2024 November 15
13 Jumada I, 1446 AH
ഞാവൽപ്പഴം

ഞാവൽപ്പഴം

  • കബീർ എം പറളി

ചെറുപുല്ലുകൾ നിറഞ്ഞ വിശാലമായ മൈതാനത്ത് പടർന്ന്, നിഴൽ പരത്തി നിൽക്കുന്ന ഞാവൽ മരം. കുട്ടികളുടെയൊക്കെ ഇഷ്ടപ്പെട്ട സ്ഥലം. അതിന്റെ കീഴെ വന്ന് ഞാവൽ പഴം പെറുക്കുന്നവരുണ്ട്. തമാശകൾ പറഞ്ഞിരിക്കുന്നവരുണ്ട്. അൽപം മാറി കുട്ടിയും കോലും കളിക്കുന്നവരുണ്ട്. അങ്ങനെയങ്ങനെ പച്ചുപ്പുൽ മൈതാനവും ഞാവൽ മരവും കുസൃതിക്കുട്ടികളുമൊക്കെ കണ്ടുകൊണ്ടാണ് ഒാരോ ദിവസവും സൂര്യൻ വന്നും പോയുമിരിക്കുന്നത്.
അന്ന് ഞായറാഴ്ചയായിരുന്നു. കുട്ടികളുടെ കലപില ശബ്ദം കൊണ്ട് മുഖരിതമാണ് മൈതാനം. ചിരിയും കളിയും ഒാട്ടവും ചാട്ടവും... ആകെ ബഹളമയം. അത് നോക്കി നിൽക്കാൻ തന്നെ രസമാണ്. ചിലർ ഇടയ്ക്കു അടിപിടികൂടുന്നുണ്ട്. പിണങ്ങുന്നുണ്ട്. കുട്ടികളല്ലെ. അവരുടെ പിണക്കം മിനുറ്റുകൾ നീളാറില്ല. 
നബീൽ മൈതാനത്തേക്ക് ചെല്ലുമ്പോൾ ഞാവൽ മരത്തിന്റെ ചുവട്ടിൽ സലീമും ബഷീറും ലബീബും ജാബിറും മറ്റും കൂടിയിരിക്കുന്നുണ്ട്. എന്തൊക്കെയൊ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുമുണ്ട്. ബഷീർ തമാശകൾ പൊട്ടിക്കാൻ മിടുക്കനാണ്.
"അസ്സലാമു അലൈകും" നബീൽ പുഞ്ചിരി തൂകിക്കൊണ്ട് അവർക്കരികിലേക്ക് കടന്നു ചെന്നു.
"ഹായ് നബീൽ, വ അലൈകുമുസ്സലാം വറഹ് മത്തുല്ലാഹ്" എല്ലാവരും ഒപ്പം സലാം മടക്കി.
"നീ എവിടെയായിരുന്നു നബീൽ ഇത്രനേരം?' ലബീബാണത് ചോദിച്ചത്
"ഹബീബീ, ഇവിടേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു ഉമ്മ കടയിൽ പോവാൻ പറഞ്ഞത്. സാധനങ്ങൾ വാങ്ങിക്കൊടുത്താണ് ഞാനിങ്ങ് പോന്നത്. ഉച്ചക്ക് വല്ലതും തിന്നണ്ടെടോ?"
"അതു വേണ്ടതാ.." സലീം പറഞ്ഞു
"അല്ല, വല്ലാത്ത ചിരിയും ബഹളവുമൊക്കെയായിരുന്നല്ലൊ! എന്താ പുതിയ വിശേഷം?'
"അത് ബഷീറൊരു തമാശ പൊട്ടിച്ചതാ.' സലീം മറുപടി പറഞ്ഞു
"നബീലെ, വാ ഇരിക്ക്...' 
ബഷീർ നബീലിന്റെ കൈപിടിച്ച് അടുത്തിരുത്തി
"നബീലൂ, ഒരു കാര്യണ്ട്, നമ്മുടെ സുലയ് മാനില്ലെ.... ഹായ്, ആ ഫുട്ബോളറേയ്.. അവന്റെ വിവരമറിഞ്ഞില്ലേ...?'
