2024 May 03
24 Shawwal, 1445 AH
ഗതിമാറ്റം

ഗതിമാറ്റം

  • ആരിഫ് സെയ്ൻ

ക്ഷുഭിതനായൊരു സിംഹത്തിന്റെ വീറോടെ നേരിട്ടു കൊണ്ടിരുന്ന ശത്രുവിനുനേരെ വാളുയർത്തിയ നിമിഷാർധത്തിൽ കാണായ ഹംസയുടെ പടച്ചട്ടയിലെ പഴുതിലൂടെ വഹ് ശി ചാട്ടുളി പായിച്ചു. കൃത്യം ലാക്കിൽതന്നെ ചെന്നു തറച്ചു. നാഭിയിലൂടെ തുളഞ്ഞ് കാലുകൾക്കിടയിലൂടെ പുറത്തേക്ക് തുറിച്ചു. ഹംസ നേരിട്ടുകൊണ്ടിരുന്ന അബ്ദുദ്ദാറിന്റെ അവസാനത്തെ ധ്വജവാഹകൻ അപ്പോഴേക്കും മരണത്തിനു കീഴൊതുങ്ങിയിരുന്നു. പതറിയ ഏതാനും ചുവടുകൾ കൂടി മുമ്പോട്ടുവച്ച് ധീരനായ ഹംസ വിറയോടെ തറയിൽ വീണു. വീണുപോയ തന്റെ ഇരയുടെ ശരീരത്തിലെ തുടിപ്പ് നിലക്കുന്നതുവരെ വഹ് ശി കാത്തുനിന്നു. നേരെ ചെന്ന്, ഏതാനും നിമിഷം മുമ്പുവരെ പടക്കളത്തിൽ ആയിരം സിംഹങ്ങളുടെ വീര്യത്തോടെ പൊരുതിയ ഇസ് ലാമിന്റെ അസാമാന്യനായ പടയാളിയുടെ നിശ്ചലഗാത്രത്തിൽ നിന്നയാൾ ചാട്ടുളി വലിച്ചൂരി. അതിവേഗം ക്വുറയ് ശി കൈനിലയിൽ തിരിച്ചെത്തി ആത്മഗതം ചെയ്തു: "ഞാനെന്തിനായിരുന്നോ വന്നത് ആ ജോലി ചെയ്തുതീർത്തിരിക്കുന്നു, ഹംസയെ വധിച്ചത് എന്റെ മോചനത്തിനുവേണ്ടി മാത്രമാണ്.' ധീരനായ പടയാളിയെ കൊന്നതിലുള്ള പശ്ചാത്താപ നിമിഷം അവിടെ തുടങ്ങുകയായിരുന്നോ?
തങ്ങൾ തോറ്റുകൊണ്ടിരിക്കുകയാണെന്ന ബോധ്യം നാഡീവ്യൂഹത്തിലേക്കു പടർന്നുകഴിഞ്ഞിരുന്ന ക്വുറയ് ശി അണികളിൽ ഹംസയുടെ വധത്തെക്കുറിച്ചുള്ള വാർത്ത വലിയ അലകളൊന്നും സൃഷ്ടിച്ചില്ല. അബ്ദുദ്ദാറിലെ ധ്വജവാഹകർ ഒന്നൊഴിയാതെ യുദ്ധക്കളത്തിൽ പ്രാണൻവെടിഞ്ഞപ്പോൾ അവരുടെ ഒരു അബിസീനിയൻ അടിമ കൊടിയേറ്റെടുത്തു. അയാൾക്കും പക്ഷേ, അധികനേരം പിടിച്ചുനിൽക്കാനായില്ല. ക്വുറയ് ശി പതാക, ഏറ്റെടുക്കാനാരുമില്ലാതെ അശ്രദ്ധമായി കുറെനേരം തറയിൽതന്നെ കിടന്നു. 
