2024 November 15
13 Jumada I, 1446 AH
ഇസ്ലാമിനെ വികൃതമാക്കുന്ന ശവകുടീര വ്യവസായം

ഇസ്ലാമിനെ വികൃതമാക്കുന്ന ശവകുടീര വ്യവസായം

  • മായിൻകുട്ടി സുല്ലമി

മരത്തിൽ ഇത്തിൾക്കണ്ണി കയറുന്നതു പോലെയാണ് മതത്തിൽ പൗരോഹിത്യം. ഇത്തിൾക്കണ്ണിയുടെ വളർച്ചയും ആധിക്യവും മരത്തെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കാറുണ്ട്. അതുപോലെയാണ് മതത്തിൽ കയറിക്കൂടിയ പുത്തൻ വിശ്വാസങ്ങളും ആചാരങ്ങളും. അതുകാരണം ഒറിജിനലും വ്യാജവും തിരിച്ചറിയാൻ കഴിയാതെ പോകുന്നു. ഇത്തിൾക്കണ്ണി വെട്ടിമാറ്റാൻ ശ്രമിക്കുമ്പോൾ മരത്തെ വെട്ടിമാറ്റുന്നുവെന്ന് ബഹളം വെക്കുന്നതുപോലെയാണ് ബിദ്അത്തുകളെ വിമർശിക്കുമ്പോഴുള്ളപുരോഹിതന്മാരുടെ ബഹളവും. അതിന്റെ ഭാഗമായി സാധാരണക്കാരെ ഇളക്കി വിടുക, വിവാഹം മുടക്കുക, ഉൗരുവിലക്കുക തുടങ്ങിയ ഫിത്നകൾ അവർ നടപ്പിലാക്കും. ഇസ് ലാമിൽ പൗരോഹിത്യമില്ല. എന്നാൽ അതിന്റെ ഭൗതികനേട്ടം മനസ്സിലാക്കിയവർ പൗരോഹിത്യത്തെ പുനഃസ്ഥാപിക്കുവാൻ എന്നും ശ്രമിച്ചിട്ടുണ്ട്. ദൈവത്തിന്റെ പ്രതിനിധികളായി അവർ ചമയും. പ്രവാചകന്മാരുടെ അധ്യാപനങ്ങൾ ബിദ്അത്തിന്റെ എണ്ണപ്പാത്തിയിലിട്ട് കുളിപ്പിച്ചു കിടത്തും. പുതിയ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ക്രമേണ സ്ഥാപിച്ചെടുക്കും. "മെല്ലെ തിന്നാൽ മുള്ളും തിന്നാം' എന്നു പറയുന്നതു പോലെ മെല്ലെ മെല്ലെ പലതും മതത്തിന്റെ പേരിൽ ആവിഷ്ക്കരിച്ചു നടപ്പിലാക്കും.