ബഷീർ സുലയ് മാനെപ്പറ്റി അറിഞ്ഞ പുതിയൊരു വാർത്ത നബീലിനെ അറിയിക്കാനുള്ള ആവേശത്തിലാണ്.
"സുലയ് മാനെ എനിക്കറിയാലൊ ബഷീറേ. എന്താണ് സംഗതി? വല്ല ഹാപ്പി ന്യൂസാണോടോ'
"ഹാപ്പീ ന്യൂസോ... ഒക്കെ പറയാം... നീയൊന്നടങ്ങ് നബീലൂ..' ബഷീർ നബീലിന്റെ തോളിൽത്തട്ടി പറഞ്ഞു.
ബഷീറിന്റെ സംസാരത്തിൽ നബീലിന് എന്തോ പന്തികേട് തോന്നി. സുലൈമാനെപ്പറ്റി നല്ല കാര്യം പറയാനല്ല അവൻ ഉദ്ദേശിക്കുന്നത് എന്ന് നബീൽ ഉൗഹിച്ചു. ഇതങ്ങനെ വിടാൻ പറ്റുന്നതല്ല. ആരെപ്പറ്റിയും മോശമായി സംസാരിക്കരുതെന്ന് പഠിച്ച താൻ തന്റെസുഹൃത്തുക്കളെയും അക്കാര്യം ബോധ്യപ്പെടുത്തണമല്ലൊ. മാത്രമല്ല, നന്മകൾ എന്ത് കേട്ടാലും അത് സ്വീകരിക്കാൻ മനസ്സുള്ളവരാണ് തന്റെ കൂട്ടുകാർ.
നബീൽ പറഞ്ഞു: "കൂട്ടുകാരേ, ബഷീറിന്റെ കഥ കേൾക്കും മുമ്പ് നിങ്ങൾക്കെല്ലാവർക്കുമായി ഞാനൊരു കഥ പറഞ്ഞു തരട്ടെ?'
"എന്നാൽ ആദ്യം അത് നടക്കട്ടെ, അല്ലെടോ സലീമേ..." ജാബിർ ചിരിച്ചു കൊണ്ട് പറഞ്ഞു. ബഷീറും അത് ശരിവെച്ചു.
നബീൽ കഥ തുടങ്ങി:
ഒരിടത്ത് ഒരു ജ്ഞാനിയുണ്ടായിരുന്നു... നമുക്ക് ഗുരു എന്ന് പറയാം. അദ്ദേഹത്തിന് കുറേ ശിഷ്യന്മാരും ഉണ്ടായിരുന്നു. ഒരിക്കൽ ഗുരു ഏകനായി ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അടുക്കലേക്ക് ഒരു ശിഷ്യൻ കടന്നു വന്നു. എന്നിട്ട് ഗുരുവിനോടായി പറഞ്ഞു: "ഗുരോ, എനിക്ക് ഒരു കാര്യം പറയാനുണ്ട്.'
"എന്തു കാര്യമാണ്? ആരെപ്പറ്റിയാണ് പറയാനുള്ളത്?' ഗുരു ചോദിച്ചു
അവൻ പറഞ്ഞു: "താങ്കളുടെ ഒരുശിഷ്യനെക്കുറിച്ചാണ് ചിലത് അങ്ങയോട് പറയാനുള്ളത്.'
അത് കേട്ടപ്പോൾ ഗുരു ചിരിച്ചു. ശിഷ്യനെ മുന്നിൽ പിടിച്ചിരുത്തി. എന്നിട്ട് പറഞ്ഞു: "ശരി പറഞ്ഞോളൂ... പക്ഷേ, അതിനു മുമ്പ് ഞാൻ നിന്നോട് മൂന്ന് ചോദ്യം ചോദിക്കും. അവയ്ക്ക് ഉത്തരം നൽകിയതിനു ശേഷം നിനക്ക് പറയാനുള്ളത് പറഞ്ഞോളൂ. എന്താ ചോദിച്ചോട്ടെ...?"