ഹംസ കളത്തിലില്ലെങ്കിലും അബൂദുജാനയും സുബയ്റും അൻസ്വാറുകളും മുഹാജിറുകളുമടങ്ങിയ മുസ് ലിം പടയാളികൾ അപ്പോഴും പടക്കളത്തിൽ പതറാതെ പൊരുതി. അമിത്, അമിത്, മരണമേല്പിക്കുക, മരണമേല്പിക്കുക എന്ന് വിളിച്ചു പറഞ്ഞുകൊണ്ടവർ മരണംവിതച്ചു. അന്ധാളിപ്പിക്കുന്നതും അപ്രതിഹതവുമായ മുന്നേറ്റം. അലിയുടെ വെള്ളത്തൂവൽ, അബൂദുജാനയുടെ ചെന്തലപ്പാവ്, സുബയ്റിന്റെ മഞ്ഞത്തലപ്പാവ്, ഹുബാബിന്റെ പച്ചത്തലപ്പാവ്... എല്ലാം വിജയത്തിന്റെ കൊടിക്കൂറകളായി നിറഞ്ഞുനിന്നു. അബൂബക് ർ, ഉമർ, മുസ്അബ്, സഅദ് ബിൻ മുആദ്, സഅദ് ബിൻ ഉബാദ, അബ്ദുല്ലാഹ് ബിൻ ജഹ്ശ്... തുടങ്ങിയവർ അനിതരസാധാരണമായ പോരാട്ടവീര്യം പുറത്തെടുത്ത ചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിലൂടെയാണിപ്പോൾ യുദ്ധം കടന്നുപോകുന്നത്.
ഹൻളലയുടെ വാൾച്ചുവട്ടിൽനിന്ന് അബൂസുഫ്യാൻ കഷ്ടിച്ച് രക്ഷപ്പെട്ടു. ശദാദ് ബിൻ അസ്വദ് എന്ന ലെയ്സ് ഗോത്രജൻ വന്ന് ഹൻളലയെ അയാളുടെ കുന്തമുനക്ക് മുകളിലൂടെ തള്ളി. അയാൾ നിലത്തുവീണു. തൊട്ടുടനെ നടത്തിയ മറ്റൊരു തള്ളിലൂടെ ശദാദ് അയാളെ വധിച്ചു- ഹൻളല ശഹീദായി.
മൂന്നു തവണ ഖാലിദ് മുസ് ലിം സേനയുടെ ഇടതുപാർശ്വത്തിൽ വിള്ളലുണ്ടാക്കി സേനയിൽ അങ്കലാപ്പും ഭയപ്പാടും സൃഷ്ടിക്കാനും അതുവഴി അവരെ പരാജയപ്പെടുത്താനും ശ്രമിച്ചു. മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടു. നബി നിയോഗിച്ച അരശതം അമ്പെയ്ത്തുകാർ തീർത്ത പ്രതിരോധത്തിന്റെ കോട്ട തകർത്ത് ക്വുറയ് ശി സേനക്ക് തരിമ്പും മുന്നേറാനായില്ല. മക്കാസേനയുടെ അനക്കങ്ങളിപ്പോൾ മിക്കവാറും അവരുടെ താവളത്തിനു ചുറ്റുമായി പരിമിതപ്പെട്ടിട്ടുണ്ട്. പോരാട്ടം പതുക്കെ ചരുവിറങ്ങി താഴ്വാരത്തിലേക്ക് നീങ്ങുന്നതിനനുസൃതമായി ക്വുറയ് ശി സേന വീണ്ടുംചിതറി. മുവ്വായിരം വരുന്ന സർവായുധവിഭൂഷിതരായ സേനയെ മുപ്പതിനായിരത്തിന്റെ കരുത്തോടെ നേരിടുന്ന എഴുന്നൂറു പേർ അനിതരസാധാരണമായ ധീരതയുടെ അധ്യായം ചരിത്രത്തിന്റെ താളുകളിലേക്ക് തുന്നിച്ചേർക്കുകയാണ്.
