സുഹൃത്തുക്കളും പരിചയക്കാരുമായി നമ്മുടെ സ്നേഹ ജനങ്ങൾ ഏറെ പേരുണ്ടാവും. ഒരാളോടുള്ള നമ്മുടെ സ്നേഹം മനസ്സിൽ അടക്കിവെച്ചാൽ പോരാ. അത് അവർക്ക് അനുഭവപ്പെടും വിധം പ്രകടിപ്പിക്കണമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. റസൂലി(സ്വ)ന് ഏറെ ഇഷ്ടമുളള സ്വഹാബിയായിരുന്നു മുആദ് ബിൻ ജബൽ(റ). അദ്ദേഹത്തോടുളള പ്രത്യേക വാത്സല്യം അവിടുന്ന് മറച്ചു വെച്ചില്ല. മുആദിന്റെ തോളിൽ കൈ വെച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: ""മുആദ്, താങ്കളെ എനിക്കിഷ്ടമാണ്. താങ്കൾക്ക് ഞാനൊരു ദുആ പറഞ്ഞു തരാം. എല്ലാ ഫർള് നമസ്കാരങ്ങൾക്ക് ശേഷവും താങ്കളത് മുടങ്ങാതെ ഉരുവിടുക. ""അല്ലാഹുമ്മ അഇന്നീ അലാ ദിക്രിക വശുക്രിക വഹുസ്നി ഇബാദത്തിക.''
(""അല്ലാഹുവേ, നീ എന്നെ നിനക്ക് ദിക്ർ ചെയ്യുകയും നിന്നോട് ശുക്ർ ചെയ്യുകയും നിനക്ക് നല്ല നിലയിൽ ഇബാദത്ത് ചെയ്യുന്നവനുമാക്കേണമേ.''(അബൂദാവൂദ്)
അർത്ഥ സമ്പുഷ്ടമായ ദുആ. തന്റെ അനുചരനോടുളള സ്നേഹ വാത്സല്യത്തിന് നബി(സ്വ) നൽകിയ വിലമതിക്കാനാവാത്ത സമ്മാനം. അന്ത്യനാൾ വരെയുളള സത്യവിശ്വാസികൾക്ക് മഹത്തരമായൊരു പ്രാർത്ഥനയും നമസ്കാരാനന്തരമുള്ള ഒരു പുണ്യകർമവും അതുവഴി പഠിപ്പിച്ചു. ദിക്റുകൾ കുറേ പഠിച്ചത് കൊണ്ട് മാത്രമായില്ല. അവ ചൊല്ലാനുളള മനസ്സും ഏകാഗ്രതയും കൂടി വേണം. പടച്ചവനോട് നന്ദിയുളളവരാവാനും ഇബാദത്തുകൾ ചെയ്യാനും അതേ മാനസികാവസ്ഥ ആവശ്യമാണ്.
ബീജ കണങ്ങൾ കൂടിച്ചേർന്ന് നാം ഉണ്ടായി. വിശേഷ ബുദ്ധി നൽകി നമ്മെ അല്ലാഹു അനുഗ്രഹിച്ചു. ജീവിതമാർഗം തെരഞ്ഞെടുക്കാനുളള വഴികളും നമുക്ക് തുറന്ന് തന്നു. ശേഷമവൻ നാം എങ്ങനെ അവ ഉപയോഗപ്പെടുത്തുന്നുവെന്ന് പരീക്ഷിക്കുന്നു. ഇൗ പരീക്ഷണത്തെക്കുറിച്ച് വിശുദ്ധ ക്വുർആൻ 76:2-3ൽ പ്രസ്താവിക്കുന്നത് കാണാം.
