2024 May 03
24 Shawwal, 1445 AH
നമസ്കാരം  വിശ്വാസിയുടെ അടയാളം

നമസ്കാരം വിശ്വാസിയുടെ അടയാളം

  • അബൂ ഇസ്‌വ

വിശ്വാസി നിർബന്ധമായും നിർവഹിക്കേണ്ട, അല്ലാഹുവിനെക്കുറിച്ചുള്ള ഫിക്റിന്റെയും, അല്ലാഹുവോടുള്ള ശുക്റിന്റെയും ബഹിർസ്ഫുരണമാണ് നമസ്കാരം. മനസ്സറിഞ്ഞുളള നന്ദിയുടെ പ്രകട രൂപങ്ങളിലൊന്ന്. കേവലം ചേഷ്ടകളായി മാറാതെ സ്രഷ്ടാവുമായുള്ള മുനാജാത്ത് (സ്വകാര്യ സംഭാഷണം) ആണെന്ന ബോധ്യത്തോടെ ഉളളറിഞ്ഞും ഏകാഗ്രതയോടെയും നമസ്കാരം നിർവഹിക്കാൻ കഴിയണം.
അനസ്(റ) നിവേദനം ചെയ്യുന്ന ഒരു നബിവചനത്തിൽ ഇങ്ങനെ കാണാം: ""നിശ്ചയം നിങ്ങളിലൊരാൾ നമസ്കാരത്തിലായാൽ അയാൾ തന്റെ റബ്ബുമായുളള സ്വകാര്യ സംഭാഷണത്തിലായിരിക്കും.'' (ബുഖാരി)
വിശ്വാസിയെയും അവിശ്വാസിയെയും തമ്മിൽ വേർതിരിക്കുന്ന ഒരു കർമമാണ് നമസ്കാരം. നമസ്കാരം മനഃപൂർവം ഉപേക്ഷിക്കുന്നവർ കാഫിറുകളുടെ ഗണത്തിലാണ്. കാഫിറുകളാവട്ടെ അല്ലാഹുവിന്റെയും മലക്കുകളുടെയും ശാപത്തിലും കഠിന ശിക്ഷയിലുമായിരിക്കും. അല്ലാഹു പറയുന്നു: ""നിഷേധിക്കുകയും നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്യുന്നവർ ആരോ അവർക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്. അതവർ ശാശ്വതമായി അനുഭവിക്കുന്നതാണ്. അവർക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുകയില്ല. അവർക്ക് ഇടകൊടുക്കപ്പെടുകയുമില്ല.'' (വി.ക്വു. 2:161, 162)
അനുഗ്രഹങ്ങളെ ഒാർത്തും കടപ്പാടുകളുടെ മഹത്ത്വമുൾക്കൊണ്ടും നമസ്കാരം നിർവഹിക്കണം. അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ പരാമർശിക്കവേ നമസ്കരിക്കാനുളള ആഹ്വാനങ്ങൾ വിശുദ്ധ ക്വുർആനിൽ കാണാം. ''തീർച്ച, നിനക്ക് നാം ധാരാളം (അനുഗ്രഹങ്ങൾ) നൽകിയിട്ടുണ്ട്. അതിനാൽ നീ നമസ്കരിക്കുകയും ബലി നിർവഹിക്കുകയും ചെയ്യുക.'' (അൽ കൗഥർ 1, 2)
ശത്രുക്കളുടെ ഉപരോധം കാരണം ഒരു അസ്വർ നമസ്കാരം നഷ്ടപ്പെടാനിടയായ സന്ദർഭത്തിൽ അവരുടെ ക്വബ്റുകളിൽ അല്ലാഹു തീ നിറയ്ക്കട്ടെ എന്ന് റസൂൽ(സ്വ) ദുആ ചെയ്ത സംഭവം ബുഖാരി, മുസ് ലിം ഉദ്ധരിക്കുന്നുണ്ട്. കേവലം ഒരു നമസ്കാരം നഷ്ടപ്പെട്ടപ്പോൾ തിരുമേനി(സ്വ) പ്രകടിപ്പിച്ച ആധി നമസ്കാരത്തിന്റെ പ്രാധാന്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
