2024 October 25
22 Rabiʻ II, 1446 AH
പുതുവത്സരാഘോഷം

പുതുവത്സരാഘോഷം

  • ഹബീബ് റഹ്മാൻ കരുവൻ പൊയിൽ

"പുതുവത്സരാശംസകൾ" എന്നായിരിക്കും ഒാരോ ജനുവരി ഒന്നിനും ലോകത്തെ മുഴുവൻ മനുഷ്യരുടെയും ചുണ്ടിലും ചാറ്റിലും മെസ്സേജിലും നിറഞ്ഞു നിൽക്കുന്ന വാക്ക്. 2024 പിറന്നു. ഭൂമി സൂര്യന് ചുറ്റും മണിക്കൂറിൽ 108000 കിലോമീറ്റർ വേഗതയിൽ മുന്നോട്ടും സ്വയം 1600 കിലോമീറ്റർ വേഗതയിൽ പിന്നോട്ടും കറങ്ങിക്കൊണ്ടിരിക്കുന്നത് കൊണ്ടാണല്ലോ നമുക്ക് സമയവും കാലവും വർഷവുമൊക്കെ അനുഭവപ്പെടുന്നത്.
പലരും വ്യത്യസ്ത രീതിയിലാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ചിലർ ആടിപ്പാടിത്തിമർക്കുമ്പോൾ മറ്റു ചിലർ വീര്യം കുറഞ്ഞതോ കൂടിയതോ ആയ ലഹരി വസ്തുക്കൾ ആഘോഷത്തിന്റെ ചേരുവയാക്കുന്നു. ഇനിയും ചിലർ കൂട്ടുകാരോടൊത്തും കുടുംബത്തോടൊത്തും കരയിലോ കടലിലോ ആകാശത്തോ വെച്ച് പുതുവർഷത്തെ വരവേൽക്കുന്നു. ചില സെലിബ്രിറ്റികളും സമ്പന്നരും പുതുവത്സരം ആദ്യമെത്തുന്ന മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കിരിബതി ദ്വീപിൽ പോയും ആഘോഷിക്കാറുണ്ട്. 
ഒാരോ രാജ്യവും വ്യത്യസ്ത രീതിയിലാണ് പുതുവർഷം ആഘോഷിക്കുന്നത്. വൈവിധ്യം നിറഞ്ഞു നിൽക്കുന്ന ഇൗ ലോകത്ത് രസകരവും കൗതുകമുണർത്തുന്നതുമായ ഒട്ടേറെ പുതുവർഷ ആഘോഷ രീതികൾ നിലനിൽക്കുന്നുണ്ട്. ജപ്പാനിലെ ബുദ്ധമത കേന്ദ്രങ്ങളിൽ മനുഷ്യന്റെ മനസ്സിലെ 108 ദുരാഗ്രഹങ്ങൾ ഇല്ലാതാക്കാൻ വേണ്ടി പുതുവത്സര രാവിൽ 108 തവണ മണിയടിക്കും. ജോയ നാ കാനേ എന്നാണിതറിയപ്പെടുന്നത്. പുതിയ വർഷത്തിലെ 12 മാസങ്ങളും എെശ്വര്യമുള്ളതാകാൻ ക്ലോക്കിലെ ഒാരോ മണിയടി ശബ്ദത്തിനൊപ്പവും ഒാരോ മുന്തിരികൾ കഴിച്ചാണ് സ്പെയിൻകാർ പുതുവർഷത്തെ വരവേൽക്കുന്നത്. ചിലിയിൽ പുതുവത്സരം സെമിത്തേരികളിൽചെന്ന് മരിച്ചു പോയവരുടെ കൂടെ സമയം ചെലവഴിച്ചാണ് ആഘോഷിക്കുന്നത്! തങ്ങളുടെ ആഗ്രഹങ്ങൾ പേപ്പറുകളിലെഴുതി കത്തിച്ച് അതിന്റെ ചാരം ഷാംപെയ്നിൽ ചേർത്തു കുടിക്കുന്ന ആചാരമാണ് റഷ്യയിൽ. തുർക്കിയിൽ പുതുവർഷം പിറക്കുന്നതോടെ വാതിൽപ്പടിയിൽ ഉപ്പ് വിതറുന്നത് ഭാഗ്യമായി കണക്കാക്കുന്നു.
"2024 വിശ്വാസവും പ്രതീക്ഷയും വളർത്തുന്നതിനുള്ള' ആഗോള എെക്യ വർഷമാക്കാനാണ് എെക്യരാഷ്ട്രസഭയുടെ ആഹ്വാനം. "2023 കഷ്ടപ്പാടുകളും അക്രമങ്ങളും കാലാവസ്ഥാ അരാജകത്വവും താപനില വർധനവുമൊക്കെ കൂടിയ വർഷമായിരുന്നു. എന്നാൽ 2024 വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിക്കുന്നതിനുമുള്ള ഒരു വർഷമായിരിക്കണം". യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തന്റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. 
എെക്യ രാഷ്ട്ര സഭ ഒാരോ വർഷവും പ്രത്യേക ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനായി ഒാരോ വിഷയങ്ങൾ തെരഞ്ഞെടുക്കും. കഴിഞ്ഞ വർഷം ചെറുധാന്യങ്ങളുടെ വർഷമായിരുന്നു. ഇൗ വർഷം ഒട്ടകങ്ങളുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കുകയാണ്. ഭൂമിയിലെ ഏറ്റവും പ്രതികൂലമായ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങൾക്ക് ഒട്ടകങ്ങൾ ഒരു പ്രധാന ഉപജീവനമാർഗമാണെന്ന് സൂചിപ്പിക്കുകയാണുദ്ദേശ്യം. പരിസ്ഥിതി വ്യവസ്ഥകളുടെ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവയുടെ പശ്ചാത്തലത്തിലും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിലും ഒട്ടകങ്ങളുടെ പങ്ക് എടുത്തുകാണിക്കുക എന്നതാണ് പ്രഖ്യാപനത്തിന്റെ മറ്റൊരു ലക്ഷ്യം. 