സാമ്പത്തിക ലാഭേച്ഛയില്ലാത്ത ബിദ്അത്തുകളും ഇല്ലാതില്ല. അതിന്റെ പ്രേരകം സദുദ്ദേശ്യമായിരിക്കും. പക്ഷെ, ഇസ് ലാമിൽ അത് പറ്റില്ല. അതിന്റെ നിയമം സമ്പൂർണവും സാർവകാലികവും സാർവജനീനവുമാണ്. പ്രവാചകൻ(സ്വ) പഠിപ്പിച്ചതിലപ്പുറം ഇസ് ലാമിൽ ആരുടെ വകയും കൂട്ടിച്ചേർക്കൽ വേണ്ട. നബിവചനങ്ങളിൽ നിന്ന് തന്നെ അത് മനസ്സിലാക്കാം. ""അനസ്(റ) നിവേദനം: ഒരിക്കൽ മൂന്നാളുകൾ നബിയുടെ(സ്വ) ആരാധനയെപ്പറ്റി അന്വേഷിച്ചറിയാൻ വേണ്ടി ഭാര്യമാരുടെ അടുക്കൽ ചെല്ലുകയുണ്ടായി. ഭാര്യമാർ വിവരം പറഞ്ഞപ്പോൾ അതു തീരെ പോരാ എന്നു തോന്നിയ അവർ പറഞ്ഞു. നാം എവിടെ? നബി(സ്വ) എവിടെ? അവിടുത്തെ കഴിഞ്ഞതും വരാൻ പോകുന്നതുമായ മുഴുവൻ പാപങ്ങളും അല്ലാഹു പൊറുത്ത് കൊടുത്തതല്ലേ. ഇതും പറഞ്ഞ് അവരിൽ ഒരാൾ പറഞ്ഞു. ഞാൻ ഇനി മേലിൽ സദാ നമസ്കാരത്തിലായിരിക്കും. രണ്ടാമൻ, ഞാൻ ഇനി എല്ലാ ദിവസവും നോമ്പ് നോൽക്കും. നോമ്പില്ലാത്ത ദിവസമേ ഉണ്ടാവില്ല. മൂന്നാമൻ : ഞാൻ സ്ത്രീകളെ പാടെ വർജിക്കും. ഒരിക്കലും വിവാഹം ചെയ്യില്ല. ഇവരുടെ വിവരം അറിഞ്ഞു പ്രവാചകൻ - അവരോട് ചോദിച്ചു. നിങ്ങളാണോ ഇവ്വിധമൊക്കെ പറഞ്ഞത്? എന്നാൽ അല്ലാഹുവാണ, നിങ്ങളെക്കാൾ അല്ലാഹുവിനെ ഭയപ്പെടുന്നവനും അവനോട് ഭയഭക്തിയുള്ളവനും ഞാനാണ്. ഞാൻ നോമ്പ് നോൽക്കും. നോമ്പ് ഒഴിവാക്കും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. ഞാൻ വിവാഹം ചെയ്തിട്ടുണ്ട്. ഭാര്യമാരുണ്ട്. എന്നാൽ എന്റെ നടപടി വിട്ടു മറ്റു വല്ലതും ആരെങ്കിലും ആഗ്രഹിക്കുന്നപക്ഷം അവൻ എന്റെ കൂട്ടത്തിൽ പെട്ടവനല്ല. (ബുഖാരി, മുസ് ലിം)
നോമ്പും നമസ്കാരവും സകാത്തും ഹജ്ജുമെല്ലാം ഇസ് ലാമിന്റെ സ്തംഭങ്ങളാണ്. അതിന്റെ നിർവഹണരൂപവും സമയവുമെല്ലാം അല്ലാഹുവും അവന്റെ റസൂലും തന്നെ പഠിപ്പിച്ചിട്ടുണ്ട്. നബിയുടെ (സ്വ) അനുചരന്മാർ അഥവാ സ്വഹാബികൾ അത് പ്രയോഗവൽക്കരിക്കുകയും ചെയ്തു. അത് അപ്പടി തുടരുകയാണ് വേണ്ടത്. ആരാധനാപരമായ ഒരു കർമവും അന്നില്ലാത്തത് ഇസ് ലാമിന്റെ പേരിൽ ഇന്ന് വേണ്ട. പൗരോഹിത്യം മതത്തിന്റെ മറവിൽ നടത്തുന്ന ചൂഷണമാണത്. സിയാറത്തിന്റെ പേരിൽ നാട് ഒട്ടുക്കും ജാറം കെട്ടിപ്പൊക്കി ശവകുടീര വ്യവസായം നടത്തുന്ന കാഴ്ചയാണ് ഇന്നുള്ളത്. വാർഡ് തലം മുതൽ വേൾഡ് തലം വരെ പലതരം ജാറങ്ങൾ മറയാക്കി മെയ്യനങ്ങാതെ ചുളുവിൽ പണംവാരിക്കൂട്ടുന്നു. തീയിലേക്ക് ഇൗയാംപാറ്റ കണക്കെ ജനങ്ങൾ സിയാറത്ത് ടൂറെന്ന പേരിൽ കൊടിയശിർക്കിലേക്ക് ആപതിക്കുന്നു.എല്ലാം പൗരോഹിത്യത്തിന്റെ തണലിൽ. 
