2024 February 16
6 Shaʻban, 1445 AH
ജമാഅത്തെ ഇസ് ലാമി: പണ്ഡിതന്മാർ പിന്തള്ളിയ പ്രസ്ഥാനം

ജമാഅത്തെ ഇസ് ലാമി: പണ്ഡിതന്മാർ പിന്തള്ളിയ പ്രസ്ഥാനം

  • ചെറിയമുണ്ടം അബ്ദുർറസ്സാഖ്

മൗദൂദി സാഹിബിന്റെ സാഹിത്യരചനക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ഒന്നാം ഘട്ടത്തിൽ പൊതുവെ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പണ്ഡിതന്മാർക്കിടയിൽ അദ്ദേഹം സ്വീകാര്യനായിരുന്നു. വിഭജനത്തിനു മുമ്പായിരുന്നു അത്. ആ ഘട്ടത്തിലെ സാമൂഹ്യ പരിതസ്ഥിതി അദ്ദേഹത്തിന്റെ പേനക്ക് പ്രത്യേക മൂർച്ചയും ശക്തിയും കൊടുത്തു. പ്രസക്തമായ ചില ഇസ് ലാമിക വിഷയങ്ങളെക്കുറിച്ചും സാന്ദർഭിക കാര്യങ്ങളെ സംബന്ധിച്ചുമാണ് അന്ന് അധികവും അദ്ദേഹം എഴുതിക്കൊണ്ടിരുന്നത്. സമുദായത്തിന് രോഷം ജനിപ്പിക്കത്തക്ക അഭിപ്രായങ്ങളോ ചിന്തകളോ ഇൗ ഘട്ടത്തിൽ അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായിട്ടില്ല. ദീനീ നിലപാടിനും പണ്ഡിതാഭിപ്രായങ്ങൾക്കും വിരുദ്ധമായി അപൂർവം ചില കാഴ്ചപ്പാടുകൾ പ്രകടമായെങ്കിലും പണ്ഡിതന്മാർ അതത്ര സാരമാക്കാതെ വിടുകയാണ് ചെയ്തത്. സന്ദർഭത്തിന്റെ താൽപര്യം കണക്കിലെടുത്തു മൗനമാണ് ഉത്തമമെന്നു കരുതിയതുകൊണ്ടാവാം, അതിന്റെ പരിണിതഫലം ചിന്തിക്കാത്തതു കൊണ്ടുമാവാം അവരങ്ങനെ ചെയ്തത്. എന്നാൽ മത തൽപരരായി മുമ്പോട്ടുവന്നവരിൽ ആനുകാലിക അധ്യാപനമെന്ന നിലയിൽ ആ പുതിയ കാഴ്ചപ്പാടുകൾ വർധമാനമായ സ്വാധീനം ചെലുത്തി അപകടമുണ്ടാക്കുന്നത് പിന്നീടാണ് പണ്ഡിതന്മാരെ ശ്രദ്ധിപ്പിച്ചത്.

സംഘടനയുടെ 
ആവിർഭാവം
ഇൗ ആദ്യഘട്ടത്തിലാണ് മൗദൂദി സാഹിബ് നിരീശ്വരത്വത്തെയും കമ്യൂണിസത്തെയും പാശ്ചാത്യ ചിന്താഗതികളെയും ശക്തിയുക്തം ഖണ്ഡിച്ചുകൊണ്ടും സാമ്പത്തിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ ഇസ് ലാമിക കാഴ്ചപ്പാടുകളെ വ്യാഖ്യാനിച്ചുകൊണ്ടും ചില കൃതികൾ എഴുതുകയുണ്ടായത്. ധർമസമരം ഇസ് ലാമിൽ, പർദ്ദ, രാഷ്ട്രീയ വടംവലി, ഭാര്യാഭർത്തൃബന്ധം തുടങ്ങിയ ബൃഹത്തായ ചില കൃതികൾ ഇൗ ഘട്ടത്തിൽ രചിക്കപ്പെട്ടവയാണ്. ഇൗ കൃതികൾ വളരെയധികം പ്രയോജനപ്രദവും വിലപ്പെട്ടവയുമാണെന്നതിൽ സംശയമില്ല. ഇൗ ഘട്ടത്തിൽ പണ്ഡിതന്മാർ പ്രസ്തുത കൃതികളെയും തൽകർത്താവിനെയും വാഴ്ത്തുകയും പ്രോത്സാഹജനകമായ സമീപനം സ്വീകരിക്കുകയും ചെയ്തു. പിന്നീടദ്ദേഹം "ജമാഅത്തെ ഇസ് ലാമി' എന്ന പേരിൽ ഒരു സംഘടനക്കു രൂപം കൊടുത്തപ്പോഴും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും മഹാപണ്ഡിതന്മാരിൽ പലരും അതിന്നു കൂട്ടുനിൽക്കുകയും സംഘടനയിൽ അംഗങ്ങളായി അണിനിരക്കുകയുമുണ്ടായി.
