ഇസ്ലാമിക ജീവിതത്തിൽ പ്രഥമവും പ്രധാനവുമായ അനുഷ്ഠാനവും ആരാധനയുമാണ് നമസ്കാരം. ഒരു മുസ് ലിം നിർബന്ധമായും ദിനേന അഞ്ചുനേരം നമസ്കരിക്കണം. എെച്ഛികമായി നിർവഹിക്കാനുള്ള നമസ്കാരങ്ങൾ വേറെയുമുണ്ട്. നമസ്കാരത്തിലൂടെ മുസ് ലിം ഇഹപര വിജയം നേടുന്നു. നമസ്കാരത്തിന് സമയമായി എന്ന് അറിയിച്ചുകൊണ്ട് പള്ളികളിൽ നിന്നും വിളംബരം ഉണ്ടാവുന്നു. "അല്ലാഹുവാണ് ഏറ്റവും വലിയവൻ, ആരാധ്യൻ അല്ലാഹു മാത്രം. മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണ്. നമസ്കാരത്തിലേക്ക് വരിക, വിജയത്തിലേക്ക് വരിക' എന്നിങ്ങനെയാണതിന്റെ സാരം. പടച്ചവനെക്കുറിച്ചുള്ള ഒാർമയും, അവനോടു മാത്രമായുള്ള പ്രാർത്ഥനയും, അവന്റെ വിധിവിലക്കുകൾക്ക് വിധേയപ്പെട്ടു ജീവിക്കലുമാണ് വിജയത്തിനുള്ള മാനദണ്ഡം.
""സത്യവിശ്വാസികളേ, നിങ്ങൾ റബ്ബിന്റെ മുമ്പിൽ കുമ്പിടുകയും സാഷ്ടാംഗം ചെയ്യുകയും, അവനെ മാത്രം ആരാധിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം.''(വി.ക്വു. 22:77) വിജയവീഥിയിലെ പ്രഥമ കർമമാണ് നമസ്കാരം. കുമ്പിടലും സാഷ്ടാംഗവും നമസ്കാരത്തിലെ അനിവാര്യ ഘടകങ്ങളാണ്. അതിലുള്ള ദിക്റുകളും ദുആകളുമെല്ലാം അല്ലാഹുവിനോട് മാത്രം. ജീവിതത്തിലുടനീളം അങ്ങനെയായിരിക്കുകയും വേണം.
സൂറത്തുൽ മുഅ്മിനൂൻ ഇരുപത്തിമൂന്നാം അധ്യായത്തിന്റെ തുടക്കത്തിൽ നമസ്കാരം അടക്കമുള്ള വിജയസരണിയെക്കുറിച്ചുള്ള പ്രതിപാദനം കാണാം. ""തങ്ങളുടെ നമസ്കാരത്തിൽ ഭക്തിയുള്ളവരും, അനാവശ്യ കാര്യത്തിൽ നിന്ന് തിരിഞ്ഞുകളയുന്നവരും, സകാത്ത് നിർവഹിക്കുന്നവരുമായ വിശ്വാസികൾ വിജയിച്ചിരിക്കുന്നു.'' (വി.ക്വു. 23:1-4) തുടർന്ന് ലൈംഗിക വിശുദ്ധിയുടെ അനിവാര്യതയെക്കുറിച്ച് പ്രതിപാദിക്കുന്നു. അഥവാ വ്യഭിചാരം, സ്വവർഗഭോഗം പോലുള്ള ലൈംഗിക അരാജകത്വത്തിന്റെ കവാടങ്ങൾ അടയ്ക്കുന്നു. ശേഷം അമാനത്തിനെ കുറിച്ചും കരാർ പാലനത്തിൽ ജാഗ്രത കാണിക്കേണ്ടതിനെ കുറിച്ചും ഒാർമപ്പെടുത്തുന്നു. അനന്തരം ""തങ്ങളുടെ നമസ്കാരങ്ങൾ കൃത്യമായി അനുഷ്ഠിച്ചുപോരുന്നവരുമത്രെ അവർ. അവർ തന്നെയാകുന്നു അനന്തരാവകാശികൾ. അതായത് ഉന്നതമായ സ്വർഗം അനന്തരാവകാശമായി നേടുന്നവർ. അവരതിൽ നിത്യവാസികളായിരിക്കും.'' എന്ന് സന്തോഷവാർത്ത അറിയിക്കുന്നു. (വി.