ഏട്ടിലുള്ളതല്ല നാട്ടിൽ നടപ്പാക്കുന്നത്. നബി(സ്വ) പറയുന്നു. ജാബിർ(റ) നിവേദനം. ""ക്വബ് ർ ചെത്തിത്തേക്കുന്നതും അതിന്റെ മേൽ ഇരിക്കുന്നതും, കെട്ടിടം പണിയുന്നതും നബി(സ്വ) നിരോധിച്ചിരിക്കുന്നു.'' (മുസ് ലിം) "അബുൽ ഹയ്യാജ് അൽ അസദിയിൽ നിന്ന്: അദ്ദേഹം പറയുന്നു. അലിയ്യുബ്നു അബീ ത്വാലിബ് എന്നോട് പറഞ്ഞു. റസൂൽ(സ്വ) എന്നെ ഏൽപിച്ച ദൗത്യം ഞാൻ താങ്കളെ ഏൽപിക്കുകയാണ്. ഒരു പ്രതിമയും ഉടക്കാതെയും ഉയർന്നു നിൽക്കുന്ന ഒരു ക്വബ്റും തട്ടി നിരപ്പാക്കാതെയും താങ്കൾ ബാക്കിയാക്കരുത്.'' (മുസ് ലിം) നമ്മുടെ നാട്ടിലെ സ്ഥിതി എന്താണ്? തരം തരം ജാറങ്ങൾ, മക്വാമുകൾ, ഉൗരും പേരും അറിയാത്ത മൺകൂനകൾ അടിക്കടി പൊങ്ങിവരുന്നു. കവി പറഞ്ഞതുപോലെ. ""ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം'' ക്വബ് ർ കെട്ടിപ്പൊക്കുന്നത് നബി(സ്വ) ആവർത്തിച്ചാവർത്തിച്ചു നിരോധിച്ച കാര്യമാണ്. ഭൂമിയിൽ നിന്ന് ഒരു ചാണിലധികം ഉയർത്തുകയോ അതിന് മുകളിൽ എന്തെങ്കിലും കെട്ടിയുണ്ടാക്കുകയോ കുമ്മായം പൂശുകയോ പാടില്ല. ഇതാണ് ഇസ് ലാമിക മര്യാദയും നിയമവും. നമ്മുടെ നാട്ടിൽ ഭൂരിപക്ഷവും അവകാശപ്പെടുന്നത് തങ്ങൾ ശാഫിഇകളാണെന്നാണ്. എന്നാൽ, പല നടപടികളിലും ശാഫിഇൗയെയും മദ്ഹബിനെയും അവർ അവഗണിക്കുന്നു. പണത്തിന്റെ മാസ്മരിസമാണ് എവിടെയും. പണത്തിന് മുകളിൽ പരുന്തും പറക്കില്ല. പൗരോഹിത്യത്തിന്റെ തനിനിറം വിശുദ്ധ ക്വുർആൻ വ്യക്തമാക്കുന്നു""സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്നു.'' (വി.ക്വു. 9:34)
ഒരു ക്വബ്റോ, മയ്യിത്തോ കിട്ടിയാൽ ശവകുടീര വ്യവസായികൾക്ക് വലിയ സന്തോഷമാണ്. അത് കെട്ടിപ്പൊക്കി, പെയിന്റടിച്ച്, പുതക്കുകയും സുഗന്ധം പൂശുകയും ചെയ്യും. വൈദ്യുത ദീപങ്ങളുടെ അലങ്കാരത്തിൽ അവിടെ വിശുദ്ധ ക്വുർആൻ പാരായണവും, യാസീൻ ഒാത്തും അരങ്ങേറും. അനവധി ഖദ്ദാമീങ്ങൾ പട്ടുമൂടാനും, ചന്ദനത്തിരിയുടെ പൊടി വാങ്ങാനും യാസീൻ ഒാതിയത് വാങ്ങാനും തലങ്ങും വിലങ്ങും പരക്കം പായും. ആഗ്രഹസഫലീകരണത്തിനും ആപത്ത് ദുരീകരിക്കുന്നതിനും കണ്ണീരൊലിപ്പിച്ച് പ്രാർത്ഥിക്കും. ഇടനെഞ്ച് പൊട്ടിക്കൊണ്ടുള്ള പ്രാർത്ഥന. ഉറൂസും നേർച്ചയും ചന്ദനക്കുടം പേറി നടക്കലും, പലതരം പേക്കൂത്തുകൾ. ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെയും മറ്റ് വസ്തുക്കളുടെയും വരുമാനം. ശവകുടീരങ്ങളെ ചുറ്റിപ്പറ്റി ഇല്ലാത്ത ഒൗലിയയുടെ വല്ലാത്ത പോരിശകൾ പറഞ്ഞു പരത്തും. അധികവും സ്വപ്ന കഥകളായിരിക്കും. അനുമാനങ്ങളും കെട്ടുകഥകളും എഴുതിയ പുസ്തകങ്ങൾ തയ്യാറാക്കും. മാലകളും തവസ്സുൽ ഗീതങ്ങളും പാടി ത്തിമിർക്കുന്നവരുണ്ടാകും. ഏജന്റുമാർ ഇല്ലെന്നും നേർച്ച നേരിട്ട് ഏൽപിക്കണമെന്നും പ്രഖ്യാപനമുണ്ടാവും.ഹറാമുകളുടെശൃംഖല തന്നെ. ഏത് ഹറാമും ഹലാലാക്കിക്കൊടുക്കാൻ പുരോഹിതന്മാർ പന്തലിച്ചു നിൽക്കുന്ന പൗരോഹിത്യത്തിന്റെ തണൽ. ഇവർ നടത്തുന്ന ഗുരുതരമായ അട്ടിമറിയെക്കുറിച്ച് വിശുദ്ധ ക്വുർആൻ പറയുന്നത് നോക്കൂ.
""പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മർയമിന്റെ മകനായ മസീഹിനെയും അല്ലാഹുവിനു പുറമെ റബ്ബുകളായി അവർ സ്വീകരിച്ചു. എന്നാൽ ഏകദൈവത്തെ ആരാധിക്കുവാൻ വേണ്ടി മാത്രമായിരുന്നു അവർ കൽപിക്കപ്പെട്ടിരുന്നത്. അവനല്ലാതെ ഒരു ദൈവവുമില്ല. അവർ പങ്ക് ചേർക്കുന്നതിൽ നിന്ന് അവനെത്രയോ പരിശുദ്ധൻ'' (വി.ക്വു. 9:31) നബി(സ്വ) ഇത് പാരായണം ചെയ്യുന്നത് അദിയ്യ്ബ്നു ഹാതിം(റ) കേൾക്കാനിടയായി. അദ്ദേഹം നേരത്തെ ക്രിസ്തുമതത്തിലായിരുന്നു. ""ഞങ്ങൾ അവരെ (പുരോഹിതരെ) ആരാധിക്കുന്നില്ലല്ലോ എന്നദ്ദേഹം പറഞ്ഞു. അപ്പോൾ നബി(സ്വ) പറഞ്ഞു. അല്ലാഹു നിഷിദ്ധമാക്കിയവയെ അവർ അനുവദിച്ചുകൊടുക്കുന്നു. അപ്പോൾ നിങ്ങളതിനെ അനുവദനീയമായി കാണുന്നു. അല്ലാഹു അനുവദിച്ചതാകട്ടെ അവർ നിഷിദ്ധമാക്കുന്നു. അപ്പോൾ നിങ്ങളതിനെ നിഷിദ്ധമായി കാണുന്നുമില്ലേ? അപ്പോൾ അദിയ്യ്(റ) പറഞ്ഞു. അതെ. നബി(സ്വ) പറഞ്ഞു. അത് തന്നെയാണ് അവർക്കുള്ള ആരാധന.'' (തിർമിദി) ക്വബ് ർ കെട്ടിപ്പൊക്കുന്നതും അവിടെ ആഘോഷവും ആരാധനകളും നടത്തുന്നതും ഇസ് ലാം വിലക്കി. അഥവാ ഹറാമാക്കി. ഇന്നിതെല്ലാം പുരോഹിതന്മാർ ഹലാലാക്കി. ക്വബ് ർ സിയാറത്തിനെക്കുറിച്ച് നബി(സ്വ) പറയുന്നു. ""ക്വബ് ർ സന്ദർശനം നേരത്തെ ഞാൻ വിരോധിച്ചിരുന്നു. ഇനി നിങ്ങൾ സന്ദർശിക്കുക. അത് നിങ്ങളിൽ പരലോകബോധമുണ്ടാക്കും.'' (മുസ് ലിം) മറ്റൊരു റിപ്പോർട്ടിൽ 'അത് ഹൃദയത്തെ നിർമലമാക്കും, മരണചിന്തയുണ്ടാക്കും' എന്നും കാണാം. ക്വബ്റാളികൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ അവിടുന്ന് നിർദേശിച്ചു. നബിനിർദേശിച്ച കാര്യങ്ങൾ തന്നെയാണോ ജാറങ്ങളിലും മക്വാമുകളിലും ഇന്ന് കാണുന്നത്? മരണചിന്തക്കും പരലോക ചിന്തക്കും പകരം സാമ്പത്തിക ചിന്തകളും അധാർമിക പ്രവണതകളുമല്ലേ ശവകുടീര വ്യവസായത്തിൽ മികച്ചുനിൽക്കുന്നത്.ജനങ്ങളെ പൗരോഹിത്യത്തിന്റെ നീരാളിക്കയറ്റത്തിൽ നിന്ന് രക്ഷപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
"സിയാറത്തുൽ സറക്വുബൂർ' എന്ന ലേബലിൽ തട്ടിപ്പുകളുടെ പരമ്പരയാണ് പുരോഹിതന്മാർ നടത്തുന്നത്. "ക്വബ്റിടം' ആരാധനാലയമാക്കുന്നത് അല്ലാഹുവിന്റെ ശാപം ഏൽക്കുന്ന കാര്യമാണ്. ജൂതകൈ്രസ്തവ വിഭാഗക്കാരെ അന്ധമായി അനുകരിക്കുന്ന ഇൗ പ്രവണത ശിയാക്കളിലെ "റാഫിളി'യാക്കൾ പകർത്തിയെടുത്തു. അങ്ങനെ ശിആക്കളിൽ അത് വ്യാപകമായി.അവരിൽ നിന്ന് സ്വൂഫി പിന്നെ അത്ഏറ്റെടുത്തു. അനന്തരം സുന്നികൾ എന്ന് പറയുന്നവരിലേക്ക് ഇൗ അനാചാരം പരന്നൊഴുകി. നബി(സ്വ) അങ്ങേയറ്റംഇതിനെക്കുറിച്ച് സമൂഹത്തെ താക്കീത് നൽകിയതാണ്. ""ആഇശ(റ) നിവേദനം: നബി (സ്വ) മരണശയ്യയിലായിരിക്കെ അവിടുത്തെ ഭാര്യമാരിൽ ഒരാൾ അബ്സീനിയയിൽ കണ്ട ഒരു കൈ്രസ്തവ കനീസയുടെ കാര്യം പരാമർശിക്കുകയുണ്ടായി. മാരിയ എന്നായിരുന്നു കനീസയുടെ പേര്. ഉമ്മുസലമ(റ), ഉമ്മുഹബീബ(റ) എന്നിവർ നേരത്തെ അബ്സീനിയയിൽ പോയിരുന്നു. അവർ ആ കനീസയുടെ ഭംഗിയെപ്പറ്റിയും അവിടെയുള്ള പ്രതിമകളെപ്പറ്റിയും പരാമർശിച്ചു. അപ്പോൾ നബി (സ്വ) തലയുയർത്തിയിട്ട് പറഞ്ഞു. അവർ അവരിൽ നിന്ന് ഒരു നല്ല മനുഷ്യൻ മരണപ്പെട്ടു കഴിഞ്ഞാൽ, അദ്ദേഹത്തിന്റെ ക്വബ്റിന്മേൽ ആരാധനാലയം പണിയും. പിന്നീട് അയാളുടെപ്രതിമ സ്ഥാപിക്കും. അവർ അല്ലാഹുവിന്റെ അടുക്കൽ സൃഷ്ടികളിലെ ഏറ്റവും ദുഷ്ടരാണ്.'' (ബുഖാരി) ക്വബ് ർ കെട്ടിപ്പൊക്കി ആരാധനാലയം സ്ഥാപിച്ചവരെക്കുറിച്ചാണ് "സൃഷ്ടികളിൽ നീചർ' എന്ന് നബി(സ്വ) വിശേഷിപ്പിച്ചത്. അവർ അതിൽ ചിത്രങ്ങളും രൂപങ്ങളും വെച്ചിരുന്നു. ഞങ്ങൾ അത് ചെയ്യുന്നില്ലല്ലോ എന്ന് ഇന്നത്തെ പുരോഹിതർ പറഞ്ഞേക്കാം. അത് കുത്തനെ നിൽക്കുന്ന വിഗ്രഹം. ഇത് കിടത്തിവെച്ച വിഗ്രഹം. വ്യത്യാസം എന്ത്? ഇതിന്റെ ഗൗരവം ഇമാം റാസി പറയുന്നത് കാണാം. ""നിശ്ചയം, നിഷേധികൾ അവരുടെ പ്രവാചകന്മാരുടെയും മഹാന്മാരുടെയും രൂപത്തിലായിരുന്നു വിഗ്രഹങ്ങളും പ്രതിമകളും സ്ഥാപിച്ചത്. പ്രതിമകൾക്ക് ആരാധനകൾ ചെയ്താൽ ആ മഹാന്മാർ തങ്ങൾക്ക് വേണ്ടി അല്ലാഹുവിന്റെയടുക്കൽ ശിപാർശ ചെയ്യുമെന്നായിരുന്നു അവരുടെ ജൽപനം. ഇതിന് സമാനമാണ് ഇന്ന് അനേകമാളുകൾ മഹാന്മാരുടെ ക്വബ്റുകൾ വന്ദിക്കുന്നതിൽ മുഴുകിയിരിക്കുന്നത്. മഹാന്മാരുടെ ക്വബ്റുകൾ ബഹുമാനിച്ചാൽ അവർ തങ്ങൾക്ക് വേണ്ടി അല്ലാഹുവിന്റെയടുക്കൽ ശിപാർശ ചെയ്യുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.'' സൂറത്തു യൂനുസ് പതിനെട്ടാമത്തെ ആയത്ത് വ്യാഖ്യാനിക്കുമ്പോഴാണ് ഇമാം റാസി ഇപ്രകാരം പറഞ്ഞിട്ടുള്ളത്. സ്വാലിഹീങ്ങളുടെ ക്വബ്റുകൾ കെട്ടിപ്പൊക്കുന്നതിന് വിരോധമില്ലെന്ന് ജൽപിക്കുന്നവരുടെ ന്യായത്തെ മേൽ നബിവചനം പൊളിച്ചുകളയുന്നു. ഇമാം റാസിയും അതിലേക്ക് തന്നെയാണ് വെളിച്ചം വീശിയത്.
