2024 July 26
20 Muharram, 1446 AH
ധ്വംസിക്കപ്പെടുന്ന ന്യൂനപക്ഷാവകാശങ്ങൾ

ധ്വംസിക്കപ്പെടുന്ന ന്യൂനപക്ഷാവകാശങ്ങൾ

  • ഹബീബ് റഹ്മാൻ കരുവൻ പൊയിൽ

ഐക്യ രാഷ്ട്രസഭ അന്താരാഷ്ട്ര ന്യൂനപക്ഷാവകാശദിനമായി പ്രഖ്യാപിച്ച ദിവസമാണ് ഡിസംബർ 18. ലോകത്തെങ്ങുമുള്ള മത-ഭാഷ- ജാതി-വംശീയ ന്യൂനപക്ഷ സമൂഹങ്ങളുടെ സംരക്ഷണത്തിലേക്കും അവകാശങ്ങളുറപ്പുവരുത്തുന്നതിലേക്കും ആഗോള സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ക്ഷണിക്കുകയാണീ ദിനാചരണത്തിന്റെ ലക്ഷ്യം. എെക്യരാഷ്ട്ര സഭയുടെ കണക്കുപ്രകാരം ലോക ജനസംഖ്യയുടെ 10 മുതൽ 20 ശതമാനം വരെ ന്യൂനപക്ഷങ്ങളാണ്. യു.എൻ ന്യൂനപക്ഷ ദിനാചരണം പ്രഖ്യാപിച്ചത് ന്യൂനപക്ഷ ക്ഷേമത്തിനു വേണ്ടിയാണെങ്കിലും രാജ്യങ്ങൾ അതാചരിക്കുന്നത് യുഎൻ നിർദേശം പാലിച്ചുവെന്ന് വരുത്തുന്നതിനു വേണ്ടി മാത്രമാണെന്നതാണ് യാഥാർത്ഥ്യം. യു.എന്നിന്റെ മൂക്കിനു താഴെയുള്ള യു.എസ്.എയിലെ ന്യൂനപക്ഷങ്ങളിൽ പോലും ഇൗ ദിനം ഒരു ചലനവും സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല, കറുത്ത വർഗക്കാരും മുസ് ലിങ്ങളും ആഫ്രോ-ഏഷ്യൻ കുടിയേറ്റക്കാരുമെല്ലാം അമേരിക്കയിൽ പലവിധ വിവേചനങ്ങൾ നേരിടുന്നുമുണ്ട്. അതില്ലാതാക്കാനുള്ള പ്രായോഗിക പദ്ധതികളൊന്നും ന്യൂനപക്ഷ ദിനത്തിൽ ആ രാജ്യം മുന്നോട്ടുവെക്കുന്നില്ല. യൂറോപ്യൻ രാജ്യങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ഇൗയിടെയായി മുസ് ലിം വിരോധത്തിന് ആക്കം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനേക്കാൾ കഷ്ടമാണ് ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലെ സ്ഥിതി.ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ ഇസ് ലാംമതം തന്നെ നിയമവിരുദ്ധമാക്കിയിരിക്കുന്നു. മുസ് ലിം പള്ളികൾ പൊളിച്ചു നീക്കപ്പെടുന്നു. ഏഷ്യൻ രാജ്യമായ മ്യാന്മറിൽ പച്ചയായ മുസ് ലിം വംശഹത്യയാണ് നടക്കുന്നത്. ശ്രീലങ്കയിൽ തമിഴ് വംശം വംശഹത്യയെ നേരിടുന്നു. തമിഴരിൽ നിന്നും സിംഹളരിൽ നിന്നും ആക്രമണം നേരിടുന്നവരാണ് മുസ് ലിങ്ങൾ. ചൈനയിൽ ന്യൂനപക്ഷമായ ഉയിഗൂർ മുസ് ലിങ്ങൾ കടുത്ത അടിച്ചമർത്തലിനു വിധേയരാണ്. ഇങ്ങിനെ ലോകം മുഴുവനും ഭരണ വർഗമല്ലാത്ത ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ അന്താരാഷ്ട്ര ന്യൂനപക്ഷാവകാശ ദിനാചരണം വെറും പ്രഹസനമായിത്തീരുന്നു എന്നർത്ഥം. 
