2024 May 03
24 Shawwal, 1445 AH
പാർലമെന്റിലെ പുകയാക്രമണം

പാർലമെന്റിലെ പുകയാക്രമണം

  • ഡോ. സുൽഫിക്കർ അലി

2001 ഡിസംബർ 13നാണ് രാജ്യത്തെ നടുക്കിയ പാർലമെൻറ് ആക്രമണം നടന്നത്. ഭീകരർ പാർലമെൻറ് വളപ്പിനുള്ളിൽ ചേക്കേറി നടത്തിയ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. അതേ ഭീകരാക്രമണത്തിന്റെ ഓർമ ദിനത്തിലാണ് ഇന്ത്യൻ പാർലമെന്റിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട്, മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളെയും വെല്ലുവിളിച്ചു പുകബോംബുകൾ പൊട്ടിച്ചത്.
2023 ഡിസംബർ 13ന് രണ്ട് യുവാക്കൾ, പാർലമെന്റിലെ സന്ദർശക ഗ്യാലറിയിൽ നിന്ന് ലോക് സഭാചേംബറിലേക്ക് എടുത്തുചാടി പുക ബോംബ് സ്ഫോടനത്തിലൂടെ പരിഭ്രാന്തിയുണ്ടാക്കിയത് ഏതൊരു ഇന്ത്യക്കാരനെയും ഞെട്ടിച്ചിരിക്കുകയാണ്. തുടർന്നുള്ള അറസ്റ്റുകൾ ഇൗ ഭീകര കൃത്യം ആസൂത്രിതമായിരുന്നുവെന്നതിന്റെ തെളിവുകൾ നൽകുന്നുണ്ട് .ആ യുവാക്കൾ വിളിച്ച മുദ്രാവാക്യം പ്രസക്തമാണോ എന്നത് മറ്റൊരു വിഷയമായി ചർച്ച ചെയ്യേണ്ടതാണ്. അതീവസുരക്ഷാ മേഖലയായ പാർലമെന്ററിനകത്തേക്ക് യുവാക്കൾക്ക് എങ്ങനെ എത്താൻ കഴിഞ്ഞു എന്നതും അവരെ വഴി വിട്ടു സഹായിച്ചവർ ആരൊക്കെയാണ് എന്നെല്ലാമുള്ള കാര്യങ്ങൾ ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്. എന്നാൽ ഭരണകക്ഷി എംപിയുടെ ശിപാർശയോടെ വന്നവരുമായി ബന്ധപ്പെട്ട ഒരു കേസായത് കൊണ്ട് ഇൗ വിഷയം ഗൗരവത്തോടെ എടുക്കാൻ കേന്ദ്രസർക്കാർ വിമുഖത കാണിക്കുന്നു എന്നുംആരോപണം ഉണ്ട്.
"ചർച്ച വേണ്ട അന്വേഷണം മതി' എന്നാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുന്നത്. ഇന്ത്യൻ രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം പ്രശ്നം ചർച്ചചെയ്യാതെ പലതും മൂടിവെക്കാൻ ശ്രമിക്കുന്നു വെന്നാണ് പ്രതിപക്ഷംപറയുന്നത്. ഇൗ പ്രശ്നത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ ബിജെപിക്ക് കഴിയാതെ പോയത് മുസ് ലിം നാമധാരികളായ ആരും ഇൗ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുണ്ടായില്ല എന്നതുകൊണ്ട് മാത്രമാണ്. അവർ വിളിച്ച മുദ്രാവാക്യങ്ങളിൽ കശ്മീർ പ്രശ്നമോ പൗരത്വ നിയമമോ ഇല്ലാതിരുന്നതും സംഭവത്തിന്റെ ഗതി മാറ്റിമറിച്ചു . അതുണ്ടായിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു . തന്നെയുമല്ല ചാനലുകളും പത്രങ്ങളും ആഴ്ചകളോളം സചിത്ര വിവരണ ങ്ങളുമായി രംഗത്ത് സജീവമാകുമായിരുന്നു.
രാജ്യം അപകടത്തിലാണ് എന്ന സന്ദേശം വാർഡ് തലംീ മുതൽ അന്താരാഷ്ട്രതലം വരെ പ്രചരിപ്പിക്കാൻ എല്ലാ ദുശക്തികളും കച്ചകെട്ടിയിറങ്ങുമായിരുന്നു പ്രതികൾ എന്നു സംശയിക്കുന്നവരുടെ വീടുകളിലേക്ക് ബുൾഡോസറുകൾ ഉരുളുമായിരുന്നു. ആസൂത്രണം ചെയ്ത വീടുകളും റൂമുകളും ഒക്കെ ദേശീയ അന്വേഷണ ഏജൻസികളെ കൊണ്ട് നിറയുമായിരുന്നു. രാജ്യ വ്യാപകമായ അറസ്റ്റുകളും പ്രതിഷേധങ്ങളും അരങ്ങ് തകർക്കുമായിരുന്നു .
പാർലമെന്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പുകബോംബ് പൊട്ടിച്ച് ഭീതി പരത്തിയ യുവാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ചയാക്കാൻഭരണകക്ഷിയായ ബിജെപിക്ക് തീരെ താല്പര്യമില്ല എന്നത് തന്നെ യാണ് മീഡിയകൾക്ക് ഈ വിഷയത്തിൽ കൂച്ചു വിലങ്ങിടാൻ കാരണം. യുവാക്കൾ മുന്നോട്ടുവെച്ച തൊഴിലില്ലായ്മ, ദാരിദ്ര്യ നിർമാർജനം, പട്ടിണി വിപാടണം, തുടങ്ങിയ ആവശ്യങ്ങൾ രാജ്യത്ത് ചർച്ചയായാൽ പുതുതലമുറ ഈ വിഷയം ഗൗരവത്തോടുകൂടി ഏറ്റെടുക്കുക മാത്രമല്ല അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ അത് മുഖ്യ വിഷയമാവുകയും ഭരണപക്ഷത്തെ കാര്യമായി ബാധിക്കുകയും ചെയ്യുമെന്നത് അവർക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മയും ഭക്ഷ്യസുരക്ഷയുമൊക്കെ ചർച്ചയാകുന്നതിനെ ഭയപ്പെടുന്ന ബിജെപി അതീവ സുരക്ഷിത മേഖലയിൽ നടന്ന ഈ ആക്രമണത്തെക്കുറിച്ച് ഇരുട്ടിൽ തപ്പുംപോലെഅഭിനയിക്കുകയാണ്.അവിടെ നടന്ന നുഴഞ്ഞുകയറ്റത്തിലെ സുരക്ഷാ വീഴ്ചയെപ്പറ്റി ബി.ജെ.പിക്ക് മിണ്ടാട്ടമില്ലാത്തതിലെദുരൂഹതവ്യക്തമാക്കേണ്ടതുണ്ട്.
 
