്തെ ആര് ഏറ്റെടുക്കുമെന്ന് ചോദ്യത്തിന് പതിനായിരങ്ങൾ ഒറ്റ ശബ്ദത്തിൽ നൽകിയ ഉത്തരമായിരുന്നു ഐ എസ് എം സംസ്ഥാന സമ്മേളനം. ആറുമാസത്തിലേറെ നീണ്ട ആലോചനകളുടെ, കഠിനാധ്വാനങ്ങളുടെ, ചെറിയ ചെറിയ കൂടിച്ചേരലുകളുടെ, ഉള്ളറിഞ്ഞ പ്രാർത്ഥനകളുടെ, ദീർഘമായി ചെലവഴിക്കപ്പെട്ട സമയങ്ങളുടെ, ഉദാരമായി നൽകപ്പെട്ട സ്വദക്വകളുടെ, ഉറക്കമില്ലാത്ത രാത്രികളുടെ, കേരളത്തിലെ ഓരോ മുജാഹിദ് ചെറുപ്പക്കാരുടെയും, വിലമതിക്കാനാവാത്ത നിരന്തര പരിശ്രമങ്ങളുടെ, ഫലമായികണ്ണും കരളും കുളിരണിയിപ്പിച്ച ഈ പതിനായിരങ്ങളുടെ ഒത്തുചേരൽ. അല്ലാഹുവേ വിനയത്തോടെ നിന്നോട് പ്രാർത്ഥിക്കുന്നു.എല്ലാം നീ സ്വീകരിക്കേണമേ....
ആരോടാണ് ഈ സമ്മേളനത്തിന്റെ വിജയത്തിന് നന്ദി പറയുക? പ്രായമായി, മറ്റൊന്നിനുമാവില്ല, ഞങ്ങൾ എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നുണ്ട്എന്ന് പറഞ്ഞ് കണ്ണ് നിറച്ച ഉമ്മമാരോടോ? ധൈര്യമായി മുന്നോട്ടുപോവുക നമ്മുടെ പ്രസ്ഥാനത്തിനുവേണ്ടിയല്ലേയെന്ന് തൊണ്ടയിടറി പറഞ്ഞ മുജാഹിദ് കേരളത്തിലെ പ്രിയപ്പെട്ട ഉപ്പമാരോടോ? തടസ്സങ്ങളിൽ തളരുമ്പോൾ നിങ്ങൾക്ക് ഇത് കഴിയുംഎന്ന് ധൈര്യം പകർന്നുകൊണ്ടേയിരുന്ന പ്രിയപ്പെട്ട നേതാക്കളോടോ? ഓരോ നാട്ടിലെയും പ്രബോധനത്തിനും പ്രചാരണത്തിനും സമ്മേളന പ്രവർത്തനങ്ങൾക്കുമായി രാവിനെ പകലാക്കിയ ആയിരക്കണക്കിന് സഹപ്രവർത്തകരോടോ? കാളിങ് ബെൽ അമർത്തുമ്പോൾ വിരുന്നുകാരോടെന്നപോലെ സ്വീകരിച്ച് സംഭാവന നൽകിനിങ്ങളെപ്പോലെ പ്രവർത്തിക്കാനാവുന്നില്ല , എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇനിയും വരണം എന്ന സന്തോഷവാക്കുകൊണ്ട് മനം കുളിർപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിന് എന്നും താങ്ങും തണലുമായി നിൽക്കുന്ന ഉമറാക്കളോടോ?
ശാഖാ മണ്ഡലം ജില്ലാ സംസ്ഥാന തലങ്ങളിൽപ്പെട്ട പ്രിയപ്പെട്ട സംഘടനാപ്രവർത്തകർ ഈ മഹാസമ്മേളനത്തിന്റെ വിജയത്തിന്നായിതളരാതെ, അല്ല തളർന്നപ്പോഴും അത് വകവെക്കാതെ ഓടിക്കൊണ്ടിരുന്നവരാണ്. എല്ലാവർക്കും നാഥൻ പ്രതിഫലം നൽകുമാറാകട്ടെ
ഞായറാഴ്ച അതിരാവിലെ സമ്മേളന പന്തലിൽ വച്ച് ആദ്യമായി കണ്ടുമുട്ടിയ ഐ.എസ്.എമ്മി ന്റെ ഒരു സഹപ്രവർത്തകൻ. രാത്രി ഏറെ വൈകിയപ്പോൾ വീണ്ടും അദ്ദേഹത്തെ കണ്ടു. സമ്മേളന പന്തലിന്റെ അകം വൃത്തിയാക്കുന്നപ്രവൃത്തിയിൽ ഈ മഹാ സമ്മേളനത്തിന്റെ വിജയത്തിനായി രാവും പകലും പണിയെടുത്ത നൂറുകണക്കിന് മുജാഹിദ് സഹപ്രവർത്തകരിൽ ഒരാൾ.... വേദിയിൽ കയറിയിട്ടില്ല, മൈക്കിനു മുന്നിൽ നിന്നിട്ടില്ല, ഒരിക്കൽ പോലും ക്യാമറ അവരുടെ നേരെ തിരിഞ്ഞിട്ടില്ല, നോട്ടീസിൽ അവരുടെ പേരുമില്ല, എല്ലാവരുടെയുംഭക്ഷണം കഴിഞ്ഞ് അവസാനം മാത്രം ഭക്ഷണം കഴിച്ചവർ, ഒരു നല്ല വാക്കു കൊണ്ടുപോലും അംഗീകാരം കിട്ടണം എന്ന് ആഗ്രഹിക്കാത്തവർ...
