യേശുവും മാതാവ് മർയമും വിശ്വാസി സമൂഹത്തിന്ന് വലിയ പാഠമാണ്. ക്രിസ്ത്യാനികളും മുസ് ലിങ്ങളും അവരെ നന്നായി സ്നേഹിക്കുന്നുണ്ട്. എന്നാൽ ക്രിസ്ത്യാനികളുടെ സ്നേഹം ആരാധനയിലേക്ക് കടന്നു. മുസ് ലിങ്ങൾക്ക് ആ അബദ്ധം പിണഞ്ഞില്ല. യേശു കുരിശിലേറ്റപ്പെട്ടു എന്ന കൈ്രസ്തവ വിശ്വാസം ക്വുർആൻ തിരുത്തി.
""അല്ലാഹുവിന്റെ ദൂതനായ, മർയമിന്റെ മകൻ മസീഹ് ഇൗസയെ ഞങ്ങൾ കൊന്നിരിക്കുന്നു എന്ന് അവർ പറഞ്ഞതിനാലും (അവർ ശപിക്കപ്പെട്ടിരിക്കുന്നു). വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല. പക്ഷേ (യാഥാർത്ഥ്യം) അവർക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീർച്ചയായും അദ്ദേഹത്തിന്റെ കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഉൗഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്ക് അക്കാര്യത്തെപ്പറ്റി ഒരറിവുമില്ല. ഉറപ്പായും അവർ അദ്ദേഹത്തെ കൊന്നിട്ടില്ല. എന്നാൽ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയർത്തുകയാണ് ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.'' (വി.ക്വു. 4:157, 158)
ഇൗസാ വാനലോകത്തേക്ക് ഉയർത്തപ്പെട്ടു എന്നത് അദ്ദേഹത്തെ ആരാധിക്കാനുള്ള ന്യായീകരണമല്ല. മനുഷ്യരും അവരിലെ ദൈവദൂതന്മാരും എത്ര വലിയ ഉന്നതന്മാരായാലും അവർ ആരാധന അർഹിക്കുന്നില്ല. സൃഷ്ടികളിൽ ശ്രേഷ്ഠനായ മുഹമ്മദ് നബി പോലും പ്രാർത്ഥിക്കപ്പെടാൻ അർഹനല്ല. അദ്ദേഹത്തെ അനുസരിക്കാനാണ് അല്ലാഹു കൽപിച്ചത്.
യേശുവിന്റെ മാതാവ് മർയം കടുത്ത അപവാദത്തിന്നിരയായി. പുരുഷസ്പർശമില്ലാതെ ഗർഭിണിയായി എന്നതാണ് കുത്തുവാക്കുകൾക്കിരയാകാൻ കാരണം. കുഞ്ഞു പിറന്നപ്പോൾ മർയമിനെ കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിച്ചു. നല്ല തറവാട്ടിൽ പിറന്ന നീ പിഴച്ചു പോയല്ലോ എന്നായിരുന്നു അവരുടെ ആക്ഷേപം.
