2024 May 03
24 Shawwal, 1445 AH
നാവ്: രക്ഷയും ശിക്ഷയും

നാവ്: രക്ഷയും ശിക്ഷയും

  • എ. ആർ. കൊടിയത്തൂർ

ഈ ഭൂമിയിൽ നാം ഒരു പരദേശിയെയോ വഴിയാത്രക്കാരനെയോ പോലെയാണ്. നമുക്ക് നിശ്ചയിക്കപ്പെട്ട കാലാവധി തീർന്നാൽ ഇൗ ലോകത്തോട് നാം വിട പറയേണ്ടിവരും. സുനിശ്ചിതം.
 ഭൂമിയിൽ നിന്നുള്ള ആ വിയോഗം എവിടെ വച്ചാണ് ഏത് സമയത്താണ് എങ്ങനെയാണ് എന്ന് നമുക്ക് ആർക്കും മുൻകൂട്ടി അറിയില്ല. ഇവിടുത്തെ ജീവിതമാണ് നാളേ ക്കുള്ള കൃഷിയിടം. ഇത്തിരി കാലം ജീവിക്കുന്ന നാം ഒത്തിരി കാലം പോലും പിണങ്ങി നിൽക്കരുത്. കുടുംബബന്ധം മുറിക്കുന്നവർ സ്വർഗീയ പൂങ്കാവനത്തിൽ പ്രവേശിക്കുകയില്ലെന്ന് പ്രവാചകൻ (സ്വ)പഠിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിലധികം പിണങ്ങി നിൽക്കാൻ പാടില്ല എന്ന് പ്രവാചക തിരുമേനി (സ്വ) കണിശമായും പഠിപ്പിക്കുന്നു. പിണക്കം തീർക്കാൻ ആദ്യം മുന്നോട്ടുവരുന്നവനാണ് ഏറ്റവും ഉത്തമൻ.
 സമ്പത്തും ആൾസ്വാധീനവും എല്ലാം ഉണ്ടെന്ന് നാം മേനി നടിക്കരുത്. ഇതല്ലാം തന്നവന് അവ തിരിച്ചെടുക്കാനും കഴിയും. മാരകമായ ഒരു അസുഖം വന്നാൽ എല്ലാ അവകാശ വാദങ്ങളും പൊളിയും. സമ്പത്തും ആൾബലവും ഇല്ലാതാവാൻ അധിക സമയം വേണ്ടിവരില്ല. ലക്ഷങ്ങളും കോടികളും ചിലപ്പോൾ ചെലവഴിക്കേണ്ടി വരും. ഒന്നും അവശേഷിക്കാത്തവരായി മാറിയേക്കാം.
നാം ഇവിടെ അൽപകാലം മാത്രമേ ഉണ്ടാകൂ. കാലാകാലവും നാം ജീവിക്കേണ്ടത് മറ്റൊരു ലോകത്താണ്. പരസ്പരം പിണങ്ങി ജീവിക്കാൻ നമുക്കൊട്ടും സമയമില്ല. മറ്റുള്ളവരെ ആകർഷിക്കുന്ന പെരുമാറ്റമാണ് ഒരു മുസ് ലിമിൽ നിന്നും ഉണ്ടാവേണ്ടത്. നമ്മുടെ നാവിൽ നിന്നും നല്ലതേ വരാവൂ. നാവു തന്നെയാണ് നമ്മെ രക്ഷപ്പെടുത്തുന്നതും, ശിക്ഷയിലേക്ക് നയിക്കുന്നതും. നാവിനെ നിയന്ത്രിച്ചു നമ്മുടെ വരുതിയിലാക്കിയാൽ നാം രക്ഷപ്പെട്ടു.
കൊട്ടാരത്തിലെ പരിചാരകനോട് ഒരിക്കൽ രാജാവ് ഉത്തരവിട്ടു. ഭൂമിയിൽ വെച്ച് ഏറ്റവും രുചിയുള്ള ഭക്ഷണം എനിക്ക് കൊണ്ടുവരിക. പരിചാരകൻ വേവിച്ച് കൊണ്ടു വന്നത് ഒരു മൃഗത്തിന്റെ നാവായിരുന്നു. മറ്റൊരിക്കൽ രാജാവ് പരിചാരകനോട് കൽപ്പിച്ചത് ഭൂമിയിൽ ഏറ്റവും മോശമായ ഒരു ഭക്ഷണപദാർത്ഥം എനിക്കു കൊണ്ടു വരിക. അപ്പോഴും പരിചാരകൻ കൊണ്ടു വന്നത് ഒരു മൃഗത്തിന്റെ വേവിച്ച നാവ് തന്നെയായിരുന്നു. 
മനുഷ്യന്റെ ഏറ്റവും മോശമായ അവയവം നാവ് ആകുന്നു. ഏറ്റവും നല്ലതും നാവ് തന്നെ. നാവുകൊണ്ട് സ്വർഗം കൊയ്തെടുക്കാൻ കഴിയുന്നതുപോലെ നരകത്തിൽആപതിക്കാനുംസാധ്യമാകും. നാവ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല. നേടിയെടുക്കുന്ന നേട്ടങ്ങളും അങ്ങനെ ത്തന്നെ.
 മൗനം പാലിക്കാൻ പ്രവാചകൻ(സ്വ)പലപ്പോഴും പറഞ്ഞിട്ടുണ്ട്.സാമൂഹ്യജീവിയായ മനുഷ്യൻ പരസ്പരം സ്നേഹത്തിലും സൗഹൃദത്തിലും സാഹോദര്യത്തിലും ആണ് കഴിയേണ്ടത്. ഒന്നായി ഒത്തൊരുമയോടെ നമുക്ക് മുന്നേറാം സ്വർഗീയ ആരാമത്തിലേക്ക്.