ക്വു. 23:9-11) ഇവിടെ ഏഴ് സവിശേഷ ഗുണങ്ങൾ എടുത്ത് പറഞ്ഞത് കാണാം. ആ ഗുണങ്ങളെല്ലാം കൈവരിച്ചവർ അല്ലാഹുവിന്റെ പ്രീതിക്കും അവന്റെ അനുഗ്രഹങ്ങളുടെ കേദാരമായ സ്വർഗത്തിനും അർഹരാവുന്നു. അതാണ് വിജയം. അവസാനിക്കാത്ത അനുഗ്രഹമാണല്ലോ സ്വർഗീയ സുഖങ്ങൾ. വിശുദ്ധ ക്വുർആൻ പറയുന്നു. ""തീർച്ചയായും പരിശുദ്ധി നേടുകയും തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും ചെയ്തവൻ വിജയിച്ചു.'' (87:14, 15)
നമസ്കാരങ്ങളും സൽപ്രവർത്തനങ്ങളും ജീവിത വിശുദ്ധിയും ഇല്ലാത്തവൻ നരകത്തിൽ പതിക്കും. നരകാവകാശികൾ തങ്ങളുടെ ദുഃസ്ഥിതികളുടെ കാരണം വിളിച്ചുപറയുന്നത് കാണാം. ""കുറ്റവാളികളെപ്പറ്റി അവർ അന്വേഷിക്കും. നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്? അവർ(കുറ്റവാളികൾ) മറുപടി പറയും. ഞങ്ങൾ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ഞങ്ങൾ അഗതിക്ക് ആഹാരം നൽകുന്നവരായിരുന്നില്ല. തോന്നിവാസത്തിൽ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു. പ്രതിഫല നാളിനെ ഞങ്ങൾ നിഷേധിച്ചുകളയുമായിരുന്നു. അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങൾക്ക് വന്നെത്തി.'' (74:4247)
നമസ്കാരം നഷ്ടപ്പെടുത്തുന്നതോടെ അല്ലാഹുവിനെ കുറിച്ചുള്ള വിചാരവും ഭയഭക്തിയും ഇല്ലാതാവും. പിന്നെ തന്നിഷ്ടം പൊന്നിഷ്ടമാവും. ലക്കും ലഗാനുമില്ലാത്ത ജീവിതം. എല്ലാം തകരുമ്പോഴാണ് ആലോചന വരുന്നത്. വെള്ളം മുഴുവൻ ഒഴുകിയതിന് ശേഷം അണ കെട്ടുന്നതുകൊണ്ട് എന്തു കാര്യം? സമ്പൂർണമായ ഭക്തിയുടെയും വിനയത്തിന്റെയും ഉന്നത മാർഗമാണ് നമസ്കാരം. നമസ്കരിക്കുന്നവന്, അല്ലാഹുവിനോടുള്ള ഭാഷണവും ദിക്റും ദുആഉം ആശ്വാസവും ആഹ്ലാദവും സുരക്ഷാബോധവും പകർന്നു നൽകുന്നു. അതിലൂടെ ജീവിതലക്ഷ്യം കൈവരിക്കാനുമാകുന്നു. അത് നഷ്ടപ്പെട്ടവൻ നൂല് പൊട്ടിയ പട്ടം പോലെ ആയിത്തീരുന്നു. എവിടെ ചെന്ന് തകരും? ഒരു നിശ്ചയവുമില്ല.