രാജ്യസുരക്ഷയുടെ 
പ്രശ്നം 

രാജ്യസുരക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം എന്നറിയപ്പെടുന്ന പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷ കൂടിയാണ് . ഇപ്പോൾ പാർലമെന്റിൽ ഭീകരാക്രമണം നടത്തിയ യുവാക്കൾ, പുക ബോംബുകൾക്ക് പകരം മറ്റു രാസ മിശ്രിതങ്ങൾ ഉപയോഗിച്ചുകൊണ്ട് അപകടകരമായ ബോംബുകളോ തീ കൊണ്ടുള്ള മറ്റ് ആക്രമണങ്ങളോ ആയിരുന്നു നടത്തിയിരുന്നതെങ്കിൽ എന്തായിരുന്നു നമ്മുടെ ദേശീയ നേതാക്കളുടെ അവസ്ഥയെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ. ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും മുതിർന്ന നേതാക്കളാണ് പാർലമെന്റെിലുള്ളത്. അവരുടെ സുരക്ഷയെപ്പറ്റി ചർച്ചചെയ്യുന്നത് പോലും അനുവദിക്കാത്ത രൂപത്തിലേക്ക് ജനാധിപത്യം മാറിപ്പോവുന്നുവെങ്കിൽ അതുകൂടെ ചേർത്ത് വെച്ച് ചർച്ച ചെയ്യപ്പെടേണ്ടതാണ്.
രാജ്യ സുരക്ഷയുടെ പേരിൽ മാധ്യമപ്രവർത്തകരെ വരെ വിശദമായി പരിശോധിച്ച്, സ് ക്രീനിങ് നടത്തി കടത്തിവിടുന്നവർക്ക് ബിജെപിയുടെ മൈസൂർ എം.പി പ്രതാപ് സിംഹയുടെ ശിപാർശയിൽ പ്രത്യേകപാസ് തരപ്പെടുത്തി അക്രമകാരികൾക്ക് സന്ദർശക ഗ്യാലറിയിൽ ഇരിപ്പുറപ്പിക്കുവാൻ സാധിച്ചത്, കേന്ദ്രസർക്കാറിന്റെ അതീവ സുരക്ഷിത മേഖല ഇത്രമാത്രം ദുർബലമാണ് എന്ന സന്ദേശമാണ് നൽകുന്നത്. ഇൗ കൃത്യത്തിൽ സഹായിച്ച വ്യക്തികൾ സമൂഹമാധ്യമങ്ങളിലൂടെ ലൈവുകൾ കൊടുത്തുവെന്നത് പരിഗണിക്കുമ്പോൾ ഏറെ ആസൂത്രണം ഇതിനു പിന്നിൽ ഉള്ളതായും കണക്കാക്കാവുന്നതാണ്. ബിജെപി എംപിയുടെ പാസ് ഉണ്ടായാൽ പരിശോധിക്കേണ്ടതില്ല എന്നുണ്ടോ? പ്രതികളായ നീലവും അമോൽ ഷിൻഡേയും പാർലമെന്റിന് പുറത്ത് സ്മോക് ബോംബ് പൊട്ടിച്ച് പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ലളിത് ഝാ ലൈവ് ആയി സ്ട്രീം ചെയ്തിരുന്നു. അതിനുശേഷം നാലുപേരുടേയും ഫോണുകളുമായി ലളിത് ഝാ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നുവത്രെ.

