2024 October 25
22 Rabiʻ II, 1446 AH
ടിപ്പു സുൽത്താൻ

ടിപ്പു സുൽത്താൻ

  • എ. മുഹമ്മദ് മാറഞ്ചേരി

പുതിയ ഇന്ത്യ ചരിത്രരചനക്ക് പുതിയ നിറങ്ങൾ നൽകുന്ന തിരക്കിലാണല്ലോ. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ ചരിത്രം പുതിയ തലമുറ പഠിക്കേണ്ടതില്ലായെന്നാണ് ഭരണകൂടങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ടിപ്പുസുൽത്താന്റെ ചരിത്രവും പാഠ്യപദ്ധതിയിൽ നിന്ന് നാടു നീങ്ങിക്കൊണ്ടിരിക്കുന്നത്.
ടിപ്പു സുൽത്താനെ മതഭ്രാന്തൻ, ക്രൂരൻ, വർഗീയവാദി എന്നിവരുടെ പട്ടികയിലാണ് ഇവർ ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യാജ ചരിത്രനിർമിതിക്കാർ എഴുതിവെച്ചത് അതേപടി എടുത്തുദ്ധരിച്ച് ചരിത്രമാക്കി മാറ്റുകയാണിവർ. എന്നാൽ യഥാർത്ഥ ചരിത്രത്തിൽ ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത ധീര യോദ്ധാവായിരുന്നു. ചരിത്രകാരനായ പി.കെ ബാലകൃഷ്ണന്റെ വാക്കുകളിൽ പറഞ്ഞാൽ ""ഇംഗ്ലീഷുകാരോട് യുദ്ധം ചെയ്തുവെന്ന് ഇന്ത്യ ചരിത്രത്തിൽ ഒരു യോദ്ധാവിനേ അഭിമാനിക്കുവാൻ വകയുള്ളൂ. ആ യോദ്ധാവാണ് ടിപ്പു സുൽത്താൻ.'' (പേ: 58)
ചുമതലാബോധം, കൃത്യനിഷ്ഠ എന്നിവ അദ്ദേഹത്തിന്റെ ഗുണവിശേഷണങ്ങളായിരുന്നു. മതപരമായ അനുഷ്ഠാന കർമങ്ങളിൽ സൂക്ഷ്മത പാലിച്ചിരുന്നു. എല്ലാ മത പണ്ഡിതന്മാരെയും ആദരിച്ചിരുന്ന അദ്ദേഹം തികച്ചും ഒരു മതേതരവാദിയായിരുന്നു. ബ്രിട്ടീഷുകാരാണ് ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിച്ചത്.
രാജ്യത്തെ മുഴുവൻ പ്രജകളും ദൈവത്താൽ ഏൽപിക്കപ്പെട്ടവരാണെന്നുള്ള ദൃഢവിശ്വാസമാണ് അദ്ദേഹത്തെ നയിച്ചത്. കൃഷിക്കാരുടെ ക്ഷേമത്തിന്നായി പല പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചു. ""കൈകൊണ്ട് പ്രയത്നിക്കുന്നവരുടെ എെശ്വര്യമാണ് രാജ്യത്തിന്റെ എെശ്വര്യമെന്ന് കാണാൻ ടിപ്പുവിന് കണ്ണുണ്ടായിരുന്നു''വെന്ന് ജെയിംസ് മിൽ രേഖപ്പെടുത്തിയത് അതുകൊണ്ടാണ്. അദ്ദേഹം തുടരുന്നു. ""വളരെ സംസ്കൃതമായ സമൂഹത്തിലെ ഭരണാധികാരികൾക്ക് കാണാൻ കഴിയാത്ത ഇൗ സത്യം മനസ്സിലാക്കിയ ടിപ്പു ഇടത്തട്ടുകാരിൽ നിന്നും ശരിയായ കൃഷിക്കാരെ രക്ഷിക്കുകയെന്ന ദുസ്സാധ്യകൃത്യം തന്റെ സ്ഥിരം ചുമതലയായി കണക്കാക്കി വന്നു.'' (ങശഹഹ & ണശഹീി,െ ഢീഹ.ഢ. ജ:148)
