2024 July 26
20 Muharram, 1446 AH
 പഴുത്ത മാങ്ങകൾ

പഴുത്ത മാങ്ങകൾ

  • കബീർ എം, പറളി

നബീലിനെ ആദ്യം കണ്ടത് സലീമാണ്. "അലീ... നോക്കെടാ... അതാ നമ്മുടെ നബീൽ.' നബീൽ നിൽക്കുന്ന ഭാഗത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു.
"എന്താണാവോ നബീലിന്റെ പരിപാടി' അലി സംശയം പറഞ്ഞു
രണ്ടു പേരും നബീലിന്റെ അരികിലേക്ക് നടന്നു. തന്റെ അടുത്തേക്ക് വരുന്ന അലിയേയും സലീമിനേയും നബീൽ ദൂരെ നിന്നു തന്നെ കണ്ടു. 
"അസ്സലാമു അലൈക്കും' അലി ചെന്നപാടെ സലാം പറഞ്ഞു
"വ അലൈകുമുസ്സലാം വറഹ് മത്തുല്ലാഹ്' എവിടേക്കാ രണ്ടു കുസൃതികളും കൂടെ? നബീൽ ചോദിച്ചു
"അതവടെ നിക്കട്ടെ, എന്താ നബീലിന് ഇവടെയൊരു ചുറ്റിക്കളി?' ബഷീറാണത് പറഞ്ഞത്.
"ഹേയ്, പ്രത്യേകിച്ചൊന്നൂല്ലാ... നമ്മുടെ ബഷീറൂട്ടി ഇപ്പൊ ഇവിടെ വരാന്ന് പറഞ്ഞിരുന്നു. അവനെ കാത്ത് നിൽക്കാണ്.'
"എന്താണ് വിശേഷം? തിന്നാനുള്ള വല്ലതും കൊണ്ടുവരുന്നുണ്ടൊ?'
അലി ചോദിച്ചു. തീറ്റ എന്നത് അലിയുടെ മുഖ്യ വിഷയമാണ്.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ബഷീറും ലബീബും അവിടെയെത്തി. ലബീബിന്റെ കൈയിൽ ഒരു സഞ്ചിയുണ്ടായിരുന്നു. 
"എന്താ ലബീബേ സഞ്ചിയിൽ? വീട്ടിലേക്കുള്ള സാധനങ്ങളാണൊ?' നബീൽ ചോദിച്ചു
അപ്പോഴേക്കും ലബീബിന്റെ കയ്യിൽ നിന്നും അലി സഞ്ചി പിടിച്ചു വാങ്ങിയിരുന്നു. സഞ്ചിക്കുള്ളിൽ പാതി പഴുത്ത കുറേ മാങ്ങകൾ!
"ഹായ്, നബീലേ... കിട്ടിപ്പൊയെടാ... ഇതില് നിറയെ മാങ്ങകളാ..' അലി ഉറക്കെ പറഞ്ഞു.
അതിന്നിടയിൽ സഞ്ചിയിൽ കൈയിട്ട് ഒരു മാങ്ങയെടുത്ത് തിന്നു തുടങ്ങിയിരുന്നൂ സലീം.
അലി നബീലിന് ഒരു മാങ്ങയെടുത്തു നൽകി. ലബീബിനും ഒന്നിരിക്കട്ടെ.. അലി അവനും ഒന്നെടുത്ത് കൊടുത്തു. ബഷീറിന്റെ കൈയിൽ പാതി തിന്ന മാങ്ങ ഉണ്ടായിരുന്നു.
നബീൽ മാങ്ങയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: 'ലബീബ് ഇതെവിടുന്ന് സംഘടിപ്പിച്ചതാണ്. നിന്റെ വീട്ടിൽ മാവില്ലല്ലൊ?'