കൂട്ട സസ്പെൻഷൻ 
പരിഹാരമോ 

ഇത്രയും ഗുരുതരമായ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്തു എന്നതിന്റെ പേരിൽ 143എംപിമാരെ ഒരുമിച്ച് സസ്പെൻഡ് ചെയ്ത സംഭവം ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഉണ്ടാവുന്നത്. പ്രസ്തുത സംഭവത്തെക്കുറിച്ച് കാര്യമായ ചർച്ച ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടതാണ് എംപി മാർ ചെയ്ത കുറ്റമെന്നത് ജനാധിപത്യ വിശ്വാസികളെ ഏറെ നാണിപ്പിക്കുന്നു. കൂടുതൽ എംപിമാരെ പാർലമെന്റിൽ നിന്ന് ഒരേസമയം സസ്പെൻഡ് ചെയ്തത് 1989 മാർച്ച് 15നായിരുന്നു. 63 പേരെയാണ് അന്ന് സസ്പെൻഡ് ചെയ്തത്. ഇന്ദിര ഗാന്ധിയുടെ വധത്തെ സംബന്ധിച്ചു അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് സഭയിൽ വെക്കാത്തതിൽ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു ആ സസ്പെൻഷൻ. അതുതന്നെ മൂന്നു ദിവസത്തേക്ക് മാത്രമായിരുന്നു .ഇപ്പോഴത്തെ സസ്പെൻഷൻ ആകട്ടെ സഭാ കാലാവധി കഴിയുന്നത് വരെയാണ്. ലോകസഭയിൽ ഉണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ വിശദീകരണം നടത്തണമെന്നുള്ള ജനാധിപത്യ ആവശ്യമാണ് എംപിമാർ ഉന്നയിച്ചത്. ഏകാധിപത്യം നടപ്പിലാക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് ഇതിലൂടെ മറ നീക്കി വന്നിരിക്കുന്നത്. പ്രതിപക്ഷ ശബ്ദം കശാപ്പ് ചെയ്യുക എന്ന ലക്ഷ്യവുമായി ഏറെക്കാലം മുന്നോട്ടു പോവാനാവില്ല.

ചർച്ച ഇല്ലാത്തത് 
എന്തുകൊണ്ട് 

പാർലമെന്റ് ആക്രമണത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒരക്ഷരം പറയാത്തത് എന്തുകൊണ്ടെന്ന് ഇന്ത്യയിലെ സാധാരണക്കാർ വരെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതിൽ ബിജെപിയുടെ രാഷ്ട്രീയം വ്യക്തമാണ്. ഇന്ത്യയിലെ മാധ്യമങ്ങൾക്ക് എന്തുപറ്റി എന്നത് ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണ്. മാധ്യമങ്ങൾ ഈ വിഷയത്തെ കേവലം ഒരു വാർത്തയിലും വിശകലനത്തിലും മാത്രം ഒതുക്കി നിർത്തുന്നത് ഭീകരാക്രമണത്തേക്കാൾ ഭീകരമാണ്. ഇത്രയും ഗുരുതരമായ ഭീകരാക്രമണമുണ്ടായിട്ടും, പാർലമെന്റിൽ സ്പീക്കർ മാത്രം പ്രതികരിച്ചാൽ മതിയെന്ന നിലപാട് സ്വീകരിച്ച ഭരണ നേതൃത്വത്തെക്കൊണ്ട് സംസാരിപ്പിക്കും വരെ തുടർച്ചയായി ഈ വിഷയത്തെ ലൈവായി നിർത്തേണ്ട ബാധ്യത ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ട മാധ്യമ സമൂഹത്തിനുണ്ട്.
ഭീകരവാദ വിരുദ്ധ നടപടികളും, തീവ്രവാദ വിരുദ്ധ നീക്കങ്ങളും ഏകപക്ഷീയമായി മാറിയതിനാലാണ് ഭരണകൂട സംവിധാനത്തിൻെറ ഉദ്ദേശ്യശുദ്ധിയെ കുറിച്ച് സംശയങ്ങൾ ഉയരുന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന മുഴുവൻ വിഷയങ്ങളിലും മുഖം നോക്കാതെ നടപടികൾ ഉണ്ടാകണം. പ്രത്യേക സമുദായത്തിൽ നിന്നുള്ള നാമധാരികൾ പ്രതിപ്പട്ടികയിൽ വരുമ്പോൾ മാത്രം അതീവ ജാഗ്രത അല്ലാതെ വരുന്ന സംഭവങ്ങളെ ഒതുക്കി തീർക്കുകയും ചെയ്യുന്ന പ്രവണത രാജ്യസുരക്ഷയെ മാത്രമല്ല സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ മതിപ്പിനെയും ബാധിക്കും എന്ന് ഇനിയെങ്കിലും ഭരണാധികാരികൾ മനസ്സിലാക്കേണ്ടതുണ്ട്.