2024 November 15
13 Jumada I, 1446 AH
ഇസ്‌ലാഹി യുവത അജയ്യം

ഇസ്‌ലാഹി യുവത അജയ്യം

  • ഇസ്ഹാഖ് അലി കല്ലിക്കണ്ടി

സംഘടിത ഇസ്വ് ലാഹീ യുവജന കേരളം മധ്യകേരളത്തിന്റെ ഹൃദയഭൂമിയായ എറണാകുളത്ത് വീണ്ടും സംഗമിക്കുന്നു. ചരിത്രദൗത്യമേറ്റെടുത്ത മുജാഹിദ് യുവതയുടെ മഹാസംഗമം...
1991മെയ് 3,4,5തിയ്യതികളിൽ എറണാകുളം ടൗൺഹാളിലും കലൂർ മണപ്പാട്ടിപറമ്പിലെ പ്രവിശാലമായ ഗ്രൗണ്ടിലും സംഗമിച്ചവരുടെ പിൻ തലമുറ പഴയ വേദിയുടെ ചാരത്ത് വീണ്ടും ഒത്തുകൂടുമ്പോൾ പോയ കാലത്തെ എെ എസ് എമ്മിന്റെ പ്രബോധന ചരിത്രം ഇസ്വ് ലാഹീ കേരളത്തെ കൂടുതൽ ആവേശ ഭരിതരാക്കുകയാണ്.. കേരളത്തിന്റെ അഷ്ടദിക്കുകളിൽ തൗഹീദിന്റെ ധ്വജവുമായി കടന്നു ചെന്ന ഇന്നലെകളിലെ നായകൻമാർ... അവർ ചരിത്രം രചിക്കുകയായിരുന്നു.. അവർ കീഴടങ്ങുകയായിരുന്നില്ല.. കീഴടക്കുകയായിരുന്നു... ശിർക്കിന്റെ കോട്ടകൊത്തളങ്ങൾ ഭേദിച്ചു മുന്നേറുകയായിരുന്നു. 
നാലര വ്യാഴവട്ടക്കാലത്തെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ സഫലമായിരിക്കുന്നു എന്ന പ്രഖ്യാപനമായിരിക്കും കൊച്ചി കായലിലെ നങ്കൂരങ്ങളെ പോലെ ആദർശം നെഞ്ചേറ്റിയ ഇസ്വ് ലാഹീ യൗവനത്തിന്റെ 2023 ഡിസംബർ 30,31തിയ്യതികളിൽ നടക്കുന്ന എെതിഹാസികവും ആവേശകരവുമായ ഒത്തുചേരൽ.....
1967സപ്തംബർ 17ന് കോഴിക്കോട് മിശ്കാത്തുൽ ഹുദാ മദ്റസയിൽ എെ എസ് എം പിറന്നു വീണ നാളുകൾ....അത് വരെയും കെ എൻ എമ്മിന് യുവജനവിഭാഗം ഉണ്ടായിരുന്നില്ല.
1967ഏപ്രിൽ 23ന് പാലക്കാട് നടന്ന കെ എൻ എം പതിനാറാം വാർഷിക സമ്മേളനത്തിൽ വെച്ചാണ് യുവജനങ്ങൾക്കായി ഒരു സംഘടനരൂപീകരിക്കാൻ തീരുമാനമെടുത്തത്..
പ്രസ്തുത സമ്മേളനം യുവമുജാഹിദുകളുടെ സമർപ്പണത്തിന്റെ വേദി കൂടിയായിരുന്നു. സമ്മേളന സംഘാടനത്തിനും അതിന്റെ വിജയത്തിനും നൂറുക്കണക്കിന് ചെറുപ്പക്കാരുടെ ആത്മാർത്ഥമായ ശ്രമങ്ങളാണുണ്ടായത്.ടി കെ മുഹയിദ്ധീൻ ഉമരി, പി കെ അലി അബ്ദു റസാഖ് മദനി, കെ എസ് കെ തങ്ങൾ, കെ വി മൂസ സുല്ലമി തുടങ്ങിയവരായിരുന്നു യുവാക്കളുടെ മുന്നണിയിലുണ്ടായിരുന്നപ്രധാന യുവനേതാക്കൾ...കൂടാതെ ആതിഥേയർ എന്ന നിലയിൽ പാലക്കാട്ടും പരിസരത്തുമുള്ള യുവാക്കളും. ഇസ്വ് ലാഹീ മാർഗത്തിലുള്ള യുവജനങ്ങളുടെ ഇൗ പ്രവർത്തനങ്ങൾ മുതിർന്നവരിൽ എന്തെന്നില്ലാത്ത സന്തോഷവും പ്രതീക്ഷയും അഭിമാനബോധവുമാണുണ്ടാക്കിയത്. രാപകലില്ലാതെ, പാലക്കാട്ടെ ശീതക്കാറ്റിലും തളരാതെ സമ്മേളന വിജയത്തിന്നായി ഒാടി നടന്ന യുവചേതനയെ സംഘടനാ രംഗത്തും പ്രബോധനമേഖലയിലും കൂടുതൽ ഉൗർജസ്വലതയോടെ രംഗത്തിറക്കാൻ അങ്ങനെ മുജാഹിദ് നേതൃത്വം തീരുമാനമെടുക്കുകയും സമ്മേളനപ്രമേയമായി അതംഗീകരിക്കുകയും ചെയ്തു.സമ്മേളന തീരുമാനപ്രകാരം കോഴിക്കോട്ട് കെ എൻ എം സെക്രട്ടറി വിളിച്ചു ചേർത്ത എെ എസ് എം രൂപീകരണയോഗത്തിൽ അധ്യക്ഷത വഹിച്ചത് സുലൈമാൻ സാഹിബ് ആയിരുന്നു..
