2024 March 22
12 Ramadan, 1445 AH
മുജാഹിദുകൾക്ക്; രാഷ്ട്രീയമില്ലെന്നോ?

മുജാഹിദുകൾക്ക്; രാഷ്ട്രീയമില്ലെന്നോ?

  • എം സി മുഹമ്മദലി, അരീക്കോട്

മുജാഹിദ് പ്രസ്ഥാനത്തിന്നെതിരെ എതിരാളികൾ എയ്തുവിടുന്ന ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുജാഹിദുകൾക്ക് രാഷ്ട്രീയമായ നിലപാടുകളില്ലെന്ന്. അവർ ഒാരോരുത്തരും തങ്ങൾക്ക് തോന്നുന്ന പാർട്ടികളിൽ പ്രവർത്തിക്കുന്നു. മത്സരിക്കുന്നു. വോട്ടു ചെയ്യുന്നു. പലരും സ്ഥിരമായി ഒരേയൊരു പാർട്ടിയിൽ നിൽക്കുന്നവരല്ല. എന്നിങ്ങനെയാണ് ആരോപണങ്ങൾ! വേറെ ചിലർ ആക്ഷേപിക്കന്നത്, മുജാഹിദുകൾക്ക് ഇസ് ലാമിക ഭരണത്തോട് താൽപര്യമില്ല. അത് നടപ്പാക്കാൻ അവർ പരിശ്രമിക്കുന്നില്ല. അവർക്ക് താൽപര്യം ജനാധിപത്യം, മതേതരത്വം തുടങ്ങിയ ഭൗതിക ആശയങ്ങളോടാണ് എന്നെല്ലാമാണ്. എന്നാൽ, മുജാഹിദുകൾ അവരുടെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത്, അവർ ജീവിക്കുന്ന പ്രദേശങ്ങളിലെ സവിശേഷ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ്. ഉദാഹരണത്തിന്ന്, ഒരാൾ സുഉൗദി അറേബ്യയിലോ, മറ്റു ഗൾഫ് രാജ്യങ്ങളിലോ അല്ലെങ്കിൽ, അമേരിക്കയിലോ, ചൈനയിലോ, മറ്റെവിടെയെങ്കിലുമോ താമസമാക്കിയാൽ അയാൾ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട്, അവിടങ്ങളിലെ സവിശേഷ സാഹചര്യങ്ങൾ പരിഗണിച്ചും അയാൾ അവിടങ്ങളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കണക്കിലെടുത്തും കൊണ്ടായിരിക്കും. ചിലപ്പോൾ താൻ കഴിഞ്ഞു കൂടുന്ന രാജ്യത്തെ സ്ഥിതി ഗതികൾ മാറുമ്പോൾ അയാളുടെ രാഷ്ട്രീയ നിലപാടുകൾക്കും മാറ്റങ്ങൾ വരുത്തേണ്ടിവരും. മുജാഹിദുകൾ കേരളക്കരയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കാലം കഴിഞ്ഞു. 1922 ൽ എെക്യ സംഘവും 1924 ൽ കേരള ജംഇയ്യത്തുൽ ഉലമയും 1950 ൽ കേരള നദ് വത്തുൽ മുജാഹിദീനും (ഗചങ) പ്രവർത്തിച്ചു പോന്നു. എന്നാൽ, പ്രസ്ഥാനത്തിന്റെ പ്രവർത്തന മേഖല വികസിച്ചതുകൊണ്ടോ കാലം ദീർഘിച്ചതുകൊണ്ടോ അതിന്റെ ലക്ഷ്യങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ല. വിശുദ്ധ ക്വുർആനിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ ഇസ് ലാമിന്റെ വിശ്വാസാചാരങ്ങളും ജീവിതക്രമവും സംസ്കാരവും പ്രചരിപ്പിക്കുക, അവയിലേക്ക് ജനങ്ങളെ ക്ഷണിക്കുക, ഉത്തമമായ ആദ്യ നൂറ്റാണ്ടുകൾക്ക് ശേഷം മുസ് ലിം സമുദായത്തിൽ വന്നു കൂടിയ ജീർണതകൾ ദുരീകരിക്കുക, വിദ്യാഭ്യാസം, സാഹിത്യം മുതലായ തുറകളിൽ സമുദായത്തിന്റെ പൊതുനില നന്നാക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക,സഹോദര സമുദായങ്ങളുമായി രഞ്ജിപ്പും സൗഹാർദ്ദവും വർധിപ്പിക്കുക, സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുക എന്നെല്ലാമാണ് പ്രസ്ഥാനത്തിന്റെ പൊതുവേയുള്ള ലക്ഷ്യങ്ങൾ. അനിസ് ലാമിക പ്രസ്ഥാനങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റുക, ഇസ് ലാമിലേക്ക് കൂടുതൽ അടുപ്പിക്കുക, പള്ളികൾ, ആതുരാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കുക, ഉപദേശങ്ങൾ, ചർച്ചകൾ എന്നിവ നടത്തുക, പ്രസിദ്ധീകരണങ്ങൾ നടത്തുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇപ്പറഞ്ഞ ലക്ഷ്യങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെല്ലാം പ്രചോദനം നൽകുന്നത് വിശുദ്ധ ക്വുർആനിലെ കൽപനകളാണ്." നിങ്ങളിൽ നിന്ന് ഒരു വിഭാഗം ഉണ്ടാകട്ടെ! നല്ല കാര്യങ്ങളിലേക്ക് ക്ഷണിക്കുകയും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവർ. അവരാണ് വിജയികൾ!(3:104) നിങ്ങൾ പരസ്പരം പുണ്യത്തിലും സൂക്ഷ്മതയിലും സഹായിക്കുക. പാപത്തിലും അതിക്രമത്തിലും പരസ്പരം സഹായിക്കാതിരിക്കുക.(5:2) മുജാഹിദ് പ്രസ്ഥാനം കാര്യങ്ങളുടെ ശരിതെറ്റുകൾ നിർണയിക്കുന്നത്, ക്വുർആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലാണ്. അതുപ്രകാരം രാജ്യത്ത് മാറിവരുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന്ന് മുജാഹിദുകൾക്ക് ചില മാനദണ്ഡങ്ങളുണ്ട്. നബി (സ്വ), തന്റെ അവസാന കാലത്ത് മുആദ് ബ്നു ജബൽ (റ)എന്ന പ്രഗൽഭ സ്വഹാബിവര്യനെ പ്രബോധനാവശ്യാർത്ഥം യമനിലേക്ക് അയക്കുന്നു. നബി (സ്വ) അദ്ദേഹത്തോട് ചോദിച്ചു. താങ്കൾ എന്ത് പ്രകാരമാണ് വിധി നടത്തുക? അദ്ദേഹം പറഞ്ഞു. "അല്ലാഹുവിന്റെ ഗ്രന്ഥം പ്രകാരം'. നബി ചോദിച്ചു. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ (വിഷയം) കണ്ടില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു: അവന്റെ പ്രവാചകന്റെ ചര്യയനുസരിച്ച് വിധിക്കും.നബി(സ്വ) ചോദിച്ചു. പ്രവാചക ചര്യയിലും കണ്ടില്ലെങ്കിലോ? അദ്ദേഹം പറഞ്ഞു." ഞാൻ സ്വന്തമായി ഒരഭിപ്രായം രൂപീകരിക്കും." അപ്പോൾ നബി(സ്വ) സന്തോഷം പ്രകടിപ്പിച്ചു. അല്ലാഹുവിനെ സ്തുതിച്ചു. മുജാഹിദുകൾ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചു വരുന്നത് ഇൗയൊരു മാനദണ്ഡമനുസരിച്ചാണ് . സാഹചര്യങ്ങൾക്ക് അനുഗുണമായ രാഷ്ട്രീയ നിലപാടുകളാണ് മുജാഹിദുകൾ രൂപീകരിച്ചു വരുന്നത്. ബ്രിട്ടീഷ് ഭരണ കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നത് തങ്ങളുടെ ബാധ്യതയാണെന്ന് മുജാഹിദുകൾ മനസ്സിലാക്കി. അതേസമയം യാഥാസ്ഥിക പണ്ഡിതന്മാരിൽ പലരും ബ്രിട്ടീഷുകാർക്ക് അനുകൂലമായാണ് നിലകൊണ്ടത്. ജമാഅത്തെ ഇസ് ലാമിക്കാർ, രാജ്യത്ത് ഒരു ഇസ് ലാമിക ഭരണമുണ്ടാവുക എന്ന ലക്ഷ്യത്തിൽ കുറഞ്ഞ ഒരു സമരത്തെയും തങ്ങൾ പിന്തുണക്കുകയില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. അതുകൊണ്ടാണ് സ്വാതന്ത്ര്യ സമരത്തിന്റെ മുസ് ലിം നേതാക്കളിൽ മുജാഹിദ് നേതാക്കളെ നമുക്ക് വായിക്കാൻ സാധിച്ചതും മറ്റു മത സംഘടനാ നേതാക്കളെ നാം കാണാതെ പോയതും. സ്വാതന്ത്ര്യാനന്തരം, ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് പ്രവർത്തിക്കുന്ന രാഷ്ടീയ പാർട്ടികളിൽ ജനാധിപത്യം, മതേതരത്വം, എന്നിവയോട് കൂടുതൽ പ്രതിപത്തി പുലർത്തുന്നതും മുസ് ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതും അവരുടെ പുരോഗതിക്ക് ഗുണകരമായി നിലകൊള്ളുന്നതുമായ രാഷ്ട്രീയ പാർട്ടികളോട് മുസ് ലിങ്ങൾ ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് മുജാഹിദുകൾ സ്വീകരിച്ചത്. അത് ഇപ്പോഴും തുടർന്ന് വരികയും ചെയ്യുന്നു. അതേ സമയം ഒരു പ്രത്യേക രാഷ്ടീയ പാർട്ടിയെ ചൂണ്ടിക്കാണിച്ച് അതിൽ പ്രവർത്തിക്കണമെന്നോ അതിന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നോ മുജാഹിദ് പ്രസ്ഥാനം ആഹ്വാനം ചെയ്യാറില്ല. രാജ്യത്തിന്നും സമുദായത്തിനും ഏറ്റവും ഗുണപരമായ കക്ഷി ഏതെന്ന് കണ്ടെത്താനുള്ള കഴിവും സാമർത്ഥ്യവും സാധാരണ ഗതിയിൽ മുജാഹിദുകൾക്ക് സ്വന്തം നിലക്ക് കൈവരുന്നത്കൊണ്ടാണത്. എന്നാൽ, രാഷ്ട്രം വളരെ കലുഷിതവും ഗൗരവതരവുമായ അവസ്ഥ അഭിമുഖീകരിക്കുമ്പോൾ മുസ് ലിങ്ങൾ പൊതുവായി സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളെ പറ്റി മുജാഹിദ് നേതൃത്വം അതിന്റെ അണികളിൽ മാത്രമല്ല, മുസ് ലിങ്ങളിൽ പ്രത്യേകിച്ചും ജനങ്ങളിൽ പൊതുവേയും ബോധവൽക്കരണം നടത്താറുമുണ്ട്. ശരീഅത്ത് സംരക്ഷണം, അറബി ഭാഷാ സംരക്ഷണം, ബാബരി മസ്ജിദ് ധ്വംസനം, ഏക സിവിൽ കോഡ്, പൗരത്വ ഭേദഗതി നിയമം, ഹിജാബ് നിരോധനം, ജെൻഡർ ന്യൂട്രാലിറ്റി- മതനിരാസ വിദ്യാഭ്യാസം, വക്വ് ഫ് സംരക്ഷണം,എന്നിവ പോലെയുള്ള വിഷയങ്ങളിൽ മുജാഹിദ് നേതൃത്വം എടുത്ത രാഷ്ട്രീയ നിലപാടുകൾ വളരെ സുവ്യക്തമാണ്. മുജാഹിദുകൾ രാഷ്ട്രീയ നിലപാടുകൾ രൂപീകരിക്കുന്നത് വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും ശ്രദ്ധ ചെലുത്തിക്കൊണ്ടാണ്. അവ രണ്ടിൽ നിന്നും ആവശ്യമായ സൂചനകൾ അവർക്ക് ലഭിക്കുന്നു. നബി(സ്വ)ക്കും അനുയായികൾക്കും ദാരിദ്ര്യവും ശത്രുക്കളിൽ നിന്നുള്ള കൊടിയ പീഡനവും സഹിച്ച് ജീവിക്കേണ്ടിവന്ന മക്ക കാലം, ശേഷം ശക്തിയും ഭരണവും അൽപമൊക്കെ സമൃദ്ധിയും കൈവന്ന മദീനയിലെ ജീവിതം, നബി (സ്വ)യുടെ അനുയായികളിൽ ചിലരുടെ എത്യോപ്യയിലെ അഭയാർത്ഥി ജീവിതം, അമുസ് ലിം രാജാവിന്റെ കീഴിൽ യൂസുഫ് നബി നിർവഹിച്ച പ്രശംസനീയ ഭരണം, നാല് ഖലീഫമാരുടെയും താബിഉകളുടെയും ഭരണം എന്നിവകളിൽ നിന്ന് ലഭിച്ച രാഷ്ട്രീയ ഗുണപാഠങ്ങൾ തുടങ്ങിയവയാണ് മുജാഹിദുകൾക്ക് മാർഗദർശനം നൽകുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഇത:പര്യന്തം നടന്ന വിപ്ലവങ്ങളും അവയുടെ വിജയ പരാജയങ്ങളും ഭരണ മാറ്റവും തകർച്ചയുമെല്ലാം ശ്രദ്ധിക്കുന്നവരും അവയിൽ നിന്നെല്ലാം പാഠം ഉൾക്കൊള്ളുന്നവരുമാണ് മുജാഹിദുകൾ. "നിങ്ങൾക്ക് മുമ്പ് പല(ജനങ്ങളുടെ) നടപടികളും കഴിഞ്ഞു പോയിട്ടുണ്ട്. അതിനാൽ നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക! എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിൻ! (3:137) എന്ന സൂക്തം മുജാഹിദുക ഉൾകൊള്ളുന്നു. അവർ ഒരിക്കലും എടുത്തു ചാട്ടക്കാരോ ക്ഷിപ്രകോപികളോ ആവുകയില്ല. കാര്യങ്ങൾ, പ്രസ്ഥാനത്തിലെ ഉത്തരവാദപ്പെട്ടവർ പഠിച്ച് കൂടിയാലോചനയിലൂടെയാണ് തീരുമാനിക്കുക. ഫിലസ്തീൻ വിഷയം ഉയർന്നുവന്ന 1948 ൽ തന്നെ അക്കാര്യത്തിൽ ഒരു വ്യക്തമായ തീരുമാനം അന്നത്തെ നേതാക്കൾ കൈക്കൊണ്ടിരുന്നു. ഇസ്രായേൽ അവിടെ നടത്തിയത് അകമവും അധിനിവേശവുമാണെന്നും അതിന്നെതിരെ ഫിലസ്ത്വീൻകാർ നടത്തുന്ന ചെറുത്തുനിൽപ്പ് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്നും അക്കാലത്ത് തന്നെ അവർ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. 
തർക്ക വിഷയങ്ങൾ ക്വുർആനിലേക്കും സുന്നത്തിലേക്കും മടക്കുകയെന്നതും വിഷയങ്ങളിൽ കൂടിയാലോചനയിലൂടെ തീരുമാനം കൈക്കൊള്ളണമെന്നുമാണ് ഇസ് ലാം നിർദ്ദേശിക്കുന്നത്. മുജാഹിദുകൾ കൂടിയാലോചനകൾക്ക് വലിയ സ്ഥാനമാണ് നൽകുന്നത്. അത് ക്വുർആനിന്റെ നിർദേശമാണ്. വിശുദ്ധ ക്വുർആൻ പറയുന്നു: "അവരുടെ കാര്യം, അവർക്കിടയിലുള്ള കൂടിയാലോചന പ്രകാരമായിരിക്കണം.(42:38) വസ്തുതകൾ ഇതായിരിക്കേ, മുജാഹിദുകൾക്ക് കൃത്യമായ രാഷ്ടീയ നിലപാടുകൾ ഇല്ലെന്ന് ആക്ഷേപിക്കുന്നതും, അവർ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെടുന്നതും പ്രസ്ഥാനത്തോടുള്ള തികഞ്ഞ അസഹിഷ്ണതയും അസൂയയും കൊണ്ടല്ലാതെ മറ്റൊന്നുമല്ല.