രണ്ടാംഘട്ടത്തിന്റെ തുടക്കം
പുതിയ ചിന്താഗതികളോടെയും അഭിപ്രായങ്ങളോടെയുമുള്ള മൗദൂദിസാഹിബിന്റെ രണ്ടാംഘട്ട ജീവിതത്തിന്റെ തുടക്കം ഇവിടം മുതൽക്കാണ്. സംഘടന നിലവിൽ വരികയും ദൈവീക ഭരണകൂടത്തിന്റെ സംസ്ഥാപനം (ഹുകൂമത്തെ ഇലാഹീ) അതിന്റെ മുഖമുദ്രയായി മൗദൂദി സാഹിബ് വിളംബരപ്പെടുത്തുകയും ചെയ്തു. ഇൗ ലക്ഷ്യം പലർക്കും അന്നത്തെ പരിതസ്ഥിതിയിൽ പ്രത്യേകിച്ചും ആകർഷകവും ആവശ്യവുമായിത്തോന്നി. ഇന്ത്യ വിഭജിക്കപ്പെടാൻ പോകുന്നെന്നും മുസ് ലിങ്ങൾക്ക് സ്വന്തവും സ്വതന്ത്രവുമായ ഒരു രാഷ്ട്രം ഉണ്ടായിത്തീരാൻ ഇടയുണ്ടെന്നും ഉറപ്പായ സ്ഥിതിയിൽ- ഒരിസ് ലാമിക ഭരണകൂടത്തെ ആത്മാർത്ഥതയോടെ ആഗ്രഹിച്ചിരുന്ന വലിയൊരു വിഭാഗം- (പണ്ഡിതന്മാരുൾപ്പെടെ) മൗദൂദിയുടെ ലക്ഷ്യപ്രഖ്യാപനത്തിലും വിശദീകരണ ശൈലിയിലും ആകൃഷ്ടരായി. ഏറെക്കഴിയും മുമ്പെ തങ്ങളുടെ പ്രത്യാശ പൂവണിയുമെന്നുവരെ അവർ മോഹിച്ചു.
ഒരിസ് ലാമിക ഭരണകൂടം നിലവിൽ വരുന്നതു ഇഷ്ടപ്പെടാത്തവരും ആഗ്രഹിക്കാത്തവരുമായി മുസ് ലിങ്ങളിൽ ആരാണുണ്ടാവുക! പക്ഷെ മൗദൂദി സാഹിബ് തന്റെ വീക്ഷണത്തിലൂടെ വേറെ ചില നീക്കങ്ങൾ കൂടി ഉദ്ദേശിച്ചു. അദ്ദേഹം വിഭാവനം ചെയ്ത ദൈവീക ഭരണകൂട സംസ്ഥാപനവും ജനങ്ങൾ ആഗ്രഹിച്ച സംസ്ഥാപനവും രണ്ടായിരുന്നു. മൂന്നാം ഖലീഫ ഉസ്മാൻ (റ) ന്നുശേഷം താനീ ആഹ്വാനവുമായി രംഗപ്രവേശനം ചെയ്യുന്ന ഇക്കാലം വരെ ചരിത്രത്തിൽ ഒരിക്കലും ഒരു ഇസ് ലാമിക ഭരണ വ്യവസ്ഥിതി നിലനിൽക്കുകയുണ്ടായിട്ടില്ലെന്നും ഇൗ നീണ്ടകാലം മുഴുവൻ ഇസ് ലാമിക അധ്യാപനങ്ങൾ അപ്രത്യക്ഷവും ഇസ് ലാം അപരിചിതവുമായിരുന്നെന്നും അദ്ദേഹം വാദിച്ചു. ദൈവിക ഭരണത്തിനുമേൽ "താഗൂത്ത്' ആധിപത്യം ചെലുത്തിയിരുന്ന കാലമായിരുന്നുവത്രെ അത്. ഇസ് ലാമിക ഭരണകൂടങ്ങളായി ഇടക്കാലത്തു അറിയപ്പെട്ട എല്ലാ വ്യവസ്ഥിതികളും തികച്ചും അനിസ് ലാമികങ്ങളും അദൈവികങ്ങളുമായിരുന്നു. അല്ലാഹുവിനുപകരം