വായനയും പഠനവുമാണ് വിപ്ലവങ്ങൾ സൃഷ്ടിക്കുവാൻ അദ്ദേഹത്തിന് പ്രചോദനമായത്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുള്ള വലിയ ലൈബ്രറി അദ്ദേഹത്തിനുണ്ടായിരുന്നു. ടിപ്പുവിന്ന് യൂറോപ്യൻ ഭാഷകൾ അറിയാമായിരുന്നുവെന്ന് ഫ്രഞ്ച് ചരിത്രകാരനായ മിഷോഡ് രേഖപ്പെടുത്തിയിരിക്കുന്നു. പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും സംഗീതത്തിലും അദ്ദേഹം തൽപരനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും. ദക്ഷിണേന്ത്യയിലെ സംഗീതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഒരു ഗ്രന്ഥം രചിക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ടിപ്പു സുൽത്താന്റെ ഭരണത്തിൽ ജലസേചന പദ്ധതികൾ, പട്ടണങ്ങൾ, റോഡുകൾ ഇവക്കെല്ലാം പ്രാധാന്യം നൽകിയിരുന്നു. മലബാറിൽ 'ടിപ്പു സുൽത്താൻ റോഡുകൾ' ധാരാളമുണ്ട്. ടിപ്പു സുൽത്താൻ ഒരു പരിസ്ഥിതി സ്നേഹികൂടിയായിരുന്നു. തിരുവിതാംകൂറിൽ നിന്നും ഒരു ജാതിമരം ശ്രീരംഗപട്ടണത്ത് കൊണ്ടുവന്നു കുഴിച്ചിട്ടു. അതിന്റെ വളർച്ചക്കാവശ്യമായ സംവിധാനമൊരുക്കി. എന്നാൽ മൂന്നാം മൈസൂർ യുദ്ധവേളയിൽ ആ മരം വെള്ളപ്പട്ടാളക്കാർ വെട്ടിമുറിച്ചു വിറകാക്കി. ഇതുകണ്ട ടിപ്പു വല്ലാതെ ദുഃഖിച്ചു. ഇത് അദ്ദേഹത്തെ വല്ലാതെ കോപിഷ്ഠനാക്കിയെന്നാണ് ചരിത്രകാരന്മാർ എഴുതിയിട്ടുള്ളത്. 
കർഷകാഭിവൃദ്ധി ലക്ഷ്യം വെച്ച ടിപ്പു വിളകൾ വർധിപ്പിക്കുവാൻ കർഷകർക്ക് ധാരാളം ഇളവുകൾ നൽകിയിരുന്നു. 
വ്യാപാര രംഗത്തും അദ്ദേഹം പുതിയ പദ്ധതികൾ കൊണ്ടുവന്നു. നിക്ഷേപകർക്ക് ലാഭം നൽകുന്ന സമ്പ്രദായങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. വിദേശികളുമായി വ്യാപാര കരാറിൽ ഏർപ്പെട്ടു. ഇവ്വിധം കാർഷിക, വ്യാപാര രംഗങ്ങളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങളൊരുക്കിയ ടിപ്പു സുൽത്താനെ പാഠപുസ്തകങ്ങളിൽ നിന്നും വെട്ടി മാറ്റുവാൻ കഴിഞ്ഞുവെങ്കിലും ചരിത്രത്തിൽ നിന്നും വെട്ടിമാറ്റുവാൻ സാധ്യമല്ല.
