2024 November 01
29 Rabiʻ II, 1446 AH
തവക്കുലും അമാനത്തും

തവക്കുലും അമാനത്തും

  • കെ.പി. കുട്ടിമുഹമ്മദ് സുല്ലമി

പ്രശ്നങ്ങളെല്ലാം സ്വയം പരിഹരിക്കുമെന്ന ധാരണ മൗഢ്യമാണ്. തനിക്ക് കഴിയുന്നത് പ്രവർത്തിക്കുകയും അവശേഷിക്കുന്നവ സർവശക്തനിൽ അർപ്പിക്കുകയും ചെയ്യുകയെന്നതാണ് തവക്കുൽ അഥവാ ഭരമേൽപിക്കൽ. അർപ്പണമെന്നും ഇതിനു പറയാം. ഉദാഹരണമായി ഒരു കർഷകൻ മണ്ണ് പാകപ്പെടുത്തി വിത്ത് വിതച്ച് ആവശ്യമായ വെള്ളവും വളവും നൽകുന്നു. അത് മുളപ്പിക്കലും വളർത്തലും വിളവുകൾ ഉണ്ടാക്കുന്നതും കർഷകന്റെ പരിധിയിൽ പെട്ടതല്ല. ഇക്കാര്യങ്ങൾ അല്ലാഹുവിന്റെ കഴിവിൽപ്പെട്ടത് മാത്രമാണ്. അതിനാൽ അതിന്റെ ഭാവിക്ക് വേണ്ടി അവനിൽ ഭരമേൽപിക്കുക. വിവാഹം കഴിക്കാത്ത ഒരാൾ റബ്ബേ എനിക്ക് സന്താനത്തെ നൽകേണമേ, അക്കാര്യത്തിൽ ഞാൻ നിന്നെ ഭരമേൽപിക്കുന്നു എന്നു പറയുന്നത് തവക്കുൽ അല്ല ബുദ്ധിശൂന്യതയാണ്. 
തന്നാൽ കഴിയുന്നത് ചെയ്ത ശേഷം അല്ലാഹുവിൽ ഭരമേൽപിക്കലാണ് തവക്കുൽ. പരിശുദ്ധ ക്വുർആൻ ഉണർത്തുന്നതിങ്ങനെയാണ്. ""അല്ലാഹുവിനെക്കുറിച്ച് പറയപ്പെടുമ്പോൾ ഹൃദയം ഭയവിഹ്വലരാകുന്നവരാണ് സത്യവിശ്വാസികൾ. അവന്റെ സൂക്തങ്ങൾ ഒാതിക്കേൾപ്പിക്കുമ്പോൾ അവരുടെ വിശ്വാസം വർധിക്കുന്നതുമാണ്. തങ്ങളുടെ നാഥനിൽ അവർ ഭരമേൽപിക്കുകയും ചെയ്യും. (വി.ക്വു.8:2) ""ഒരു കാര്യം ചെയ്യാൻ തീരുമാനിക്കുകയും അതിന്റെ വിജയത്തിനായി അല്ലാഹുവിൽ ഭരമേൽപിക്കുകയും ചെയ്യുക.'' (വി.ക്വു. 3:159) എന്നാണ് ക്വുർആൻ പറയുന്നത്. ""സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപിച്ചുകൊള്ളട്ടെ.'' (വി.ക്വു.14:11) ""ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനെ ഭരമേൽപിക്കുക.'' (വി.ക്വു. 25:58) ""ആർ അല്ലാഹുവിനെ ഭരമേൽപിക്കുന്നുവോ അവന്നു അവൻ (അല്ലാഹു) തന്നെ മതി. ഇബ്റാഹീം(അ) അഗ്നികുണ്ഠത്തിൽ എറിയപ്പെട്ടപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചതിങ്ങനെയാണ്. ""എനിക്ക് അല്ലഹു മതി, ഭരമേൽപിക്കപ്പെടാൻ ഏറ്റവും ഉത്തമനാണവൻ.'' ഇത്തരത്തിൽ ധാരാളം ക്വുർആൻ വചനങ്ങൾ കാണാം. ചിലത് മാത്രമാണ് മേലുദ്ധരിച്ചത്. 