ന്യൂനപക്ഷങ്ങളുടെ കേദാരമാണ് ഇന്ത്യ. ഇവിടെ ഭാഷാ-വർഗ-വംശ ന്യൂനപക്ഷങ്ങൾ തന്നെ നിരവധിയുണ്ട്. മത ന്യൂനപക്ഷ വിഭാഗങ്ങൾതന്നെ അര ഡസനോളം വരും. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം മുസ് ലിങ്ങളാണ്. രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങൾക്കും പ്രശ്നങ്ങളുണ്ട്. സിഖുകാരും കൈ്രസ്തവരും ആക്രമിക്കപ്പെടാറുണ്ടെങ്കിലും സ്ഥിരമായ വിവേചനത്തിനും പീഡനത്തിനുമിരയാകുന്നത് മുസ് ലിങ്ങളാണ്. സ്വാതന്ത്ര്യ ലബ്ധി തൊട്ടേ ആരംഭിച്ച മുസ് ലിം വിരുദ്ധ പീഡനങ്ങളൂം കലാപങ്ങളും വിവേചനങ്ങളും ഇപ്പോഴും തുടരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തിനും സംഘപരിവാർ അധികാരാരോഹണത്തിനും ശേഷം അത് കൂടുതൽ രൂക്ഷമായി. ഇന്ത്യൻ മുസ് ലിങ്ങൾ നേരിടുന്ന വിവേചനങ്ങളും അവശതകളും സർക്കാർ നിയോഗിച്ച രജീന്ദർ സച്ചാർ കമീഷൻ തന്നെ വർഷങ്ങൾക്ക് മുമ്പ് അക്കമിട്ട് ചൂണ്ടിക്കാട്ടിയതാണ്. ക്ഷേമപദ്ധതികളും വികസന പരിപാടികളും ഏറെ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും സച്ചാർ കമ്മിറ്റി റിപ്പോർട്ടിനു ശേഷം മുസ് ലിങ്ങളുടെ സാമൂഹികാവസ്ഥ കൂടുതൽ പിന്നാക്കമാവുകയാണുണ്ടായതെന്നാണ് സച്ചാർ കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറിയായിരുന്ന ഡോ. അബൂ സ്വാലിഹ് ശരീഫ് പറയുന്നത്. സർക്കാറുദ്യോഗത്തിൽ മുസ് ലിം പ്രാതിനിധ്യം വർധിച്ചിട്ടില്ലെന്നു മാത്രമല്ല, പൂർവാധികം കുറയുകയാണുണ്ടായതെന്ന് ഒരു ചോദ്യത്തിനുത്തരമായി സർക്കാർ തന്നെ ലോക്സഭയിൽവെച്ച മറുപടിയിലും പറയുന്നു.
രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിലൊക്കെ ഉയർന്ന നിലവാരം പുലർത്തുന്ന കേരളത്തിലും ന്യൂനപക്ഷങ്ങളോടുള്ള നിലപാട് ഏറെയൊന്നും ആശാവഹമല്ല. ജനസംഖയുടെ 25 ശതമാനത്തോളം വരുന്ന മുസ് ലിങ്ങളുടെ പ്രാതിനിധ്യം നിയമസഭ മുതൽ ഗ്രാമസഭവരേയും കളക്ടറേറ്റ് മുതൽ പഞ്ചായത്ത് ഒാഫീസ് വരെയും തുലോം വിരളമാണ്. മുസ് ലിം ന്യൂനപക്ഷത്തിന് മാത്രമായുള്ള സംവരണാവകാശം ആദ്യം 80:20 ആക്കുകയും പിന്നീട് അതും ഇല്ലാതാക്കുകയും ചെയ്ത ചതിയൊക്കെ നമുക്കറിയാം. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം തരപ്പെടുത്തി യഥാർത്ഥ സംവരണാവകാശികൾക്ക് സംവരണം നഷ്ടപ്പെടുത്തിയതിൽ നമ്മുടെ കേരളമാണല്ലോ ഒന്നാം സ്ഥാനത്ത്! കൂടാതെ രജീന്ദർ സച്ചാർ സമിതി നൂറു ശതമാനവും മുസ് ലിങ്ങൾക്കു മാത്രമായി നിജപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു മുന്നണി സർക്കാരിനാൽ ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുകയാണല്ലോ. 
 ഭരണഘടന ന്യൂനപക്ഷങ്ങൾക്കായി പ്രത്യേകം അനുവദിച്ച അവകാശങ്ങളിൽ പലതും ഭരണഘടനാ ഭേദഗതികളിലൂടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും. ഇതിന്റെ ഉദാഹരണമാണ് പല സംസ്ഥാന സർക്കാരുകളും കൊണ്ടുവരുന്ന മതപരിവർത്തന നിരോധന ബില്ലും ഹിജാബ് നിരോധവുമൊക്കെ. കഴിഞ്ഞ വർഷം മുതൽ ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പ്രീമെട്രിക് സ്കോളർഷിപ്പും മൗലാന ആസാദ് ഫെലോഷിപ്പും കേന്ദ്രം നിർത്തലാക്കിയിരിക്കുന്നു. ഇത് നിർത്തലാക്കി എന്നതിനേക്കാൾ ഗുരുതരം അതിനോട് കാണിച്ചനിസംഗതയാണ്. വിദ്യാർത്ഥികൾക്ക് മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഇൗ ഫെല്ലോഷിപ്പ് നല്കണമെന്നുള്ള ടി.എൻ. പ്രതാപന്റെ പാർലമെന്റിലെ ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയിലാണ് ഇത് നിർത്തലാക്കിയ വിവരം വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി നിസ്സംഗതയോടെ വെളിപ്പെടുത്തിയത്!