പ്രവാചകന്മാർ തങ്ങളുടെ അനുയായികളോട് നമസ്കരിക്കണമെന്ന് അനുശാസിച്ചിരുന്നു. അതിലൂടെ അവന്റെ ദാസൻ അല്ലാഹുവുമായി സവിശേഷ ബന്ധമാണ് സ്ഥാപിതമാക്കുന്നത്. മുൻ സമുദായങ്ങളുടെ നമസ്കാര നിർവഹണ രൂപം വ്യത്യസ്തമായിരുന്നിരിക്കാം. അതിന്റെ ആകെത്തുക തൗഹീദും പ്രാർത്ഥനയും തക്വ്വയും ഇസ് ലാമിക ജീവിതവുമാണ്. നമസ്കാരം നഷ്ടപ്പെടുത്തിയ പിൻതലമുറയെക്കുറിച്ച് അല്ലാഹു പറയുന്നു. അക്കൂട്ടരുടെ നന്മകൾ അപ്രത്യക്ഷമായി. താന്തോന്നിത്ത ജീവിതം നടമാടി. ""എന്നിട്ട് അവർക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്മൂലം ദുർമാർഗത്തിന്റെ ഫലം അവർ കണ്ടെത്തുന്നതാണ്.'' (19:59)
നമസ്കരിക്കുന്നവരിൽ താന്തോന്നികളില്ലേ എന്ന് ചോദിച്ചേക്കാം. ഉണ്ടാവാം. അതിന് കാരണവും ഉണ്ട്. അവരുടെ നമസ്കാരത്തിന്റെ ലക്ഷ്യവും നിയ്യത്തും മാർഗവും പിഴച്ചതായിരിക്കും. ശുഷ്കാന്തിയില്ലാത്ത നമസ്കാരം ആരെയെങ്കിലും കാണിക്കാനും ബോധ്യപ്പെടുത്താനുമായിരിക്കും അത് നിർവഹിക്കുന്നത്. നമസ്കാരത്തിന്റെ നന്മയിലും ഗുണങ്ങളിലുമല്ല അവരുടെ താൽപര്യം. കപടതയാണ് അവരുടെ മൂലധനം. അതുകൊണ്ട് അശ്രദ്ധയും പ്രകടനപരതയും കടന്നുവരുന്നു. പരോപകാരത്തിന് പകരം സ്വാർത്ഥതയും പരോപദ്രവവും കയറിക്കൂടുന്നു. അല്ലാഹു പറയുന്നു. ""എന്നാൽ തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും, ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരും, പരോപകാര വസ്തുക്കൾ മുടക്കുന്നവരുമായ നമസ്കാരക്കാർക്കാകുന്നു നാശം.'' (107:47) കർമങ്ങൾക്ക് പ്രചോദനവും പ്രേരണയും അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമായിരിക്കണം. അവന്റെ കൽപന പോലെയായിരിക്കണം അതിന്റെ നിർവഹണം. മറ്റു താൽപര്യങ്ങൾ വന്നുപെട്ടാൽ അവ കാട്ടിക്കൂട്ടലുകളായി അധഃപതിക്കും.
കപടന്മാരുടെ നമസ്കാരത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നു. ""തീർച്ചയായും കപട വിശ്വാസികൾ അല്ലാഹുവെ വഞ്ചിക്കാൻ നോക്കുകയാണ്. യഥാർത്ഥത്തിൽ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. (ആത്മവഞ്ചനയുടെ തിരിച്ചടി കപടന്മാർ അനുഭവിക്കും) അവർ നമസ്കാരത്തിന് നിന്നാൽ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാൻ വേണ്ടിയുമാണ് നിൽക്കുന്നത്. കുറച്ചു മാത്രമെ അവർ അല്ലാഹുവെ ഒാർമിക്കുകയുള്ളൂ. ഇൗ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയിൽ ആടിക്കൊണ്ടിരിക്കുന്നവരാണവർ. വല്ലവനെയും അല്ലാഹു വഴി പിഴപ്പിച്ചാൽ അവന്ന് പിന്നെ ഒരു മാർഗവും നീ കണ്ടെത്തുകയില്ല.'' (വി.