2024 October 25
22 Rabiʻ II, 1446 AH
വിശ്വാസ്യത നഷ്ടമാകുന്ന പൊതു തിരഞ്ഞെടുപ്പുകൾ

വിശ്വാസ്യത നഷ്ടമാകുന്ന പൊതു തിരഞ്ഞെടുപ്പുകൾ

  • ഡോ. സുൽഫിക്കർ അലി

ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് സമ്മതിദാന അവകാശം. സുതാര്യതയും വിശ്വാസ്യതയുമാണ് അതിന്റെ പ്രധാന ഘടകങ്ങൾ. താൻ രേഖപ്പെടുത്തിയ വോട്ട് താൻ ഉദ്ദേശിച്ച വ്യക്തിക്കു തന്നെ ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പിന്റെ മുഖ്യ സംഘാടകരായ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിൽ നിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ഒടുവിലത്തെ തീരുമാനം വിവാദമായിരിക്കുകയാണ്. ഇന്ത്യാ മഹാരാജ്യത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷൻ അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ബില്ല് പാസാക്കുകയുണ്ടായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ഏതെങ്കിലുമൊരു കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ബില്ല് ഒട്ടേറെ ജനാധിപത്യ പ്രക്രിയകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. മഹാഭൂരിപക്ഷം വരുന്ന പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതിനു ശേഷമാണ് ഇൗ തീരുമാനം ചുട്ടെടുത്തത് എന്നതുകൂടി ചേർത്ത് വായിക്കുമ്പോൾ ഇതിൽ ദുരുദ്ദേശ്യമുണ്ടെന്ന് വ്യക്തമാണ്. 
സ്വതന്ത്രവും സുതാര്യവും പക്ഷപാത രഹിതവും സത്യസന്ധവുമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ ഭരണകൂടത്തിന് കീഴിലുള്ള ഒരു സ്ഥാപനമാക്കി മാറ്റാനുള്ള നിയമം ഏറെ അപകടകരമായ സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. മൂന്നംഗസമിതിയിൽ പ്രധാനമന്ത്രിയും ക്യാബിനറ്റ് മന്ത്രിയും ഉണ്ടെന്നിരിക്കെ ഏതു തീരുമാനവും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ നടത്താം എന്നുള്ള ധാർഷ്ട്യം ഇനിയുള്ള തീരുമാനങ്ങളിൽ പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഭരണകക്ഷിയുടെ നയവും നിലപാടുകളും ഇഷ്ടങ്ങളും താൽപര്യങ്ങളും മാത്രമായിരിക്കും ഇതിലും പ്രതിഫലിക്കുക എന്നതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ കാവലാളായി പ്രവർത്തിക്കേണ്ട മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പല ഭരണഘടനാ സ്ഥാപനങ്ങളെ പോലെയും സർക്കാരിന്റെ റാൻ മൂളിയായി മാറുന്നു എന്ന അത്യന്തം ഖേദകരമായ അവസ്ഥയാണ് വരാൻ പോകുന്നത്. ഭരണപക്ഷത്തിന്റെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന രൂപത്തിലുള്ള നിയമന രീതി ഉണ്ടാകുന്നപക്ഷം ജനാധിപത്യത്തിന്റെ അവസ്ഥ എന്തായി മാറുമെന്ന കാര്യത്തിൽ സന്ദേഹിക്കുന്നവർ ധാരാളമാണ്. ഭരണഘടനാ പദവിയിലുള്ള ഉയർന്ന വ്യക്തിത്വമായ സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ചേർന്ന സമിതിയായിരുന്നപ്പോൾ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്താൻ സാധിക്കുമായിരുന്നു. ഭരണഘടന ശിൽപികൾ വളരെ ദീർഘദൃഷ്ടിയോടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇൗ സംവിധാനത്തിന്റെ ഭാഗമായി മാറണം എന്നുള്ള തീരുമാനമെടുത്തിരുന്നത്. 
മുൻ എെ.എ.എസ് ഒാഫീസർ അരുൺ ഗോയലിനെ നടപടിക്രമങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച നടപടി സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചതിനും ഇതു സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടതിനുമുള്ള പ്രതികാരം കൂടിയാണ് ഇൗ പുതിയ ബില്ല് എന്ന അഭിപ്രായവും ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതിയിൽ സമഗ്രമായ മാറ്റം കൊണ്ടുവരണമെന്നും അത് നിഷ്പക്ഷവും നീതിപൂർവവുമാകണം എന്നുമുള്ള നിർദ്ദേശങ്ങൾ കൂടി സുപ്രീംകോടതി വിധിന്യായത്തിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ തന്നെ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കിയത്. തങ്ങൾക്ക് ഭൂരിപക്ഷം ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ഭരണകൂട വ്യവസ്ഥിതിയുടെ ധാർഷ്ട്യമാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്.
ബാലറ്റ് പേപ്പറിൽ നിന്ന് വോട്ടിങ് യന്ത്രത്തിലേക്ക് 
ബൂത്ത് പിടിച്ചെടുക്കലും കള്ളവോട്ടും അടക്കമുള്ള ഒരുപാട് അധാർമികതകൾ കൊടികുത്തി വാണിരുന്ന തെരഞ്ഞെടുപ്പു രംഗം പതുക്കെപ്പതുക്കെ വിശ്വാസ്യത നേടിയെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വരവ്. മഹാഭൂരിപക്ഷം ജനാധിപത്യ വിശ്വാസികളിലും നിലവിലുള്ള ഇ.വി.എം മെഷീനുകളുടെ സുതാര്യതയെ കുറിച്ച് ഏറെ സംശയങ്ങൾ ഉണ്ട് എന്നതാണ് വസ്തുത. വോട്ടവകാശം വിനിയോഗിക്കപ്പെടുമ്പോൾ അത് സത്യസന്ധവും സുതാര്യവുമാണ് എന്ന് ഉറപ്പുവരുത്താത്തിടത്തോളം കാലം ജനാധിപത്യം എന്ന പദത്തിന് തന്നെ പ്രസക്തി ഇല്ലാതായി മാറുകയാണ്.

വോട്ടിങ് യന്ത്രങ്ങൾ 
സുരക്ഷിതമോ?
1951ൽ പാർലമെന്റ് പാസാക്കിയ റപ്രസന്റേഷൻ ഒാഫ് പീപ്പിൾസ് ആക്ട് എന്ന നിയമപ്രകാരമാണ് ഇന്ത്യയിൽ തിരഞ്ഞെടുപ്പുകൾ നടത്തപ്പെടുന്നത്. സുതാര്യവും നീതിപൂർവകവുമായി തിരഞ്ഞെടുപ്പുകൾ നടത്താൻ ഇലക്ഷൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്. 1980കളിലാണ് ബാലറ്റ് പേപ്പറുകൾ മാറ്റി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിക്കാം എന്ന ആശയം ഇലക്ഷൻ കമ്മീഷൻ മുന്നോട്ടുവെക്കുന്നത്. 1982ൽ കേരളത്തിലെ പറവൂർ ഉപതെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംവിധാനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു. അന്ന് പരാജയപ്പെട്ട സ്ഥാനാർത്ഥി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് നിയമസാധുതയില്ല എന്ന് പറഞ്ഞു കേസ് കൊടുക്കുകയും സുപ്രീംകോടതി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ നിലവിലുള്ള നിയമപ്രകാരം ഉപയോഗിക്കാനാവില്ല എന്ന് വിധിക്കുകയുമുണ്ടായി. എന്നാൽ 1989 കേന്ദ്ര ഗവൺമെന്റ് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് നിയമപ്രാബല്യം നൽകുകയായിരുന്നു. 2004ലെ പൊതു തിരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് മണ്ഡലങ്ങളിലെല്ലാം വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. 
ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ സുതാര്യതയെ സംബന്ധിച്ചും, അത് ഹാക്ക് ചെയ്ത് അതിലെ വിവരങ്ങൾ മാറ്റിമറിക്കാവുന്നതിന്റെ സാധ്യതകളെപ്പറ്റിയുമൊക്കെ നിരവധി ചർച്ചകളും അഭിപ്രായങ്ങളും പുറത്തുവന്നിട്ടുണ്ട്. 2010-ൽ യൂണിവേഴ്സിറ്റി ഒാഫ് മിഷിഗൺന്റെ സഹായത്തോടുകൂടി ഹരിപ്രസാദ് എന്ന വ്യക്തി ഒരു ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സംഘടിപ്പിച്ചുകൊണ്ട് അതിലെ സുരക്ഷ ചോദ്യം ചെയ്യുകയുണ്ടായി. അദ്ദേഹം ഉന്നയിച്ച വാദങ്ങൾക്ക് ശാസ്ത്രീയമായി മറുപടി പറയുകയോ പരിഹാരം നിർദേശിക്കുകയോ ചെയ്യാതെ വോട്ടിങ് മെഷീനിലെ അട്ടിമറി സാധ്യതകൾ വിശദീകരിച്ച അദ്ദേഹത്തിനെതിരെ, അനധികൃതമായി വോട്ടിങ് മെഷീൻ കൈവശപ്പെടുത്തി എന്ന കുറ്റം ചുമത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ കേസ് കൊടുക്കുകയാണ് ഉണ്ടായത്. 
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തുറക്കാനായാൽ, അതിന്റെ ചിപ്പിനുള്ളിലെ ഡാറ്റകൾ മാറ്റിമറിക്കാൻ സാധിക്കും എന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇങ്ങനെ ഒരു സാധ്യത ഉണ്ടെങ്കിൽ അത് പരിഹരിക്കാതെ യന്ത്രം തുറക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് അന്ന് ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ വിശദീകരിച്ചത്. 
ഇന്ത്യയിൽ തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനുമിടയിൽ ദീർഘ ഇടവേളകളുള്ള രീതിയാണ് നിലവിലുള്ളത്. പലപ്പോഴും ആഴ്ചകൾ കഴിഞ്ഞിട്ടാണ് വോട്ട് എണ്ണുന്നത്. അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും അട്ടിമറി നടക്കാവുന്നതാണ്. വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയിലുള്ള കാലത്തെ യന്ത്രങ്ങളുടെ സുരക്ഷ അതീവ ഗൗരവമാണ്. വോട്ടിങ് യന്ത്രത്തിലെ നിർമാണ സമയത്തോ പിന്നീടോ ലോ ഫ്രീക്വൻസി ട്രാൻസ്മിറ്റർ ഉപയോഗിച്ചാൽ അതിലെ ഡാറ്റകൾ ആവശ്യമായ വിധത്തിൽ മാറ്റിമറിക്കാനാകും എന്ന ഒരു പഠന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പല വികസിത രാജ്യങ്ങളും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇൗ സാഹചര്യത്തിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റു ഭരണഘടനാ സ്ഥാപനങ്ങളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പറുകൾ തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്.
ഇന്ത്യയിൽ ഇയ്യിടെയായി ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരെ വ്യാപകമായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മുഖ്യമായും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത് നടക്കുന്നത്. അടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിൽ ജയ സാധ്യതയില്ലാത്ത സ്ഥാനാർത്ഥികൾക്ക് പ്രതീക്ഷിച്ചതിൽ കൂടുതൽ വോട്ടുകൾ ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ചില കേന്ദ്രങ്ങളിൽ നേരെ മറിച്ച് സംഭവിച്ചിട്ടുമുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഒഴിവാക്കി ബാലറ്റ് പേപ്പറിലേക്കുള്ള മടക്കമാണ് തിരഞ്ഞെടുപ്പിന്റെ സുതാര്യതക്ക് നല്ലത് എന്ന അഭിപ്രായത്തെ ശരിവെക്കുന്നതാണ് ഇൗ സംഭവങ്ങൾ. 