രാജ്യത്തെ വിവിധ സർവകലാശാലകളിൽ റെഗുലറായി പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള എം.ഫിൽ, പി എച്ച് ഡി വിദ്യാർത്ഥികൾക്കായി രണ്ടാം യു.പി.എ. സർക്കാർ ഏർപ്പെടുത്തിയതായിരുന്നു മൗലാനാ അസാദിന്റെ പേരിലുള്ള ഫെലോഷിപ്. നൂറുക്കണക്കിന് ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പഠനത്തിനുള്ള വലിയ ആശ്രയമായിരുന്ന പദ്ധതിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ മരവിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ കൊടും ചതി നടത്തിയിരിക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ഒാരോ വിദ്യാർത്ഥിയും ഗവേഷണ പഠനത്തിനായി ഉന്നത കലാലയങ്ങളിൽ എത്തിപ്പെടുന്നത്. ഏറെ വെല്ലുവിളികളെ നേരിട്ട് പഠനം മുന്നോട്ട് കൊണ്ടുപോകുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളെ അവഹേളിക്കുക കൂടിയാണ് ഇൗ നടപടിയിലൂടെ കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തി എന്നതിന്റെ പേരിൽ തന്നെ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവർക്കു നേരെയുണ്ടാകുന്നത്. ന്യൂനപക്ഷങ്ങൾക്കായി വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും പ്രത്യേക സംവരണം ഏർപ്പെടുത്തിയത് അവരും ഭൂരിപക്ഷ വിഭാഗത്തിനൊപ്പം എത്താനാണ്. ഇത്തരം ന്യൂനപക്ഷ സംവരണങ്ങൾ ഭരണകൂടങ്ങളാൽ തന്നെ അട്ടിമറിക്കപ്പെടുന്നു എന്നത് നിർഭാഗ്യകരമാണ്.
ഇന്ത്യയിലെന്യൂനപക്ഷ കമ്മിഷനും ന്യൂനപക്ഷ മന്ത്രാലയവും ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തികഞ്ഞ പരാജയമാണ്. ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പും പ്രത്യേക അവകാശങ്ങളും ദേശീയോദ്ഗ്രഥനത്തിനു തടസ്സമാണെന്ന വാദമാണ് അന്നും ഇന്നും ആർ.എസ്.എസും അവരുടെ രാഷ്ടീയ സംഘടനയായ ബി.ജെ.പിയും ഉയർത്തിക്കൊണ്ടുവരുന്നത്. അതിനാൽതന്നെ ന്യൂനപക്ഷാവകാശങ്ങൾ ഇന്നത്തെ ഇന്ത്യയിൽ ഒാരോന്നായി കവർന്നെടുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. 
സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ വിവേചനങ്ങൾക്ക് ഇന്ത്യയിൽ ഏറ്റവുമധികം വിധേയരാകുന്നത് ന്യൂനപക്ഷങ്ങളാണ്. പൊതുരാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ നിന്ന് അവർ ബോധപൂർവം അകറ്റപ്പെടുന്നു. രാഷ്ട്രീയമോ, സാമൂഹികമോ ആയ നേതൃതല തീരുമാനങ്ങൾ എടുക്കുന്നതിൽ അവർ ഒഴിവാക്കപ്പെടുന്നു. പലപ്പോഴും വംശഹത്യകൾക്കുവരെ അവർ ഇരകളായിത്തീരുന്നു. ഇന്ത്യയെ ഏകശിലാത്മക ദേശീയതയായി നിർവചിക്കുന്നവരുടെ ഏറ്റവും വലിയ തടസ്സം രാജ്യത്തെ ന്യൂനപക്ഷങ്ങളാണ്. രാജ്യത്തിന്റെ വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെന്ന് അംഗീകരിക്കാൻ അവർ തയാറല്ല. ന്യൂനപക്ഷങ്ങൾ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്ക് മായ്ച്ചുകളയാൻ തീവ്രശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി രാജ്യത്തെ ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനുംഅരികുവൽക്കരിക്കാനുംകഴിയുമെന്നവർ കണക്കുകൂട്ടുന്നു. ന്യൂനപക്ഷാവകാശങ്ങൾ പരിമിതമായി വകവച്ചു കൊടുക്കുമ്പോൾ തന്നെ അതിനെ ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിച്ച് വർഗീയമുതലെടുപ്പ് നടത്താനും സംഘ്പരിവാർശ്രമം നത്തുന്നു.