ജീവിതത്തിൽ അനുഗ്രഹങ്ങൾ വന്നു ചേരുമ്പോൾ കടന്നുവന്ന വഴി മറക്കുന്നവരാണ് അധിക പേരും. എന്നാൽ വിനയാന്വിതരായ സജ്ജനങ്ങൾ ഇതിന്നപവാദമായിരിക്കും. പ്രവാചകന്മാരുടെ ചരിത്രം ക്വുർആൻ നമുക്കിതിന് ഉദാഹരണമായി എടുത്തു കാണിക്കുന്നുണ്ട്. അസാധ്യമെന്ന് കരുതിയ കാര്യം സംഭവിച്ചപ്പോൾ തന്റെ മേന്മ കൊണ്ടാണെന്ന അഹങ്കാരം നിറഞ്ഞ ചിന്തക്ക് പകരം വിനീതനാവുന്ന പ്രവാചകന്റെ ചിത്രമാണ് നമുക്കിവിടെ ദർശിക്കാനാവുന്നത്. സബഅ് രാജ്ഞിയുടെ സിംഹാസനം ഞൊടിയിടയിൽ തന്റെ മുന്നിൽ എത്തിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളിൽ നിന്ന് അദ്ദേഹത്തിന്റെ കൃതജ്ഞതാബോധം നമുക്ക് വ്യക്തമാവും.
""വേദത്തിൽ നിന്നുള്ള ജ്ഞാനം കരഗതമാക്കിയിട്ടുള്ള ആൾ പറഞ്ഞു; താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാനത് താങ്കൾക്ക് കൊണ്ടു വന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്റെ അടുക്കൽ സ്ഥിതി ചെയ്യുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ നന്ദി കാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നൽകിയ അനുഗ്രഹത്തിൽപെട്ടതാകുന്നു ഇത്.'' (വി.ക്വു. 27:40)
ഇൗ ആയത്തിന്റെ "ഹാദാ മിൻ ഫള് ലി റബ്ബീ' എന്ന ഭാഗമെടുത്ത് വീട്ടിലും വാഹനത്തിലും മറ്റും എഴുതി വെക്കാറുണ്ട് പലരും. "ഇതെന്റെ റബ്ബിന്റെ അനുഗ്രഹത്തിൽ നിന്നുള്ളതാണ്' എന്നർത്ഥം. നല്ലത് തന്നെ. എന്നാൽ അതോടൊപ്പമുളള പ്രസക്ത ഭാഗം 'ഞാൻ നന്ദി കാണിക്കുമോ നന്ദികേട് കാണിക്കുമോ എന്ന് പരീക്ഷിക്കാനായിട്ടാണ് ഇത്' എന്നത് എവിടെയും കാണാറില്ല. ഇൗ വസ്തുത നമ്മുടെ ജീവിതത്തിൽ ഉൾക്കൊളളുക കൂടി ചെയ്തെങ്കിലേ ആ എഴുത്ത് അന്വർത്ഥമാവുകയുളളൂ.
പ്രപഞ്ച നാഥന്റെ മഹത്ത്വം മനസിലാക്കാൻ കഴിഞ്ഞതും സന്മാർഗത്തിലൂടെ വഴി നടത്താൻ ഒരു ദൂതനെ ലഭിച്ചു എന്നതും വലിയ അനുഗ്രഹമാണെന്നും അതിന്ന് നന്ദിയുള്ളവരായിത്തീരണമെന്നും ക്വുർആൻ ഉദ്ബോധിപ്പിക്കുമ്പോൾ ശുക്ർ ചെയ്യേണ്ടതിന്റെ അനിവാര്യതയാണ് നമുക്ക് ബോധ്യമാവുന്നത്.
