2024 September 20
17 Rabiʻ I, 1446 AH
യുക്തിവാദികളുടെ സ്വതന്ത്ര ചിന്തകൾ?

യുക്തിവാദികളുടെ സ്വതന്ത്ര ചിന്തകൾ?

  • മുഹമ്മദ് വാളറ

സ്വതന്ത്ര ചിന്തകരാണെന്ന് അവകാശപ്പെടുന്നവരാണ് യുക്തിവാദികൾ. എന്നാൽ ഇവരുടെ യുക്തിയില്ലാത്ത ചിന്തകളും പ്രവർത്തനങ്ങളും ഇൗ അവകാശവാദം തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നു. അതിന്നുദാഹരണമാണ് ഇപ്പോഴത്തെ യുക്തിവാദി നേതാവിന്റെ ക്വുർആൻ വിമർശനങ്ങൾ.
ക്വുർആൻ വിമർശന പഠനങ്ങൾ നടത്തിക്കൊണ്ടിരുന്നുവെന്ന് സ്വയം അഹങ്കരിക്കുന്ന ടിയാൻ ക്വുർആനിലെ പതിനാലാം അധ്യായത്തെ അപഗ്രഥിക്കുന്നത് ഇങ്ങനെയാണ്. ഇബ്റാഹീം എന്ന് പേരിട്ടിരിക്കുന്ന ഇൗ അധ്യായത്തിൽ ഇബ്റാഹീമിന്റെ ചരിത്രം പറയുന്നില്ലായെന്നാണ് ഇദ്ദേഹത്തിന്റെ ഒരു വിമർശനം. ക്വുർആൻ ഏതൊരു പ്രവാചകന്റെയും ചരിത്രം പഠിപ്പിക്കുന്നത് അവരുടെ സന്ദേശങ്ങളിലൂടെയാണ്. അല്ലാതെ ജനനമരണ ജീവിത ചരിത്രമല്ല. സൂറത്തു ഇബ്റാഹീമിലും നമുക്ക് ഇതുതന്നെയാണ് കാണാവുന്നത്. ""ഇബ്റാഹീം ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു) എന്റെ രക്ഷിതാവേ ഇൗ നാടിനെ(മക്കയെ) നിർഭയത്വമുള്ളതാക്കുകയും, എന്നെയും എന്റെ മക്കളേയും ഞങ്ങൾ വിഗ്രഹങ്ങൾക്ക് ആരാധന നടത്തുന്നതിൽ നിന്ന് അകറ്റി നിറുത്തുകയും ചെയ്യേണമേ.'' (14:35) ഇൗ ആയത്തിലൂടെ പ്രഥമവും പ്രധാനവുമായ സന്ദേശമാണ് ക്വുർആൻ പഠിപ്പിക്കുന്നത്. ഏകദൈവവിശ്വാസവും മക്കയെന്ന നിർഭയത്വമുള്ള നാടും പഠനവിധേയമാണ്. ഇന്ന് മക്കയും പരിസര പ്രദേശങ്ങളും നിർഭയത്വ കേന്ദ്രങ്ങളാണ്. തൗഹീദിന്റെ പ്രകാശം ചൊരിയുന്ന നാടുമാണ്. ഇത് ഇബ്റാഹീമിന്റ പ്രാർത്ഥനയുടെ ഫലമാണ്. ക്വുർആനിലെ "ഇബ്റാഹീം' എന്ന അധ്യായത്തിലൂടെ ലോകത്തെ പഠിപ്പിക്കുന്നത് ഏറ്റവും വലിയ സന്ദേശമായ തൗഹീദാണ്. യുക്തിവാദികളുടെ സ്വതന്ത്രചിന്തക്ക് ഇതുൾക്കൊള്ളുവാൻ കഴിയാത്തതുകൊണ്ടാണ് വിമർശനങ്ങളുമായി ഉറഞ്ഞുതുള്ളുന്നത്.