ഇന്ത്യൻ ദേശീയതയെ ഹിന്ദുത്വ ദേശീയതയായി പരിവർത്തിപ്പിക്കാനും ഭരണകൂട പിന്തുണയഥേഷ്ഠം ലഭിക്കുന്നുണ്ട്. ഇത്തരമൊരവസ്ഥയിൽ ഇന്ത്യയുടെഅഭിമാനമായ നാനാത്വത്തിലെ ഏകത്വം കാത്തുസൂക്ഷിക്കുക എന്നത് മുമ്പെത്തേക്കാളും വലിയ ബാധ്യതയായി മതേതര സമൂഹം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെ പോകുമെന്നും അതിനെതിരേ ഉയരുന്ന ഏതു വെല്ലുവിളികളും സധൈര്യം നേരിടുമെന്നും രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികൾ ഒറ്റക്കെട്ടായി ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദർഭമാണിത്.
പല രീതിയിലുള്ള വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ന്യൂനപക്ഷങ്ങളും മറ്റ് പിന്നാക്ക അ:ധസ്ഥിത വിഭാഗങ്ങളും ജീവിക്കുന്നത്. രാജ്യത്തെ 20% വരുന്ന മുസ് ലിങ്ങളെ പ്രതിനിധീകരിച്ച് ഒരു മന്ത്രിപോയിട്ട് ഒരു എം.പി. പോലുമില്ലാത്ത ഒരു ഭരണംനിലനിൽക്കുമ്പോൾ എന്ത് ന്യൂനപക്ഷാവകാശം! കഴിഞ്ഞ മോഡി മന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്ന നജ്മ ഹിബ്ത്തുല്ല ബിജെപിയിൽ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങളിൽ കണ്ണും നട്ട് പറഞ്ഞതാവട്ടെ മുസ് ലിങ്ങൾ ന്യൂനപക്ഷമല്ല എന്നും! ഇൗപോക്കു പോയാൽ അനതിവിദൂര ഭാവിയിൽ ഇൗ ന്യൂനപക്ഷാവകാശ ദിനം പോലും ഇന്ത്യയിൽ നിന്ന് തേഞ്ഞുമാഞ്ഞുപോകുമെന്നുറപ്പ്. 
ദേശീയ ന്യൂനപക്ഷാവകാശ ദിനം വർഷങ്ങളായി ആചരിക്കുന്നുണ്ടെങ്കിലും ആചാരങ്ങൾക്കപ്പുറം ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങൾ പലതും അപഹരിക്കപ്പെടുന്നതാണ് കാണാൻ കഴിയുന്നത്.ഇതുസംബന്ധിച്ച അവബോധവും ചർച്ചകളും സംവാദങ്ങളും ഇനിയും സമൂഹത്തിൽ നിരന്തരം വിഷയീഭവിക്കേണ്ടതുണ്ട്. ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കപ്പെടുന്ന ഒരു ആസുരകാലത്ത് ഇൗ ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്. ഭാഷാപരമായും വംശീയമായും വർഗപരമായും മതപരമായും ലിംഗപരമായും രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ തോതിലുള്ള വിവേചനങ്ങളാണ് നേരിടുന്നത്. സാധാരണ വ്യക്തികൾക്കുള്ളതുപോലെ, എല്ലാ കാര്യങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കും അവകാശമുണ്ട്. എന്നാൽ അവയിൽ പലതും നിഷേധിക്കപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം. സാമൂഹിക സമത്വത്തിനായി നടപ്പാക്കുന്ന സംവരണം പോലും അട്ടിമറിക്കപ്പെടുന്നതായാണല്ലോ ഇപ്പോഴത്തെ അനുഭവം.
ഒരു ദിനം ആചരിച്ചതുകൊണ്ട് പരിഹൃതമാകുന്നതല്ല ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങൾ എന്നത് ശരിയാണെങ്കിലും പ്രശ്നങ്ങൾ ആഗോള സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുത്താനും വിപുലമായ ചർച്ചക്ക് വിധേയമാക്കാനും പരിഹാരങ്ങളന്വേഷിക്കാനുമുള്ളസന്ദർഭമെന്ന നിലക്ക് പ്രയോജനപ്പെടുത്തേണ്ട സന്ദർഭമാണിത് .അതിനാൽ തന്നെ ന്യൂനപക്ഷദിനാചരണത്തിന്റെ പ്രസക്തി വലുതാണ്.