പിശാച് ആരാധന ചെയ്യപ്പെടുകയാണത്രെ അക്കാലങ്ങളിലെല്ലാമുണ്ടായത്. അഥവാ എല്ലാം "താഗൂത്തീ' ഭരണകൂടങ്ങളായിരുന്നു. മാത്രമോ, പ്രാചീനരും അർവാചീനരുമായ ഇസ് ലാമിക വ്യക്തിത്വങ്ങളെ ആക്ഷേപത്തിന്റെ കണ്ണുകളോടെ അദ്ദേഹം വീക്ഷിച്ചു. സമഗ്രവും സമ്പൂർണവുമായ രീതിയിൽ, ഒരു വ്യവസ്ഥിതിയും ജീവിതപദ്ധതിയുമെന്ന നിലക്ക് ഇസ് ലാമിനെ ആരും ഇന്നേവരെ വിലയിരുത്തുകയുണ്ടായിട്ടില്ലെന്ന് സ്വാതന്ത്ര്യപൂർവം തട്ടിവിട്ടു. സ്വഹാബത്തിന്നും താബിഉകൾക്കും അനുകരണീയരായ ഇമാമുകൾക്കുമെതിരെ ആ അമ്പുകൾ ചെന്നു തറച്ചു. ചില പ്രവാചകന്മാരെപ്പറ്റിപ്പോലും അദ്ദേഹത്തിന്റെ പരാമർശം സൂക്ഷ്മതയുള്ളതായില്ല. പാളിപ്പോയ രാഷ്ട്രീയക്കണ്ണാണ് അതിനെല്ലാം പ്രേരിപ്പിച്ചതെന്ന് സന്ദർഭത്തിലൂടെ മനസ്സിലാക്കുക പ്രയാസകരമായിരുന്നു.
യഥാർത്ഥ ഇസ് ലാമിക സംവിധാനത്തെയും ക്രമങ്ങളെയും അടിമുടി താളം തെറ്റിച്ച് തന്റേതായ വീക്ഷണത്തിന്നും ചിന്തക്കും വ്യാഖ്യാനത്തിന്നും അനുയോജ്യമായ ഒരിസ് ലാമിനെ പടുത്തുകെട്ടാനാണ് പുതിയ നീക്കങ്ങൾ മുഖേന ദൗർഭാഗ്യവശാൽ അദ്ദേഹം ശ്രമിച്ചുകണ്ടത്. ഇതിന്നായി മുൻകഴിഞ്ഞ പണ്ഡിതന്മാർക്കും സാരഥികൾക്കുമെതിരെ അദ്ദേഹം ദീർഘമായി സംസാരിച്ചിട്ടുണ്ട്. എല്ലാവരിലും കുറ്റങ്ങളും കുറവുകളും മാത്രമേ അദ്ദേഹം കണ്ടെത്തിയുള്ളൂ. അവരാരും ഇസ് ലാമിന്റെ യാഥാർത്ഥ്യമൊ ഉദ്ദേശ്യമോ അതിലെ അടിസ്ഥാനപരമായ ചില സാങ്കേതിക പദങ്ങളുടെ (ദീൻ, ശരീഅത്ത്, ഇബാദത്ത്, റബ്ബ്) വിവക്ഷപോലുമോ യഥാവിധി ഗ്രഹിച്ചവരായിരുന്നില്ലെന്നുവരെ അദ്ദേഹം കുറ്റപ്പെടുത്തി. അങ്ങനെ അവയ്ക്കെല്ലാം സ്വന്തമായ സമഗ്രവിവക്ഷകൾ നൽകി, സ്വതന്ത്രമായ നിയമനിർമാണത്തിനു മുതിർന്ന് ക്വുർആനിന്നും സുന്നത്തിന്നും നിരക്കാത്ത വിധം ഹറാമും ഹലാലും, ശിർക്കും കുഫ്റും നിർണയിക്കുകയുണ്ടായി. "ദീനീശാസ്ത്രീയ തത്വചിന്ത' എന്ന, താൻ സ്വയം