ശിഷ്യൻ അതെയെന്ന് ഭവ്യതയോടെ തലയാട്ടി
ഗുരു തന്റെ ചോദ്യങ്ങളിലേക്ക് കടന്നു. "എങ്കിൽ കേട്ടോളൂ, എന്റെ ഒന്നാമത്തെ ചോദ്യം ഇതാണ്, ശിഷ്യനെപ്പറ്റി നീ പറയാൻ പോകുന്ന കാര്യം സത്യം തന്നെയാണൊ?'
ശിഷ്യൻ പറഞ്ഞൂ: "അറിയില്ല ഗുരോ, ഞാൻ വേറൊരാളിൽ നിന്നും കേട്ടതാണ്.'
"രണ്ടാമത്തെ ചോദ്യം കേട്ടോളൂ: നീ പറയാൻ പോകുന്ന കാര്യം നിനക്ക് വല്ല ഉപകാരവുമുള്ളതാണൊ?'
ശിഷ്യൻ തലയാട്ടിക്കൊണ്ട് പറഞ്ഞു: "തീർച്ചയായും അല്ല ഗുരോ'
"എന്നാൽ മൂന്നാമത്തെ ചോദ്യം, നീ പറയാൻ പോകുന്ന കാര്യം അവന്ന് ഉപകാരമുളളതാണോ?'
ഇതു കൂടി കേട്ടപ്പോൾ ആ ശിഷ്യൻ ആകെ വെപ്രാളത്തിലായി. ഗുരുവിന്റെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു: "ഗുരോ, അത്... അവന്നും ഉപകാരമുള്ളതല്ല.'
ഗുരു ചിരിച്ചു. ശിഷ്യന്റെതോളിൽ കൈവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: "നന്നായിട്ടുണ്ട്.... സത്യമാണോ എന്ന് ഉറപ്പില്ലാത്ത, നിനക്കും അവന്നും ഉപകാരമില്ലാത്ത കാര്യമാണോ നീ എന്നോട് പറയാനായി വന്നത്? 
മോനേ, ഒരാളെപ്പറ്റിപറയുന്ന ഉപകാരമില്ലാത്ത കാര്യം ഒന്നുകിൽ അയാളെപ്പറ്റിയുള്ള പരദൂഷണമായിരിക്കും. അല്ലെങ്കിൽ അപവാദമായിരിക്കും. അതുമല്ലെങ്കിൽ അസൂയയായിരിക്കും...'
"ഇൗ മൂന്ന് കാര്യങ്ങളും ആരെക്കുറിച്ചും നിന്റെ മനസ്സിൽ ഉണ്ടായിക്കൂടാ എന്ന് നിനക്കറിയില്ലേ? എല്ലാവരെക്കുറിച്ചും നല്ലതു ചിന്തിക്കുക... അവരുടെ നന്മകൾ പറയുക... അവരുടെ പോരായ്മകൾ പ്രചരിപ്പിക്കാതിരിക്കുക... ഇതൊക്കെ നല്ല മനസ്സിന്റെ ലക്ഷണമാണ് കുട്ടീ, മനസ്സിലായോ...?"
ശിഷ്യൻ ഖേദത്തോടെ തലയാട്ടി... "ഇല്ല ഗുരോ... ഇനി ഒരിക്കലും ഇങ്ങനെയൊന്നുണ്ടാകില്ല..." ഇപ്രകാരം പറഞ്ഞു കൊണ്ട് ഗുരുവിന്റെ അടുക്കൽ നിന്നും ആ ശിഷ്യൻ നടന്നു നീങ്ങി.
"കുട്ടുകാരെ, എങ്ങനെയുണ്ട് എന്റെ കഥ?' നബീൽ എല്ലാവരോടുമായി ചോദിച്ചു. ആരും ഉത്തരം പറഞ്ഞില്ല. സുലയ് മാന്റെ കഥ പറയാൻ ആവേശം കാണിച്ച ബഷീറാകട്ടെ നബീലിന്റെ കഥയിലെ ശിഷ്യനെപ്പോലെ തലയും താഴ്ത്തി ഇരിക്കുകയാണ്.
"ബഷീറേ... സുലയ് മാന്റെ കഥയെന്താടാ.. പറയ്.." നബീൽ ബഷീറിന്റെ കൈയിലൊരു നുള്ളു കൊടുത്തു.
