ഒരു ദുർബലത മറ്റൊന്നിനെ ശക്തിപ്പെടുത്തുന്നു. ഒന്നിന്റെ അഭാവം മറ്റൊന്നിനെ ഉണ്ടാക്കുന്നു. സ്ത്രീകളിലെ ആശയവിനിമയ പാടവം തന്നെ എടുക്കുക. തീരുമാനങ്ങളെടുക്കാൻ ((judgement skills) - പ്രത്യേകിച്ച് ബന്ധങ്ങളുടെ (relationship) വിഷയങ്ങളിൽ - സ്ത്രീകൾ പുരുഷന്മാരേക്കാൾ പ്രയാസപ്പെടുന്നവരാണ്. ഈ ""ന്യൂനത'' യുടെ അനന്തരഫലമെന്നോണം സ്ത്രീകൾ കൂടുതൽ സാമൂഹിക കഴിവുകളും (Social skills) ആശയവിനിമയ കഴിവുകളും (Communication skills) വികസിപ്പിച്ചെടുത്തു.
സോഷ്യൽ ഡിറ്റക്റ്റീവ്
തെളിവ് ശേഖരിക്കാനും വിശകലനം ചെയ്യാനുമുള്ള ഏറ്റവും നല്ല മാർഗം സഹായമാരായലാണെന്ന് സ്ത്രീകൾക്ക് അറിയാം. പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യം മുതൽ മിക്കവാറും എല്ലാ മേഖലകളിലും സ്ത്രീകൾ മറ്റു സ്ത്രീകളുടെ അഭിപ്രായങ്ങൾ തേടുന്നു. സൗന്ദര്യം, ആരോഗ്യം, ശിശുപരിപാലനം, ഫാഷൻ, ഭക്ഷണക്രമം തുടങ്ങി പ്രണയവും ലൈംഗികതയും അടക്കം വിഷയങ്ങളെക്കുറിച്ചുള്ള ആശയങ്ങൾക്കായി അവർ മറ്റുള്ളവരെ ആശ്രയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ത്രീകൾ അവരുടെ സാമൂഹിക നെറ്റ് വർക്കിനെ പൂർണമായും ആശ്രയിക്കുന്നു.
സ്ത്രീകളുടെ സോഷ്യൽ സോഫ്റ്റ് വെയറാണ്, സ്ത്രീകൾ പുരുഷന്മാരേക്കാൾ വാചാലരാകാനുള്ള ഏറ്റവും വലിയ കാരണം. സ്ത്രീകൾ പുരുഷന്മാരേക്കാൾ നേരത്തെ ആശയവിനിമയം ആരംഭിക്കുന്നു, ഒപ്പം കൗമാര പ്രായത്തിലും മുതിർന്നവരായും കൂടുതൽ സമയം ആശയവിനിമയം നടത്തുന്നവർ സ്ത്രീകളാണ്. ഈ വാഗ് വൈഭവത്തിലെ ശ്രേഷ്ഠത അഞ്ച് വയസ്സിൽ തന്നെ പ്രത്യക്ഷപ്പെടുന്നു. ഈ പ്രകൃതം ഹോർമോണുകളാൽ നിയന്ത്രിക്കപ്പെടുന്നതായി കാണുന്നില്ല. ഹോർമോണിന്റെ അളവിൽ തുല്യരായ സ്ത്രീ പുരുഷന്മാരിൽ പോലും വാഗ് വൈഭവത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ആശയവിനിമയ കഴിവുകളിലെ ഇൗ വ്യത്യാസങ്ങൾക്ക് കാരണം മാനസിക പ്രകൃതിയിലുള്ള വ്യത്യാസങ്ങളാണെന്ന് ഇത് സൂചിപ്പിക്കുന്നു. ശരാശരി, പന്ത്രണ്ട് മുതൽ പതിനേഴു വയസ്സുവരെയുള്ള പെൺകുട്ടികൾ ഒരു ദിവസം എൺപത് ടെക്സ്റ്റ് മെസേജുകൾ അയക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോൾ; ആൺകുട്ടികൾ മുപ്പത് ടെക്സ്റ്റ് മെസേജുകൾ മാത്രമാണ് അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഫേസ്ബുക്ക്, ട്വിറ്റർ, മൈസ്പേസ് തുടങ്ങിയ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകൾ ഉപയോഗിക്കുന്നത്. സ്ത്രീകൾക്കാണ് ഈ സൈറ്റുകളിൽ കൂടുതൽ ഫ്രണ്ട്സുകൾ ഉള്ളത്. കൗമാരക്കാരിൽ അമ്പത്തിയൊമ്പത് ശതമാനം പെൺകുട്ടികൾ എല്ലാ ദിവസവും സുഹൃത്തുക്കളെ അവരുടെ സെൽ ഫോണിൽ വിളിക്കുന്നു, അതേസമയം 42 ശതമാനം മാത്രമാണ് ആൺകുട്ടികൾ അനുദിനം കോൾ ചെയ്യുന്നത്.