മെനഞ്ഞെടുത്ത സാങ്കേതികത്വത്തെയാണ് ഇതിന് അദ്ദേഹം അവലംബമാക്കിയത്. പൗരാണികർ നിരാക്ഷേപം അംഗീകരിച്ചാദരിച്ച അടിസ്ഥാനങ്ങളൊ, ഇസ് ലാമിക നിയമനിർമാണ ചട്ടങ്ങളൊ, വിലക്കുകളുടെ മാനദണ്ഡങ്ങളോ അദ്ദേഹത്തിന് അനുകരണീയങ്ങളായി തോന്നിയില്ല. തന്റെ "ശാസ്ത്രീയത'ക്കു മുമ്പിൽ അവയുടെ "അശാസ്ത്രീയത' തെളിയിച്ച് അവയെ തകർത്തുകളയാനും കഴിവ് കാണിക്കാനുമാണ് അദ്ദേഹം പ്ലാനിട്ടുകണ്ടത്.

ചരിത്രത്തിൽ ആദ്യം
പഴയ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ഇങ്ങനെ ഒരു പുതിയ ഉടുപ്പിലും വേഷത്തിലുമുള്ള അരങ്ങേറ്റം, സ്വഹാബത്തിനും, മുഹദ്ദിഥുകളും ഫുക്വഹാക്കളുമായ ദീനീ പണ്ഡിതന്മാർക്കും, സ്വൂഫീവര്യന്മാർക്കുമെതിരെ അനഭിലഷണീയ വിമർശനങ്ങൾ, നൂതനമായ ചില അഭിപ്രായപ്രകടനങ്ങൾ, വഴുതിത്തെറിച്ച ചിന്തകൾ, സർവോപരി ആദരണീയരായ സലഫീ ഇസ് ലാമിക വ്യക്തിത്വങ്ങളെ അനാദരിച്ചുകൊണ്ടുള്ള പരാമർശങ്ങൾ, അങ്ങനെ സ്വന്തമായ മിടുക്കും സരണിയും തുറന്നുകാട്ടുംവിധം ഒരു വീക്ഷണം. സംഘടനയുമായി ഇതിനകം ബന്ധപ്പെട്ടുപോയിരുന്ന പണ്ഡിതന്മാരെ ഇൗ വ്യതിയാനങ്ങളും വിക്രിയകളും കുഴക്കാൻ തുടങ്ങി. ദീനിന്റെ അഭിവൃദ്ധിയിലുള്ള ആകാംക്ഷകൊണ്ടും ആത്മാർത്ഥതകൊണ്ടും മൗദൂദി സാഹിബിന്റെ ലക്ഷ്യപ്രഖ്യാപനത്തിൽ ആകൃഷ്ടരായും അദ്ദേഹത്തിന്റെ സംഘടനയിൽ ചേർന്നു സഹകരണങ്ങൾ നൽകിയും വന്ന ആ പണ്ഡിതന്മാരെയും മറിച്ചുചിന്തിക്കാനും പുനരവലോകനം നടത്താനും അവ പ്രേരിപ്പിച്ചു. അവർ ഒാരോരുത്തരായി സംഘടന വിട്ടുപോകാൻ തുടങ്ങി. ജമാഅത്തെ ഇസ് ലാമിയിൽ നിന്നുകൊണ്ട് സാഹിത്യ പ്രബോധനങ്ങളിൽ ഏർപ്പെട്ടിരുന്ന അവർ മൗദൂദിയുമായുള്ള തങ്ങളുടെ പങ്കാളിത്തത്തിലെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് പരസ്യ പ്രഖ്യാപനങ്ങൾ നടത്തി. മൗദൂദിയെ ഖണ്ഡിച്ചുകൊണ്ടും വീക്ഷണങ്ങളെ വിമർശിച്ചുകൊണ്ടും ഗ്രന്ഥങ്ങൾ തന്നെ പിന്നീടവർ രചിച്ചു. അങ്ങനെ ആദ്യകാല സഹകാരികളിൽ ഒരാൾപോലും മൗദൂദിയോടൊപ്പം ബാക്കിയായില്ല. ഇൗ വിധം ഒരാൾക്കുപുറകെ മറ്റൊരാളായി സ്ഥാപകസഹകാരികളോരോരുത്തരും സംഘടനയോടു സലാം പറഞ്ഞു പിരിയുന്ന പതനം ഇസ് ലാമിക ചരിത്രത്തിൽ പുതുമയുള്ളതായിരുന്നു. ഇസ് ലാമിന്റെ "തനിപകർപ്പായ' ഒരു പ്രസ്ഥാനത്തിന് ഇമ്മാതിരി ദുർഗതി ഉൗഹിക്കാൻ പോലും പറ്റിയതാണൊ? ഇസ് ലാമിക പരിഷ്ക്കരണ സംരംഭങ്ങളും പ്രസ്ഥാനങ്ങളുമായി ഇസ് ലാമിന്റെ നീണ്ടകാല ചരിത്രത്തിൽ പലതിനെക്കുറിച്ചും നാം വായിച്ചിരിക്കും. എന്നാൽ സ്ഥാപകരായി പ്രവർത്തിച്ച സഹകാരികൾത്തന്നെ പൊടുന്നനെ പൂർണമായും പിന്മാറ്റം നടത്തിയ ഒരൊറ്റപ്രസ്ഥാനവും- ജമാഅത്തെ ഇസ് ലാമിയെപ്പോലെ- ചരിത്രത്തിൽ കാണപ്പെട്ടിട്ടില്ല.

പിരിഞ്ഞുപോന്നവരിൽ പ്രമുഖർ
മൗദൂദിയുടെ ചിന്തയോടും പ്രവർത്തനങ്ങളോടും സഹകരിച്ച്, അതിന്നുവേണ്ടി വീറോടെ വാദിച്ച് അദ്ദേഹത്തോടൊപ്പം തുടരുകയും പിന്നീട് അതിൽ നിന്നൊക്കെ വിട്ടുമാറിപ്പോരുകയും ചെയ്ത അനേകം പണ്ഡിതന്മാരുണ്ട്. ലോകപ്രശസ്ത പണ്ഡിതനായ സയ്യിദ് അബുൽഹസൻ അലി നദ്വി അവരിൽ ഒന്നാമനാണ്. കൂടാതെ മഹാപണ്ഡിതനായ ശൈഖ് മൻസൂർ അഹ് മദ് നുഅ്മാനീ, മൗദൂദിയുടെ വലം കയ്യായിരുന്ന ഗ്രന്ഥകാരൻ അമീൻ അഹ്സൻ ഇസ്വ്ലാഹീ, മഹാചിന്തകനും "അൽമിമ്പർ' പത്രത്തിന്റെ സ്ഥാപകനുമായ ശൈഖ് മുഹമ്മദ് അശ്റഫ്, മറ്റൊരു പണ്ഡിതൻ ശൈഖ് സ്വിബ്ഗത്തുല്ലാ ബുഖ്ത്തിയാരീ, പ്രസിദ്ധ എഴുത്തുകാരനും അനേകം ഗ്രന്ഥങ്ങളുടെ കർത്താവും മുസ് ലിം ഇന്ത്യയുടെ ബ്രെയിനുമായി അറിയപ്പെടുന്ന മൗലാനാ വഹീദുദ്ദീൻ ഖാൻ മുതലായവർ ജമാഅത്തെ ഇസ് ലാമിയുമായി ബന്ധം വിടർത്തിയ പണ്ഡിതന്മാരിൽ പ്രമുഖരത്രെ. മൗദൂദി സാഹിബിന്റെ സഹകാരികളായി പ്രവർത്തിച്ചിരുന്ന ഇവർക്ക് സംഘടനയിൽ നൽകപ്പെട്ടിരുന്ന സ്ഥാനങ്ങളും പദവികളും അവർ സംഘടനക്കുവേണ്ടി അർപ്പിച്ച സേവനങ്ങളും ചെറുതായിരുന്നില്ല. ജമാഅത്തെ ഇസ് ലാമിയുടെ നെടും തൂണുകളായി അവർ കൊട്ടിഗ്ഘോഷിക്കപ്പെട്ടിരുന്നു. തന്റെ വീക്ഷണങ്ങൾക്കുള്ള പണ്ഡിതലോകത്തിന്റെ അംഗീകാരമായി ജമാഅത്തിൽ അവരുടെ അംഗത്വത്തെ മൗദൂദി സാഹിബ് ചൂണ്ടിക്കാണിക്കുക പോലും ചെയ്തിരുന്നു. തന്റെ സാഹിത്യങ്ങളോടൊപ്പം അവരുടെ കൃതികളും പ്രകാശനം ചെയ്ത് അവർക്ക് അദ്ദേഹം മതിപ്പുനൽകാതെയുമിരുന്നില്ല. പക്ഷെ, സ്വന്തം താൽപര്യത്തിന്നു വേണ്ടിയുള്ള ചൂഷണമായിരുന്നു അതെന്ന് പിന്നീടാണവർക്ക് ബോധ്യപ്പെട്ടത്. 
പ്രസ്തുത പണ്ഡിതന്മാരുടെ പിൻമാറ്റം എന്തുകൊണ്ട് എന്നതിന് ഒാരോരുത്തരെപ്പറ്റിയും ഒാരോന്യായങ്ങൾ അണികളെ തൃപ്തിപ്പെടുത്താൻ ജമാഅത്ത് നേതൃത്വം ആദ്യമൊക്കെ അവതരിപ്പിച്ചിരുന്നു. എന്നാൽ, നദ്വിയെപ്പോലെയുള്ളവർ മൗദൂദിയുടെ വീക്ഷണത്തിനെതിരെ തൂലിക ചലിപ്പിച്ച് സ്വയം വിശദീകരണത്തോടെ മുന്നോട്ടു വന്നപ്പോൾ ജമാഅത്തിന്റെ ആ ന്യായങ്ങളൊക്കെ ശുദ്ധ കളവെന്ന് പിന്നീട് തെളിയുകയുമുണ്ടായി. സ്ഥാപകരായ ഇത്രയേറെ പണ്ഡിതന്മാർ പിന്നീട് പിൻമാറിക്കളയുകയെന്നതുതന്നെ- ആരും വിശദീകരിച്ചില്ലെങ്കിലും- പ്രസ്ഥാനത്തിന്റെ പിഴവ് ഏതൊരാൾക്കും എളുപ്പം ബോധ്യപ്പെടാൻ ഒട്ടൊക്കെ സഹായകമാണല്ലൊ.)

ഒരാളുടെപോലും 
പിന്തുണയില്ല!
മൗദൂദി സാഹിബിന്റെ തെറ്റായ വാദങ്ങളും വീക്ഷണങ്ങളും ഒന്നിന്നുപുറകെ മറ്റൊന്നായി വെളിച്ചം കാണാൻ തുടങ്ങിയതോടെ പണ്ഡിതന്മാർ ഒാരോരുത്തരായി അദ്ദേഹത്തെ എതിർക്കാനും ഖണ്ഡിക്കാനും തയ്യാറായി. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ അദ്ദേഹത്തിന്റെയും ജമാഅത്തിന്റെയും പേരുതന്നെ അനഭിമതമായ രീതിയിൽ വീക്ഷിക്കപ്പെടുന്ന അവസ്ഥയാണ് തുടർന്നു സംജാതമായത്. മതപരവും ഇസ് ലാമികവുമായ ഒരു ചുറ്റുപാടിൽ ഏതൊരു ജമാഅത്തുകാരനും അനാഥത്വം അനുഭവപ്പെടുന്ന സ്ഥിതി മൗദൂദി വീക്ഷണത്തിന്റെ തകരാറല്ലാതെ മുസ് ലിം സമുദായത്തിന്റെ സ്വഭാവദൂഷ്യമായിരുന്നില്ല.