എന്നാൽ സത്യവിശ്വാസികളിൽ ഉണ്ടായിരിക്കേണ്ട ഇൗ സദ്ഗുണങ്ങൾ പലർക്കും നഷ്ടപ്പെട്ടതായി ഇന്നു നമ്മൾ കാണുന്നു. എന്തെങ്കിലും ആപത്തുകൾ വരുമ്പോഴേക്ക് നിരാശനായി ആത്മഹത്യ ചെയ്യുന്നു. ജീവൻ അവസാനിപ്പിച്ചത് കൊണ്ടു പ്രശ്നം അവസാനിക്കുന്നില്ല. അവൻ നരകവാസിയാകാൻ കാരണമായി എന്നതിൽ കവിഞ്ഞു ഒന്നും അതുകൊണ്ട് നേടാനില്ല. മറിച്ചു അവന്റെ കഴിവിൽപ്പെട്ട പ്രയത്നങ്ങളൊക്കെ നടത്തി അല്ലാഹുവിനോടു സങ്കടപ്പെട്ടു പ്രാർത്ഥിക്കുന്നപക്ഷം അല്ലാഹു അവന് ഒരു പരിഹാരം ഉണ്ടാക്കിക്കൊടുക്കാതിരിക്കില്ല. കാരണം നബി (സ്വ) പറഞ്ഞതായി ഉമർ (റ) പറയുന്നു. ""ശരിയാം വിധം നിങ്ങൾ അല്ലാഹുവിൽ ഭരമേൽപിക്കുകയാണങ്കിൽ പക്ഷികൾക്ക് ആഹാരം നൽകുന്നത് പോലെ നിങ്ങൾക്കവൻ ആഹാരം നൽകുന്നതാണ്. അവ "ഒട്ടിയ വയറുമായി രാവിലെ കൂടു' വിട്ടു പറന്നുപോകുന്നു. നിറഞ്ഞ വയറുമായി വൈകുന്നേരം കൂടണയുന്നു. (മു:അ) അല്ലാഹുവിൽ ഭരമേൽപിച്ച് വീട്ടിലിരുന്നാൽ ആഹാരം നൽകുമെന്നു അല്ലാഹു പറയുന്നില്ല. ഭരമേൽപിക്കുന്നതോടൊപ്പം പരിശ്രമിക്കുകയും വേണം. പക്ഷികൾ കൂട്ടിലിരിക്കുകയല്ല കൂടുവിട്ടു പറന്ന് ആഹാരം അന്വേഷിക്കുകയാണ്. അലസതയും നിഷ്ക്രിയത്വവും ഇസ് ലാം ഒരിക്കലും പ്രോൽസാഹിപ്പിക്കുന്നില്ല. ലക്ഷ്യപ്രാപ്തിക്കായി കർമനിരതരാകുന്നതോടൊപ്പം അല്ലാഹുവിൽ ഭരമേൽപിക്കുകയെന്നതാണ് വിശ്വാസിയിൽ നിന്നുണ്ടാവേണ്ടത്. 
യാത്രക്കാരൻ അല്ലാഹുവിൽ ഭരമേൽപിക്കൽ അനിവാര്യമാണ്. യാത്രക്കിടെ യാതൊരു ആപത്തും അപകടവും സംഭവിക്കാതിരിക്കാനും വീട്ടിൽ തിരിച്ചെത്തുന്നത് വരെ തന്റെ വീടും വീട്ടുകാരും സുരക്ഷിതരായിരിക്കു വാനും അഭൗതിക മാർഗത്തിൽ അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ എല്ലാം അല്ലാഹുവിനെ ഏൽപിക്കുകയെന്നതാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം കരണീയമായിട്ടുള്ളത്. 
യാത്രക്കൊരുങ്ങുമ്പോൾ ഒരു പ്രാർത്ഥന നബി (സ്വ) പഠിപ്പിച്ചതായി ഉമ്മു സലമ റിപ്പോർട്ടു ചെയ്ത ഒരു ഹദീഥിൽ കാണാം. നബി(സ്വ) വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ഇപ്രകാരം പറയുമായിരുന്നു. ""അല്ലാഹുവിന്റെ നാമത്തിൽ, ഞാൻ അല്ലാഹുവിൽ ഭരമേൽപി ച്ചിരിക്കുന്നു. അല്ലാഹുവേ, ഞാൻ വഴിപിഴക്കുകയോ, വഴിപിഴപ്പിക്കപ്പെടുകയോ ദുർമാർഗത്തിൽ പെടുകയോ ദുർമാർഗത്തിന് വശംവദനാവുകയോ, അക്രമം പ്രവർത്തിക്കുകയോ അതിനു ഇരയാവുകയോ അവിവേകം പ്രവർത്തിക്കുകയോ അതിനു വിധേയമാവുകയോ ചെയ്യുന്നതിൽ നിന്നെല്ലാം ഞാൻ നിന്നോടു അഭയം തേടുന്നു.'' (തിർമിദി, അബൂദാവൂദ്) 
വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോഴും ഭരമേൽപിക്കൽ പാർത്ഥന നടത്തേണ്ടതുണ്ട്. ""ബിസ്മില്ലാഹി, തവക്കൽതു അലല്ലാഹി, വലാഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹി, ''എന്നു ചൊല്ലൽ സുന്നത്താണ്. 