നബി(സ്വ) തന്റെ മരണത്തിന് അഞ്ച് ദിവസം മുമ്പ് ഇങ്ങനെ പറഞ്ഞു.""നിശ്ചയം നിങ്ങളുടെ മുമ്പുണ്ടായിരുന്നവർ അവരുട നബിമാരുടെ ക്വബ്റുകൾ മസ്ജിദുകൾ(ആരാധനാലയം) ആക്കുമായിരുന്നു.അറിയുക: നിങ്ങൾ ക്വബ്റുകൾ പള്ളികളാക്കരുത്. നിശ്ചയം, ഞാനത് നിങ്ങളോട് വിരോധിക്കുന്നു.'' (മുസ് ലിം) നബി(സ്വ) പ്രാർത്ഥിച്ചു. ""അല്ലാഹുവേ, നീ എന്റെ ക്വബ്റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ.'' (മുവത്വഅ്) അനുചരന്മാരെഅവിടുന്ന് ഇങ്ങനെ ഉണർത്തി : നിങ്ങൾ എന്റെ ക്വബ്റിനെ ഉത്സവസ്ഥലമാക്കരുത്.'' (അബൂദാവൂദ്) നബി(സ്വ)യുടെ ക്വബ്ർ ആളുകൾക്ക് തൊടാനും കാണാനും മുത്താനും കഴിയാത്തവിധമാണുള്ളത്. അവിടെ ഉറൂസില്ല, ചന്ദനക്കുടവുമില്ല. ആഇശ(റ)യുടെ വീടിനകത്താണ് തിരുമേനിയെ മറവ് ചെയ്തിട്ടുള്ളത്. ഇന്നത് വളരെഭദ്രമായ നിലയിൽ സംരക്ഷിക്കപ്പെട്ടു.നബി(സ്വ) പറഞ്ഞു. ""അല്ലാഹു ഒരു ജനതയെ ശപിച്ചു. അവർ അവരുടെ പ്രവാചകന്മാരുടെ ക്വബ്റുകൾ ആരാധനാലയമാക്കിയതു നിമിത്തം.'' (അഹ് മദ്) അവർക്കെതിരെ അല്ലാഹുവിന്റെ കോപം കഠിനമാണെന്നും നബിവചനത്തിൽ കാണാം. അവസാനമായി ഇമാം ശാഫിഇൗ(റ)യുടെ വരികൾ കൂടി കുറിക്കാം. ""ക്വബ് ർ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു ചാൺ അല്ലെങ്കിൽ അതുപോലെ ഉയർത്തുന്നതേ ഞാൻ ഇഷ്ടപ്പെടുന്നുള്ളൂ. അത് കെട്ടിപ്പൊക്കുന്നതും കുമ്മായമിടുന്നതും എനിക്കിഷ്ടമില്ല. കാരണം അത് അലങ്കാരത്തോടും അഹങ്കാരത്തോടും സാദൃശ്യമാവും. മരണം അവയൊന്നും പ്രകടിപ്പിക്കാനുള്ള സ്ഥാനവുമല്ല. മുഹാജിറുകളുടെയും അൻസ്വാറുകളുടെയും ക്വബ്റുകൾ കുമ്മായമിട്ടതായി ഞാൻ കണ്ടിട്ടില്ല. ത്വാവൂസ് നിവേദനം : തീർച്ചയായും നബി(സ്വ) ക്വബ്റുകൾക്ക് മീതെ നിർമിക്കുന്നതും കുമ്മായമിടുന്നതും വിരോധിച്ചിരിക്കുന്നു. ശാഫിഇൗ(റ) പറയുന്നു. മക്കയിലെ ഭരണാധികാരികൾ ക്വബ്റുകളിന്മേൽ നിർമിക്കപ്പെട്ടതിനെ പൊളിക്കുവാൻ കൽപിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ പേരിൽ ഒരു പണ്ഡിതന്മാരും അവരെ ആക്ഷേപിക്കുന്നതായി ഞാൻ കണ്ടിട്ടില്ല.'' (അൽഉമ്മ് 2/245)