""ഹേ ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുർന്നടപ്പുകാരനുമായിരുന്നില്ല. അപ്പോൾ മർയം അവന്റെ(ശിശുവിന്റെ) നേരെ ചൂണ്ടിക്കാണിച്ചു. അവർ ചോദിച്ചു: തൊട്ടിലിലുള്ള ഒരു കുട്ടിയോട് ഞങ്ങൾ എങ്ങനെ സംസാരിക്കും'' (വി.ക്വു. 19:27 -29)
അതുകേട്ടയുടനെ തൊട്ടിലിലെ കുഞ്ഞതാ പറയുന്നു. ""ഞാൻ അല്ലാഹുവിന്റെ ദാസനാകുന്നു. അവൻ എനിക്ക് വേദഗ്രന്ഥം നൽകുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ(അല്ലാഹു) അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നൽകുവാനും എന്നോടവൻ അനുശാസിക്കുകയും ചെയ്തിരിക്കുന്നു. അവനെന്നെ സ്വന്തം മാതാവിനോട് നല്ല നിലയിൽ പെരുമാറുവാനും (ആക്കിയിരിക്കുന്നു). എന്നെയവൻ നിഷ്ഠൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല. ഞാൻ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും എന്റെ മേൽ ശാന്തിയുണ്ടായിരിക്കും. അതത്രെ മർയമിന്റെ മകനായ ഇൗസാ. അവർ ഏതൊരു വിഷയത്തിൽ തർക്കിച്ചുകൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാർത്ഥമായ വാക്കത്രേ ഇത്.'' (വി.ക്വു. 19:30-34)
പ്രവാചകന്മാർ വിമർശിക്കപ്പെടുക സ്വാഭാവികം. ഇൗസാ എന്ന ശിശു തൊട്ടിലിൽ വെച്ച് അവർക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിച്ചത് അവരുടെ സംശയം ദുരീകരിക്കാൻ പര്യാപ്തമായിരുന്നുവെങ്കിലും അവരുടെ മനസ്സ് ആ ദിശയിലേക്ക് തിരിഞ്ഞില്ല.
പിതാവിന് വിപരീതമായി ജനിച്ച കുട്ടി എന്ന നിലയിൽ ജാരസന്താനം എന്ന് കുറ്റപ്പെടുത്തുകയായിരുന്നുവല്ലോ അവർ. അതിനേക്കാൾ ഗുരുതരമായ ഒരവകാശവാദമാണ് ക്രിസ്തുമത വിശ്വാസികൾ പുലർത്തിക്കൊണ്ടിരിക്കുന്നത്. യേശു(ഇൗസാ) ദൈവപുത്രനാണെന്ന്. അല്ലാഹു അതിന്റെ സത്യം ഇങ്ങനെ പ്രസ്താവിക്കുന്നു.
""ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്ന് ഉണ്ടാകാവുന്നതല്ല. അവൻ എത്ര പരിശുദ്ധൻ. ഒരു കാര്യം അവൻ തീരുമാനിച്ചു കഴിഞ്ഞാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോൾ അത് ഉണ്ടാകുന്നു.'' (വി.ക്വു. 19:35)
ഇൗസയേയും ഇൗസായുടെ മാതാവിനെയും ദൈവമാക്കുകയാണ് അവർ ചെയ്തത്. ദൈവം ഒന്നേ ഉള്ളൂ. അവൻ തന്നെയാണ് സ്രഷ്ടാവും നിയന്താവും. അവന്ന് ഏത് കാര്യവും നിഷ്പ്രയാസം നടപ്പാക്കാൻ കഴിയും. ആ ദൈവിക ശക്തിയുടെ ഭാഗമാണ് മർയമിന്റെ ഗർഭധാരണം. ഇതെല്ലാം സ്രഷ്ടാവിന്നു വിട്ടുകൊടുത്തിരുന്നുവെങ്കിൽ വികല വിശ്വാസങ്ങൾ അവരെ സ്വാധീനിക്കുമായിരുന്നില്ല. ഇൗസയെ വിമർശിക്കുന്നതിൽ ഒരു ന്യായീകരണവുമില്ല. അസാധാരണ സംഭവം നടന്നു എന്നതാണ് ദൈവപുത്രൻ ദൈവമാതാവ് എന്നെല്ലാം പറയുവാൻ ധൃഷ്ടരാക്കിയത്. പ്രവാചകന്മാരിലൂടെ അത്ഭുത സംഭവങ്ങൾ നടക്കും. അതിന്ന് മറ്റു വ്യാഖ്യാനങ്ങൾ നൽകരുത്. അത്ഭുതങ്ങളും അസാധാരണത്വങ്ങളും എങ്ങനെ സംഭവിക്കുന്നുവെന്നതിന്ന് ക്വുർആനിൽ ഉത്തരമുണ്ട്. അല്ലാഹു ഉണ്ടാകൂ എന്ന് പറയുന്നതോടെ ആ വസ്തു ഉണ്ടാവുന്നു.