സോഷ്യൽ കഴിവുകൾ പ്രധാനമായും മസ്തിഷ്കത്തിലെ പ്രീഫ്രോ ണ്ടൽ കോർട്ടെക്സ് ഉൾപ്പെടെ ഫ്രണ്ടൽ കോർട്ടക്സിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ഭാഷയ്ക്കായി നീക്കിവച്ചിരിക്കുന്ന ഫ്രണ്ടൽ കോർട്ടക്സിന്റെ ഭാഗങ്ങൾ സ്ത്രീകളിൽ വലുതാണ്, ആൺകുട്ടികളേക്കാൾ പെൺകുട്ടികളിൽ പ്രായപൂർത്തിയാകുമ്പോൾ അത് അതിവേഗം വികസിക്കുന്നു. സ്ത്രീകളുടെ മസ്തിഷ്കത്തിലെ ഭാഷാ കേന്ദ്രങ്ങളും സബ്കോർട്ടിക്കൽ റിവാർഡ് സിസ്റ്റങ്ങളും തമ്മിലുള്ള ബന്ധവും വേറെയുമുണ്ട്, സംസാരിക്കുന്നത് പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കൂടുതൽ ആനന്ദദായകമാണെന്ന് ഇത് സൂചിപ്പിക്കുന്നു.
സ്ത്രീ മസ്തിഷ്കത്തിന് രണ്ട് കോർട്ടിക്കൽ അർധഗോളങ്ങൾ തമ്മിൽ കൂടുതൽ കണക്റ്റിവിറ്റി ഉണ്ട്, ഇത് ഭാഷയുടെ കൂടുതൽ ഫലപ്രദമായ സംസ്കരണത്തിനും ഉൽപാദനത്തിനും വേണ്ടി സ്ത്രീ മസ്തിഷ്കം രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ചില ന്യൂറോ സയന്റിസ്റ്റുകളുടെ അനുമാനത്തിന് പ്രേരണയായി. മറ്റുള്ളവരുടെ കാഴ്ചപ്പാട് സ്വീകരിക്കാനുള്ള കഴിവില്ലായ്മയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക വൈകല്യമായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഒാട്ടിസം പുരുഷന്മാർക്ക് കൂടുതലാണ്. ഒരു പ്രമുഖ ഗവേഷകൻ ഓട്ടിസത്തെ വിശേഷിപ്പിക്കുന്നത് തലച്ചോറിന്റെ "അമിത പുരുഷവൽക്കരണത്തിന്റെ'' അനന്തരഫലം എന്നാണ് എന്നത് പുരുഷ മസ്തിഷ്കത്തിൽ സോഷ്യൽ സോഫ്റ്റ് വെയർ വികസിച്ചിട്ടില്ല എന്ന വസ്തുത ഊന്നിപ്പറയുന്നു.
(A Billion Wicked Thoughts: What the World's Largest Experiment Reveals about Human Desire: Ogi Ogas and Sai Gaddam: Page: 114,115)
ചില അംഗപരിമിതികളുടെ പാർശ്വ ഫലങ്ങളായി അപാരമായ കഴിവുകൾ പിറവിയെടുക്കുന്നു.