പ്രവാചകൻ നില്പുറപ്പിച്ചിരുന്നിടത്തുനിന്നും വളരെ അകലെയാണിപ്പോൾ യുദ്ധം നടക്കുന്നത്. മുസ് ലിം സേനാനികൾ വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന് മനിസ്സിലായതല്ലാതെ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി കാണാനുമറിയാനും ദൂരം അദ്ദേഹത്തിനു മുമ്പിൽ തടസ്സമായി നിന്നു. പെട്ടെന്നദ്ദേഹം ആകാശത്തിലെ പറവകളെ നോക്കുന്നയാളുടെ ശ്രദ്ധയോടെ കണ്ണുകൾ മേലോട്ടുയർത്തി. എന്നിട്ട് അടുത്തുനിന്നവരോടായി പറഞ്ഞു, "നിങ്ങളുടെ കൂട്ടുകാരൻ...', ഹൻളലയെയാണദ്ദേഹമുദ്ദേശിച്ചത്, "മാലാഖമാർ സ്നാനപ്പെടുത്തുകയാണവനെ.' പിന്നീടിക്കാര്യം വിശദമായിത്തന്നെ നബി ഹൻളലയുടെ പങ്കാളി ജമീലയോട് പറയുന്നുണ്ട്, "ഭൂമിക്കും ആകാശത്തിനുമിടയിൽ വെള്ളിപ്പാത്രങ്ങളിൽ മേഘങ്ങളിൽനിന്ന് ജലം ശേഖരിച്ച് മാലാഖമാർ ഹൻളലയെ കുളിപ്പിക്കുന്നത് ഞാൻ കണ്ടു.' അന്നേരം മധുവിധുരാവിന്റെ മൃദുയാമത്തിൽ താൻ കണ്ട സ്വപ്നത്തെക്കുറിച്ചും, രണാങ്കണത്തിലെത്താൻ വൈകിയാലോ എന്ന ഭയത്താൽ നിർബന്ധമായിരുന്ന ദേഹശുദ്ധിപോലും വരുത്താതെ പ്രിയതമൻ മദീന വിട്ടതുമെല്ലാം അവൾ നബിയോടു പറഞ്ഞു.
മുസ് ലിംസേനയുടെ മുന്നേറ്റം തുടർന്നു. ക്വുറയ്ശ് തിരിച്ചുവരവ് അസാധ്യമാകുംവിധം ശിഥിലമായി. അവരുടെ താവളത്തിലേക്കുള്ള വഴികൾ ഒഴിഞ്ഞ് തുറന്നുകിടക്കുന്നു. ഹിന്ദും തോഴിമാരും അവരുടെ വസ്ത്രങ്ങൾ കണങ്കാലിൽനിന്ന് പൊക്കിപ്പിടിച്ച് കാൽച്ചിലമ്പ് കാട്ടിയോടി മലമുകളിൽകേറി നിലയുറപ്പിച്ചത് കാണായി. ഇനി രണാർജിതസ്വത്തുക്കൾ ശേഖരിക്കാം. പ്രവാചകൻ നിൽക്കുന്നിടത്തുനിന്ന് വലിയ അകലത്തിലല്ലാതെ നിന്നിരുന്ന അമ്പത് വില്ലാളികൾക്ക് താഴെ സമതലത്തിൽ തങ്ങളുടെ സഹസൈനികർ ശത്രുക്കൾ ഇട്ടേച്ചുപോയ വസ്തുക്കൾ ശേഖരിക്കുന്നതവർക്ക് അവ്യക്തമായെങ്കിലും കാണാം. ഇപ്പോഴവർ പ്രവാചകൻ നിർത്തിയേടത്തില്ല; അവരോടിപ്പോയിരിക്കുന്നു, നബിയുടെ ആദേശമോർമിപ്പിച്ചുകൊണ്ടവരുടെ തലയാൾ അബ്ദുല്ലാഹ് ബിൻ ജുബയ് ർ നടത്തിയ ആഹ്വാനങ്ങൾ കാറ്റിൽചിതറി വൃഥാവിലായി.
