2024 October 25
22 Rabiʻ II, 1446 AH
ചരിത്രം രചിച്ച  യുവജന സമ്മേളനം

ചരിത്രം രചിച്ച യുവജന സമ്മേളനം

  • ഡോ. സുൽഫിക്കർ അലി

 ഏതൊരു പ്രസ്ഥാനത്തിന്റെയും ആശയവും ധിഷണയും മാതൃസംഘടനയും, ശരീരം യുവജന സംഘടനയും, കൈകാലുകൾ വിദ്യാർത്ഥി സംഘടനയും ആണെന്ന് സംഘടനാ മാനേജ്മെന്റ് ശാസ്ത്രത്തിൽ പഠിപ്പിക്കാറുണ്ട്. യുവാക്കളുടെ മജ്ജയും മാംസവും ശരീരവും പ്രസരിപ്പും ഏതൊരു സംഘടനയുടെയും അസ്ഥിവാരമാണെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തിരിച്ചറിയുകയും അതിന്റെ യുവജനപ്രസ്ഥാനമായി 1967ൽ ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ(എെ.എസ്.എം) രൂപീകരിക്കുകയും ചെയ്തു. തുടർന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായകമായ പങ്കാണ്  യുവാക്കളുടെ കൂട്ടായ്മയായ എെ.എസ്.എം നിർവഹിച്ചു വന്നത്. 

ആദർശാധിഷ്ഠിത 
യുവത്വം 
ഇസ് ലാമിക സമൂഹത്തിന്റെ ആദർശത്തനിമ പ്രമാണങ്ങളിലാണ്. പ്രമാണങ്ങളോടുള്ള പ്രതിബദ്ധത ഇസ്വ്ലാഹി ആദർശത്തിന്റെ പ്രത്യേകതയാണ്. തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിവയുടെ ദഅ്വത്തിനായി പ്രവർത്തിക്കുന്ന സംഘമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ കരുത്ത്. ഏകദൈവാരാധനയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത പ്രസ്ഥാനം, പ്രവാചക പാതയെ അനുധാവനം ചെയ്യുന്ന കാര്യത്തിൽ എപ്പോഴും മുൻനിരയിലാണ് ഉണ്ടാകാറുള്ളത്. മൺമറഞ്ഞ മഹാത്മാക്കൾ മുതൽ അദൃശ്യരായ ജിന്നുകളോടും മലക്കുകളോടും വരെ സഹായഭ്യർത്ഥന നടത്തുന്നത് ഏകദൈവാരാധനയിൽ പങ്കുചേർക്കലാണെന്ന് മുജാഹിദ് പ്രസ്ഥാനം ആവിർഭാവകാലത്ത് തന്നെ പ്രഖ്യാപിച്ചതാണ്. ഇസ് ലാമിലെ അടിസ്ഥാന പ്രമാണങ്ങളുടെ പിൻബലവും അതിനു തന്നെയാണ്. 
സത്യത്തെ കുഴിച്ചുമൂടാനും നേരിനെ വേരോടെ പിഴുതെറിയാനും ആസൂത്രിത ശ്രമങ്ങൾ നടക്കുന്ന സമീപകാല സാഹചര്യങ്ങളിൽ, നേരാണ് നിലപാട് എന്ന് അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കാനും, നേരിനു വേണ്ടി നിലനിൽക്കാനും പ്രതിജ്ഞാബദ്ധരായ ആയിരക്കണക്കിന് യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മഹത്തായ എെ.എസ്.എം സംസ്ഥാന സമ്മേളനത്തിൽ ഉയർന്ന് കേട്ടത് നിലപാട് ഉറച്ച നേരിന്റെ ശബ്ദമാണ്. അപശബ്ദങ്ങൾക്കിടയിൽ കേൾക്കാതെ പോകുകയും, അനാവശ്യ ശബ്ദങ്ങൾക്കിടയിൽ ശ്രദ്ധിക്കാതെ പോവുകയും ചെയ്യുന്ന സത്യത്തിന്റെ മഹത്തായ സന്ദേശമായ തൗഹീദിനെ യഥാവിധി സമൂഹത്തിന് പരിചയപ്പെടുത്താനും ആദർശാധിഷ്ഠിതമായ ഒരു യുവസമൂഹത്തെ കെട്ടിപ്പടുക്കാനുമുള്ള എെ.എസ്.എം എന്ന യുവജന സംഘടനയുടെ സംഘടനാപരമായ വിജയമാണ് സമ്മേളനം ഒാർമിപ്പിക്കുന്നത്. 