ഇരുട്ടുകളിൽ നിന്നും പ്രകാശത്തിലേക്ക് മനുഷ്യരെ നയിക്കുവാൻ വേണ്ടിയാണ് ക്വുർആൻ അവതരിച്ചത്. ഇൗ വസ്തുതയും ഇൗ അധ്യായത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതും സ്വതന്ത്ര ചിന്തകനാണെന്നു അവകാശപ്പെടുന്ന ഇയാൾക്ക് വിമർശന വിഷയമാണ്. വിമർശകന്റെ ചോദ്യം ഇതാണ്. ""എല്ലാ മനുഷ്യർക്കുമുള്ളതാണെങ്കിൽ അല്ലാഹു എല്ലാവർക്കുമറിയാവുന്ന ഒരു ഭാഷ സൃഷ്ടിക്കേണ്ടേ? ആ ഭാഷയിലല്ലേ ക്വുർആൻ അവതരിപ്പിക്കേണ്ടത്? എങ്കിലല്ലേ എല്ലാവർക്കും ഇത് ഗ്രഹിക്കുവാൻ കഴിയുകയുള്ളൂ?'' ടിയാൻ അൽപം ചിന്തിച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുമായിരുന്നില്ല. ക്വുർആനിനെ വിമർശിക്കുവാൻ ഇയാൾക്ക് കഴിഞ്ഞത് അറബി ഭാഷ പഠിച്ചിട്ടല്ല. തർജമകളും വിവർത്തനങ്ങളും വായിച്ചുകൊണ്ടാണ്. അറബികൾ കേരളത്തിൽ വന്നത് മലയാളം പഠിച്ചിട്ടല്ല. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് ഇന്ത്യൻ ഭാഷകൾ പഠിച്ചിട്ടല്ല. ഇവിടെ അവർ ഭരിച്ചത് നാട്ടുഭാഷ സ്വായത്തമാക്കികൊണ്ടല്ല. അറേബ്യൻ നാടുകളിലേക്ക് ജോലിക്ക് പോകുന്നവരിൽ അധികപേരും അറബി അറിയാവുന്നവരല്ല. എന്നിട്ടും അവർ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ലോകം മുഴുവൻ സഞ്ചരിക്കുന്നവരുണ്ട്. അവിടങ്ങളിലെ മുഴുവൻ ഭാഷകളും പഠിച്ചുകൊണ്ടല്ല അവർ അവരുടെ ആവശ്യങ്ങൾ നടത്തുന്നത്. ഭാഷ ഒരു പ്രശ്നമല്ല. മറ്റൊരു ഭാഷയും പഠിക്കാതെ ആശയവിനിമയം നടത്താൻ കഴിയുന്ന അവസ്ഥ ഇന്നുണ്ട്. ഏത് ഭാഷയും ഏത് ഭാഷയിലേക്കും തർജമ ചെയ്യുവാനുള്ള സംവിധാനങ്ങളുമുണ്ട്. ക്വുർആൻ അറബി ഭാഷയിലായതു കൊണ്ട് അത് ഗ്രഹിക്കുവാൻ ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഇപ്പോൾ തീരെയുമില്ല.
മുസ് ലിങ്ങളല്ലാത്ത പണ്ഡിതന്മാർ വിശുദ്ധ ക്വുർആനിന്ന് പരിഭാഷകൾ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ ആദ്യമായി അലക്സാണ്ടർ റോസ് എന്ന പണ്ഡിതനാണ് പരിഭാഷ എഴുതിയത്. അഉ 1649ൽ ലണ്ടനിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ടി.ബി. ഇർവിങ് അമേരിക്കൻ ഭാഷയിൽ പരിഭാഷ എഴുതിയിട്ടുണ്ട്. അഉ 1985ലാണ് പ്രസിദ്ധീകരിച്ചത്. 2004ൽ തോമസ് എഫ്. ക്ലിയറി യു.എസ്.എ.യിൽ ആധുനിക ഇംഗ്ലീഷ് ഭാഷയിൽ പരിഭാഷ എഴുതി പ്രസിദ്ധീകരിച്ചു. 1937ൽ റിച്ചാർഡ് ബെൽ എഡിൻബറോയിൻ പരിഭാഷ പ്രസിദ്ധീകരിച്ചു. അഉ 1956ൽ എൻ.ജെ. ദാവൂദ് എന്ന ജൂതൻ ക്വുർആൻ പരിഭാഷ എഴുതി ലണ്ടനിൽ പ്രസിദ്ധീകരിച്ചു. റോഡ്വെൽ എന്ന പണ്ഡിതനും പരിഭാഷ എഴുതിയിട്ടുണ്ട്.
ഇതിൽ നിന്നും മനസ്സിലാകുക ഭാഷാ പ്രശ്നം ക്വുർആൻ പഠനത്തിന് ഒരു വിഘാതമല്ലയെന്നാണ്. എന്നാൽ യുക്തിവാദികളുടെ സ്വതന്ത്രചിന്തക്ക് ഇത് ഗ്രാഹ്യമല്ല. ജാഹിലിയ്യാ കാലത്തെ അറബ് മുശ്രിക്കുകളുടെ ചോദ്യമാണ് ഇപ്പോഴും വിമർശകനായ യുക്തിവാദി ഉന്നയിക്കുന്നത്. ""എല്ലാം കഴിവുള്ള അല്ലാഹുവിന്ന് എന്തുകൊണ്ട് ഒാരോരുത്തർക്കും ഒാരോ കിതാബ് ഇറക്കിക്കൊടുത്തുകൂടാ'' എന്ന അയാളുടെ ചോദ്യം ഭയങ്കര ചോദ്യം തന്നെയാണ് യുക്തിവാദികളുടെ നിലവാരമാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.
വിമർശിക്കുവാൻ വേണ്ടി വിമർശിക്കുന്ന വിവരദോഷികളായ എക്സ് മുസ് ലിം ഗ്രൂപ്പുകാർ സോഷ്യൽ മീഡിയകളിൽ സജീവമാണിന്ന്. വിശുദ്ധ ക്വുർആൻ മനുഷ്യരെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗ്രന്ഥമാണെന്ന വസ്തുത ഗ്രഹിക്കാതെയാണ് വിമർശനങ്ങളുമായി ഇവർ വന്നുകൊണ്ടിരിക്കുന്നത്. ലക്ഷ്യം ഇസ് ലാമിന്റെ ശത്രുക്കളുടെ പ്രീതി നേടുകയെന്നത് മാത്രവും.
വിമർശകന്റെ മറ്റൊരു ആരോപണം ക്വുർആൻ അറബികൾക്ക് മാത്രമായുള്ളതാണ് എന്നാണ്. ഇതിന്റെ മറുപടി ഇൗ സൂറത്തിലെ തന്നെ അവസാന വചനത്തിൽ കാണാം. ''ഇത് മനുഷ്യർക്ക് വേണ്ടി വ്യക്തമായ ഒരു ഉദ്ബോധനമാകുന്നു.''(വി.ക്വു. 14:52)
സ്വതന്ത്രചിന്തകരെന്ന് അവകാശപ്പെടുന്നവരുടെ യുക്തിബോധം നിഷേധാത്മകമാണ്. പക്ഷപാതപരമാണ്. സത്യവിരുദ്ധമാണ്. ഒരുതരം വർഗീയതയുടെ ഉൽപന്നവുമാണ്. അവർ ചിന്തിച്ച് സ്വയം മാറുകയില്ല. മറ്റുള്ളവരെ ചിന്തിക്കുവാൻ സമ്മതിക്കുകയുമില്ല. അവരാണ് യുക്തിബാധ കയറിയ 'സ്വതന്ത്ര ചിന്തകർ'!