"പ്രവാചകൻ എന്നെന്നേക്കുമായി ഇവിടെ നിൽക്കാനല്ല നമ്മോടാവശ്യപ്പെട്ടത്, യുദ്ധം അവസാനിച്ചിരിക്കുന്നു, അവിശ്വാസികൾ തുടച്ചുനീക്കപ്പെടുകയും ചെയ്തിട്ടുണ്ട്.' ഒാടുന്നതിനിടെ അവർ വിളിച്ചുപറഞ്ഞു. അമ്പെയ്ത്തുസംഘത്തെ ഭീഷണമാംവിധം ശകലീകരിച്ച് നാല്പതുപേർ സ്ഥലംവിട്ടു.
കുതിരപ്പടകൊണ്ട് ഇതുവരെയുള്ള യുദ്ധത്തിന്റെ ഗതിവിഗതികളെ കാര്യമായി സ്വാധീനിക്കാൻ ക്വുറയ്ശി സേനക്ക് സാധിച്ചിട്ടില്ല. തിരിച്ചറിയാനാകാത്തവിധം ഇരുസേനകളും കലർന്നുകഴിഞ്ഞിരുന്നതിനാൽ യുദ്ധക്കളത്തിലേക്ക് കുതിരകളെ പായിക്കുന്നത് ശത്രുനിരയെപ്പോലെ സ്വന്തം സൈനികരെയും അപായപ്പെടുത്തുമെന്നവർ ഭയന്നു. പിന്നിൽ നിൽക്കുന്ന അമ്പെയ്ത്തുകാരുടെ ശരമേൽക്കാതെ മുസ് ലിംസേനയുടെ പിൻനിരയിലെത്താനവർക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ, വില്ലാളികളൊഴിഞ്ഞ വിടവുകളെ ക്വുറയ്ശികളുടെ വലതുപാർശ്വസേനയുടെ തലയാൾ ഖാലിദ് ബിൻ വലീദിന്റെ കഴുകക്കണ്ണുകൾ പിടിച്ചെടുത്തുകഴിഞ്ഞിരിക്കുന്നു. ഉചിതമായ സമയം വന്നെത്തിയിരിക്കുന്നുവെന്ന് കണ്ടയാൾ അമ്പെയ്ത്തുകാർ ഉപേക്ഷിച്ചുപോയ സ്ഥാനം കൈയടക്കാനായി മിന്നൽവേഗത്തിൽ കുതിരകളെ പായിച്ചു. അബ്ദുല്ല അവശേഷിച്ച പടയാളികളോടൊപ്പം ഇടതടവില്ലാതെ അമ്പുകളെയ്ത് ശത്രുനിരയെ തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും വിഫലമായി. അവർ തങ്ങളുടെ അമ്പും വില്ലും എറിഞ്ഞൊഴിവാക്കി മരണം വരിക്കുവോളം വാളും കുന്തവും പ്രയോഗിച്ച് ശത്രുസേനയെ നേരിട്ടു. ഒാടിപ്പോകാതെ നിന്ന പത്തുപേരും രക്തസാക്ഷികളായി, വർധിത വീര്യത്തോടെ ഖാലിദ് തിരിഞ്ഞുചെന്ന് മുസ് ലിംസേനയുടെ പിൻനിരയെ ആക്രമിച്ചു, ഇടത് പാർശ്വനായകൻ ഇക്രിമയും അയാളുടെ വഴി പിന്തുടർന്നു.
