2024 November 15
13 Jumada I, 1446 AH
മതം സഹിഷ്ണുതയാണ്

മതം സഹിഷ്ണുതയാണ്

  • ഡോ. അയ്മൻ ശൗഖി

വിവിധ മതാനുയായികൾക്കിടയിലുള്ള സ്പർധയും സംഘട്ടനവും അകൽച്ചയും ലോകത്തെല്ലായിടത്തും അനുദിനം വർധിച്ചു കൊണ്ടിരിക്കുന്നു. മതവിശ്വാസികൾ തമ്മിൽ പരസ്പരമുള്ള ആദരവും വിശ്വാസവും കുറഞ്ഞു വരുന്നു. സംശയത്തിന്റെ നിഴലിലാണ് ഒരു മത വിശ്വാസിയെ ഇതര മതവിശ്വാസി നോക്കിക്കാണുന്നത്. മത ചിഹ്നങ്ങളെയും, വിശുദ്ധ ഗ്രന്ഥങ്ങളെയും നിന്ദിക്കുകയും ഭത്സിക്കുകയും ചെയ്യുന്ന പ്രവണത ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്നു. യൂറോപ്യൻ നാടുകളിൽ മുമ്പൊന്നുമില്ലാത്തവിധം മത വിശ്വാസികൾക്കിടയിലുള്ള അകൽച്ച വർധിച്ചു കൊണ്ടിരിക്കുന്നു.
സ്വീഡനിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ക്വുർആൻ കത്തിക്കുക എന്ന നീചമായ പ്രവർത്തനം മത നിന്ദകരുടെവിദ്വേഷത്തിന്റെ ആഴം വിളിച്ചോതുന്നതാണ്. യു.എൻ. വക്താവ് സ്റ്റീഫൻ സുജാറിക് ഇൗ സംഭവത്തെ അപലപിച്ചു കൊണ്ട് ഇപ്രകാരം പ്രതികരിക്കുകയുണ്ടായി. "വിശുദ്ധ വേദഗ്രന്ഥങ്ങൾക്കും, ആരാധനാലയങ്ങൾക്കും നേരെയുള്ള അനാദരവ് വെച്ചു പൊറുപ്പിക്കാൻ പാടില്ലാത്തതാണ്.'
2001 സെപ്തംബർ 1-ലെ വേൾഡ് ട്രേഡ് സെന്റർ പതനത്തിന് ശേഷമാണ് അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും മുസ് ലിങ്ങളോടുള്ള മനോഭാവത്തിൽ മാറ്റം വന്നത്. 2001-ലെ സംഭവത്തിനു ശേഷം മുസ് ലിങ്ങൾക്കും അവരുടെ വിശുദ്ധ വേദഗ്രന്ഥമായ വിശുദ്ധ ക്വുർആനിനും നേരെ വിദ്വേഷം പ്രകടിപ്പിക്കുന്ന പ്രവണത അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു. ക്വുർആനാണ് മുസ് ലിങ്ങളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നത് എന്ന മിഥ്യാധാരണയാണ് പാശ്ചാത്യരെ ഇപ്രകാരം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. 2002ൽ എആക പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് മത വിദ്വേഷം കാരണം മുസ് ലിങ്ങൾക്ക് നേരെ നടമാടുന്ന അതിക്രമങ്ങളുടെ തോത് ക്രമാതീതമായി വർധിക്കുന്നുണ്ടെന്നാണ്.
മറ്റു മതങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന മതമാണ് ഇസ് ലാം എന്ന് 48% അമേരിക്കക്കാർ വിശ്വസിക്കുന്നു എന്നാണ് പ്യൂ റിസർച്ച് സെന്റർ നടത്തിയ മറ്റൊരു പഠനത്തിൽ കണ്ടെത്തിയത്. 2015 നവംബർ ആയപ്പോഴേക്കും മുസ് ലിം വിദ്വേഷം വെച്ചു പുലർത്തുന്നവരുടെ എണ്ണം അമേരിക്കയിൽ 60% ആയി ഉയർന്നതായി കണ്ടെത്തി.
2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരകനായ ഉസാമ ബിൻലാദൻ കൊല്ലപ്പെട്ടുവെങ്കിലും ഇസ് ലാംമത വിദ്വേഷത്തിന് അമേരിക്കയിൽ യാതൊരു അയവും വന്നിട്ടില്ല എന്ന് മാത്രമല്ല അത് പൂർവാധികം ശക്തിപ്പെടുകയാണുണ്ടായത്. വിമാനത്താവളങ്ങളിൽ മുസ് ലിങ്ങൾ നമസ്കരിക്കുന്നത് അമേരിക്കയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു.
ഉസാമ ബിൻലാദനു ശേഷം അൽ ക്വാഇദയുടെ ശക്തി ക്ഷയിച്ചുവെങ്കിലും കഎെ എസിടന്റെ ഉൽഭവം മുസ് ലിം വിദ്വേഷം വർധിപ്പിച്ചു. കട ഇറാക്വിലും, സിറിയയിലും മറ്റു പ്രദേശങ്ങളിലും നടത്തിയ വിധ്വംസക പ്രവർത്തനങ്ങൾ യൂറോപ്യന്മാർക്കിടയിൽ ഇസ് ലാം ഭീതി പരത്തുന്നതിൽ അനൽപമായ പങ്കു വഹിച്ചിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്.