അറബി ഭാഷ സാഹിത്യകാരനും ഫിലോസഫറുമാണ്അബുൽ അലാ അൽ മഅ്'രി (ജനനം: 973). ഡാന്റെയുടെ A divine comedy എന്ന സാഹിത്യത്തിനും ജോൺ മിൽട്ടന്റെ Paradise Lost എന്ന കൃതിക്കും പ്രചോദനം അബുൽ അലാ അൽ മഅ്'രിയുടെ രിസാലതുൽ ഗഫ്റാൻ എന്ന ഗ്രന്ഥമാണെന്ന് പറയപ്പെടുന്നു. ലോകത്തെ ഏറ്റവും മികച്ച ഫിലോസഫർമാരിൽ ഗണിക്കപ്പെടുന്ന ഈ സിറിയൻ കവി ജന്മനാഅന്ധനായിരുന്നു. തന്റെ കണ്ണുകളുടെ അന്ധത ഉൾക്കാഴ്ച വർധിപ്പിച്ചതായി അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
"മറ്റുള്ളവർ കാഴ്ചയുടെ പേരിൽ ദൈവത്തെ സ്തുതിക്കുന്നതു പോലെ അന്ധതയുടെ പേരിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു...' (യതീമത്തുദ്ദഹ് ർ: സഗാലിബി: 5:16)
കവി ബശ്ശാറിബ്നു ബറദിനെ ചിലർ അന്ധനെന്ന് കുറ്റം പറഞ്ഞപ്പോൾ അദ്ദേഹം ഇപ്രകാരം പാടി:
"ശത്രുക്കളെന്നെ അന്ധനെന്ന് കുറ്റപ്പെടുത്തി. എന്നാൽ അന്ധനാവുക എന്നതല്ല ന്യൂനത, ന്യൂനത കണ്ണുള്ള എന്റെ ശത്രുക്കളിലാണ്. ഒരു മനുഷ്യൻ ധാർമികതയും നീതിബോധവും അകക്കണ്ണു കൊണ്ട് കണ്ടെത്തിയാൽ പുറം കണ്ണുകൾക്ക് കാഴ്ചയില്ലാത്തത് അവനെ അന്ധനാക്കില്ല. പാപങ്ങളിൽ നിന്നുള്ള സുരക്ഷ, സംയമനം, പ്രതിഫലം എന്നിവയെല്ലാം അന്ധത നൽകുന്നു. ഞാനാണെങ്കിൽ ഇൗ മൂന്ന് കാര്യങ്ങൾക്കും ആവശ്യക്കാരനാണ്.''
ദോഷം എടുത്തു ചാട്ടവും തിടുക്കവും ഇല്ലാതാക്കുന്നു
ദരിദ്രനും പണക്കാരനുമില്ലെങ്കിൽ സമ്പദ് വ്യവസ്ഥയില്ല... പണത്തിന്റെ ഒഴുക്കാണ് സമ്പദ് വ്യവസ്ഥ.. ദോഷത്തെ സംബന്ധിച്ച മാനസിക പിരിമുറുക്കം, ഏകാഗ്രത വർധിപ്പിക്കുന്നു എന്ന് പുതിയ ന്യൂറോ സയന്റിഫിക് പഠനങ്ങൾ പറയുന്നു. അതിലൂടെ വിഷയങ്ങളെയും ജീവിതത്തേയും കൂലങ്കഷമായി വിലയിരുത്താനും അപഗ്രഥിക്കാനും സാധിക്കുന്നു. നിങ്ങളുടെ ബന്ധങ്ങളുടെയും സ്വപ്നങ്ങളുടെയും കാഴ്ച നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദുഃഖിതനായിരിക്കുക എന്നതിനർത്ഥം നിങ്ങൾ ഒരു സാഹചര്യവുമായി പൊരുത്തപ്പെടുന്നില്ല എന്നാണ്. പകരം, ആ സാഹചര്യവുമായി പൊരുത്തപ്പെടാനും മുന്നോട്ട് പോകാനും ഇത് നിങ്ങളെ സഹായിക്കുന്നു. പൊരുത്തപ്പെടാനും അംഗീകരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സ്ഥിരോത്സാഹത്തോടെ വളരാനും സഹായിക്കുന്ന ഒരു പ്രധാന വികാരമാണിത്.
ഒരു കാര്യത്തേയോ ഒരു വ്യക്തിയേയോ സംബന്ധിച്ച ദുഃഖം/ വേദന മനസ്സിൽ അതിനെ/അവരെ സംബന്ധിച്ച ഓർമ നിലനിർത്തുന്നു. ഈ ഓർമകളാണ് പലപ്പോഴും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും, നന്മ ചെയ്യാനും അവരുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളേയും സാക്ഷാൽകരിക്കാനുമെല്ലാം നമുക്ക് പ്രചോദനം നൽകുന്നത്.
Post-traumatic growth അഥവാ പി.ടി.ജി സിദ്ധാന്തം (PTG theory) 1990കളിൽ റിച്ചാർഡ് ടെഡെസ്ചി,പിഎച്ച്ഡി, ലോറൻസ് കാൽഹൗൺ പിഎച്ച്ഡി, എന്നിവർ വികസിപ്പിച്ചെടുത്ത സിദ്ധാന്തമാണ്. പ്രതികൂല സാഹചര്യങ്ങളെയോ പ്രതിസന്ധികളെയോ പിന്തുടർന്ന് ആളുകൾ പലപ്പോഴും പോസിറ്റീവ് വളർച്ച കാണുന്നുവെന്ന് സിദ്ധാന്തം പറയുന്നു. ഇത് അവരുടെ ബന്ധങ്ങളിലോ ലോകവീക്ഷണത്തിലോ മറ്റ് വ്യക്തിഗത മേഖലകളിലോ ആകാം. ഒരു പ്രതിസന്ധിക്ക് ശേഷം ഉയർന്നുവരുന്ന പുതിയ അവബോധവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുമാണ് പോസ്റ്റ് ട്രോമാറ്റിക് വളർച്ചയെന്ന് ന്യൂയോർക്കിലെ ഹണ്ടിങ് ടൺ സ്റ്റേഷനിലെ മനഃശാസ്ത്രജ്ഞനായ ഡോ. ഡെബി സിൽബർ പറയുന്നു.""പ്രിയപ്പെട്ട ഒരാളുടെ മരണം, രോഗം, പ്രകൃതിദുരന്തം, അല്ലെങ്കിൽ ലഹരി അഡിക്ഷൻ അല്ലെങ്കിൽ വിശ്വാസവഞ്ചന എന്നിങ്ങനെയുള്ള ഏതെങ്കിലും തരത്തിലുള്ള ദോഷത്തെയാണ് പ്രതിസന്ധി, എന്ന് വിളിക്കുന്നത്'' അവർ വിശദീകരിക്കുന്നു. ""അത് സംഭവിക്കുന്നതിന് മുമ്പും സംഭവിച്ചതിന് ശേഷവും എന്ന് നിങ്ങളുടെ ലോകം വിഭജിക്കപ്പെട്ടിരിക്കുന്ന ഒരു "മാനസിക ഭൂകമ്പത്തിൽ' നിന്നാണ് നിങ്ങളുടെ വളർച്ച സംഭവിക്കുന്നത്. നിങ്ങൾക്കറിയാവുന്നതു പോലെ ജീവിതത്തെ മാറ്റുന്ന ഒരു നിർണായക നിമിഷമാണിത്.'' Tedeschi, Calhoun എന്നിവരുടെ ചരിത്ര പ്രധാനമായ 1996 പഠനമനുസരിച്ച്, നിങ്ങൾ (ദുരന്താനന്തര വളർച്ച) അനുഭവിക്കുന്നുണ്ട് എന്നതിന്റെ പ്രധാന സൂചനകൾ ഇവയാണ്:
ജീവിതത്തോടുള്ള വലിയ മതിപ്പ്, മറ്റുള്ളവരുമായുള്ള മെച്ചപ്പെട്ട ബന്ധം, പുതിയ സാധ്യതകൾ - പുതിയ താൽപ്പര്യങ്ങൾ വികസിപ്പിക്കൽ, വ്യക്തിപരമായ കരുത്ത്, ആത്മീയമായ മാറ്റം...