തങ്ങളുടെ നിരയിലേക്കുള്ള ശത്രുക്കളുടെ അപ്രതീക്ഷിത കടന്നുകയറ്റം വിശ്വാസികളെ അങ്കലാപ്പിലാക്കി. അലിയും കൂട്ടുകാരും പുതിയ ഭീഷണി നേരിടാനായി അങ്ങോട്ടു തിരിഞ്ഞു. ഒാടിപ്പോയിരുന്ന ക്വുറയ്ശി സേനാംഗങ്ങൾ പുതിയ വിവരമറിഞ്ഞ് പടനിലത്ത് തിരിച്ചെത്തി. യുദ്ധത്തിന്റെ ഗതി പൊടുന്നനെ തിരിഞ്ഞു. ആവേശഭരിതരായ ക്വുറയ്ശികളുടെ യാ ഉസ്സാ... യാ ഹുബൽ... വിളികൾകൊണ്ട് അന്തരീക്ഷം മുഖരിതമായി. ഉയർത്താനാളില്ലാതെ നിലത്തുകിടന്ന ക്വുറയ്ശി ധ്വജം ആകാശത്തിലുയർന്നുപാറി. ഖാലിദിന്റെയും കൂട്ടരുടെയും വാൾത്തലപ്പിൽ നിന്ന് രക്ഷപ്പെട്ടിരുന്ന പിൻനിരയിലെ മുസ് ലിങ്ങൾ മനസ്സാന്നിധ്യം നഷ്ടപ്പെട്ട് കുന്നുകളിലഭയം തേടി. തിരിച്ചുവരാൻ പ്രവാചകൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ, ആ ശബ്ദം അവരുടെ കർണപുടത്തിന്റെ പരിസരങ്ങളിൽ ചെന്ന് കുഴഞ്ഞുവീണു. വന്നത് മുപ്പതോളം പേർ മാത്രം. ക്വുർആൻ പിന്നീടക്കാര്യം ഇങ്ങനെ സൂചിപ്പിച്ചു, "ആരെയും തിരിഞ്ഞുനോക്കാതെ നിങ്ങൾ ഒാടിക്കയറിയപ്പോൾ ദൂതർ പിറകിൽനിന്ന് നിങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അല്ലാഹു നിങ്ങൾക്ക് അട്ടിയിലട്ടിയിൽ ദുഃഖം പകരമായി നൽകി. നഷ്ടപ്പെട്ടുപോയതിന്റെ പേരിലോ നിങ്ങൾക്കു വന്നുഭവിച്ചതിന്റെ പേരിലോ ദുഃഖിക്കാതിരിക്കാൻ വേണ്ടിയാണത്.' 
ഭൂരിപക്ഷം പേരും അടർക്കളത്തിൽ ഉറച്ചുനിന്നെങ്കിലും തുടക്കത്തിലെ ആവേശം നഷ്ടമായിക്കഴിഞ്ഞിരുന്നു; അതുവഴി ആത്മവിശ്വാസവും. സ്വാധീനം നഷ്ടമാകുന്ന മുറക്ക് അവർ പിന്നോട്ട് പിന്നോട്ട് തള്ളിമാറ്റപ്പെട്ടുകൊണ്ടിരുന്നു. യുദ്ധം മൊത്തം ഇനിയിപ്പോൾ പ്രവാചകൻ നിൽക്കുന്ന ഭാഗത്തേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. ബലം ചോർന്നുപോയ മുസ് ലിങ്ങളെ നാലുപാടും നിന്ന് മക്കാസേന വളഞ്ഞു. പ്രവാചകന്റെ ശബ്ദത്തിലൂടെ അദ്ദേഹം എവിടെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നുമവരറിഞ്ഞു. മുസ് ലിങ്ങളിൽ പലരും മദീനയിലേക്ക് രക്ഷപ്പെട്ടിരുന്നു, ചിലർ കുന്നുകളോടിക്കയറി. പോയവരിൽതന്നെ ചിലർ തിരിച്ചുവന്ന് ആരാരാന്ന് തിരിച്ചറിയാനാകാത്തവണ്ണംക്വുറയ്ശി സേനയുമായി കലർന്നു, മുസ് ലിങ്ങൾ തമ്മിൽതമ്മിലേറ്റുമുട്ടി. നിയന്ത്രണമറ്റ പട എങ്ങോട്ടെന്നില്ലാതെ പരക്കംപാഞ്ഞു. 