ക്രിസ്ത്യാനിറ്റിയിൽ ത്രികേയത്വം എന്ന ഒരാശയമുണ്ട്. ''അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനും ഇല്ല തന്നെ. അവർ ആ പറയുന്നതിൽ നിന്ന് വിരമിച്ചില്ലെങ്കിൽ അവരിൽ നിന്ന് അവിശ്വസിച്ചവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.'' (വി.ക്വു. 5:73)
വിശുദ്ധ ക്വുർആനിലെ ഇഖ്ലാസ് എന്ന അധ്യായം മൂന്നു തവണ പാരായണം ചെയ്താൽ ക്വുർആൻ പൂർണമായി ഒാതിയതിന്ന് തുല്യമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങളിലൊന്നാണ് ത്രിത്വ സിദ്ധാന്തത്തെ ഖണ്ഡിക്കുന്നു എന്നത്.
''അവൻ(ആർക്കും) ജന്മം നൽകിയിട്ടില്ല. (ആരുടെയും) സന്താനമായി ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ല തന്നെ.'' (വി.ക്വു. 112:3,4)
വക്രതയില്ലാത്ത മതമാണ് ഇസ് ലാം. വിശ്വാസം വളച്ചുകെട്ടില്ലാതെ ക്വുർആനിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ എന്നോടു പ്രാർത്ഥിക്കൂ. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. ഇൗ ഉറപ്പ് വലിയ ആശ്വാസമാണ് വിശ്വാസികൾക്ക് നൽകുന്നത്. പ്രാർത്ഥന ഒരു കേന്ദ്രത്തിലേക്ക് മാത്രം. അവിടെ നിന്ന് ഉത്തരം കിട്ടിയിട്ടില്ലെങ്കിൽ മറ്റൊരു കേന്ദ്രത്തിൽ നിന്നും കിട്ടുകയില്ല. അല്ലാഹുവിന്നു പുറമെ ആരാധിക്കപ്പെടുന്നവർ ഒരു ഇൗച്ചയെപ്പോലും സൃഷ്ടിച്ചിട്ടില്ല. സൃഷ്ടിക്കയുമില്ല.
""രാവിനെ അവൻ പകലിൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവന്നു പുറമെ ആരോട് നിങ്ങൾ പ്രാർത്ഥിക്കുന്നുവോ അവർ ഒരു ഇൗത്തപ്പഴക്കുരുവിന്റെ പാട പോലും ഉടമപ്പെടുത്തുന്നില്ല. (വി.ക്വു. 35:13)
ചുരുക്കത്തിൽ ഒരു പ്രവാചകന്നും പ്രാർത്ഥിക്കപ്പെടാൻ അർഹതയില്ല. വളരെ പ്രകടമായ ബഹുദൈവത്വമാണ് യേശുവിനോട് പ്രാർത്ഥിക്കുന്നത്. പ്രവാചകന്മാരെല്ലാം അല്ലാഹുവോട് മാത്രം പ്രാർത്ഥിച്ചവരും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചാൽ നിങ്ങളുടെ സൽകർമങ്ങളെല്ലാം വ്യർത്ഥമായിപ്പോകും എന്ന് പറഞ്ഞവരായിരുന്നു. പ്രവാചകന്മാരുടെ പാത ശരിയാംവണ്ണം പിന്തുടർന്നാൽ നാം സ്വർഗത്തിലെത്തും. നല്ലത് എന്ന് നമുക്ക് തോന്നിയാൽ പോരാ. അത് ക്വുർആനിൽ നിന്നും നബിവചനങ്ങളിൽ നിന്നും ലഭിച്ചതായിരിക്കണം.
യേശു വിശ്വാസികളുടെ പ്രിയങ്കരൻ
- ഇ.കെ.എം പന്നൂർ