""നമ്മുടെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് ഒാതിക്കേൾപിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങൾക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങൾക്ക് അറിവില്ലാത്തത് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തിൽ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങൾക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും. ആകയാൽ എന്നെ നിങ്ങൾ ഒാർക്കുക. എങ്കിൽ നിങ്ങളെ ഞാനും ഒാർക്കുന്നതാണ്. എന്നോട് നിങ്ങൾ നന്ദി കാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.'' (വി.ക്വു. 2:151, 152)
സൂറത്തു ഇസ്റാഇന്റെ തുടക്കത്തിൽ മനുഷ്യ സമൂഹത്തെ "നൂഹ് നബിയോടൊപ്പം കപ്പലിൽ കയറിയവരുടെ മക്കളേ' എന്ന് വിളിച്ചു കൊണ്ട് അല്ലാഹു വ്യക്തമാക്കുന്നത് കാണുക: ""നൂഹിനോടൊപ്പം നാം കപ്പലിൽ കയറ്റിയവരുടെ സന്തതികളേ, തീർച്ചയായും അദ്ദേഹം (നൂഹ്) വളരെ നന്ദിയുള്ള ഒരു ദാസനായിരുന്നു.'' (വി.ക്വു. 17:3)
മഹാ പ്രളയാനന്തരം കറ തീർന്ന ഏകദൈവ വിശ്വാസികൾ മാത്രമാണ് ലോകത്തുണ്ടായിരുന്നത്. മാത്രമല്ല, അല്ലാഹുവിന്റെ ശിക്ഷാ നടപടിയും ദൃഷ്ടാന്തങ്ങളും അനന്തര സംഭവങ്ങളും നേരിൽ ദർശിച്ചവരുമായിരുന്നു അവർ. അവരുടെ പുത്രന്മാരേ എന്ന് അഭിസംബോധന ചെയ്യുമ്പോൾ നേരിൽ അടിയുറച്ച പാരമ്പര്യമാണ് നമ്മുടേത് എന്ന ചിന്തയിലേക്ക് കൂടിയാണ് അല്ലാഹു നമ്മെ നയിക്കുന്നത്. ശേഷം നൂഹ്(അ) നന്ദിയുളള ദാസനായിരുന്നു എന്ന് പറഞ്ഞു വെക്കുകയും ചെയ്യുന്നു.
പ്രളയം അതിജീവിച്ച നൂഹ്(അ) അടക്കമുളള സത്യവിശ്വസികളെപ്പോലെ വിശ്വാസ ദാർഢ്യത്തിന്റെ കരുത്തുറ്റ ഉദാഹരണമായിരുന്നല്ലോ ഇബ്റാഹീം(അ). അല്ലാഹു അദ്ദേഹത്തെയും വിശേഷിപ്പിച്ചത് "നിഅ്മത്തുകൾക്ക് നന്ദിയുളളവൻ' എന്നാണ്. ""തീർച്ചയായും ഇബ്റാഹീം അല്ലാഹുവിന്ന് കീഴ്പെട്ടുജീവിക്കുന്ന, നേർവഴിയിൽ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവനായിരുന്നു അദ്ദേഹം.'' (വി.ക്വു. 16: 120,121)
കാലിൽ നീര് കെട്ടുവോളം രാത്രിയിൽ സുദീർഘമായി ക്വുർആൻ പാരായണം ചെയ്ത് നമസ്കരിച്ചിരുന്ന പ്രവാചകനോട്(സ്വ) "അങ്ങ് കഴിഞ്ഞതും ഇനി വന്നു പോകുന്നതുമായ പാപങ്ങളെല്ലാം പൊറുക്കപ്പെട്ടവരല്ലയോ എന്തിനിത്ര ത്യാഗം സഹിച്ച് നമസ്കരിക്കണം?' എന്ന് പരിതപിച്ച പത്നി ആഇശ(റ)യോട് റസൂൽ(സ്വ) പറഞ്ഞതും നൂഹിനെപ്പോലെ ഇബ്റാഹീമിനെപ്പോലെ "ഞാനും ഒരു നന്ദിയുളള അടിയാനാവണ്ടേ ആഇശാ' എന്നായിരുന്നല്ലോ. അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും നന്ദിയുളളവനാവണമെന്നും നബി(സ്വ)യോട് അല്ലാഹു നിർദേശിക്കുന്നുണ്ട്.
