2024 July 26
20 Muharram, 1446 AH
സാർവത്രിക ആരോഗ്യ പരിരക്ഷയും ഇന്ത്യൻ സമൂഹവും

സാർവത്രിക ആരോഗ്യ പരിരക്ഷയും ഇന്ത്യൻ സമൂഹവും

  • ഹബീബ് റഹ്മാൻ, കൊടുവള്ളി

ഏതൊരു മനുഷ്യന്റെയും പ്രധാന സമ്പത്താണ് അവന്റെ ആരോഗ്യം. ആരോഗ്യമുണ്ടെങ്കിൽ മറ്റു കാര്യങ്ങളൊക്കെ ഏറെക്കുറെ നേടാവുന്നതേയുള്ളൂ. എന്നാൽ, പല കാരണങ്ങളാൽ ആരോഗ്യത്തിന് ക്ഷതം സംഭവിക്കുക സ്വാഭാവികം. രോഗമോ ചുറ്റുപാടുകളോ ജീവിത രീതിയോ സാഹചര്യങ്ങളോ ഭക്ഷണ ശീലങ്ങളോ അതിന് കാരണമാവാം. അനാരോഗ്യത്തിലേക്ക് നീങ്ങുമ്പോൾ നാം പല രീതിയിലുള്ള ചികിത്സകൾ പരീക്ഷിക്കും. എല്ലാവർക്കും ആരോഗ്യ പരിരക്ഷയും ചികിത്സയും ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ എെക്യരാഷ്ട്ര സഭ ആചരിക്കുന്ന ഒരു ദിനമുണ്ട്.സാർവത്രിക ആരോഗ്യ പരിരക്ഷ ദിനം എന്നാണിത് അറിയപ്പെടുന്നത്. ലോകത്തെ മുഴുവൻ ജനങ്ങൾക്കും ചികിത്സാ സംവിധാനങ്ങൾ പക്ഷപാത രഹിതമായി ലഭ്യമാക്കുക എന്നതാണ് ഇൗ ദിനം ആചരിക്കുന്നതിലൂടെ യു.എൻ ലക്ഷ്യം വയ്ക്കുന്നത്. ആഗോള പുരോഗതിക്കായി സാർവത്രിക ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങൾക്ക് ഗതിവേഗം നൽകാൻ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം 2012 ഡിസംബർ 12ന് എെക്യരാഷ്ട്ര സഭ ഏകകണ്ഠമായി പാസാക്കുകയായിരുന്നു. അതിനു ശേഷം 2014 മുതലാണ് ഡിസംബർ 12 സാർവത്രിക ആരോഗ്യ പരിരക്ഷ ദിവസമായി (യൂണിവേഴ്സൽ ഹെൽത്ത് കവറേജ് അലയൻസ്) ആചരിക്കാൻ തുടങ്ങിയത്.
ലോകത്തിലെ പകുതിയിലധികം ആളുകൾക്കും വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ല എന്നാണ് കണക്ക്. അതുകൊണ്ടാണ് സാർവത്രിക ആരോഗ്യപരിരക്ഷ യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമാക്കിയത്. ചികിത്സാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കാത്ത ദശലക്ഷകണക്കിനാളുകൾ ഇപ്പോഴും ലോകത്തുണ്ട്. പല രാജ്യങ്ങളിലും സാമ്പത്തികവും സാമൂഹികവുമായ ഒട്ടനവധി കാരണങ്ങളാൽ ചികിത്സാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാതിരിക്കുകയോ പ്രാപ്യമാവാതിരിക്കുകയോ ചെയ്യുന്നു. ഒരേനിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ സമ്പത്തിന്റേയോ ജാതിയുടേയോ സാമൂഹിക പദവിയുടേയോ ലിംഗത്തിന്റേയോ ഒന്നും വേർതിരിവ് കൂടാതെ എല്ലാ പൗരന്മാർക്കും ലഭിക്കുന്ന സാഹചര്യത്തെയാണ് സാർവത്രിക ആരോഗ്യ പരിരക്ഷ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 
ആരോഗ്യ ചികിത്സ സംവിധാനങ്ങൾ, പരിചരണം, ആരോഗ്യം വീണ്ടെടുക്കുവാനുള്ള തെറാപ്പികൾ, രോഗപ്രതിരോധം എന്നിവയെല്ലാം ആരോഗ്യ പരിരക്ഷ എന്ന വിവക്ഷയിൽ ഉൾപ്പെടുന്നു. സാർവത്രിക പരിരക്ഷ സാമൂഹിക അഭിവൃദ്ധിക്കും രാജ്യ പുരോഗതിക്കും മാത്രമല്ല, ലോകത്തിന്റെ തന്നെ ആരോഗ്യം നിലനിർത്തുന്നതിനും അത്യാവശ്യമാണ്. മഹാമാരികളും പകർച്ചവ്യാധികളും ഒരു പ്രദേശത്തോ രാജ്യത്തോ മാത്രമായി ഒതുങ്ങുന്നതല്ലല്ലോ. 
