2024 November 01
29 Rabiʻ II, 1446 AH
യുവത്വം നേരിൻ നിലപാട് പറയുമ്പോൾ

യുവത്വം നേരിൻ നിലപാട് പറയുമ്പോൾ

  • റഹ്മത്തുല്ല സ്വലാഹി പുത്തൂർ

യൗവ്വനത്തോളം സുപ്രധാനമായ ഒരു കാലഘട്ടംമനുഷ്യ ജീവിതത്തിലില്ല. സ്വന്തത്തിനും സ്വന്തക്കാർക്കും നാട്ടിനും വേണ്ടി ഏറെ കാര്യങ്ങൾ ചെയ്യാനാവുന്ന അനർഘനിമിഷങ്ങൾ....
 ആത്മീയ ചൂഷണങ്ങളുടെ ഗ്രാഫ് മുകളിലോട്ട് തന്നെ ഉയരുമ്പോൾ കടമ നിർവഹിക്കുന്നതിൽ മുന്നിൽ നിൽക്കാൻ യുവത്വത്തിനാവണം. വലംബിരിശംഖും വിവിധ തരം മോതിരങ്ങളും ഉറുക്കും എെക്കല്ലും ഏലസ്സും ചൂഷണങ്ങുടെ വലവിരിച്ചു കൊണ്ടു തന്നെയിരിക്കുമ്പോൾ കറപുരളാത്ത ആത്മീയതയെ പറഞ്ഞു കൊണ്ടേയിരിക്കണം. ശവകുടീരങ്ങളിലുംജാറ മക്വ് ബറകളിലും പണയപ്പെടുത്തിയ ഹൃദയങ്ങളിൽ പ്രപഞ്ചനാഥനെക്കുറിച്ചുള്ള അചഞ്ചലമായ വിശ്വാസം ഉൗട്ടിയുറപ്പിക്കുന്ന നേര് പറയാനാണ് തിരക്കുകൾക്കിടയിലും യുവത്വം സമയം കണ്ടെത്തേണ്ടത്.
 ആധുനിക മീഡിയകളിലും വഴിയോരങ്ങളിലും സമയം കൊന്ന് തീർക്കുന്ന യുവത്വത്തെയല്ല സമൂഹം ആഗ്രഹിക്കുന്നത്. മറിച്ച് വിശുദ്ധ ക്വുർആനിൽ പ്രതിപാദിച്ച ഒന്നിൽ നിന്ന് വിരമിച്ചാൽപിറകെ മറ്റൊന്നിൽ വ്യാപൃതമാവുന്ന യൗവ്വനത്തെയാണ്.
 ജീവിത യാത്രയിലെ മാനസിക സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ജീവന്റെ കഴുത്തിന് പിടിക്കുന്ന ലഹരികളിൽ അഭയം തേടുന്നവർ നാട്ടിലും നഗരങ്ങളിലുമുണ്ട്. എല്ലാ ലഹരി പദാർത്ഥങ്ങളും ഇഹത്തിലും പരത്തിലും വിനാശമാണെന്ന് പറയുന്നേടത്താണ് നേരുള്ളത്. നിയമം കുരുക്ക് മുറുക്കുമ്പോഴും എം.ഡി.എം എ അടക്കമുള്ള വിഷം ചീറ്റുന്ന ലഹരി വാർത്തകൾക്ക് തെല്ലും കുറവില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. അധാർമികതയുടെ വേലിയേറ്റത്തിൽ നാം കാത്തുവെച്ച മഹത്തായ പൈതൃകവും ധാർമികമൂല്യങ്ങളുമാണ് തകർക്കപ്പെടുന്നത്. തവക്കുലും തക്വ് വയും നെഞ്ചേറ്റിയവർക്കാണ് ധാർമിക പാതയിൽ കാലിടറാതെ നിൽക്കാനാവുക.
സോഷ്യൽ മീഡിയയിലെ വഴിവിട്ട ചാറ്റിങുകൾ കണ്ണീരിൽ ചെന്നെത്തുന്ന അവസ്ഥ നിത്യസംഭവമായിരിക്കുന്നു. ലിബറൽ ചിന്തകൾക്ക് വെള്ളവും വളവും നൽകുന്നതും സൈബറിടങ്ങൾ തന്നെയാണ്. ആണും പെണ്ണും വേർതിരിച്ചറിയാത്ത വേഷവിധാനങ്ങളും സ്വഭാവ പെരുമാറ്റങ്ങളും കുഗ്രാമങ്ങളിൽ അടക്കം നിറഞ്ഞാടുമ്പോൾ നേര് പറഞ്ഞു കൊടുക്കേണ്ടവർക്ക് എങ്ങിനെ നിശബ്ദരായിരിക്കാനാവും ! ?
പുരോഗമനത്തിന്റെയും ശാസ്ത്രത്തിന്റെയും ബാലപാഠം പോലുമറിയാത്തവർ ശാസ്ത്രത്തിന്റെ മൊത്തക്കുത്തക അവകാശപ്പെട്ട് രംഗപ്രവേശം ചെയ്യുമ്പോൾ അത്തരക്കാരുടെ വികല ആശയങ്ങൾ തുറന്നു കാട്ടാൻ മതപ്രമാണ പഠനത്തിന്റെ അടിവേരുള്ള യുവത്വത്തിനേ സാധ്യമാകൂ.
വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന നീക്കങ്ങൾ ആസൂത്രണം ചെയ്യപ്പെടുമ്പോഴും "ഇന്ത്യ' യുടെ അടുക്കും ചിട്ടയുമുള്ള മുന്നേറ്റങ്ങൾ മതേതര ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കുന്നവർക്ക് കരുത്തും ധൈര്യവും നൽകുന്നുണ്ട്. ഇവിടെ സ്നേഹവും ശാന്തിയും സമാധാനവും അണഞ്ഞു പോകാതെ നിൽക്കണം. ആരും ഒറ്റപ്പെടാത്ത, എല്ലാവരെയും ചേർത്തുപിടിക്കുന്ന ഒരേയൊരു ഇന്ത്യക്കായിട്ടാണ് ജനിച്ചു വളർന്ന മണ്ണിന്റെ മക്കളായ നമ്മുടെ നിതാന്ത പരിശ്രമം. സർവ മേഖലകളിലും "നേരാണ് നിലപാട് എന്ന് "നമുക്ക് ചേർന്ന് നിന്ന് ഉറക്കെ പറയാം.
 കെ.എൻ.എം യുവഘടകമായ എെ.എസ്.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് എറണാകുളത്തിന്റെ വിരിമാറൊരുങ്ങുമ്പോൾ അത് നവോത്ഥാന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും. ഇൗ ആദർശ യൗവ്വനത്തിന് സർവശക്തനായ റബ്ബിന്റെ അനുഗ്രഹമുണ്ടാവട്ടെ.