കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ് കേരള സ്കൂൾ കലോത്സവം. 1956 ൽ തുടങ്ങിയ എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഇൗ കലോത്സവം സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേര് മാറ്റി 2009 മുതൽ "കേരള സ്കൂൾ കലോത്സവ'മായി. ഏഷ്യയിലെ (അതോ ലോകത്തെ തന്നെയോ) ഏറ്റവും വലിയ കൗമാര കലാമേളയായ ഇൗ കലോത്സവം സ്കൂൾ, ഉപജില്ല, റവന്യു ജില്ലാതല മത്സരങ്ങൾക്കു ശേഷമാണ് അരങ്ങേറുന്നത്.
1956-ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ ആരംഭിച്ച കലോത്സവത്തിന്റെ മുഖ്യ സംഘാടകർ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനുമായിരുന്നു. ഡൽഹിയിലെ അന്തർ സർവകലാശാല കലോത്സവത്തിൽ കാഴ്ചക്കാരനായിരുന്ന ജി.എസ്. വെങ്കടേശ്വരയ്യരാണ് കേരളത്തിലെയും സ്കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. അങ്ങിനെ ജനുവരി 25 മുതൽ 26 വരെ എറണാകുളം എസ്സ്. ആർ.വി. ഗേൾസ് ഹൈസ്കൂളിൽ ഏതാണ്ട് 200-ഒാളം കുട്ടികളുമായി ആദ്യ യുവജനോൽസവം അരങ്ങേറി.1975-ലെ കോഴിക്കോട് കലോത്സവത്തിലാണ് കേരളത്തനിമയുള്ള കഥകളി, സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങളും ഘോഷയാത്രയും ആരംഭിച്ചത്.
കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയന്റുകൾ നേടുന്ന പെൺകുട്ടിക്കും ആൺകുട്ടിക്കും യഥാക്രമം "കലാതിലകം' "കലാപ്രതിഭ' പട്ടങ്ങൾ നല്കാറുണ്ടായിരുന്നെങ്കിലും 2006 മുതൽ അതുപേക്ഷിച്ചു. ആദ്യത്തെ പ്രതിഭ ചലച്ചിത്ര നടനായി മാറിയ വിനീതും തിലകം പൊന്നമ്പളി അരവിന്ദും ആയിരുന്നു. 1986-മുതലാണ് കലോത്സവത്തിൽ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് 117.5 പവൻ സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് തുടങ്ങിയത്. മഹാകവി വൈലോപ്പിള്ളിയുടെ നിർദ്ദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് ഇൗ സ്വർണ്ണക്കപ്പ് പണിതീർത്തത് 2009-മുതൽ ഹൈസ്കൂൾ-ഹയർസെക്കന്ററി തലങ്ങളിൽ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കാണ് നൽകുന്നത്.
ഏറെക്കാലമായി ഒരേ അച്ചിൽ വാർക്കപ്പെട്ട രീതിയിലാണ് കലോത്സവങ്ങൾ അരങ്ങേറുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സോഷ്യൽ മീഡിയകളുടെയും സൈബർ ലോകങ്ങളുടെയും ഇക്കാലത്ത് അവയിലെല്ലാം മുന്നേറാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഉപകരിക്കുന്ന സന്ദർഭങ്ങളും ഇത്തരം ഒരു മഹാമേളയുടെ പരിഷ്കാര സന്ദർഭത്തിൽ ചിന്തിക്കുന്നത് ഉചിതമാകും. പതിയ ജനറേഷൻ, കുട്ടികളുടെ മിടുക്ക്, നിലവാരം, ആധുനികത തുടങ്ങിയവയിലൊക്കെ ഉൗന്നിക്കൊണ്ടാവണം ഇത്തരം പരിഷ്കാരങ്ങളുടെ കരട് തയാറാക്കുന്നത്. വികസിത രജ്യങ്ങളിലൊക്കെയും വിദ്യാർത്ഥികളുടെ അറിവും കഴിവും നൈപുണ്യവും കാലോചിതമായും ജീവിതഗന്ധിയായും മാറേണ്ടതിനായി പുതിയ പുതിയ പരിഷ്കാരങ്ങളോടെയാണ് സ്കൂൾ-കോളേജ് തലങ്ങളിലൊക്കെയും ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.