യഥാർത്ഥത്തിൽ പുതുവർഷം പിറക്കുന്നതോടെ പ്രപഞ്ചത്തിൽ ഒരു മാറ്റവും സംഭവിക്കുന്നില്ല. സൂര്യന് വെളിച്ചം കൂടുകയോ കടലിലെ വെള്ളം വർധിക്കുകയോ ചെയ്യുന്നില്ല. ഭൂമിയുടെ കറക്കത്തിന് വേഗത വർധിക്കുകയോ ആകാശത്ത് നക്ഷത്രങ്ങളുടെ എണ്ണം കൂടുകയോ ചെയ്യുന്നില്ല. നേരെ മറിച്ച് ജീവനുള്ള വസ്തുക്കളുടെ ആയുസ്സിൽ നിന്നും ഒരു വർഷം കുറയുന്നു. അഥവാ മരണമെന്ന യാഥാർത്ഥ്യത്തോട് കൂടുതൽ അടുക്കുന്നു. അതിനാൽ ആഘോഷത്തെക്കാളധികം ആലോചനക്കാണ് പ്രസക്തി. മൂന്നക്ഷരങ്ങളായ ജനനം, മരണം ഇവയ്ക്കിടയിലുള്ള ജീവിതം തനിക്ക് എന്തുമാത്രം പ്രസക്തമായി എന്നാലോചിക്കുന്നതും വിലയിരുത്തുന്നതുമാണ് ബുദ്ധി. കഴിഞ്ഞ വർഷത്തിൽ തനിക്കും സമൂഹത്തിനും ലോകത്തിനും താൻ എത്രത്തോളം ഉപകാരപ്പെട്ടെന്നുള്ള ചിന്തയല്ലേ നമ്മെ നയിക്കേണ്ടത്. അതുപോലെ വരും വർഷത്തിൽ തനിക്കും കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നും. 
പുതിയ പുതിയ തീരുമാനങ്ങളും തയ്യാറെടുപ്പുകളും നടത്തുന്ന സമയമാണ് പുതുവർഷം. ഏറ്റവും കൂടുതൽ ഉറച്ച തീരുമാനങ്ങളെടുക്കുന്നത് ഡിസംബർ 31 നും അവ ലംഘിക്കപ്പെടുന്നത് ജനുവരി 1 നുമാണെന്ന് പറയപ്പെടുന്നു. അതിനാൽ ഒരു പുതിയ കാര്യം ചെയ്യാനുറച്ചാൽ ജനുവരി ഒന്ന് മുതൽ 22ാം തീയതി വരെ ചെയ്യുമെന്ന് തീരുമാനിക്കണമെന്നാണ് മനഃശാസ്ത്രജ്ഞരുടെ പക്ഷം. കാരണം ഒരു സ്വഭാവമോ പ്രവർത്തനമോ ശീലമാകണമെങ്കിൽ 22 മുതൽ 27 ദിവസം വരെ ആവർത്തിക്കപ്പെടണം. 
സമയം തന്നെയാണ് ജീവിതം എന്നത് ഒരു മഹദ് വചനത്തിന്റെയും അകമ്പടിയില്ലാതെ തന്നെ നമുക്കറിയാം. ഒരു അറബി കവിതയുടെ സാരാംശം ഇങ്ങനെ വായിക്കാം : "സമയമാണഖില സൂക്ഷിപ്പ് വസ്തുക്കളിലും ശ്രേഷ്ഠം: നിൻ മേലിലെളുപ്പം നഷ്ടമാകുന്നതും സമയം തന്നെ'. സമയത്തെയും കാലത്തേയുമൊക്കെ ശരിക്ക് ഉപയോഗപ്പെടുത്തിയവരാണ് ബുദ്ധിമാന്മാർ. ആയുസ്സ് ഒരിക്കലും നമ്മെ കാത്തിരിക്കില്ല. ദ്രുതഗതിയിൽ അത് മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കും. അതിനെ പിടിച്ചു കെട്ടാൻ നമുക്കാവില്ല; പക്ഷേ നമുക്ക് അതിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനാകും. ജീവിതത്തിനു മൂല്യമുണ്ട്. ആ മൂല്യം ഒളിച്ചിരിക്കുന്നത് സമയങ്ങളിലാണ്. ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ ഒാരോ കറക്കവും നമ്മുടെ ആയുസ്സിന്റെ മരണങ്ങളാണ്. പെൻഡുലം ക്ലോക്കിലെ ഒാരോ ശബ്ദവും നമ്മുടെ മരണ മണിയാണ് മുഴക്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ സമയമാണ് നമ്മുടെ ജീവിതം. നമ്മുടെ ജീവിതം നമ്മുടെ സമയങ്ങളും. 
പുതുവർഷം പുതിയ ചിന്തകളും പുതിയ തീരുമാനങ്ങളും പുതിയ സ്വപ്നങ്ങളും നെയ്യാനുള്ളതാണ്. പഴയ ദുശ്ചിന്തകളെയും ദുർഗുണങ്ങളെയും ദുസ്വഭാവങ്ങളെയും വർജിക്കാനുള്ളതും. പുതിയ വായനകളും പുതിയ പഠനങ്ങളും പുതിയ ചിന്തകളും പുതിയ അനുഭവങ്ങളും ഒരു പുതുയുഗപ്പിറവിക്ക് നിമിത്തമാകട്ടെ.