"അവന്റെ അമ്മാവൻ കൊണ്ട് കൊടുത്തതാകും.' സലീം ഇടക്കു കയറി പറഞ്ഞു
"അല്ലെടൊ, ഞാനും ബഷീറും വരുന്ന വഴിക്ക് നമ്മുടെ രാമേട്ടന്റെ പറമ്പീന്ന് എറിഞ്ഞു വീഴ്ത്തിയതാ... എത്രയാന്നൊ.... നിറയെ മാങ്ങകളാ..' ലബീബ് അത് പറഞ്ഞതും തിന്നാൻ വായോട് അടുപ്പിച്ച മാങ്ങ പിൻവലിച്ചു കൊണ്ട് നബീൽ പറഞ്ഞു:
"രാമേട്ടന്റെ പറമ്പീന്ന് എറിഞ്ഞു വീഴ്ത്തിയതോ? നിങ്ങൾ എറിയുന്നതും മാങ്ങയെടുക്കുന്നതും രാമേട്ടൻ കണ്ടിരുന്നൊ?'
"ഇൗ നബീല് പൊട്ടനാണല്ലൊ... രാമേട്ടന്റെ കണ്ണില് പെട്ടാൽ മാങ്ങയെറിഞ്ഞ് വീഴ്ത്താൻ പറ്റ്വോ മോനെ?'
"അപ്പോ, അയാളുടെ അനുമതിയില്ലാതെയാണ് നിങ്ങൾ അദ്ദേഹത്തിന്റെ പറമ്പീന്ന് മാങ്ങ പറിച്ചത് എന്നർത്ഥം.' നബീൽ ലബീബിനോടും ബഷീറിനോടുമായി ഗൗരവത്തിൽ പറഞ്ഞു.
"അതിനെന്താ നബീലേ, എത്രയെത്ര കിളിയും അണ്ണാനുമൊക്കെയാ രാമേട്ടന്റെ അനുവാദമില്ലാതെ മാങ്ങകൾ തിന്നു തീർക്കുന്നത്... അല്ലെടാ സലീമെ? തമാശയായി ബഷീറാണത് പറഞ്ഞത്.
നബീൽ പറഞ്ഞു: "ബഷീറേ, നമ്മൾ കിളികളെപ്പോലെയും അണ്ണാനെപ്പോലെയുമൊന്നുമല്ല. വിവേകമുള്ള മനുഷ്യരാണ്. രാമേട്ടന്റെ അനുവാദമില്ലാതെ അയാളുടെ പറമ്പിൽ നിന്ന് മാങ്ങ പറിച്ചത് മോഷണം തന്നെയാണ്.'
അലിയും സലീമും ലബീബും ബഷീറും സ്തബ്ധരായി. നബീലൊഴിച്ച് ബാക്കി മൂന്നുപേരും ഇതിനകം മാങ്ങകൾ പകുതിയോളവും തിന്നു കഴിഞ്ഞിരുന്നു!
ലബീബും ബഷീറും ചെയ്തത് തെറ്റാണ്. അറിയാതെ ആണെങ്കിലും അലിയും സലീമും അവരുടെ തെറ്റിൽ പങ്കുകാരായിത്തീർന്നു. നബീൽ തുടർന്നു.
"യാതൊന്നും ഉടമയുടെ അനുവാദമില്ലാതെ കൈവശപ്പെടുത്താൻ പാടില്ല എന്ന് നിങ്ങൾക്ക് അറിയില്ലെ?'