കാലഹരണപ്പെട്ട കലാ പരിപാടികൾ ഒഴിവാക്കി പുതിയ തലമുറക്കും പുതിയ ജനറേഷനും അനുസരിച്ചുള്ള നൂതനമായ കലാ-കായിക മത്സരങ്ങൾ ഉൾപ്പെടുത്തപ്പെടേണ്ടതുണ്ട്. അതോടൊപ്പം അന്യം നിന്ന്പോകുന്ന ആദിവാസി-ഗോത്ര കലകൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം. നാടകങ്ങളും ചാക്യാർ കൂത്തുമടക്കമുള്ള പല പരിപാടികളും കണ്ടാലറിയാം അവയുടെയൊക്കെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചത് മികച്ച അധ്യാപകരോ കലാപ്രവർത്തകരോ നാടക പ്രവർത്തകരോ ആണെന്ന്. നേരെമറിച്ച് കുട്ടികൾ തന്നെ രചനയും നിർമാണവും സംവിധാനവും നിർവഹിക്കുന്ന നാടകങ്ങളും മറ്റ് കലാപരിപാടികളും അരങ്ങത്തെത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവരുടെ കഴിവുകൾ പുറത്തെടുക്കപ്പെടുകയുള്ളൂ. അല്ലെങ്കിൽ അവർ മറ്റുള്ളവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തുള്ളുന്ന കേവലം കോമാളി വേഷക്കാരായി മാറും.
ഇപ്പോൾ ഏറ്റവും കൂടുതൽ കിട മത്സരങ്ങളുള്ള മാധ്യമ-സോഷ്യൽ മീഡിയ-മാർക്കറ്റിങ്-പബ്ലിക് റിലേഷൻ-അനിമേഷൻ-പരസ്യ രംഗങ്ങളിലൊക്കെയും മുന്നേറാനാവശ്യമായ റൈറ്റപ്പുകൾ, ചാനൽ ചർച്ചകൾ, വിഷയാവതരണങ്ങൾ, ചർച്ചകളിൽ മേൽകൈ്ക നേടാനുള്ള പരിശീലനങ്ങൾ തുടങ്ങിയവയിലൊക്കെ ആരോഗ്യകരമായ മത്സരങ്ങൾ ആകാവുന്നതാണ്. എഡിറ്റിങ്, സെൽഫി, ഷോർട്ട് ഫിലിം, നിർമാതാക്കൾ, സംവിധായകർ, തിരക്കഥകൃത്തുക്കൾ, എഡിറ്റർമാർ, ക്യാമറ, തുടങ്ങി എത്രമാത്രം പുതിയ പുതിയ രംഗങ്ങളാണ് തുറക്കപ്പെട്ടിരിക്കുന്നത്? അത്പോലെ പരസ്യ- ഡിസൈനിങ് രംഗത്തൊക്ക മത്സരബുദ്ധിയുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ?
യാത്രാ വിവരണങ്ങൾ, ബ്ലോഗുകൾ, മാർക്കറ്റിങ് തന്ത്രങ്ങൾ, ഇന്റർവ്യൂ പരിശീലനങ്ങൾ, സ്പോക്കൺ അറബിക്, സ്പോക്കൺ ഇംഗ്ലീഷ് പോലുള്ള ഭാഷാ പരിഞ്ജന വർധനവിന് അനുയോജ്യമായ, ലോകാടിസ്ഥാനത്തിൽ ഏറ്റവും ഉപകാര പ്രദമായ മത്സരങ്ങളുമൊക്കെ ഉൾപ്പെടുത്തുന്നത് ഉചിതമാകും. ആപ്പ് നിർമാണം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ നിർമാണം, സർവീസ് ഒാറിയന്റഡ് മത്സരങ്ങൾ, പി.ആർ. തന്ത്രങ്ങൾ, ഇന്റർവ്യൂ പെർഫോമിങ് തുടങ്ങിയവയിലൊക്കെ പരിശീലനങ്ങളും മത്സരങ്ങളും ആകാവുന്നതാണ്.