ക്വു. 4:142, 143) അവന്ന് തീർച്ചയായും നമസ്കാരം മർത്യനെ സദ്ഗുണങ്ങളുടെ വിളനിലമാക്കും. മനസാവാചാ കർമണാ അവനെ സംതൃപ്തനാക്കും. ജീവിതത്തിലുടനീളം അത് അനൽപമായ സ്വാധീനം ചെലുത്തും. ദുഷ്ചെയ്തികളിൽ നിന്നും ദുർവിചാരങ്ങളിൽ നിന്നും അവനെ തടയും. അവനിൽ ഉൽകൃഷ്ട ഗുണങ്ങൾ വളർത്തും. സ്രഷ്ടാവ് പറയുന്നു. ""(നബിയേ), നിനക്ക് നൽകപ്പെട്ടിരിക്കുന്ന വേദത്തിലെ സന്ദേശം നീ പാരായണം ചെയ്യുകയും നമസ്കാരം മുറപ്രകാരം നിർവഹിക്കുകയും ചെയ്യുക. തീർച്ചയായും നമസ്കാരം നിഷിദ്ധ കർമത്തിൽ നിന്നും നീചവൃത്തിയിൽ നിന്നും തടയുന്നു. അല്ലാഹുവിനെ ഒാർമിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു.'' (29:45)
""തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവർക്ക് സഹായം നൽകുവാനുമാണ്. അവൻ വിലക്കുന്നത് നീചവൃത്തിയിൽ നിന്നും ദുഷ്കർമങ്ങളിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് ഉപദേശം നൽകുന്നു.'' (16:20)
നീചവും നിഷിദ്ധവും നിന്ദ്യവുമായ കാര്യങ്ങളിൽ നിന്ന് നമസ്കാരം യഥാവിധി നിർവഹിക്കുന്നവനെ അല്ലാഹു രക്ഷപ്പെടുത്തും. നമസ്കാരം അവന് ഒരു പ്രതിരോധമായി മാറും. വ്യഭിചാരം, ലൈംഗിക വൃത്തികേടുകൾ, അന്യായമായ സമ്പാദനം, ലഹരി ഉപയോഗം പോലെയുള്ള വൃത്തികേടുകളിൽ നിന്നവനെ തടയും. ""നിങ്ങൾ വ്യഭിചാരത്തെ സമീപിച്ചു പോകരുത്. തീർച്ചയായും അത്(ഫാഹിശത്ത്) നീചവൃത്തിയും ദുഷിച്ച മാർഗവുമാകുന്നു.'' (17:32) സ്വവർഗഭോഗത്തെ കുറിച്ചും ക്വുർആൻ ഫാഹിശത്ത് എന്ന് പ്രയോഗിക്കുന്നുണ്ട്. ""ലൂത്വിനെയും ദൂതനായി അയച്ചു. തന്റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദർഭം ശ്രദ്ധേയമാകുന്നു. തീർച്ചയായും നിങ്ങൾ നീചകൃത്യമാണ്(ഫാഹിശത്ത്) ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് മുമ്പ് ലോകരിൽ ഒരാളും അത് ചെയ്യുകയുണ്ടായിട്ടില്ല.'' (29:28)
നമസ്കാരത്തിന്റെ ചൈതന്യം "ദിക്റുല്ലാ'യാണ്. അല്ലാഹു പറയുന്നു. ""എന്നെ ഒാർമിക്കുന്നതിനായി നമസ്കാരം മുറപ്രകാരം നിർവഹിക്കുക,'' (20:14) ""അല്ലാഹുവെ ഒാർമിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു.''(29:45) ""അല്ലാഹുവെപ്പറ്റിയുള്ള ഒാർമ കൊണ്ടത്രെ മനസ്സുകൾ ശാന്തമാകുന്നത്.'' (13:28) അല്ലാഹുവെക്കുറിച്ചുള്ള ഒാർമയില്ലാത്ത നമസ്കാരം, രൂപവും യാഥാർത്ഥ്യവും പോലെ വേറിട്ടു നിൽക്കും. ശാന്തിക്കും സമാധാനത്തിനുമായി ദാഹിക്കുന്ന മനുഷ്യൻ നമസ്കാര നിർവഹണത്തിൽ ജാഗ്രത പാലിക്കണം. ക്ഷമയോടെ, പ്രാർത്ഥനയോടെ. അല്ലാഹു കൽപിക്കുന്നു. ""സത്യവിശ്വാസികളേ, നിങ്ങൾ സഹനവും നമസ്കാരവും മൂലം അല്ലാഹുവിനോട് സഹായം തേടുക. തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു.'' (2:153) ക്ഷമയും സഹനവും കൈവശമുള്ളവൻ നമസ്കാരം അടക്കമുള്ള സകല ആരാധനകളിലും സന്തോഷത്തോടെ പങ്കാളിയാവും. ഇബാദത്തുകൾ നിർവഹിക്കുന്നതിൽ അവൻ ആഹ്ലാദം കണ്ടെത്തും. അതവന് ഒരു ഭാരമായി തോന്നുകയില്ല. ""സഹനവും നമസ്കാരവും മൂലം(അല്ലാഹുവിന്റെ) സഹായം തേടുക. അത്(നമസ്കാരം) ഭക്തന്മാരല്ലാത്തവർക്ക് വലിയ(പ്രയാസമുള്ള) കാര്യം തന്നെയാകുന്നു.'' (2:45)
മനുഷ്യന് ചില ദൗർബല്യങ്ങളുണ്ട്. സന്തോഷം വരുമ്പോൾ അവൻ ആഹ്ലാദഭരിതനാവും. വിഷമം വരുമ്പോൾ പൊറുതികേടു കാണിക്കും. നിരാശയും അക്ഷമയും പ്രകടിപ്പിക്കും. വല്ല നന്മയും ഉണ്ടായാൽ അതിനെ യഥാവിധി ഉപയോഗപ്പെടുത്താതെ പിശുക്കും ലുബ്ധും കാണിക്കും. ഇൗ വൈകൃതങ്ങളിൽ നിന്നും മാറിനിൽക്കുന്നവൻ അല്ലാഹുവിനെ സ്മരിക്കുന്ന, നമസ്കാരം കൃത്യമായി നിർവഹിക്കുന്ന, ദാനധർമവും പരലോകവിശ്വാസവും കൈമുതലുള്ള, ലൈംഗിക വിശുദ്ധിയുള്ള, അമാനത്തുകൾ പാലിക്കുന്ന സദ്ഗുണ സമ്പന്നരായ സത്യവിശ്വാസികൾ മാത്രമാണ്. ''തീർച്ചയായും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം അക്ഷമനായിക്കൊണ്ടാണ്. അതായത് തിന്മ ബാധിച്ചാൽ പൊറുതികേട് കാണിക്കുന്നവനായിക്കൊണ്ട്. നമസ്കരിക്കുന്നവരൊഴികെ. അതായത് തങ്ങളുടെ നമസ്കാരത്തിൽ നിഷ്ഠയുള്ളവരും തങ്ങളുടെ സ്വത്തുക്കളിൽ ചോദിച്ചു വരുന്നവനും ഉപജീവനമാർഗം തടയപ്പെട്ടവനും നിർണിതമായ അവകാശം നൽകുന്നവരും, പ്രതിഫലദിനത്തിൽ, തങ്ങളുടെ രക്ഷിതാവിന്റെ ശിക്ഷയെപ്പറ്റി ഭയമുള്ളവരുമൊഴികെ.'' (70:19, 20) തുടർന്ന് സദാചാരത്തെക്കുറിച്ചും ലൈംഗിക വിശുദ്ധിയെക്കുറിച്ചും, അമാനത്ത്- കരാർ പാലനത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. നമസ്കാരത്തെക്കുറിച്ച് വിശുദ്ധ ക്വുർആൻ ആവർത്തിച്ചു ഉണർത്തുന്നു. നമസ്കാരം നിസ്സാര കാര്യമല്ല. അതിന്റെ സ്വാധീനം ജീവിതത്തിലുടനീളം ഉണ്ടാവണം. ഒരു ഉപമയിലൂടെ നമസ്കാരത്തെ നബി(സ്വ) പരിചയപ്പെടുത്തുന്നു. ""നിങ്ങളിൽ ഒരാളുടെ പടിവാതിൽക്കൽ ഒരു നദി ഒഴുകുകയും, അഞ്ചുനേരം അവൻ അതിൽ നിന്ന് കുളിക്കുകയും ചെയ്താൽ അവന്റെ ദേഹത്ത് വല്ല അഴുക്കും അവശേഷിക്കുമോ? സ്വഹാബികൾ പറഞ്ഞു. ഇല്ല. അവന്റെ ശരീരത്തിൽ തെല്ലും അഴുക്കുണ്ടായിരിക്കുകയില്ല. നബി(സ്വ) പറഞ്ഞു: ഇതുപോലെയാണ് അഞ്ച് നേരത്തെ നമസ്കാരം. അതുമുഖേന അല്ലാഹു കുറ്റങ്ങൾ മായ്ച്ചുകളയുന്നു.'' (ബുഖാരി, മുസ്ലിം)
വ്യക്തി വിശുദ്ധി; നമസ്കാരത്തിലൂടെ
- മായിൻകുട്ടി സുല്ലമി