ശബ്ദം നൽകുന്ന 
അസ്തിത്വം
ഇന്ന് ജമാഅത്തെ ഇസ് ലാമി ചില കലാലയങ്ങളിലും യൂണിവേഴ്സിറ്റികളിലും ആധുനികരായി രംഗപ്രവേശം ചെയ്യുന്ന ദുസ്ഥിതിയാണ് യഥാർത്ഥത്തിലുള്ളത്. ദീനിന്റെ ആത്മീയമായ ചട്ടക്കൂടുകളിൽ നിന്ന് ദീനിന്റെ പേരിൽതന്നെ പുറത്തുചാടി തങ്ങളുടെ ഭൗതികവും രാഷ്ട്രീയവുമായ ഇച്ഛകൾക്കുള്ള സ്വാതന്ത്ര്യം ജമാഅത്തിലൂടെ അവർ കണ്ടെത്തിയിരിക്കുകയാണ്.
ദീനീ പണ്ഡിതന്മാരുടെ സപ്പോർട്ട് നഷ്ടപ്പെട്ട് കേവലം അഭ്യസ്തവിദ്യരായ ഏതാനും "മുറിവൈദ്യ'ന്മാരുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമുള്ള മതരാഷ്ട്രീയ ശബ്ദപ്രസ്ഥാനമായി, ഇസ് ലാമിന്റെ പേരിൽ പിടിച്ചുനിൽക്കുകയാണ് ഇന്ന് ആ പ്രസ്ഥാനം. കാശ്മീരും പാക്കിസ്ഥാനും പോലെ പലേടങ്ങളിലും തനി രാഷ്ട്രീയക്കളിയായിത്തന്നെ അതു മാറിക്കഴിഞ്ഞിട്ടുണ്ട്. വിപ്ലവത്തിന്റെ പേരിൽ കുറേ വീറും ആവേശവും ആ നിലക്കുള്ള വ്യവസ്ഥിതി വാദങ്ങളും രാഷ്ട്രീയക്കാരുമായുള്ള കിടമത്സരവും ഭരണാധികാരികളുമായുള്ള ഉരസലുമൊക്കെയായി ഇന്ന് അത് അതിന്റെ തനിനിറം പൂർണമായും പ്രതിഫലിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
മൗദൂദി സാഹിബിന്റെ വീക്ഷണം ഇൗ നിലയിൽ ഇസ് ലാമിന്നു വരുത്തിവെച്ച വിനകൾ ചില്ലറയല്ല; വളരെ ആഴത്തിലുള്ളതും ഇസ് ലാമിന്റെ അന്തസ്സത്തയായ ആത്മീയതയെയും അതിന്റെ ആകെത്തുകയായ അഭൗമിക ബന്ധവിശുദ്ധിയെയും തീരേ നിഷ്പ്രഭമാക്കി രണ്ടാം നിരയിലേക്ക് താഴ്ത്തി നിറുത്തിക്കൊണ്ടുള്ളതുമാണ്. തികച്ചും ഒരു പുതിയ മുഖമാണ് ഇസ് ലാമിന്ന് മൗദൂദി വീക്ഷണം നൽകുന്നത്. ഇസ് ലാമിന്റെ ചരിത്രാരംഭം തൊട്ട് ഒരിടത്തും തെളിഞ്ഞിട്ടില്ലാത്ത പ്രസ്തുത മുഖം മൗദൂദിയുടെ സ്വന്തം ചിന്തയും വ്യാഖ്യാനങ്ങൾ ആസൂത്രിതവുമാണ്. പ്രസ്തുത അവതരണക്കാഴ്ചയുടെ ഉദ്ദേശ്യം എത്ര ആത്മാർത്ഥമായിരിക്കട്ടെ ഇസ് ലാമിന്റെ അന്തസ്സിനെയും ദൈവികമായ ചട്ടക്കൂടിനെയും ക്രമീകരണത്തെയും വികൃതമാക്കുന്നുവെന്നതിൽ സംശയമേയില്ല.
(ജംഇയ്യത്തു ഉലമായേ ഹിൻന്ദിന്റെ അറബീ പത്രമായ അൽകിഫാഹ് ദൈ്വവാരികയിലെ ഒരു തുടർലേഖനത്തിന്റെ ആദ്യലക്കം ആശയവിവർത്തനം.)