വിശുദ്ധ കഅ്ബയുടെ പരിസരത്ത് നബി(സ്വ) നമസ്കരിക്കുന്നത് തടയുമെന്ന് അബൂജഹ് ൽ പ്രതിജ്ഞയെടുത്ത സന്ദർഭത്തിൽ വിശുദ്ധ സൂക്തങ്ങളിറങ്ങി. അതിങ്ങനെ വായിക്കാം. ""അടിയാൻ നമസ്കരിക്കുമ്പോൾ തടയുന്നവനെ നീ കണ്ടുവോ!.... അല്ലാഹു എല്ലാം കാണുന്നുണ്ട് എന്നത് അവൻ അറിഞ്ഞില്ലയോ. നിസ്സംശയം. അവൻ വിരമിച്ചിട്ടില്ലെങ്കിൽ ആ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും. കള്ളം പറയുന്ന പാപം ചെയ്യുന്ന കുടുമ. അവന്റെ ആൾക്കാരെ അവൻ വിളിച്ചു കൊളളട്ടെ. നമ്മുടെ സബാനിയാക്കളെ (ശിക്ഷ നടപ്പിലാക്കുന്ന മലക്കുകൾ) നാമും വിളിച്ചു കൊളളാം. നീ അവനെ അനുസരിച്ചു പോകരുത്. നീ സുജൂദ് ചെയ്യുകയും സാമീപ്യം നേടുകയും ചെയ്യുക.'' (വി.ക്വു. 96:9-19)
നമസ്കാരം തടയുമെന്ന് വീരവാദം മുഴക്കിയവരോട് യുദ്ധ പ്രഖ്യാപനം നടത്തുന്ന സൂക്തങ്ങൾ! അവർക്ക് നാശമായിരിക്കും ഉണ്ടാവുക എന്ന താക്കീത്. നമസ്കാരം തുടരാനും അത് ദൈവ സാമീപ്യത്തിനുളള മാർഗവുമാണെന്ന ആഹ്വാനവും. ഇൗ സൂക്തങ്ങൾ ഒാതിക്കഴിഞ്ഞാൽ നമസ്കാരത്തിലായാലും അല്ലെങ്കിലും ലോക മുസ് ലിങ്ങൾ തിലാവത്തിന്റെ സുജൂദ് ചെയ്യുന്നു! ദൈവ വചനങ്ങളുടെ പ്രോജ്ജ്വലതയിൽ അബൂജഹലിന് തന്റെ പ്രതിജ്ഞയിൽ നിന്ന് പിന്തിരിയേണ്ടി വന്നു എന്നത് ചരിത്രം.
അല്ലാഹുവിന് ധാരാളമായി ദിക്ർ ചെയ്യുന്നവരാണ് പാപമോചനത്തിന് അർഹരും സ്വർഗാവകാശികളുമെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ധാരാളം ദിക്ർ ചെയ്യാനുതകുന്ന കർമം കൂടിയാണ് നമസ്കാരം. അല്ലാഹു പറയുന്നു: ""തീർച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാൽ എന്നെ നീ ആരാധിക്കുകയും, എന്നെ ഒാർമിക്കുന്നതിനായി നമസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക.'' (വി.ക്വു. 20:14)
നമസ്കാരം നിർവഹിക്കുന്നതോടൊപ്പം ബന്ധുക്കളെയും അടുപ്പക്കാരെയും നമസ്കാരത്തെ കുറിച്ച് ഉദ്ബോധിപ്പിക്കണമെന്നും അല്ലാഹു ഒാർമിപ്പിക്കുന്നുണ്ട്.