"ഞാൻ നിങ്ങൾക്ക് ഒരു സംഭവം പറഞ്ഞു തരാം. മദീനയിൽ നടന്നതാണ്. ഒരിക്കൽ നമ്മുടെ പ്രവാചകൻ(സ്വ) പേരമകനായ ഹുസൈൻ(റ)നോടൊപ്പം മദീനയിലെ ഇൗത്തപ്പഴച്ചന്തയിലൂടെ നടക്കുകയായിരുന്നു. അന്ന് ഹുസൈൻ(റ) നന്നെ ചെറിയ കുട്ടിയായിരുന്നു. അങ്ങനെ നബി(സ്വ) ഒരു ഇൗത്തപ്പഴക്കടയുടെ മുന്നിൽ ചെന്നുനിന്നു. വിൽപ്പനക്കാരനോട് എന്തൊക്കെയൊ കുശലം പറഞ്ഞു കൊണ്ടിരുന്നു. ഇതിന്നിടയിൽ കുട്ടിയായ ഹുസൈൻ(റ) ഒരു ഇൗത്തപ്പഴമെടുക്കുന്നതും വായിലേക്കിടുന്നതും നബി(സ്വ) കണ്ടു. അദ്ദേഹം ഉടനെത്തന്നെ കുട്ടിയുടെ വായിൽ നിന്നും ഇൗത്തപ്പഴം പുറത്തേക്കെടുത്തു. എന്നിട്ട്, ആരുടെ സാധനവും അയാളുടെ അനുമതിയില്ലാതെ എടുത്ത് തിന്നരുത് എന്ന് തന്റെ പേരമകനെ ശാസിക്കുകയും ഉപദേശിക്കുയും ചെയ്തു.
നോക്കൂ കൂട്ടുകാരെ, ചെറിയ കുട്ടിയല്ലേ എന്ന് കരുതി, നബി (സ്വ)ക്ക് തന്റെ പേരമകനെ ശാസിക്കാതെ വിടാമായിരുന്നു. പക്ഷെ, നബി(സ്വ) കുട്ടിയെ ഉപദേശിച്ചു.'
"ഇനി നമുക്ക് എന്ത് ചെയ്യാനാകും നബീലേ?' അലിയാണത് ചോദിച്ചത്
"അതെ.. എന്തു ചെയ്യാൻ പറ്റും?' ലബീബൂം കൂടെ ചോദിച്ചു
നബീൽ പറഞ്ഞു: 'നമുക്ക് ഇപ്പോൾ തന്നെ രാമേട്ടന്റെ വീട്ടിലേക്ക് ചെല്ലണം. നടന്ന കാര്യങ്ങൾ അയാളോട് പറയണം. മാപ്പു ചോദിക്കണം.'
"അതിന്... നമ്മൾ... മാങ്ങ പറിച്ചതറിഞ്ഞാൽ... രാമേട്ടൻ...' ബഷീർ തന്റെ പേടി പ്രകടിപ്പിച്ചു.
"ഒന്നും പേടിക്കേണ്ടതില്ല... നിങ്ങൾക്ക് ഒരു അബദ്ധം പറ്റി. അത് അയാളോട് പറഞ്ഞ് നമ്മൾ ക്ഷമ ചോദിക്കുന്നു. അത്ര തന്നെ.. വരൂ നമുക്കു പോകാം.' നബീൽ ഇതും പറഞ്ഞ് മുന്നോട്ടു നടന്നു.
അലിയും സലീമും ലബീബും ബഷീറും നബീലിന്റെ പിന്നാലെ തലതാഴ്ത്തി ചെന്നു.
രാമേട്ടന്റെ പടികടന്നു ചെല്ലുമ്പോൾ പത്രവും വായിച്ചു കൊണ്ട് അദ്ദേഹം വാതിൽക്കൽത്തന്നെ ഇരിക്കുന്നുണ്ട്. അഞ്ചു പേരും അദ്ദേഹത്തിനടുത്തേക്ക് ചെന്നു.
"രാമേട്ടാ...' നബീലാണ് വിളിച്ചത്
രാമേട്ടൻ തലയുയർത്തി നോക്കി. "ഹാ, ഇതാരൊക്കെയാണ് ഇവിടെ.? മക്കൾ വരീൻ... എന്താ കാര്യം...' രാമേട്ടൻ അവരെ സ്നേഹത്തോടെ അരികിലേക്ക് വിളിച്ചു.
നബീൽ തുടങ്ങി വെച്ചു: "രാമേട്ടാ.... ഒരു കാര്യം പറയാനും നിങ്ങളോട് ക്ഷമ ചോദിക്കാനുമാണ് ഞങ്ങള് വന്നത്..'
രാമേട്ടൻ അത്ഭുതത്തോടെ അവരെ നോക്കി. "ക്ഷമ ചോദിക്ക്യേ... അതിന് മക്കളെന്താ ചെയ്തേ...'
നബീൽ നടന്ന കാര്യങ്ങളെല്ലാം രാമേട്ടനോട് പറഞ്ഞു. '... രാമേട്ടൻ ഇൗ രണ്ടു പേരോടും ക്ഷമിക്കണം. ഇനി ഇവരാരും അങ്ങനെ ചെയ്യില്ല.'
അത്ഭുതമായിരുന്നു രാമേട്ടന്. അയാൾക്ക് സന്തോഷമടക്കാൻ സാധിച്ചില്ല. ഇങ്ങനെയുമുണ്ടൊ കുട്ടികൾ? തന്റെ തോട്ടത്തിൽ നിന്ന് താനറിയാതെ മാങ്ങ പറിച്ചത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ് ചോദിക്കാൻ വന്ന ആ കുട്ടികളോട് രാമേട്ടന് വല്ലാത്ത സ്നേഹം തോന്നി.
"സാരല്ല മക്കളേ, നിങ്ങള് അറിയാതെ ചെയ്തതല്ലെ... ഇവിടെ വന്ന് എന്നോട് മാപ്പ് ചോദിക്കാൻ മക്കള് മനസ്സ് കാണിച്ചൂലൊ... നല്ല കുട്ടികളാ നിങ്ങള്.. രാമേട്ടൻ മക്കളോട് ക്ഷമിച്ചിര്ക്ക്ണൂട്ടൊ.'
ലബീബിനും ബഷീറിനും സമാധാനമായി. 
"നന്ദി രാമേട്ടാ... ഇനി ഞങ്ങളിങ്ങനെ ചെയ്യൂലാ...' അവർ രണ്ടു പേരും വിനയത്തോടെ പറഞ്ഞു
"എന്നാൽ ഞങ്ങൾ പോട്ടെ രാമേട്ടാ.' നബീൽ യാത്ര പറഞ്ഞു
"മക്കള് നിക്കിൻ... രാമേട്ടൻ ഇതാ വരുന്നു.' അയാൾ അകത്തേക്ക് പോയി ഉടൻ തിരിച്ചു വന്നു. 
അദ്ദേഹത്തിന്റെ കൈയിൽ നിറയെ നല്ല പഴുത്ത മഞ്ഞനിറത്തിലുള്ള വലിയ മൂവാണ്ടൻ മാങ്ങകളുണ്ടായിരുന്നു.
അത് കണ്ടപ്പോൾ അലിയുടെ കണ്ണുകൾ വിടർന്നു. അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. "സലീമെ നോക്കെടാ....' അവൻ സലീമിനെ തോണ്ടിക്കൊണ്ട് പരിസരം മറന്ന് പറഞ്ഞു.
അത് കേട്ട് നബീൽ ചിരിച്ചു. ലബീബും ബഷീറും സലീമും ചിരിച്ചു... രാമേട്ടനും അവരുടെ ചിരിയിൽ പങ്കു ചേർന്നു.
"മക്കളിത് കഴിച്ചോളിൻ... നല്ല രുചിയുള്ള മാങ്ങകളാ... ഇനിയും വേണമെന്ന് തോന്നുമ്പോ വരാൻ മടിക്കരുത്.. രാമേട്ടൻ കാത്തിരിക്കും..' 
രാമേട്ടൻ ഒാരോരുത്തർക്കും മാങ്ങകൾ നൽകി. 
അവർ മാങ്ങകൾ വാങ്ങി, രാമേട്ടന് നന്ദി പറഞ്ഞ് സന്തോഷത്തോടെ അഞ്ചു പേരും അവിടെ നിന്നും ഇറങ്ങി
"നബീൽ... നീയെപ്പോഴും ഞങ്ങളുടെ കണ്ണുകൾ തുറപ്പിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.' സലീമാണത് പറഞ്ഞത്
"നിങ്ങളെയും അല്ലാഹു അനുഗ്രഹിക്കട്ടെ.' നബീൽ മറുപടി പറഞ്ഞു.