ഉറങ്ങാൻ കിടക്കുമ്പോഴും ഇത്തരം പ്രാർത്ഥന ചൊല്ലാൻ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. കാരണം ഉറക്കം മരണത്തിന്റെ പാതിയെന്നാണല്ലോ. ഉറക്കത്തിൽ മരണം സംഭവിക്കുന്ന അനുഭവങ്ങൾ ധാരാളമാണ്. ബർറാഅ് ഇബ്നു ആസ്വിബു (റ) പറയുന്നു. നബി (സ്വ) പറഞ്ഞു: ""മനുഷ്യാ, നീ ഉറങ്ങാനായി വിരിപ്പിൽ കിടന്നു കഴിഞ്ഞാൽ ഇപ്രകാരം പറയുക: അല്ലാഹുവേ, ഞാൻ എന്റെ ശരീരത്തെ നിന്നിൽ അർപ്പിച്ചിരിക്കുന്നു. എന്റെ മുഖം ഞാൻ നിന്നിലേക്ക് തിരിച്ചിരിക്കുന്നു. എന്റെ കാര്യങ്ങളെല്ലാം നിന്നെ ഏൽപിച്ചിരിക്കുന്നു. നിന്നെ ഭയപ്പെട്ടുകൊണ്ടും നിന്നിലുള്ള പ്രതീക്ഷയോടെയും എന്റെ മുതുക് നിന്നിലിതാ ഞാൻ വെച്ചിരിക്കുന്നു. നിന്നെ കൂടാതെ ഞങ്ങൾക്ക് മറ്റൊരു അഭയകേന്ദ്രവും താങ്ങുമില്ല. നീ അവതരിപ്പിച്ച നിന്റെ ഗ്രന്ഥങ്ങളിലും നീ നിയോഗിച്ച പ്രവാചകന്മാരിലും ഞാൻ വിശ്വസിച്ചിരിക്കുന്നു. ഇൗ പ്രാർത്ഥന ചൊല്ലി ആ രാത്രിയിൽ അവൻ മരിക്കുകയാണെങ്കിൽ ശുദ്ധ പ്രകൃതിയിലാണ് അവൻ മരിക്കുക. നീ രാവിലെ ഉണരുകയാണെങ്കിൽ നീ നന്മയിലുമായിരിക്കും. (മുസ് ലിം, ബുഖാരി) അതിനാൽ ഏതൊരു സത്യവിശ്വാസിയിലും നിലനിൽക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ഒരു സദ്ഗുണമാണ് തവക്കുൽ അഥവാ അല്ലാഹുവിൽ ഭരമേൽപിക്കൽ. 

അമാനത്ത് യള 
വിശ്വസിച്ച് ഏൽപിക്കുന്നതാണ് അമാനത്ത് എന്നു പറയുന്നത്. അത് വസ്തുക്കളാകാം, വാക്കുകളാകാം. എന്തായിരുന്നാലും അത് കാത്തുസൂക്ഷിക്കുകതന്നെവേണം. പണമായോ വസ്തുക്കളായോ മറ്റൊരാളെ വിശ്വസിച്ചേൽപിച്ചു കഴിഞ്ഞാൽ ഏൽപിച്ച ആൾ ആവശ്യപ്പെടുമ്പോൾ യാതൊരു കേടുപാടുകളോ കുറവോ വരുത്താതെ അത് ഉടമക്ക് തിരിച്ചുനൽകണം. അതുപോലെ ഒരാൾ ""ആരോടും പറയരുത്'' എന്ന നിബന്ധനയോടെയാണ് ഒരു കാര്യം പറഞ്ഞതെങ്കിൽ അത് വിശ്വസിച്ചേൽപിച്ചഅമാനത്തായതിനാൽ അതേ പ്രകാരം പാലിക്കൽ നിർബന്ധമാണ്. അധികാരങ്ങളും ഉദ്യോഗങ്ങളും അമാനത്താണ്. അധികാരം ജനങ്ങൾ ഏൽപിച്ച ഒരു ഉത്തരവാദിത്വമാണ്. അവ ദുർവിനിയോഗം ചെയ്യുന്നതും, ഏൽപിക്കപ്പെട്ട കാര്യം നിരുത്തരവാദപരമായ രീതിയിൽ കൈകാര്യം ചെയ്യുന്നതും അമാനത്തിന്റെ ലംഘനമാണ്. ഉത്തരവാദിത്വബോധത്തോടുകൂടിയും സത്യസന്ധമായും ചെയ്യുമ്പോൾ മാത്രമാണ് അതിന്റെ പേരിൽ കൈപറ്റുന്നപ്രതിഫലം അർഹതപ്പെട്ടതാവുകയുള്ളൂ.
അല്ലാഹു പറയുന്നു. ""അമാനത്തുകൾ അതിന്റെ ഉടമസ്ഥർക്ക് ഏൽപിച്ചുകൊടുക്കണമെന്ന് അല്ലാഹു നിങ്ങളോടു കൽപിക്കുന്നു.'' (വി.ക്വു. 4:58) അമാനത്തിൽ കളങ്കം വരുത്തുകയെന്നാൽ വിശ്വാസ വഞ്ചനയാണ്. വിശ്വസിച്ചാൽ ചതിക്കുകയെന്നത് കപടവിശ്വാസിയുടെ ലക്ഷണമായിട്ടാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ""തീർച്ചയായും കപട വിശ്വാസികൾ നരകത്തിന്റെ അടിത്തട്ടിലാണെന്നും ക്വുർആനും പറയുന്നു. (വി.ക്വു.4:145) ഗൗരവമേറിയ ഒന്നാണ് അമാനത്ത്. അതുകൊണ്ടായിരിക്കണം ആകാശഭൂമിയും പർവതങ്ങളും അമാനത്ത് ഏറ്റെടുക്കാൻ വിസമ്മതിക്കുകയും ഭയപ്പെടുകയും ചെയ്തത്. അത് സംബന്ധിച്ചു ക്വുർആൻ പറയുന്നത് നോക്കുക. ""നിശ്ചയമായും നാം ആകാശഭൂമികൾക്കും പർവതങ്ങൾക്കും മേൽ അമാനത്ത് സമർപ്പിച്ചു. എന്നാൽ അത് ഏറ്റെടുക്കാൻ അവ വിസമ്മതിക്കുകയും ഭയപ്പെടുകയും ചെയ്തു. മനുഷ്യനാവട്ടെ അതേറ്റെടുത്തു. നിശ്ചയമായും അവൻ മഹാഅക്രമിയും അവിവേകിയുമത്രെ.(33:72) 
കരാർ പാലനത്തിന്റെ കൂടെ അമാനത്ത് പറഞ്ഞതായി ക്വുർആനിൽ കാണാം. വിജയം വരിച്ച സത്യവിശ്വാസികളുടെ ഗുണവിശേഷണം പറഞ്ഞ കൂട്ടത്തിൽ പറയുന്നതിങ്ങനെ""അമാനത്ത് വീട്ടുന്നതിലും, കരാർ പാലിക്കുന്നതിലും സൂക്ഷ്മത പുലർത്തുന്നവരാണവർ.'' (വി.ക്വു.23:8) പണമിടപാടുകളിൽ പലപ്പോഴും അമാനത്ത് കളങ്കപ്പെടുത്തുന്നത് കാണാറുണ്ട്. പരസ്പരം വിശ്വസിച്ചേൽപിക്കുന്ന കാര്യങ്ങൾ ലംഘിക്കപ്പെടുക വഴി തർക്കവിതർക്കങ്ങളും പിണക്കങ്ങളും സാധാരണമാണ്. നിശ്ചിത അവധിക്ക് പണം കടം കൊടുക്കുന്നു. അധമർണനെ വിശ്വാസത്തിലെടുത്ത് ഉത്തമർണൻ അത് എഴുതി രേഖപ്പെടുത്തുകയോ സാക്ഷികൾ ഉണ്ടാവുകയോ ചെയ്യണമെന്നില്ല.അവധി തെറ്റിക്കുകയോതിരിച്ചുകൊടുക്കാതിരിക്കുകയോ ചെയ്യുമ്പോൾ കോടതി വരെ എത്തുന്നു. അതുവഴി പരസ്പരവിശ്വാസം നഷ്ടപ്പെടുകയും ശത്രുക്കളും വിരോധികളുമായിത്തീരുകയും ചെയ്യുന്നു. 