നന്മ- തിന്മകളുടെ നിതാന്തമായ സംഘട്ടനമാണ് മനുഷ്യന്റെ ജീവിതത്തിന് അർത്ഥവും വ്യാഖ്യാനവും നൽകുന്നത്. നന്മക്കും - തിന്മക്കും യാഥാർത്ഥ്യമില്ല എന്നും ജീവിതാനുഭവങ്ങളിലെ ഗുണദോഷങ്ങൾ കേവലം ആറ്റങ്ങളുടെ ആകസ്മികമായ മാറ്റങ്ങൾ മാത്രമാണെന്നും വിശ്വസിക്കുമ്പോൾ ജീവിതത്തിന് അർത്ഥവും ദൗത്യവുമില്ല.നിഹിലിസം, നാസ്തിക ലോകത്തെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്.
വലിയ ദുരന്തങ്ങൾ ചെറിയ ദോഷങ്ങളെ അനുഭവസ്ഥർക്കും സാക്ഷികൾക്കും നിസ്സാരമായി പരിണമിപ്പിക്കുന്നു. ""നിങ്ങൾക്ക് വല്ല ദുരിതവും ബാധിച്ചാൽ എന്റെ മരണമെന്ന ഏറ്റവും വലിയ ദുരന്തത്തെ പറ്റി നിങ്ങൾ ഓർക്കുക'' എന്ന് മുഹമ്മദ് നബി (സ്വ) പറഞ്ഞത് ഈ ഒരു ഉദ്ദേശ്യത്തോട് കൂടിയാണ്.
പരിചയ സമ്പത്തും അനുഭവജ്ഞാനവും-വിശിഷ്യാ വാർധക്യ കാല അനുഭവജ്ഞാനം - ദോഷകരവും വേദനാജനകവുമായ അനുഭവങ്ങളുടെ ആകത്തുകയാണ്.
ഒരു നഷ്ടം അല്ലെങ്കിൽ ഒന്നിന്റെ അഭാവം അതു മൂലമുള്ള പാപങ്ങളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും ഒരു വ്യക്തിയെ രക്ഷിക്കുന്നു.
ഒരു കാര്യത്തിന്റെ നഷ്ടം അല്ലെങ്കിൽ ഒന്നിന്റെ അഭാവം ഒരു അവകാശവും സ്വാതന്ത്ര്യവും സമ്മാനിക്കുന്നു. കൺസഷൻ, റിലാക്സേഷൻ, റിസർവേഷൻ എന്നിവയെല്ലാം ലഭിക്കുന്നു. എന്റെ പരിചയക്കാരൻ തനിക്ക് സംഭവിച്ച ഒരു വാഹനാപകടത്തെ സംബന്ധിച്ച് ഇപ്രകാരം പറയാറുണ്ടായിരുന്നു: ""യുവാവായിരിക്കെ ഞാൻ ഒരു ഭയാനകരമായ വാഹനാപകടത്തിൽ പെടുകയുണ്ടായി. തലയോട്ടിയിൽ പോലും ഗുരുതരമായ പരിക്കുകൾ കാരണം എന്റെ മരണമുറപ്പിച്ചതായിരുന്നു. രക്ഷപ്പെട്ടു കിട്ടിയ ശരീരം പക്ഷെ ഒരുപാട് വൈകല്യങ്ങളും അവശതകളും ബാക്കിയാക്കി. ആദ്യമെല്ലാം അളവില്ലാതെ ദുഃഖിച്ചെങ്കിലും PSC എഴുതി. സംവരണത്തിലൂടെ കിട്ടിയ എന്റെ സ്വപ്നമായിരുന്ന തൊഴിൽ വാഹനാപകടത്തിന് നേരെയുള്ള എന്റെ വീക്ഷണം പൂർണമായും കീഴ്മേൽ മറിച്ചു. എന്റെ വൈകല്യങ്ങളില്ലായിരുന്നെങ്കിൽ എന്റെ ഈ സ്വപ്നം പൂവണിയില്ലായിരുന്നു...'
ജീവിതത്തിലെ ദോഷങ്ങളും ദുരിതാനുഭവങ്ങളും മരണാനന്തര ജീവിതത്തിലേക്ക് ഒരു തെളിവും തേട്ടവുമായി വർത്തിക്കുന്നു.
അലി ത്വൻതാവി തന്റെ തഫ്സീർ അൽ-ജവാഹിറിൽ മരണാനന്തര ജീവിതത്തിന്റെ തെളിവായി, സോക്രട്ടീസിന്റെ ""സംഘർഷ തത്ത്വം'' (principle of conflict) ഉദ്ധരിക്കുന്നുണ്ട്.