കെ എസ് കെ തങ്ങൾ (പ്രസിഡന്റ്), പി എ അബ്ദു സാഹിബ് ഒലവക്കോട്,ഇ എ യൂസുഫ് സാഹിബ് (വൈസ് പ്രസിഡണ്ടുമാർ )പി കെ അലി അബ്ദുറസാഖ് മദനി (സെക്രട്ടറി )പി എ അബ്ദുറസാഖ് പാലക്കാട്, എം പി അബ്ദുറസാഖ് കോഴിക്കോട് (ജോയിന്റ് സെക്രട്ടറിമാർ )പി എം മൊയ്ദു സാഹിബ് ഒലവക്കോട് (ഖജാഞ്ചി )എന്നിവരായിരുന്നു പ്രഥമ ഭാരവാഹികൾ...
മുജാഹിദ് പ്രസ്ഥാനത്തിൽ ഒരു പുതു യുഗപ്പിറവിയായിരുന്നു അത്.. തുടർന്ന് ഒരുപാട് പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടായിരുന്നു.. സംസ്ഥാനത്തുടനീളം ശാഖകൾ രൂപീകരിക്കുക എന്നത് തന്നെയായിരുന്നു പ്രധാന ദൗത്യം..
തുടർന്ന് കൊച്ചിയിലും രണ്ടത്താണിയിലും കോയമ്പത്തൂരിലും നടത്തിയ ശ്രദ്ധേയമായ യുവജനക്യാമ്പുകൾ അതിന്റെ ഭാഗമായിരുന്നു.. ഇസ് ലാഹിന്റെ മഹാ ശബ്ദപ്രഘോഷണം മുഴങ്ങിയ വേദികളായിരുന്നു അതെല്ലാം... തുടർന്ന് നിരവധി പരിപാടികൾ...സമ്മേളനങ്ങൾ, ക്യാമ്പുകൾ.കാമ്പയ്നുകൾ ..പ്രസിദ്ധീകരണങ്ങൾ..അക്ഷരലോകത്ത് മഹാവിപ്ലവങ്ങൾ.... പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഘട്ടംഘട്ടമായി അരങ്ങിലെത്തിയ നിരവധി പ്രമുഖരുടെ ശ്രദ്ധേയമായ പ്രവർത്തനങ്ങളുണ്ടായി.
അക്ഷരങ്ങൾ കൊണ്ടും വാഗ്മിത കൊണ്ടും ഇസ് ലാഹീ പ്രസ്ഥാനത്തിന്ന് വിപ്ലവ വീര്യം പകർന്ന സയ്യിദ് സനാഉല്ലാമക്തിതങ്ങളുടെയും മൗലവി അബ്ദുൽ കരീം സാഹിബിന്റെയും, ഹാജി അബ്ദുല്ലാ ഹാജി ആദം സേട്ടുവിന്റെയും, വി സൈത് കുഞ്ഞി ഹാജിയുടെയും, കെ ഉമർ മൗലവിയുടെയും, കിക്കി സേട്ടുവിന്റെയും സാലെ സേട്ടുവിന്റെയും കെ എസ് കെ യുടെയും മറ്റും കർമഭൂമിയായിരുന്ന കൊച്ചിയിൽ ചരിത്ര ദൗത്യവുമായി യുവമുജാഹിദ് കേരളം വീണ്ടും സംഗമിക്കുമ്പോൾ ഇൗ മഹാ പ്രസ്ഥാനത്തിന്ന് ബീജാവാപം നൽകിയ മഹത്തുക്കളുടെയും, പ്രസ്ഥാനത്തെ നയിച്ച ഇന്നലകളിലെ അമരക്കാരുടെയും അമര സ്മരണകൾ നമ്മുടെ മനോമുകരങ്ങളിലൂടെ കടന്നു പോവുകയാണ്.. അവർ സംഘടിപ്പിച്ചു.. വിത്തും വളവുമിട്ടു. ഇനി ഇതിനെ മുന്നോട്ടു നയിക്കേണ്ടത് യുവജനങ്ങളേ, നിങ്ങളാണ്...  വരിക, കലൂരിലേക്ക്.. തൗഹീദീ നഗരി നിങ്ങളെ കാത്തിരിക്കുന്നു... അല്ലാഹു അനുഗ്രഹിക്കട്ടെ..