മനുഷ്യർ പലരുടെയും പേലിൽ ശപഥം ചെയ്യാറുണ്ട്. ചില സന്നിഗ്ധ ഘട്ടത്തിൽ നിർണായക സംഭവം അഭിമുഖീകരിക്കുമ്പോഴാണ് ശപഥം ചെയ്യുക. അല്ലാഹുവെക്കൊണ്ടേ മനുഷ്യർക്ക് ശപഥം ചെയ്യാൻ പാടുള്ളൂ. അല്ലാഹുവാകട്ടെ, മഹത്തായ ചില കാര്യങ്ങൾ മനുഷ്യരെ ബോധ്യപ്പെടുത്താൻ അവന്റെ സൃഷ്ടികളെക്കൊണ്ട് സത്യം ചെയ്യും.
""കാലം തന്നെയാണ് സത്യം. തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവർ ഒഴികെ.'' (വി.ക്വു: അധ്യായം 103)
""അത്തിയും ഒലീവും, സീനാ പർവതവും നിർഭയത്വമുള്ള ഇൗ രാജ്യവും തന്നെയാണ് സത്യം, മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.'' (വി.ക്വു. 95:1-4)
""ത്വൂർ പർവതം തന്നെയാണ് സത്യം. നിവർത്തി വെച്ച തുകലിൽ എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ് സത്യം, അധിവാസമുള്ള മന്ദിരം തന്നെയാണ് സത്യം. ഉയർത്തപ്പെട്ട മേൽപുര തന്നെയാണ് സത്യം. നിറഞ്ഞ സമുദ്രം തന്നെയാണ് സത്യം. തീർച്ചയായും നിന്റെ രക്ഷിതാവിന്റെ ശിക്ഷ സംഭവിക്കുന്നതു തന്നെയാകുന്നു.'' (വി.ക്വു. 52:1-7)
മുകളിലെ സൂക്തങ്ങളിൽ പരാമർശിച്ച വസ്തുക്കളെ അല്ലാഹു സത്യം ചെയ്യാൻ ഉപയോഗിക്കാൻ കാരണം അവ അല്ലാഹുവിന്റെ അപാരമായ കഴിവിനെ സൂചിപ്പിക്കുന്നതുകൊണ്ടാണ്. മനുഷ്യന്ന് പർവതവും സമുദ്രവും ആകാശവും സൃഷ്ടിക്കാൻ കഴിയില്ലല്ലോ. അതുപോകട്ടെ, ഇൗത്തപ്പഴക്കുരുവിൽ കാണുന്ന നേർത്ത പാട പോലും മനുഷ്യർക്ക് സൃഷ്ടിക്കാൻ കഴിയില്ല. അല്ലാഹു പറയുന്നു:
""രാവിനെ അവൻ പകലിൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനേയും ചന്ദ്രനേയും വിധേയനാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവന്നു പുറമെ നിങ്ങൾ ആരോട് പ്രാർത്ഥിക്കുന്നുവോ അവർ ഒരു ഇൗത്തപ്പഴക്കുരുവിന്റെ പാട പോലും ഉടമപ്പെടുത്തുന്നില്ല.'' (35:13)
ലോകത്തുള്ളതെന്തു കൊണ്ടും അല്ലാഹുവിന് ശപഥം ചെയ്യാം. കാരണം അവനാണ് അവയുടെ സ്രഷ്ടാവ്. മനുഷ്യർക്ക് - മുഹമ്മദ് നബിക്കു പോലും- സൃഷ്ടികളെക്കൊണ്ട് ശപഥം ചെയ്യാൻ പാടില്ല. കാരണം അദ്ദേഹം ഒരു ഇൗച്ചയെപ്പോലും സൃഷ്ടിച്ചിട്ടില്ലല്ലോ.
""മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങളത് ശ്രദ്ധിച്ചു കേൾക്കണം. തീർച്ചയായും അല്ലാഹുവിന്നു പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നവർ ഒരു ഇൗച്ചയെപ്പോലും സൃഷ്ടിക്കുകയില്ല; അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഇൗച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ.'' (വി.ക്വു. 22:73)
എല്ലാ മനുഷ്യരും ഇൗ വിഷയത്തിൽ തുല്യരാണ്. സർവശക്തനായ അല്ലാഹുവെക്കൊണ്ട് മാത്രം ആണയിടണം എന്നു പറഞ്ഞാൽ അനിവാര്യമായ ഘട്ടങ്ങളിൽ മാത്രമേ ആണയിടാവൂ എന്നാണ് അതിന്റെ ഉദ്ദേശ്യം. സത്യവിശ്വാസികൾക്ക് ഏറെ ബഹുമാനമുള്ള കേന്ദ്രമാണല്ലോ കഅ്ബ. കഅ്ബയെക്കൊണ്ടുപോലും ശപഥം ചെയ്യാൻ പാടില്ല.
അബൂദർറ്(റ) പറയുന്നു: ഞാൻ നബിയുടെ(സ്വ) അടുക്കൽ ചെന്നപ്പോൾ 'കഅ്ബയുടെ നാഥനെക്കൊണ്ട് സത്യം, അവർ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി, കഅ്ബയുടെ നാഥനെക്കൊണ്ട് സത്യം, അവർ അങ്ങേയറ്റം നഷ്ടപ്പെട്ടവരായിപ്പോയി' എന്ന് കഅ്ബയുടെ നിഴലിൽ ഇരുന്നുകൊണ്ട് അവിടുന്ന് പറയുന്നുണ്ട്. ഇതെന്തുകഥ! അവിടുന്ന് എന്നിൽ വല്ല തെറ്റും കാണുന്നുണ്ടോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ അവിടുന്നിന്റെ മുന്നിൽ ചെന്നു നിന്നു. അപ്പോഴും അവിടുന്ന് അങ്ങനെ അരുളിക്കൊണ്ടിരിക്കുന്നുണ്ട്. എനിക്ക് മൗനം പാലിക്കാൻ കഴിഞ്ഞില്ല. എന്നെ വളരെയേറെ ദുഃഖം ബാധിച്ചു. ഞാൻ ചോദിച്ചു: ദൈവദൂതരേ, എന്റെ മാതാപിതാക്കൾ ആരെക്കുറിച്ചാണ് അങ്ങ് അരുളിക്കൊണ്ടിരിക്കുന്നത്? അവിടുന്ന് അരുളി: മറ്റാരുമല്ല, കൂടുതൽ ധനമുള്ളവർ തന്നെ. പക്ഷേ ആ ധനവും കൊണ്ട് ഇങ്ങനെയും ഇങ്ങനെയും ചെയ്തവർ അതിൽ ഉൾപ്പെടുകയില്ല.'' (ബുഖാരി)
ധനമുണ്ടായാൽ അതുകൊണ്ട് നരകം വാങ്ങാനും സ്വർഗം വാങ്ങാനും മനുഷ്യർക്ക് കഴിയും. ഒരു ഇൗത്തപ്പഴത്തിന്റെ കീറു കൊണ്ടുപോലും സ്വർഗം വാങ്ങുന്നവരുണ്ടാകും. കോടികൾ ചെലവഴിച്ചിട്ടും ഒരു ഫലവും ലഭിക്കാത്തവരും ഉണ്ടാകും. ധീരത കാണിക്കാനും പ്രശസ്തി നേടാനും വേണ്ടി ധർമസമരത്തിന് പോയാൽ ഒരു പുണ്യവും നേടാൻ കഴിയില്ല. ഇഖ്ലാസ് ഉണ്ടായെങ്കിലേ കർമങ്ങൾ സ്വീകാര്യമാവുകയുള്ളൂ. അതിനാൽ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. ആ പിടുത്തത്തിന്റെ മഹത്ത്വം അല്ലാഹു ഒാർമിപ്പിക്കുന്നു. ""മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗമേ ഇല്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞു കഴിഞ്ഞിരിക്കുന്നു. ആകയാൽ ഏതൊരാൾ ദുർമൂർത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നുവോ അവർ പിടിച്ചിട്ടുള്ളത് ബലമുള്ള കയറിലാകുന്നു. അത് പൊട്ടിപ്പോവുകയേ ഇല്ല. അല്ലാഹു(എല്ലാം) കേൾക്കുകയും കാണുകയും അറിയുകയും ചെയ്യുന്നവനുമാകുന്നു.'' (2:256)