ടിപ്പു സുൽത്താൻ ക്രൂരനും മതഭ്രാന്തനും വർഗീയവാദിയുമായിരുന്നുവെന്നത് വെള്ളക്കാർ എഴുതിവെച്ച നുണകളാണെന്ന് ചരിത്രം തെളിയിക്കുന്നു. ""നിരങ്കുശമായ ഒരു കൂട്ടക്കൊല ടിപ്പു ഒരിക്കലും ചെയ്തിട്ടില്ലായെന്നതാണ് വാസ്തവം. ടിപ്പുവിന്റെ മൃഗീയത്വത്തെ എടുത്തു പറഞ്ഞ ഇംഗ്ലീഷുകാർ ചെയ്തിട്ടുള്ള ചില ക്രൂരതകളോട് താരതമ്യപ്പെടുത്തുമ്പോൾ ഇന്നുള്ള ഉദാഹരണങ്ങളനുസരിച്ച് ടിപ്പു ഭേദമാണ്. അനന്തപുരം കോട്ട കീഴടക്കിയ ജനറൽ മാത്യൂസും, ബാംഗ്ലൂർ കോട്ട കീഴടക്കിയ കോൺവാലിസും ചെയ്ത കൊള്ളയും കൊലയുമാലോചിക്കുമ്പോൾ ടിപ്പുവിനെ ക്രൂരനെന്നു കുറ്റപ്പെടുത്താൻ ഏതായാലും അവർക്ക് അർഹതയില്ല.'' (അ.പു.പേ: 116)
ടിപ്പു സുൽത്താന്റെ മതനിഷ്ഠയാണ് അദ്ദേഹത്തെ മതഭ്രാന്തനെന്നു വിളിക്കുവാൻ വെള്ളക്കാരെ പ്രേരിപ്പിച്ചത്. ഡച്ചു കമ്പനിയുടേയും ഇംഗ്ലീഷ് കമ്പനിയുടെയും സഹായികൾക്കും ചില ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ടിപ്പുവിന്റെ സൈന്യത്തിലുണ്ടായിരുന്ന കൈ്രസ്തവരിൽ ചിലർ വെള്ളപ്പട്ടാളക്കാർക്ക് സഹായം ചെയ്തിരുന്നു. ഇവരെ കൈയോടെ പിടിച്ചു. സാധാരണ പട്ടാള കോടതികൾ ഇങ്ങനെയുള്ളവരെ വധിക്കുകയാണ് ചെയ്യാറ്. എന്നാൽ ടിപ്പു സുൽത്താൻ ഇവരെ നാടുകടത്തുകയാണ് ചെയ്തത്. ഇങ്ങനെയുള്ളവരാണ് ഇദ്ദേഹത്തെ വർഗീയവാദിയെന്നും മതഭ്രാന്തനെന്നും വിളിക്കുന്നത്.
ടിപ്പു സുൽത്താൻ ഹൈന്ദവ, കൈ്രസ്തവ ദേവാലയങ്ങൾ നശിപ്പിച്ചുവെന്നും ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. ഏത് ദേവാലയമാണ് നശിപ്പിച്ചതെന്ന് ഇവർക്ക് തെളിയിക്കുവാനും കഴിഞ്ഞിട്ടില്ല. ഇന്നും സംഘപരിവാറിൽ ചിലർ ഇത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
ടിപ്പുവിനെ മതവിരോധിയെന്ന് വരുത്തിത്തീർക്കുവാനും ചരിത്ര നിർമാതാക്കൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഹൈന്ദവ ദേവാലയങ്ങൾക്ക് ഏറെ സഹായങ്ങൾ ചെയ്ത ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ. നാഞ്ചാടുള്ള ലക്ഷ്മി കാന്തക്ഷേത്രം, മെലൂക്കോട്ടുള്ള നാരായണ ക്ഷേത്രം, ശ്രീകണ്ഠേശ്വര ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം ഇവയ്ക്കെല്ലാം ഇദ്ദേഹം ഭൂമികളും മറ്റു സഹായങ്ങളും ചെയ്തതായി രേഖകളുണ്ട്. ടിപ്പു സുൽത്താൻ ശൃംഗേരി മഠാധിപതിക്ക് 1793ൽ എഴുതിയ കത്തിലെ പ്രധാന വരികൾ ഇങ്ങനെയാണ്. ""അങ്ങ് ജഗദ്ഗുരുവാണ്. ലോകം മുഴുവൻ വൃദ്ധിപ്പെടുത്തുന്നതിനും ജനങ്ങൾ സന്തുഷ്ടരാകുന്നതിനും അങ്ങ് എപ്പോഴും തപസ്സ് ആചരിക്കുന്ന ആളാണ്. അങ്ങയെപ്പോലുള്ള ദിവ്യാത്മാക്കൾ ഏത് രാജ്യത്ത് വസിക്കുന്നുവോ സുഭിക്ഷമായ വർഷം കൊണ്ടും സമ്പന്നമായ വിളകൾ കൊണ്ടും ആ രാജ്യത്തിനെപ്പോഴും ശ്രേയസ്സുണ്ടായിരിക്കും. നമ്മുടെയെല്ലാം എെശ്വര്യത്തിന് വേണ്ടി ദയാപൂർവം അങ്ങ് പ്രാർത്ഥിക്കുക.'' ടിപ്പുവിനെ മതഭ്രാന്തനെന്ന് വിളിക്കുന്നവർ ഇൗ വരികൾ ഒാർമിക്കുമോ?