വളണ്ടിയർമാർ.... പ്രത്യേകം ഉടുപ്പിട്ട വരും അല്ലാത്തവരുമായി ആയിരത്തിനടുത്ത് സഹപ്രവർത്തകർ.... അവർക്ക് പര്യായപദങ്ങൾ ഇല്ല. പകരം പറയാൻ പേരുകളും അറിയില്ല. എടുത്ത പണിയുടെയും ഉടുപ്പിൽ നനഞ്ഞ വിയർപ്പിന്റെയും അനുഭവിച്ച കഷ്ടപ്പാടിന്റെയും അളവെടുക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങളുടെ അളവുകോലുകൾ അതിനു മതിയായവയല്ല. നാഥാ നീ ഉദാരനാണ്, പ്രതിഫലം നൽകി അനുഗ്രഹിക്കേണമേ.... അറബിക്കടലിന് അരികിൽ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ തൗഹീദിന്റെ പതാകയേന്തി അണിനിരന്നപ്പോൾ കൂടെ ചേർന്ന ഐ.എസ്. എമ്മിന്റെ ഓരോ സഹപ്രവർത്തകരും...... ഈ മഹായുവസാഗരം നൽകിയ ആത്മവിശ്വാസത്തിന് അതിരുകളില്ല. ആത്മധൈര്യത്തിന്റെ തോത് അറിയില്ല.അഭിമാനത്തോടെ മാത്രം ഓർത്തുവെക്കുന്ന, ഓർക്കുമ്പോഴൊക്കെയും ആനന്ദം കൊണ്ട് കണ്ണ് നിറയുന്ന, വിനയാന്വിതരായ യുവ മുവഹിദുകളുടെ മഹാ സമ്മേളനം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിന് മനുഷ്യരിലേക്കാണ് സമയാസമയങ്ങളിൽ സമ്മേളനം എത്തിക്കൊണ്ടിരുന്നത്. ഐ.എസ്.എമ്മിന്റെയും എം.എസ്. എമ്മിന്റെയും ഐ ടി മീഡിയ രംഗങ്ങൾ ധന്യമാക്കിയ പ്രിയപ്പെട്ട സഹപ്രവർത്തകന്മാർ.... അവരുടെ പങ്കും സേവനങ്ങളും സമ്മേളന വിജയത്തിൽ വിവരണാതീതമാണ്.
ആരോടും നന്ദി പറയുന്നില്ല. നിങ്ങൾ അതൊട്ട് ആഗ്രഹിക്കുന്നുമില്ല.... ഈ സമ്മേളനത്തിന്റെ വിജയത്തിൽ പങ്കെടുത്ത ഇവിടെ പരാമർശിക്കപ്പെട്ടവരും അല്ലാത്തവരുമായ എല്ലാവരോടും ഐ.എസ്.എം എന്നും കടപ്പെട്ടവരായിരിക്കും. കാരണം 1967ൽ രൂപീകരിക്കപ്പെട്ട ഐ.എസ്.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു അവിസ്മരണീയ ഒത്തുകൂടൽ. നാഥാ ഞങ്ങൾക്കെല്ലാം വിനയം നൽകേണമേ... പ്രതിഫലം നൽകേണമേ... പാപങ്ങൾ പൊറുക്കേണമേ... മരണാനന്തര ജീവിതത്തിൽ നരകമോചനം ലഭിക്കുന്ന സ്വർഗ പ്രവേശനം ലഭിക്കുന്ന അനുഗൃഹീത ദാസന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ... ആമീൻ, യാറബ്ബൽ ആലമീൻ....