ഒരു രാജ്യത്ത് സാർവത്രിക ആരോഗ്യ പരിരക്ഷയുണ്ടാകുമ്പോൾ വ്യക്തികൾക്ക് മാത്രമല്ല അതിന്റെ നേട്ടം. പൊതുസമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടാൽ ദാരിദ്ര്യം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങി ഒട്ടനവധി ജീവിത പ്രയാസങ്ങളിൽ നിന്നും മോചിതമാവുകയും തൊഴിൽ വർധനവ്, സാമ്പത്തിക സുരക്ഷ, സമൃദ്ധി, വിദ്യാഭ്യാസ പുരോഗതി തുടങ്ങി ഒട്ടനവധി സാമൂഹിക നേട്ടങ്ങൾ കരഗതമാകുകയും ചെയ്യുന്നു. മാത്രമല്ല ആരോഗ്യ സുരക്ഷക്കായി ചെലവഴിക്കേണ്ടി വരുന്ന ഭീമമായ തുക നിർമാണാത്മകമായ മറ്റു മേഖലകളിലേക്ക് തിരിച്ചുവിടാനും കഴിയുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം എല്ലാവർക്കും ആരോഗ്യവും ചികിത്സയും എന്നത് കിട്ടാക്കനിയാണെന്ന് പറയേണ്ടതില്ലല്ലോ. സാമ്പത്തികവും, സാമൂഹികവും, സാംസ്കാരികവുമായ അന്തരങ്ങൾ പോലെയോ അതിനേക്കാൾ ഗുരുതരമോ ആണ് നിലവിലെ ഇന്ത്യയിലെ സ്ഥിതി. വളരെ കുറഞ്ഞ ശതമാനം പേർക്ക് മാത്രമേ ആധുനിക ചികിത്സാ സൗകര്യങ്ങൾ കിട്ടുന്നുള്ളൂ. ബഹുഭൂരിപക്ഷം പേർക്കും സാമാന്യ ചികിത്സ പോലും ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ ആരോഗ്യ സംവിധാനങ്ങൾ എല്ലാവർക്കും ലഭിക്കത്തക്കവിധത്തിലാക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്ന് നിരവധി ശ്രമങ്ങൾ വർഷങ്ങളായി ഉണ്ടായിട്ടുണ്ട്. ലോകാരോഗ്യ സംഘടന കൂടാതെ മറ്റ് അന്താരാഷ്ട്ര ദേശീയ ആരോഗ്യ സംഘടനകളും ഇതേ ലക്ഷ്യവുമായി പ്രവർത്തിച്ചിട്ടുണ്ട്. അതോടൊപ്പം സാമ്പത്തിക സുരക്ഷിതത്വവും ആരോഗ്യ സൗകര്യങ്ങളും ഒരുക്കുന്നതിന് നിരവധി പദ്ധതികൾ സർക്കാരുകൾ ആവിഷ്കരിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ, ദേശീയ ആരോഗ്യ മിഷൻ, ജനനി സുരക്ഷ യോജന, മിഷൻ ഇന്ദ്രധനൂഷ്, ദേശീയ ആരോഗ്യ നയം-2017, ദേശീയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി, ഇ.എസ്.എെ.എസ് (ഋാുഹീ്യലല െടമേലേ കിൗെൃമിരല ടരവലാല), സി.ജി.എച്ച്.എസ് (ഇലിേൃമഹ ഏീ്ലൃിാലി േഒലമഹവേ ടരവലാല), ആയുഷ്മാൻ ഭാരത് യോജന, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നിവ ഇത്തരം പദ്ധതികളാണ്. 
ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ 30 വയസ്സിൽ കൂടുതലും 70 വയസ്സിൽ കുറവുമുള്ള ആളുകൾ ഹൃദയാഘാതം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, അർബുദം എന്നിവ മൂലം മരണപ്പെടുന്നത് വളരെ കൂടുതലാണെന്നാണ് കണക്ക്. പുരുഷന്മാരിൽ 22 ശതമാനവും സ്ത്രീകളിൽ 15 ശതമാനവും ശരിയായ ചികിത്സ ലഭിക്കാതെ മരണപ്പെടുന്നു. ലോക ജനസംഖ്യയിൽ പകുതി പേർക്കും ഇപ്പോഴും പൂർണമായ തോതിൽ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. ലോകത്തിലെ 12 ശതമാനം ആളുകൾ (93 കോടി) കുടുംബ ബജറ്റിന്റെ പത്ത് ശതമാനം ചികിത്സയ്ക്ക് വേണ്ടിയാണത്രെ വിനിയോഗിക്കുന്നത്. രാജ്യത്ത് ആവശ്യത്തിനനുസരിച്ച് ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരില്ല. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത് ആയിരം ആളുകൾക്ക് ഒരു ഡോക്ടർ എന്ന നിലയിലാണെങ്കിലും ഇന്ത്യയിൽ 1,445 പേർക്ക് ഒരു ഡോക്ടർ പോലുമില്ലെന്നാണ് റിപ്പോർട്ട്. ഗ്രാമീണ മേഖലയിൽ 60 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്ടർ മാത്രമെ ഉള്ളൂ. 5 ശതമാനം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാകട്ടെ ഒരു ഡോക്ടർ പോലുമില്ല! 
രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിക്ക് സാർവത്രിക ആരോഗ്യ പരിരക്ഷ അത്യന്താപേക്ഷിതമാണ്. ഗുണമേന്മയുള്ള ചികിത്സ പാവപ്പെട്ടവർക്കും സാധരണക്കാർക്കും ലഭ്യമാക്കിയെങ്കിൽ മാത്രമേ രാജ്യത്തെ ആരോഗ്യ സംവിധാനം കുറ്റമറ്റതാണെന്ന് പറയാൻ കഴിയൂ. പുകൾപെറ്റ കേരളത്തിന്റെ ആരോഗ്യ രംഗം പോലും സാർവത്രിക ആരോഗ്യ പരിരക്ഷയുള്ളതാണെന്ന് പറയാൻ നമുക്ക് സാധിക്കുമോ?