നബിയും രണ്ടു സ്ത്രീകളടക്കമുള്ള അനുചരന്മാരും ശത്രുനിരക്കുനേരെ അടങ്ങാത്ത ശരമാരി തീർത്തു. മുഖ്യസേനയിൽനിന്ന് അടരാടിയിരുന്ന സൈനികർ, ശേഖരിച്ചിരുന്ന രണാർജിതവസ്തുക്കൾ വലിച്ചെറിഞ്ഞ് പലഭാഗങ്ങളിൽ നിന്നായി ഒാടിയെത്തി പ്രവാചകന്റെ ആ സംഘത്തെ തിടംവെപ്പിച്ചു. യുദ്ധഗതി തങ്ങൾക്കെതിരിൽ തിരിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കിയ മുസ് ലിം സേനയിലെ മുന്നണിപ്പോരാളികൾക്കുപോലും പ്രവാചകനെ സംരക്ഷിക്കുന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യം ഇപ്പോഴില്ല. അവരദ്ദേഹത്തെ ചൂഴ്ന്ന് നിലയുറപ്പിച്ചു. 
മുസയ്നക്കാരായി വഹ്ബും ഹാരിസുമാണ് അവരിൽ ആദ്യമവിടെയെത്തിയത്. ശത്രുക്കളുടെ ഒരു കൊച്ചു സംഘം കുതിരപ്പട ഇടതു ഭാഗത്തുകൂടെ പ്രവാചകനുനേരെ വന്നു. "ആരുണ്ടിവരെ നേരിടാൻ?', പ്രവാചകൻ വിളിച്ചു ചോദിച്ചു.
"ഞാനുണ്ട് പ്രവാചകരേ,' നിമിഷാർധം ശങ്കിച്ചുനിൽക്കാതെയുള്ള മറുപടി കേട്ട് നബി നോക്കി. വഹ്ബാണ്. അന്യാദൃശമായ കൈത്തഴക്കത്തോടെയും അവിശ്വസനീയമായ വേഗത്തിലും അവർക്കുനേരെ വഹ്ബ് വിശിഖങ്ങളെയ്തു. ഒന്നല്ല ഒരുകൂട്ടം വില്ലുകളിൽനിന്നാണ് ശരങ്ങൾ പുറപ്പെടുന്നതെന്ന പ്രതീതി സൃഷ്ടിച്ച ബാഹുവീര്യം. ശത്രു പിൻവാങ്ങി. രണ്ടു തവണകൂടി അശ്വസംഘങ്ങൾ തിരുദൂതരെ അപായപ്പെടുത്താനായി ചീറി വന്നു. ഒാരോ തവണയും താൻ ഒരാളല്ല സൈനിക ദളമാണെന്നപോലെ വഹ്ബ് ഉൗറ്റത്തോടെ ഏറ്റുമുട്ടി ശത്രുക്കളെ തുരത്തി.
"ചെല്ലൂ, ആഹ്ലാദിക്കൂ, പറുദീസ നിങ്ങൾക്കുള്ളതാണ്.' നബി വഹ്ബിനോടു പറഞ്ഞു.
വഹ്ബ് എഴുന്നേറ്റ് തന്റെ കരവാൾ വലിച്ചൂരി, 'അല്ലാഹുവാണ! ഞാനൊരു ദേശവും വിടുന്നില്ല, ഞാനൊരു ദേശവും തേടുന്നുമില്ല.'
പിന്നീടയാൾ ശത്രുക്കൂട്ടത്തിലേക്കെടുത്തു ചാടി ശത്രുനിരയെ കീറിമുറിച്ച് പിന്നറ്റംവരെ ഇരച്ചുകയറി. വഹ്ബിന്റെ പോരാട്ട മികവിൽ അത്ഭുതമേറി പ്രവാചകനും കൂടെയുള്ള അനുചരന്മാരും അല്പനേരം അങ്ങനെ നോക്കിനിന്നു. "അല്ലാഹുവേ, അവനോടു കരുണ കാണിക്ക.' നബിയുടെ ചുണ്ടുകൾ മന്ത്രിച്ചു.