ടിപ്പു സുൽത്താൻ നിർബന്ധിത മതപരിവർത്തനം നടത്തിയെന്നാണ് മറ്റൊരാരോപണം. അദ്ദേഹം മലബാറിൽ വന്നപ്പോൾ രാജകീയമായ സ്വീകരണം നൽകിയിരുന്നു. ഇൗ ചടങ്ങുകളിൽ പട്ടികജാതി, ദളിത് പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളുണ്ടായിരുന്നു. അവർ മാറ് മറച്ചിരുന്നില്ല. ആ കാലഘട്ടത്തിൽ സവർണ ബ്രാഹ് മണ മേധാവികൾ സ്ത്രീകളെ മാറു മറക്കാൻ അനുവദിച്ചിരുന്നില്ല. ഇത് കണ്ട ടിപ്പു സ്ത്രീകളോട് മാറു മറക്കുവാൻ കൽപിച്ചു. ഇൗ സംഭവത്തെയാണ് അമുസ് ലിം സ്ത്രീകളെ "കുപ്പായമിടീച്ചു' മുസ് ലിങ്ങളാക്കിയെന്ന് ഇവർ ആരോപിക്കുന്നത്.
ഒരു ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭരണത്തിൽ കുറ്റങ്ങളും കുറവുകളും കണ്ടേക്കാം. എന്നാൽ ടിപ്പുവിനെ ക്രൂരനും മതഭ്രാന്തനും വർഗീയവാദിയുമായി ചിത്രീകരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്. മഹാ അപരാധവുമാണ്.
വാട്ടർ ലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയപ്പെടുത്തിയ ജനറൽ വെല്ലിങ്ടൺ എന്ന പേരിലറിയപ്പെടുന്ന ലോർഡ് വെല്ലസ് ലിയാണ് ബ്രിട്ടീഷ് സൈന്യത്തിന്റെ നേതൃത്വം വഹിച്ചിരുന്നത്. മിർസാദിഖ്, ഗുലാം അലി തുടങ്ങിയവരുടെ ചതിയിൽ ടിപ്പു യുദ്ധത്തിൽ പരാജയപ്പെട്ടു. ബ്രിട്ടീഷുകാരോട് പടപൊരുതിക്കൊണ്ട് ശ്രീരംഗപട്ടണത്തിലെ കോട്ടയുടെ കവാടത്തിൽ അദ്ദേഹം വെടിയേറ്റു വീണു! 
ടിപ്പുവിന്റെ മൃതശരീരത്തിന്നടുത്ത് വെച്ച് ബ്രിട്ടീഷ് സേനനായകനായ ഹേർസ് ഇങ്ങനെ പ്രഖ്യാപിച്ചു. ""ഇന്ത്യ ഇന്നു നമ്മുടേതായി.'' ടിപ്പുവായിരുന്നു വെള്ളക്കാരുടെ ഏറ്റവും വലിയ ശത്രു. ഇന്ത്യ കൈയടക്കാൻ ഏറ്റവും വലിയ തടസ്സവും അദ്ദേഹമായിരുന്നു. ബ്രിട്ടീഷുകാർ അദ്ദേഹത്തോടുള്ള ശത്രുത പിന്നെ തീർത്തത് അവരുടെ പട്ടികൾക്ക് ടിപ്പുവിന്റെ പേരിട്ടുകൊണ്ടായിരുന്നു.
ഇംഗ്ലീഷുകാരോട് നിരന്തരം യുദ്ധം ചെയ്ത ധീരനായ ഒരു യോദ്ധാവിനെ ചരിത്ര പുസ്തകങ്ങളിൽ നിന്നും വെട്ടിമാറ്റുവാൻ ബ്രിട്ടീഷ് ഭരണത്തോട് കൂറ് പുലർത്തിയിരുന്നവരുടെ പിൻമുറക്കാർ ശ്രമിക്കുന്നത് കാണുമ്പോൾ അതിൽ അത്ഭുതപ്പെടാനില്ല.!