വോട്ടർ പട്ടിക 
പരിഷ്കരണം 
നിലവിലുള്ള വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി, പുതിയ അംഗങ്ങളെ ചേർക്കുകയും, മരണപ്പെട്ടവരെ ഒഴിവാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ദളിത് മുസ് ലിം പിന്നാക്ക വിഭാഗങ്ങളിൽ പെട്ട വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് ഒട്ടേറെ പരാതികൾ ലഭിച്ചെങ്കിലും ആ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയവരെ കൈകാര്യം ചെയ്യുന്നതിലെ പക്ഷപാതിത്വം ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സംരക്ഷണം നൽകുകയും മറ്റു വിഭാഗത്തിൽപ്പെട്ട ആളുകളെ കർശനമായി ശിക്ഷിക്കുകയും ചെയ്യുന്ന രീതിയാണ് പലപ്പോഴും തുടർന്നു വരുന്നതെന്നും ആക്ഷേപങ്ങളുണ്ട്.
നാലുകോടിയോളം മുസ് ലിങ്ങളും മൂന്നു കോടിയോളം വരുന്ന ദളിത് വിഭാഗവും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന ആരോപണം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ ഉന്നത പദവികളിൽ നിന്ന് വിരമിച്ച 145 സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഗൗരവമേറിയ ഒരുപാട് പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും വിശുദ്ധിയും നിലനിർത്താൻ ബാധ്യസ്ഥമായ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പലപ്പോഴും അതിനു മുതിരുന്നില്ല എന്നും, ഭരണകക്ഷി താൽപര്യം സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നുമൊക്കെയാണ് ഇൗ പരാതിയിലുള്ളത്. പരാതികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻധാരണയോടെ കാണുന്നു, പല പരാതികളും രേഖപ്പെടുത്തുന്നില്ല, ചില പരാതികൾക്ക് മാത്രം നടപടിയെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഇൗ പരാതിയിൽ പറയുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ നിർമാണവും അതിന്റെ സമ്പൂർണ നിയന്ത്രണവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അല്ല നടത്തുന്നത് എന്ന വസ്തുത കൂടി പരിഗണിക്കുമ്പോൾ ഗൗരവമേറിയ ചിന്തകളും ചർച്ചകളും ഇൗ വിഷയത്തിൽ ആവശ്യമാണെന്നതിൽ സംശയമില്ല.
ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ സുതാര്യവും സുരക്ഷിതവും ആയിരിക്കണമെന്ന ആവശ്യം ഏറെ പ്രസക്തമാണ്. കേവലം സുതാര്യത പോരാ. സുതാര്യമാണ് എന്ന് മറ്റുള്ളവർക്ക് കൂടി ബോധ്യപ്പെടണം എന്നതാണ് ജനങ്ങളുടെ ആവശ്യം.