നേരാണ് നിലപാട് 
എെ.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയമായി "നേരാണ് നിലപാട്' എന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ, സമ്മേളനത്തിന്റെ ലക്ഷ്യം എന്താണെന്ന് വളരെ വ്യക്തമായിരുന്നു. 
ഏറെ പ്രയാസകരമായ സാമൂഹ്യ സാഹചര്യങ്ങളിലൂടെയാണ് യുവസമൂഹം മുന്നോട്ടുപോകുന്നത്. നേരിനെ വക്രീകരിക്കാനും, സത്യത്തെ അസത്യമായി ചിത്രീകരിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും നടന്നു വരുന്നുണ്ട്. വർഗീയതയും ഫാസിസവും കായികമായി ജനങ്ങളെ ആക്രമിക്കുകയും വർഗീയ കലാപങ്ങളിലൂടെ മനുഷ്യരെ ഇല്ലായ്മ ചെയ്യുകയും ചെയ്യുമ്പോൾ, വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുന്നിൽ നിൽക്കുന്ന കേരളത്തിൽ ധൈഷണികമായ മസ്തിഷ്ക പ്രക്ഷാളനമാണ് വെറുപ്പിന്റെ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്. സാമുദായിക ധ്രുവീകരണത്തിനും, വർഗീയ വിഭജനത്തിനും വേണ്ടിയുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങൾ ഒരളവോളം വിജയിച്ചു വരുന്നു എന്നതിന്റെ സൂചനകൾ കേരളത്തിൽ പോലും ദൃശ്യമാണ്. 
കേരളീയ യുവത്വത്തെ വർഗീയവൽക്കരിക്കാനും, സാമുദായിക എെക്യം തകർക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളെ, ബുദ്ധിപരമായി പ്രതിരോധിക്കേണ്ട ബാധ്യത എല്ലാ യുവജന സംഘടനകൾക്കും ഉണ്ട്. ഹിന്ദു-മുസ് ലിം സൗഹാർദത്തിൽ വിള്ളലുണ്ടാക്കാനും, മുസ് ലിം കൈ്രസ്തവ ബന്ധങ്ങൾ തകർക്കാനും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് നിരന്തരമായ പരിശ്രമങ്ങൾ നടക്കുമ്പോൾ, കലയും കവിതയും സിനിമയും സീരിയലും ചർച്ച ചെയ്തുകൊണ്ട് വിഷയത്തിൽ നിന്ന് ഒളിച്ചോടി പോകാൻ എെ.എസ്.എമ്മിന് സാധ്യമല്ല. കേരളീയ മുസ് ലിം നവോത്ഥാനത്തിന്റെ നേർ അവകാശികളായ മുജാഹിദ് പ്രസ്ഥാനവും അതിന്റെ മാതൃസംഘടനയായ കെ.എൻ.എമ്മും, പണ്ഡിത സംഘടനയായ കെ.ജെ.യു വും യുവജന സംഘടനയായ എെ.എസ്.എമ്മും വിദ്യാർത്ഥി സംഘടനയായ എം.എസ്.എമ്മും വനിതാ സംഘടനയായ എം.ജി.എമ്മും സാമൂഹ്യ മാറ്റങ്ങൾക്ക് ആവശ്യമായ പ്രബോധന സംസ്കരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ ഉണ്ടാകേണ്ട അടിസ്ഥാനപരമായ വകതിരിവും, ദീർഘവീക്ഷണവും മര്യാദകളും കാത്തുസൂക്ഷിക്കുന്ന, മതേതര ജനാധിപത്യത്തിൽ അധിഷ്ഠിതമായ സാമൂഹ്യ സാഹചര്യങ്ങൾ നിലനിന്നു പോകേണ്ടത് അടിസ്ഥാനപരമായ ആവശ്യമാണെന്ന് മുജാഹിദ് പ്രസ്ഥാനം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മുഴുവൻ മനുഷ്യർക്കും സത്യവും സമാധാനവും എത്തിക്കാനുള്ള സന്ദേശത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി മുജാഹിദ് പ്രസ്ഥാനം മുന്നോട്ടു പോകുന്നത്. 
മതത്തിന്റെ മറവിൽ നടക്കുന്ന ആത്മീയ കച്ചവടങ്ങളെ എക്കാലവും എതിർക്കാനും അവയുടെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധവൽക്കരിക്കാനും മുജാഹിദ് പ്രസ്ഥാനം ശ്രമിച്ചിട്ടുണ്ട്. ജിന്നുബാധയും പിശാച് സേവയും ജിന്നിറക്കലും പിശാചിനെ കുടിയിരുത്തലും ആഭിചാര മന്ത്രവാദ ചികിത്സയുമെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്റെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പടിയിറങ്ങിയതായിരുന്നു. എന്നാൽ അതിന്റെ വാണിജ്യ സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് ഒരു വിഭാഗം, മുസ് ലിം സമുദായത്തെ ജിന്നുവാദത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയപ്പോൾ അവയെ പ്രമാണബദ്ധമായി എതിർക്കാനും, ആദർശപരമായി ചെറുത്തു തോൽപ്പിക്കാനും മുജാഹിദ് പ്രസ്ഥാനം രംഗത്ത് വരികയുണ്ടായി. എെ.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ ബാനറിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും സംഘടിപ്പിച്ച ആദർശ സംവാദങ്ങളും മുഖാമുഖങ്ങളും ചോദ്യോത്തര സെഷനുകളും, ജിന്നുവാദികളുടെ വികല വാദങ്ങളെ പുറത്തുകൊണ്ടുവരാനും, ബഹുജനങ്ങളെ ബോധവൽക്കരിക്കാനും സാധിക്കുന്നതായിരുന്നു.  
സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് യുവാക്കളുടെ പ്രതികരണ ശക്തി ചൂഷണം ചെയ്തു അവരെ തീവ്രവാദത്തിലേക്കും അതിവാദത്തിലേക്കും നയിക്കുന്നത് ഇസ് ലാം വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനെതിരെ ശക്തമായ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നത് എെ.എസ്.എം ആയിരുന്നു.  
ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന ഇസ് ലാം വിശ്വാസികൾ അനുഭവിക്കുന്ന ധാർമികവും ആത്മീയവും സാമൂഹികവുമായ പ്രശ്നങ്ങളെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാനും, ഇന്ത്യൻ ബഹുസ്വരതയെ തകർക്കാൻ അനുവദിക്കരുത് എന്ന മഹത്തായ സന്ദേശം യുവസമൂഹത്തിന് എത്തിച്ചുകൊടുക്കാനും ഇൗ സമ്മേളനം ഉപയോഗപ്പെട്ടു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബഹുസ്വരതയുടെയും സഹവർത്തനത്തിന്റെയും ബാലപാഠങ്ങൾ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് പുതിയ തലമുറയിൽ മാനവികമൂല്യങ്ങളും മനുഷ്യസൗഹാർദവും വളർത്തിയെടുക്കണമെന്ന് എെ.എസ്.എം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി. 
ഫിലസ്ത്വീൻ എെക്യദാർഢ്യ 
പ്രതിജ്ഞ 
ആഗോള സമൂഹം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ആയിരക്കണക്കിന് പാവങ്ങളായ മനുഷ്യരെ കൊന്നു തീർക്കുന്ന ഇസ്റാഇൗൽ ഭീകരത മാപ്പർഹിക്കാത്ത കൊടുംക്രൂരകൃത്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം ഫിലസ്ത്വീൻ ജനതയോട് എെക്യദാർഢ്യം പ്രകടിപ്പിക്കുകയുണ്ടായി. എെ.എസ്.എം സംസ്ഥാന സമ്മേളനം ഫിലസ്ത്വീൻ അംബാസഡർ എച്ച്.ഇ അദ്നാൻ അബു അൽ ഹൈജാ ഉദ്ഘാടനം ചെയ്തത് തന്നെ മഹത്തായ ഒരു സന്ദേശമാണ് സമൂഹത്തിന് നൽകിയത്. ഫിലസ്ത്വീൻ ജനതയോട് കേരളീയ സമൂഹം കാണിക്കുന്ന എെക്യദാർഢ്യത്തെ ഫിലസ്ത്വീൻ അംബാസഡർ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി. ആയിരക്കണക്കിന് യുവാക്കളെ കൂടെനിർത്തിക്കൊണ്ട് രണ്ടാം ദിവസം എെ.എസ്.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ ഫിലസ്ത്വീൻ എെക്യദാർഢ്യ പ്രതിജ്ഞശ്രദ്ധേയമായി. ഫിലസ്ത്വീൻ അംബാസഡറും മുജാഹിദ് നേതൃത്വവും കേരളത്തിലെ സാമൂഹ്യ നേതാക്കളും അതിൽ പങ്കെടുത്തു. കെ.എൻ.എമ്മിന്റെ ഒൗദ്യോഗിക ചാനലായ റിനൈ ടിവി വഴി ഫിലസ്ത്വീൻ എെക്യദാർഢ്യം ലോകം മുഴുവൻ കണ്ടു.
സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ "നിലപാട്' സുവനീർ, 1967 മുതൽ 2024 വരെയുള്ള എെ.എസ്.എമ്മിന്റെ പ്രവർത്തനങ്ങളിലേക്കുള്ള എത്തിനോട്ടമായിരുന്നു. എെ.എസ്.എം ലക്ഷ്യമാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം സംസ്ഥാന സമ്മേളനത്തിൽ നടന്നു എന്നതും ശ്രദ്ധേയമാണ്. ആദർശ പ്രചാരണത്തോടൊപ്പം തന്നെ സമൂഹത്തിന്റെ മിടിപ്പുകൾ മനസ്സിലാക്കിക്കൊണ്ട് സാമൂഹ്യ സാംസ്കാരിക സന്നദ്ധ മേഖലകളിലുള്ള ഇടപെടലുകൾ സജീവമാക്കുന്ന ബഹുവിധ പദ്ധതികളാണ് എെ.എസ്.എം പ്രഖ്യാപിച്ചിട്ടുള്ളത്. സമ്മേളനത്തിന്റെ ഉൗർജം ശാഖകളിലേക്ക് പ്രസരിപ്പിക്കാനായാൽ, ഇൗ പദ്ധതികളുടെ വിജയം അല്ലാഹുവിന്റെ അനുഗ്രഹത്താൽ സുരക്ഷിതമാണ്.