ത്വൻതാവി എഴുതുന്നു: സോക്രട്ടീസിനെ വധിക്കാൻ അവർ ആഗ്രഹിച്ചപ്പോൾ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ, മരണാനന്തര ജീവിതമുണ്ടെന്ന് തെളിയിക്കാൻ അദ്ദേഹം ഇങ്ങനെ ന്യായവാദം ഉന്നയിക്കുകയുണ്ടായി:
""വസ്തുക്കളിൽ നിന്ന് പരസ്പരവിരുദ്ധമായ പലതും നിരന്തരം സൃഷ്ടിക്കപ്പെടുന്നതായി ലോകത്ത് നാം കാണുന്നു: വൃത്തി കെട്ടതിൽ നിന്ന് സൗന്ദര്യം, അനീതിയിൽ നിന്ന് നീതി, ഉറക്കത്തിൽ നിന്നുള്ള ഉണർവ്, ഉണർവിൽ നിന്ന് ഉറക്കം, ബലഹീനതയിൽ നിന്ന് ശക്തി, അങ്ങനെ... എല്ലാം അതിന്റെ വിപരീതത്തിൽ നിന്നാണ് ഉണ്ടാകുന്നത്. മരണവും ജീവിതവും ഇല്ലായ്മയും ഉൺമയും ഈ പൊതു നിയമത്തിനുള്ളിലായിരിക്കും; ഇക്കാരണത്താൽ തന്നെ, മരണത്തിൽ നിന്ന് മറ്റൊരു ജീവിതം ഉണ്ടാകണം, അതാണ് പൊതു നിയമം.''
(www.al-islam.org/divinejustice-murtadha-mutahhari/benefits-evils)
മരണത്തോടെ മണ്ണടിയുന്നതാണ് മാനവികതയെന്നതും മനുഷ്യാനുഭവങ്ങൾക്ക് യാദൃച്ഛികതക്കപ്പുറം മാനങ്ങളൊന്നുമില്ല എന്നതും നീതിയല്ല, മനുഷ്യന്റെയും പ്രകൃതിയുടെയും തേട്ടം മനുഷ്യാനുഭവങ്ങൾക്ക് ഒരു നീതിയുക്തമായ മറുപടി, ഉണ്ടാവണമെന്നതാണ്. അക്രമി സുഖിച്ചും അക്രമിക്കപ്പെട്ടവൻ ദുഃഖിച്ചും കാലഹരണപ്പെടുന്ന ഒരു ഭീകരാവസ്ഥ മനുഷ്യർക്കൊക്കെ അചിന്തനീയമാവുന്നതും ദുസഹമാവുന്നതും അത് നീതി വിരുദ്ധവും പ്രകൃതി വിരുദ്ധവുമായതു കൊണ്ടാണ്. നനീതി പ്രകൃതിയുടെ തേട്ടമാണ്, മാനവികതയുടേയും.
ബ്രിട്ടീഷ് എഴുത്തുകാരനും സാഹിത്യ പണ്ഡിതനും ആംഗ്ലിക്കൻ ദൈവശാസ്ത്രജ്ഞനുമായ കൈ്ലവ് സ്റ്റേപ്പിൾസ് ലൂയിസ് (സി.എസ്. ലൂയിസ്):
"പ്രപഞ്ചം വളരെ ക്രൂരവും അനീതി നിറഞ്ഞതുമാണ് എന്നായിരുന്നു ദൈവ വിശ്വാസത്തിനെതിരായ എന്റെ വാദം. എന്നാൽ നീതിയും അനീതിയും എന്ന ആശയം എനിക്ക് എങ്ങനെ ലഭിച്ചു?
ഒരു നേർരേഖയെക്കുറിച്ച് എന്തെങ്കിലും ധാരണയില്ലെങ്കിൽ ഒരു മനുഷ്യൻ ഒരു വരയെ വളഞ്ഞതായി വിളിക്കില്ല. ഇൗ പ്രപഞ്ചത്തെ അനീതിയിലധിഷ്ഠിതം എന്ന് വിളിച്ചപ്പോൾ ഞാൻ എന്തിനോടാണ് അതിനെ താരതമ്യം ചെയ്തത്?