""പരസ്പരം വിശ്വാസം അർപ്പിച്ചുകഴിഞ്ഞാൽ അവ കാത്തുസൂക്ഷിക്കേണ്ടത് വിശ്വസിക്കപ്പെട്ടവന്റെ കടമയാണ്. അതിൽ കൃത്രിമമോ, വഞ്ചനയോ നടത്തുന്നതിൽ അല്ലാഹുവിനെ ഭയപ്പെടണം. ക്വുർആൻ പറയുന്നു. നിങ്ങളിൽ ചിലർ ചിലരെ വിശ്വസിച്ചുവെങ്കിൽ വിശ്വാസമർപ്പിക്കപ്പെട്ടവൻ തന്റെ വിശ്വാസ്യത പാലിച്ചുകൊള്ളട്ടെ. അവൻ അവന്റെ രക്ഷിതാവിനെ സൂക്ഷിച്ചു കൊള്ളട്ടെ.'' (വി.ക്വു.2:283) പണയമിടപാടുമായി പരാമർശിച്ച കൂട്ടത്തിലാണ് ക്വുർആൻ ഇൗ പ്രസ്താവന നടത്തിയിട്ടുള്ളത്. പണം കടംവാങ്ങുമ്പോൾ അതിന് ഒരു ജാമ്യമെന്നോണം ആഭരണങ്ങളോ മറ്റോ നൽകാറുണ്ട്. ഇങ്ങനെ പണയമായി നൽകുന്ന വസ്തുക്കൾ കടസംഖ്യ കൊടുത്തു തീർക്കുമ്പോൾ മടികൂടാതെ മടക്കിക്കൊടുക്കുക, അത് വരെ കേടുപാടു ഒന്നും കൂടാതെ സൂക്ഷിക്കുക എന്നിവ ശ്രദ്ധിക്കേണ്ടതാവുന്നു. 
കാരണം അത് ഒരു അമാനത്താണ്. ആ സമയത്ത് വല്ല കരാറുകളോ വ്യവസ്ഥകളോ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതും പാലിക്കേണ്ടതുണ്ട്. സുദീർഘമായ ഹദീഥുകളും ഇവ്വിഷയകമായുണ്ട്. ഒരു ഹദീഥിൽ ഇങ്ങിനെ കാണാം. ""പ്രഭാതം മുതൽ ജനങ്ങൾ വ്യവഹാരങ്ങളിൽ മുഴുകി കഴിയുന്ന ഒരു കാലമുണ്ടാകും. ഒരാളും അമാനത്ത് നിറവേറ്റുകയില്ല. ഇന്ന കുടുംബത്തിൽ വിശ്വസ്തനായ ഒരാളുണ്ട് എന്നു ആശ്ചര്യപൂർവം അന്നു പറയും (ബുഖാരി, മുസ് ലിം) നബി (സ്വ)യുടെ ഇൗ പ്രവചനം എത്രമാത്രം ശരി യാണെന്നു ബോധ്യപ്പെടുന്ന ധാരാളം സംഭവങ്ങൾ പത്രദ്വാരാ നമ്മൾ വായിക്കാറുണ്ട്. ആരെങ്കിലുമൊരാൾക്ക് വണ്ടിയിൽ വെച്ചോ, വഴിയിൽ വെച്ചോ വല്ല സാധനവും വീണുകിട്ടിയാൽ അയാൾ അതിന്റെ ഉടമസ്ഥനെ അന്വേഷിച്ചു തിരിച്ചുകൊടുത്താൽ പത്രങ്ങൾക്ക് അത് ഒരു വാർത്തയാണ്. 
യഥാർത്ഥത്തിൽ തിരിച്ചുകൊടുക്കാത്തതാണ് വാർത്തയാവേണ്ടത്. പക്ഷെ ഇവിടെ മറിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 
ചുരുക്കത്തിൽ പരിശുദ്ധ ക്വുർആനും ഹദീഥും അമാനത്ത് നിർവഹണത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചു ഉൽഘോഷിക്കുമ്പോൾ അതിന്റെ അനുയായികളായ മുസ് ലിങ്ങളിൽ ഇൗ സദ്ഗുണം നിലനിൽക്കേണ്ടതും നിലനിർത്തേണ്ടതും അനിവാര്യമായിരിക്കുന്നു. അമാനത്ത് (വിശ്വാസ്യത) എന്ന സദ്ഗുണം ഭൂമുഖത്ത് നിന്നു തന്നെ ഇന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നു.