വഹ്ബ് തന്റെ സഹചരുടെ കൂട്ടത്തിലേക്ക് മടങ്ങിവരവെ, നാലുപാടുനിന്നും പൊടുന്നനെ ശത്രുക്കൾ വളഞ്ഞയാളെ വധിച്ചു. കുന്തം കൊണ്ടുള്ള ഇരുപത് മുറിവുകൾ വഹ്ബിന്റെ ശരീരത്തിലുണ്ടായിരുന്നു. വാളുകളാലേറ്റ വെട്ടുകൾക്കു പുറമെയാണിത്. വഹ്ബിന്റെ അന്നത്തെയാ പോരാട്ടം കണ്ടവരുടെയാരുടെയും മനസ്സിൽനിന്നത് മാഞ്ഞുപോകില്ല. "മരണങ്ങളിൽ വെച്ച് ഞാനേറ്റവും കൊതിക്കുന്ന മരണം മുസയ്നക്കാരന്റെ ആ മരണമാണ്,' പിൽക്കാല കഥാകഥനങ്ങളിൽ ഉമർ പറയാറുണ്ടായിരുന്നു. വഹ്ബിന് പറുദീസ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രവാചകന്റെ ശബ്ദം ഇപ്പോഴും തന്റെ കർണപുടങ്ങളിലലക്കുന്നുവെന്ന് സംവൽസരങ്ങൾക്കു ശേഷം സഹ്റാ ഗോത്രജനായ സഅദും പറയുകയുണ്ടായി.
പോർക്കളത്തിന്റെ പ്രധാന ഭാഗം ചക്രവാതംപോലെ മുസ് ലിങ്ങൾ നിലയുറപ്പിച്ചിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കെ, അവർ ചരുവിന്റെ ഭാഗത്തേക്ക് പിൻവാങ്ങി. ഇരു സേനകളുടെയും ഭാഗത്തുനിന്നുള്ള ആക്രോശങ്ങൾ ഉയർന്നുപൊങ്ങവെ, നേരിട്ടുള്ള ദ്വന്ദ്വാക്രമണത്തിനു വെല്ലുവിളിയുയർത്തിക്കൊണ്ടുള്ള ആർപ്പുവിളികളും ഉയർന്നു കേൾക്കായി.
"ഇതാ, ഞാൻ ഖറാശയുടെ മകനാണ്,' അബൂദുജാന വിളിച്ചു പറഞ്ഞു, ഖറാശ അയാളുടെ പിതാമഹനായിരുന്നു. അൻസ്വാറുകളിലൊരാൾ ഇങ്ങനെ വിളിച്ചുപറയുന്നതു കേട്ടു, 'ഇതാ, ഞാൻ അൻസ്വാരിയാണ്. പ്രവാചകനും ഒരിക്കലെങ്കിലും അന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞതായി കേട്ടു, "ഞാൻ ആതികയുടെ മകനാണ്,' ആതിക, ഹാശിം കുടുംബ പരമ്പരയിലെ നിരവധി മാതാമഹികളുടെ പേരാണ്. 
അതിനിടെ ഒരാൾ മുമ്പോട്ടുവന്നട്ടഹസിച്ചു, "ഞാൻ അതീകിന്റെ മകനാണ്.' - അബ്ദുൽ കഅ്ബ! അബൂബക്റിന്റെ മൂത്തമകൻ; ആഇശയുടെ ഒരേയൊരു പൂർണസഹോദരൻ. കുടുംബത്തിൽ ഇപ്പോഴും വിശ്വാസം സ്വീകരിച്ചിട്ടില്ലാത്ത ഒരേയൊരാൾ. അബൂബക് ർ തന്റെ വില്ല് താഴെയിട്ട് വാൾ ഉൗരാനാഞ്ഞു. മകനെ വെട്ടുന്നതിനു മുമ്പ് പ്രവാചകൻ മുമ്പിൽ വന്നുനിന്നു. 
"വാളുറയിലിടൂ,' അദ്ദേഹം പറഞ്ഞു, "നിങ്ങൾ സ്വന്തം ഇടത്തേക്ക് മടങ്ങൂ. താങ്കളുടെ നല്ല കൂട്ട് ഞങ്ങൾക്ക് നൽകൂ.'
(ചരിത്രസംഭവങ്ങളുടെ ആസ്വാദനമാണിത്, ചരിത്രരേഖയല്ല.)