""നിന്നെ (അല്ലാഹു) അനാഥനായി കണ്ടെത്തുകയും എന്നിട്ട് നിനക്ക് ആശ്രയം നൽകുകയും നിന്നെ അവൻ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാർഗദർശനം നൽകുകയും നിന്നെ അവൻ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവൻ എെശ്വര്യം നൽകുകയും ചെയ്തില്ലയോ?'' (വി.ക്വു. 93:6-8) എന്ന് നബി(സ്വ)യെ അല്ലാഹു ഉണർത്തുന്നുണ്ട്. ""അല്ലാഹു നൽകിയ നിഅ്മത്തുകളെ നീ പറഞ്ഞു കൊണ്ടേയിരിക്കണ''മെന്നും ശേഷം ഉദ്ബോധിപ്പിക്കുന്നു. (93:11)
ദാരിദ്ര്യത്തിൽ നിന്ന് ധന്യതയിലേക്ക് എത്തിച്ചു എന്ന് അല്ലാഹു പറയുമ്പോൾ ധന്യതയെന്നത് ഭൗതിക വിഭവങ്ങളുടെ ആധിക്യമാണെന്ന ധാരണ തിരുത്തുക കൂടിയാണ് അല്ലാഹു. റമളാൻ മാസത്തിലെ പകൽ സമയങ്ങളിൽ പട്ടിണി കിടക്കുന്നതിന് പകരമായി രാത്രിയിൽ അതടക്കം കഴിക്കുന്നവരാണ് പലരും. എന്നാൽ റസൂലിന്റെ ഭവനങ്ങളിൽ പലപ്പോഴും മൂന്ന് ദിവസം തുടർച്ചയായി വയർ നിറയെ ആഹരിച്ചിട്ടില്ല എന്ന വസ്തുത കൂടി നാം ഒാർക്കണം.
ബദ്ർ സമരമുഖത്ത് റസൂൽ(സ്വ) സൈന്യത്തെ നയിക്കുമ്പോൾ അവിടുത്തെ പ്രിയ മകൾ റുക്വിയ്യ(റ) രോഗശയ്യയിലായിരുന്നു. ബദ്റിലെ വിജയാഘോഷ വേളയിൽ തിരുമേനി(സ്വ)യെ വരവേറ്റത് മകളുടെ മരണ വാർത്തയായിരുന്നു. അല്ലാഹുവിന്റെ ആദർശത്തിന് വേണ്ടി പടക്കളത്തിലിറങ്ങിയ നബി(സ്വ)ക്ക് തന്റെ മകളുടെ ജനാസ കാണാനുളള അവസരം പോലുമുണ്ടായിരുന്നില്ല.
അബുൽ ക്വാസിം എന്നറിയപ്പെട്ടിരുന്ന നബി(സ്വ)ക്ക് ആദ്യമായുണ്ടായ സന്തതിയാണ് ക്വാസിം. രണ്ട് വയസ്സു വരെ മാത്രമാണ് ക്വാസിം ജീവിച്ചത്. ഏഴ് മക്കളുണ്ടായിരുന്ന തിരുമേനി(സ്വ) വഫാത്താകുമ്പോൾ ഫാത്വിമ(റ) മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. ആറ്മക്കളുടെയും പേരമക്കളുടെയും തുടർച്ചയായ മരണങ്ങൾ അനുഭവിക്കേണ്ടി വന്ന വ്യക്തി കൂടിയാണ് റസൂൽ(സ്വ).