അല്ലാഹുവിന്റെ കഴിവ് അപാരമായ പോലെ അവന്റെ കാരുണ്യം വിശാലമാകുന്നു. അതിനാൽ അവനെ സദാ ഒാർക്കുക. 'നിങ്ങൾ എന്നെ ഒാർക്കൂ. എങ്കിൽ നിങ്ങളെ ഞാൻ ഒാർക്കും' എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. മനുഷ്യധർമം അല്ലാഹുവിന്റെ പ്രീതി നേടലാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം, തവക്കുൽ, അവനാണ് രക്ഷകനായ കൂട്ടുകാരൻ എന്ന വിശ്വാസവും പ്രവാചകസ്നേഹവും മറ്റു ഗുണങ്ങളും ഉണ്ടായാൽ നമുക്ക് നിർഭയത്വമുണ്ടാകും. ആ നിർഭയത്വം സുരക്ഷിതത്വം പ്രദാനം ചെയ്യും. അല്ലാഹുവിന്ന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങളുണ്ട്. അവ ഉപയോഗിച്ച് പ്രാർത്ഥിക്കുക. പ്രാർത്ഥന എന്നാൽ ഏതാനും പദങ്ങൾ ഉച്ചരിക്കുക എന്നതല്ല. ഹൃദയത്തിന്റെ ഉള്ളറകളിൽ നാം സൂക്ഷിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധമായ അഭിലാഷങ്ങൾ അവനെ അറിയിച്ചുകൊണ്ടേയിരിക്കലാണ്. എന്റെ ആഗ്രഹങ്ങളെല്ലാം അല്ലാഹുവിന്നറിയാമല്ലോ, പിന്നെന്തിന് പ്രാർത്ഥിക്കണം എന്ന് ചിന്തിക്കരുത്.
""നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ. ഞാൻ നിങ്ങൾക്ക് ഉത്തരം തരാം. എന്നെ ആരാധിക്കാതെ അഹങ്കാരം കാണിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്, തീർച്ച.'' (40:60)
"ഞാൻ ഉത്തരം തരാം' എന്ന് അല്ലാഹു വാഗ്ദാനം നൽകിയാൽ ആ വാദ്ഗാനം പരിഗണിക്കണം. മുസ് ലിങ്ങളിൽ ചിലർക്ക് ആ വാഗ്ദാനം മതിയാവുന്നില്ല. കാക്കണം തങ്ങളേ, രക്ഷിക്കണേ വലിയ്യേ എന്ന് മഹാന്മാരുടെ ക്വബ്റുകൾക്കരികിൽ വെച്ചും യാത്രയിലുമെല്ലാം സഹായം തേടുന്നു. ഇതിനൊന്നും ക്വുർആനിൽ തെളിവില്ലെന്ന് മാത്രമല്ല, അതിനെതിരെ കഠിനമായ വിമർശനം ഉണ്ട്താനും. ''അല്ലാഹുവിന്നു പുറമെ, ഉയിർത്തെഴുന്നേൽപിന്റെ നാൾവരെയും, തനിക്ക് ഉത്തരം നൽകാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവനേക്കാൾ വഴിപിഴച്ചവൻ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാർത്ഥനയെപ്പറ്റി ബോധമില്ലാത്തവരുമാകുന്നു.'' (46:5)
മനുഷ്യനുണ്ടാവേണ്ട പ്രധാന ഗുണങ്ങളിൽ ഒന്ന് കേൾക്കാൻ കഴിയാത്തവരോട് പ്രാർത്ഥിച്ചിട്ട് കാര്യമില്ല എന്ന ബോധമാണ്.
അല്ലാഹുവിന്റെ സത്യം ചെയ്യൽ
- ഇ.കെ.എം. പന്നൂർ