മുഴുവൻ ഷോയും മോശവും അർത്ഥശൂന്യവുമായിരുന്നെങ്കിൽ, ഷോയുടെ ഭാഗം തന്നെയായ ഞാൻ എന്തിനാണ് ഇതിനെതിരെ ഇത്ര അക്രമാസക്തമായ പ്രതികരണത്തിൽ ഏർപ്പെട്ടത്?...
നീതി, നന്മ എന്ന എന്റെ സങ്കൽപ്പങ്ങൾ എന്റെ സ്വന്തം സ്വകാര്യ ആശയമല്ലാതെ മറ്റൊരു യാഥാർത്ഥ്യം അവക്കില്ല എന്ന് പറഞ്ഞുകൊണ്ട് തീർച്ചയായും എനിക്ക് ഇൗ ചർച്ച അവസാനിപ്പിക്കാമായിരുന്നു.
എന്നാൽ ഞാൻ അങ്ങനെ ചെയ്താൽ, ദൈവത്തിനെതിരായ എന്റെ വാദവും തകർന്നു - കാരണം, ലോകം ശരിക്കും അനീതി തന്നെയാണെന്ന് പറയുന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്റെ ദൈവ വിമർശനം, ലോകത്തിന്റെ ഘടന എന്റെ ഇഷ്ടങ്ങളെ പ്രീതിപ്പെടുത്തുന്നില്ല, അല്ലെങ്കിൽ നീതി എന്ന എന്റെ സങ്കൽപ്പത്തെ പ്രീതിപ്പെടുത്തുന്നില്ല എന്നല്ലല്ലൊ വാദം.
അങ്ങനെ, ദൈവം ഇല്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിൽ തന്നെ, അഥവാ യാഥാർത്ഥ്യം മുഴുവൻ അർത്ഥശൂന്യമാണെന്ന് വാദിക്കെ തന്നെ, യാഥാർത്ഥ്യത്തിന്റെ ഒരു ഭാഗം, അഥവാ നീതിയെക്കുറിച്ചുള്ള എന്റെ മനസ്സിലെ ആശയം അർത്ഥപൂർണമാണെന്ന് അനുമാനിക്കാൻ ഞാൻ നിർബന്ധിതനാവുന്നു.
ചുരുക്കത്തിൽ, ദൈവേതരതയുടേയും സൃഷ്ടി പ്രകൃതിയുടേയും ചട്ടകൂടിൽ നിന്ന് ഏറ്റവും യുക്തമായ ഒരു പ്രപഞ്ചവും പരീക്ഷണവുമാണ് ദൈവം സംവിധാനിച്ചിട്ടുള്ളത്. പ്രപഞ്ചത്തിലേയും മാനവികതയിലേയും ഓരോ കണ്ണിയും പരസ്പര ബന്ധിതമാണ്. ഒന്നിന്റെ പോലും അഭാവം സർവതിന്റെയും സമൂല നാശമാണ്. ഇരുട്ടും വെളിച്ചവും സുഖവും ദുഖവും സന്തോഷവും സന്താപവുമെല്ലാം പരസ്പരം കണ്ണി ചേർന്നാലെ പ്രപഞ്ചത്തിന്റെ മൊത്തം രൂപവും ഭാവവും നിലവിൽ വരുകയുള്ളു. വിവിധ ലക്കങ്ങളിലായി ഈ ലേഖനത്തിൽ വിശദീകരിച്ച 61 ബിന്ദുക്കളും ബന്ധിപ്പിച്ചു കൊണ്ട് ഒരു പ്രപഞ്ചവും പ്രകൃതിയും രൂപകൽപ്പന ചെയ്യുകയാണെങ്കിൽ തീർച്ചയായും ദൈവം തീർത്ത ഈ പ്രപഞ്ചവും പ്രകൃതിയുമല്ലാതെ ഒരു ബദൽ രൂപകൽപ്പന ചെയ്യാൻ പോയിട്ട് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല എന്നതാണ് പരമ സത്യം. സാധിക്കുമെങ്കിൽ പ്രപഞ്ചത്തിനും പ്രകൃതിക്കും ഒരു ബദൽ നാസ്തികർ അവതരിപ്പിക്കട്ടെ.