പ്രവാചക ഭവനത്തെ ഹുജ്റഃ (റൂം) എന്നാണ് ക്വുർആൻ വിശേഷിപ്പിച്ചത്. റസൂലിനെ ക്വബ്റടക്കിയത് ആഇശ(റ)യുടെ വീട്ടിലാണല്ലോ. അബൂബക്ർ(റ)വിനെയും നബി(സ്വ)യുടെ ക്വബ്റിന്നരികെയാണ് മറമാടിയത്. പിതാവിനും പ്രിയതമനുമൊപ്പം അവരുടെ ചാരത്ത് അന്ത്യവിശ്രമം കൊളളാൻ ആഇശ ബീവിക്ക് ആഗ്രഹമുണ്ടായിരുന്നു. ഉമർ(റ)വിന് നബിയുടെ ചാരെ അന്ത്യവിശ്രമം കൊളളാനുളള ആഗ്രഹമുണ്ടെന്നറിഞ്ഞ ആഇശ(റ) അനുവാദം നൽകുകയായിരുന്നു. നാലാമത് ഒരു ക്വബ്റിന്നു കൂടിയുളള സ്ഥലം ആ വീട്ടിലുണ്ടായിരുന്നെങ്കിൽ ആഇശ ബീവിയെ അവിടെ ക്വബ്റടക്കുമായിരുന്നു. അത്രപോലും വലുപ്പമില്ലാത്ത കൊച്ചു കുടിലായിരുന്നു പ്രവാചക ഭവനം! ആ പ്രവാചകരോടാണ് ""വ അമ്മാ ബിനിഅ്മതി റ്വബ്ബിക ഫഹദ്ദിഥ്'' (നിന്റെ റബ്ബിന്റെ നിഅ്മത്തിനെക്കുറിച്ച് നീ സംസാരിക്കണം) എന്ന് ക്വുർആൻ നിർദേശിച്ചത്. ആ പ്രവാചകരാണ് "എനിക്കൊരു നന്ദിയുളള അടിയാനാകണ്ടേ' എന്ന് ആശങ്കപ്പെട്ടത്.
നിഅ്മത്ത് (അനുഗ്രഹം), ഗിനാ (ധന്യത) എന്നിവ എങ്ങനെയെന്ന നമ്മുടെ ധാരണ തിരുത്തുകയാണ് ക്വുർആനും നബിവചനങ്ങളും.
""വിഭവങ്ങളിലെ ആധിക്യമല്ല, മനസ്സിന്റെ നിറവാണ് ധന്യത'' എന്ന പ്രവാചക വചനം കൂടി ഇവിടെ ചേർത്ത് വായിക്കാവുന്നതാണ്. ഇൗ ലോകത്ത് ജീവിക്കാനുളള സൗഭാഗ്യം ലഭിച്ചത് തന്നെ എന്തൊരനുഗ്രഹമാണെന്നാലോചിച്ച് നോക്കൂ. എത്ര നന്ദി പ്രകാശിപ്പിച്ചാൽ അതിന്ന് പകരമാവും? അതു കൊണ്ടാണ് ''ക്വലീലൻ മാ തശ്കുറൂൻ'' (കുറച്ചേ നിങ്ങൾ നന്ദി കാണിക്കുന്നുളളൂ) എന്ന് ക്വുർആൻ പ്രയോഗിച്ചത്.
നന്ദി ചെയ്യാനുളള മനസ്സുണ്ടാവുക എന്നത് തന്നെ വലിയ സൗഭാഗ്യമാണ്. ഭൗതിക വിഭവങ്ങളും സമ്പത്തും അധികാരവുമെല്ലാം ലഭിച്ചിട്ടും നന്ദികേടിൽ വിഹരിക്കുന്ന ദൗർഭാഗ്യവാന്മാർ എത്രയെത്ര ഇൗ ഭൂമുഖത്ത് ജീവിക്കുന്നു! മുആദ്(റ)വിന് നബി(സ്വ) പഠിപ്പിച്ച പ്രാർത്ഥനയുടെ പ്രാധാന്യം നമുക്കിവിടെ ബോധ്യമാവുന്നു.
ശുക്ർ
- അബൂ ഇസ്വ