""നിന്റെ കുടുംബത്തോട് നീ നമസ്കരിക്കാൻ കൽപിക്കുകയും, അതിൽ (നമസ്കാരത്തിൽ) ക്ഷമാപൂർവം നീ ഉറച്ചുനിൽക്കുകയും ചെയ്യുക.'' (വി.ക്വു 20:132)
ഇസ്മാഇൗൽ(അ)ന്റെ സവിശേഷ ഗുണമായി അദ്ദേഹം ഉറ്റവരോട് നമസ്കാരത്തെ കുറിച്ച് ഉദ്ബുദ്ധരാക്കാറുണ്ടായിരുന്നു എന്ന് ക്വുർആൻ പരാമർശിക്കുന്നുണ്ട്. ""വേദത്തിൽ ഇസ്മാഇൗലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീർച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു. തന്റെ ആളുകളോട് നമസ്കരിക്കുവാനും സകാത്ത് നൽകുവാനും അദ്ദേഹം കൽപിക്കുമായിരുന്നു.'' (വി.ക്വു. 19 : 54, 55)
ലുക്വ് മാൻ(അ) തന്റെ മകനോട് നമസ്കാരം നിലനിർത്താൻ വേണ്ടി ഉപദേശിക്കുന്നതും ക്വുർആൻ എടുത്ത് പറയുന്നുണ്ട്. (31:17)
നമസ്കാരം നിലനിർത്തുന്നവരിൽ ഉൾപ്പെടാനും നമ്മുടെ പ്രിയപ്പെട്ടവരെ നമസ്കാരം അനുഷ്ഠിക്കുന്നവരാക്കാനുമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കണം. ഇബ്റാഹീം(അ)ന്റെ ദുആ അല്ലാഹു എടുത്തുദ്ധരിക്കുന്നതിങ്ങനെയാണ്: ''വാർധക്യകാലത്ത് എനിക്ക് ഇസ്മാഇൗലിനെയും ഇസ്ഹാക്വിനെയും പ്രദാനം ചെയ്ത അല്ലാഹുവിന് സ്തുതി. തീർച്ചയായും എന്റെ രക്ഷിതാവ് പ്രാർത്ഥന കേൾക്കുന്നവനാണ്. എന്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളിൽ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ.'' (വി.ക്വു. 14:39,40)
യാന്ത്രികമായ കർമങ്ങളല്ല, ഭയഭക്തിയിൽ അലിഞ്ഞു ചേർന്ന മനസ്സുമായാണ് ഒാരോ നമസ്കാരവും നിർവഹിക്കേണ്ടത്. ''നമസ്കാരങ്ങൾ നിങ്ങൾ സൂക്ഷ്മതയോടെ നിർവഹിക്കുവിൻ, പ്രത്യേകിച്ചും ഉൽകൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പിൽ ഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർത്ഥിക്കുന്നത്.'' (വി.ക്വു. 2:238)
വിജയികളായ സത്യവിശ്വാസികളുടെ ശ്രേഷ്ഠതകൾ വിവരിക്കവേ 'അവർ നമസ്കാരത്തിൽ ഭക്തി (ഖുശൂഅ്) ഉളളവരായിരിക്കും' എന്നും (23:2) "അവർ നമസ്കാരത്തിൽ സൂക്ഷ്മത പാലിക്കുന്നവരായിരിക്കും' എന്നും (23:9) ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. 
അല്ലാഹുവിന്റെ യഥാർത്ഥ അടിമയുടെ വിനയ ഭാവമാണ് ഖുശൂഅ് അഥവാ ഭയഭക്തി. ഭക്തി, ആത്മാർത്ഥത, കൃത്യനിഷ്ഠ, ഏകാഗ്രത, എന്നീ ഘടകങ്ങളെല്ലാം നമസ്കരിക്കുന്നവരിൽ ഉണ്ടാവണമെന്ന് ഉപര്യുക്ത സൂക്തങ്ങളിൽ നിന്ന് വ്യക്തമാവുന്നു. ചുരുക്കത്തിൽ, പരമ കാരുണികൻ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്ന വിനീത ദാസനാണ് എന്ന ബോധ്യത്തിൽ നിന്നും ബോധത്തിൽ നിന്നും ഉണ്ടാവുന്ന ഇൗമാനികമായ ലഹരിയാകണം നമസ്കാരം.
"നമസ്കാരം നിന്ദ്യവും നീചവുമായ കർമങ്ങളിൽ നിന്ന് തടയു'മെന്നും "പ്രകടന പരതയോടെയും അശ്രദ്ധയോടെയുമുളള നമസ്കാരക്കാർക്ക് നാശ'മെന്നുമുളള ക്വുർആൻ സൂക്തങ്ങൾ നമസ്കാരത്തിന്റെ ലക്ഷ്യ സാക്ഷാത്കാരത്തെ അടിവരയിടുന്നു. അരുവിയിൽ അഞ്ച് നേരം കുളിക്കുന്നവന്റെ ദേഹം എത്രമാത്രം അഴുക്കിൽ നിന്ന് ശുദ്ധമാണോ, അതുപോലെ അഞ്ച് നേരവും നമസ്കരിക്കുന്നവൻ പാപങ്ങളിൽ നിന്ന് മുക്തരായിരിക്കുമെന്ന പ്രവാചക വചനം നമസ്കാരം വിശ്വാസിയിലുണ്ടാക്കുന്ന, ഉണ്ടാക്കേണ്ട അനിവാര്യമായ മാറ്റങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്. അങ്ങനെയാവാൻ സാധിക്കുന്നുണ്ടോ എന്ന ആത്മ പരിശോധനയിലൂടെയാണ് നമ്മുടെ നമസ്കാരം അർത്ഥവത്താവുക.