ബഷീർ അവനെ നിസ്സംഗതയോടെ നോക്കി. എന്നിട്ട് പറഞ്ഞു: "വേണ്ട നബീലൂ.. ഞാൻ പറയണില്ല...'
"അതെന്താടാ? നിന്റെ കഥയ്ക്ക് മുമ്പ് ഞാൻ കഥ പറഞ്ഞതു കൊണ്ടാണൊ?'
"അതല്ല നബീൽ... നിന്റെ കഥയിലെ ഗുരു ബഷീറിന്റെയും വായടപ്പിച്ചു കളഞ്ഞതു കൊണ്ടാ..' ലബീബാണത് പറഞ്ഞത്....
അപ്പോൾ നബീൽ പറഞ്ഞു: "കൂട്ടുകാരേ, സുലയ് മാൻ നമ്മുടെയൊക്കെ കൂട്ടുകാരനാണ്... അവനെപ്പറ്റി പറയാൻ പോകുന്ന കാര്യം സത്യമാണോ, ആർക്കെങ്കിലും വല്ല ഉപകാരവുമുള്ള സംഗതിയാണൊ എന്ന് അറിയണ്ടേ? ബഷീറിനും കേൾക്കുന്ന എനിക്കും സുലയ് മാനു തന്നെയും ഒരു ഉപകാരവുമില്ലാത്ത കാര്യമാണ് പറയുന്നതെങ്കിൽ... ഞാനത് കേൾക്കാൻ നിൽക്കണൊ? തെറ്റല്ലേഅത്. അതും നമ്മുടെ കൂട്ടുകാരനെക്കുറിച്ച്. പരദൂഷണവും അപവാദ പ്രചാരണവും അസൂയയുമൊന്നും നമുക്ക് നല്ലതല്ലല്ലൊ കൂട്ടുകാരേ'.
"നിങ്ങൾക്കറിയാലൊ, മരിച്ചു കിടക്കുന്ന സഹോദരന്റെഖ്വ പച്ചമാംസം തിന്നുന്നതിന് സമാനമാണ് അന്യരെപ്പറ്റി പരദൂഷണം പറയുന്നത് എന്നാണല്ലോ ക്വുർആൻ പഠിപ്പിച്ചിട്ടുള്ളത്. സൂറത്തുൽ ഹുജുറാത്തിലാണ് ഇപ്രകാരം പറഞ്ഞിട്ടുള്ളത് എന്നാണ് എന്റെഒാർമ.'
ശരിയാണ് നബീൽ, ഞാനത് പഠിച്ചിട്ടുണ്ട്. ഹുജുറാത്ത് സൂറത്തിൽ 12-ാമത്തെ ആയത്തിലാണ് അങ്ങനെയുള്ളത്. ലബീബ് ഇടയ്ക്കു കയറി പറഞ്ഞു.
"നന്ദി ലബീബ്, നീയാള് സൂപ്പറാണ്..." നബീൽ അവന്റെ കൈപിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞു
"ഇനി മറ്റൊരു കാര്യം കൂടി പറയട്ടെ ചങ്ങാതിമാരേ, പരദൂഷണം പറയുന്നത് മാത്രമല്ല അത് കേൾക്കുന്നതും നല്ല സ്വഭാവമല്ല. നമ്മുടെ പ്രവാചകൻ അങ്ങനെ പാടില്ല എന്ന് നമ്മെ പഠിപ്പിച്ചിട്ടുള്ളതാണ്. എന്തു പറയുന്നൂ നിങ്ങൾ...? നബീൽ എല്ലാവരേയും നോക്കി. അവരുടെ മുഖത്ത് അപ്പോൾ നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു.
"നബീലൂ, ഇന്നത്തെ നിന്റെ കഥക്ക്.... ദേ, നോക്ക്... ഇൗ ഞാവൽ പഴത്തേക്കാൾ മധുരമുണ്ട്."മുകളിൽ നിറയെ തൂങ്ങി നിൽക്കുന്ന ഞാവൽ പഴങ്ങളിലേക്ക് ചൂണ്ടി ജാബിറാണത് പറഞ്ഞത്.അത് കേട്ട് എല്ലാവരും ചിരിച്ചു.