പാലിയേറ്റിവ് കെയർ, ട്രോമാ കെയർ, പ്രഥമ ശുശ്രൂഷ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, കോവിഡ് പോലോത്ത മഹാമാരികൾ നേരിടേണ്ടി വരുമ്പോഴുള്ള പ്രതിരോധ പ്രവർത്തനങ്ങൾ, പ്രളയ സഹായങ്ങൾ തുടങ്ങി സമകാലിക ലോകവും കേരളവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ആസ്പദിച്ചുകൊണ്ടുള്ള പരിശീലന മത്സരങ്ങളൊക്കെ ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും അവബോധമുണ്ടാക്കാൻ ഉപകരിക്കും.
കലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലകളെ റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ വിഭജിച്ചത് തന്നെ തികച്ചും അശാസ്ത്രീയമാണ്. അതുകൊണ്ടാണ് സ്ഥിരമായി കോഴിക്കോടും കണ്ണൂരും പാലക്കാടുമൊക്കെ ജേതാക്കൾ ആകുന്നത്. യഥാർത്ഥത്തിൽ വിദ്യാലയങ്ങളെ വിഭജിച്ച് തുല്യ വിദ്യാലയങ്ങളുള്ള വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിലാണ് ഇത്തരം കലോത്സവങ്ങൾ അരങ്ങേറേണ്ടത്. അപ്പോൾ മാത്രമേ അതിൽ നീതിയും സത്യസന്ധതയും പുലരുകയുള്ളൂ. ആലപ്പുഴയുടെയും വയനാടിന്റെയുമൊക്കെ രണ്ടും മൂന്നും ഇരട്ടി വിദ്യാലയങ്ങളും വിദ്യാർത്ഥികളുമുള്ള കോഴിക്കോടും കണ്ണൂരുമൊക്കെ ഇങ്ങനെ സ്ഥിരമായി കപ്പ് നേടുന്നതിൽ വലിയ അർത്ഥമൊന്നുമില്ല.
ഒാരോ കലോത്സവങ്ങളും പലപ്പോഴും വിവാദങ്ങളുടെ പെരുമഴക്കാലമായി മാറാറുണ്ട്. ഇത്തരം വിവാദങ്ങളും അമിതമായ ഉത്കണ്ഠകളും പിരിമുറുക്കങ്ങളും ഉത്സവങ്ങളാവേണ്ട കലോത്സവങ്ങളെ മത്സരങ്ങളാക്കി മാറ്റുന്നു. മനുഷ്യജീവിതം സന്തോഷപ്രദമാക്കാനും സുഖകരമാക്കാനും അനുയോജ്യമായ ചിന്തകളും പ്രവർത്തനങ്ങളും വിദ്യാർത്ഥികളിൽ അങ്കുരിപ്പിക്കുന്നതിന്റെ ഭാഗമായി അത്തരം രംഗത്തുള്ള പരിശീലന മത്സരങ്ങളും ഉത്തരം മഹാമേളകളിൽ ഉൾപ്പെടുത്തണം. അതോടൊപ്പം ഇന്നത്തെ ലോകത്തെ സജീവ ചർച്ച വിഷയങ്ങളായ ഭൂമി, കൃഷി, പരിസ്ഥിതി, കാലാവസ്ഥ, അന്തരീക്ഷ മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും കാണികൾക്കും സമൂഹത്തിനും അറിവും അവബോധവുമുണ്ടാക്കാനുതകുന്ന വിഷയങ്ങളും ചർച്ച ചെയ്യപ്പെടണം.
സ്കൂൾ കലോത്സവം: പരിഷ്ക്കാരങ്ങൾക്ക് സമയമായില്ലേ?
- എച്ച് ആർ കൊടുവള്ളി