മതനിന്ദ പരത്തുന്നതിൽ യൂറോപ്യൻ രാജ്യങ്ങളിൽ മുന്നിൽ നിൽക്കുന്നത് ക്രിസ്ത്യൻ സയണിസ്റ്റുകളും ജൂത സയണിസ്റ്റുകളുമാണ്. ഒരു കൈയിൽ ബൈബിൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ജനങ്ങൾക്കിടയിൽ ഇസ് ലാം നിന്ദ പ്രചരിപ്പിക്കുന്നതിൽ ബിൽ കെല്ലർ എന്ന ക്രിസ്ത്യൻ സയണിസ്റ്റ് വലിയ പങ്കാണ് വഹിച്ചത്. ഇന്റർനെറ്റിലൂടെ തന്റെ വാദങ്ങൾ നിരത്തികൊണ്ട് അയാൾ പറഞ്ഞു. "ഇസ് ലാം സമാധാനത്തിന്റെ മതമല്ല, ഒരിക്കലും ആയിരുന്നിട്ടുമില്ല.'
ഉസാമ ബിൻലാദൻ പാശ്ചാത്യർക്കെതിരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചതു പോലെ കെല്ലർ ഇസ് ലാമിനെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചു. ഇൗ വിശുദ്ധ യുദ്ധത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു. 'കൈ്രസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ യുദ്ധത്തിന്റെ അതിരുകൾ തീരുമാനിക്കപ്പെടും. കൈ്രസ്തവതയുടെ പ്രതിനിധിയായി ലോകം കാണുന്ന അമേരിക്ക, ഇസ്രായീലിനോടൊപ്പം ഇസ് ലാമിനെതിരെ അണിനിരക്കും. അന്തിമമായി ഇത് തീവ്രവാദത്തിനെതിരെയുള്ള യുദ്ധം എന്നതിലുപരി വിശുദ്ധ യുദ്ധമായി മാറും.'
മത നിന്ദക്കെതിരെയും,പരമത വിദ്വേഷത്തിനെതിരെയും നിയമങ്ങൾ പല രാജ്യങ്ങളിലും കർക്കശമാണ്. പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിലെ റിപ്പോർട്ട് പ്രകാരം മതനിന്ദക്കെതിരെയുള്ള നിയമം 40% രാജ്യങ്ങളിലുണ്ടെന്നാണ്. ഇൗ നിയമങ്ങൾ മിഡിൽ ഇൗസ്റ്റിലും, നോർത്ത് ആഫ്രിക്കയിലും ഏറ്റവും സാധാരണമായിരുന്നു. ഇൗ മേഖലയിലെ 20 രാജ്യങ്ങളിൽ 18 എണ്ണത്തിലും മതനിന്ദ കുറ്റകൃത്യമായി കണക്കാക്കുന്നു.
പാശ്ചാത്യരെന്നും, പൗരസ്ത്യരെന്നും സമൂഹങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടതു കൊണ്ട് മതനിന്ദക്കെതിരെയുള്ള നിയമങ്ങൾ ഒരു പോലെ എല്ലായിടത്തും നടപ്പിലാക്കാൻ സാധ്യമല്ല. പാശ്ചാത്യ സമൂഹത്തിന്റെ ഭാഗമായ പടിഞ്ഞാറെ യൂറോപ്പ്, അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജനങ്ങൾ പൂർണമായ സ്വാതന്ത്ര്യം അനുഭവിച്ചറിയുന്നു. ഇവിടങ്ങളിലൊന്നും സ്വന്തം മതത്തെയോ, അന്യമതങ്ങളെയോ ഭൽസിക്കുന്നതോ, നിന്ദിക്കുന്നതോ ഒരു കുറ്റകൃത്യമായി കണക്കാക്കുന്നില്ല. ഇത്തരം രാജ്യങ്ങളിൽ മതങ്ങളോടുള്ള അനാദരവിനെതിരെയുള്ള നിയമങ്ങൾ പ്രായോഗികമായി നടപ്പിലാവുകയില്ല. എന്നാൽ ഭൂരിഭാഗം ജനങ്ങളും ഒരു മതത്തോട് മാത്രം ആഭിമുഖ്യം പുലർത്തുന്ന പൗരസ്ത്യ രാജ്യങ്ങളിൽ മതനിന്ദക്കെതിരെയുള്ള നിയമങ്ങൾ എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കും.
മതനിന്ദയെ നിയമം കൊണ്ട് തുടച്ചുനീക്കാൻ സാധിക്കുകയില്ല. മതവിശ്വാസികൾ പരസ്പരം ആദരവും സ്നേഹവും പുലർത്തിക്കൊണ്ട് ജീവിക്കുന്ന സാഹചര്യം ഇവിടെ വളർന്നു വരണം. മതങ്ങളെ കുറിച്ചും മത തത്ത്വങ്ങളെക്കുറിച്ചും, ചിഹ്നങ്ങളെപ്പറ്റിയുമെല്ലാം മതവിശ്വാസികൾ വെച്ചു പുലർത്തുന്ന തെറ്റായ ധാരണകളാണ് അവരെ മതവിദ്വേഷത്തിലേക്ക് നയിക്കുന്നത്.
ലോകത്ത് ഇന്ന് നിലവിലുള്ള എല്ലാ മതങ്ങളും അതിന്റെ അനുയായികളോട് സഹിഷ്ണുതയോടെ ഇതര മതാനുയായികളോട് വർത്തിക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നത്. മത ഗ്രന്ഥങ്ങളെല്ലാം വിദ്വേഷത്തിന്റെ സന്ദേശമല്ല, സഹിഷ്ണുതയുടെ മഹിത സന്ദേശങ്ങളാണ് ജനങ്ങൾക്ക് പകർന്നു നൽകിയിരുന്നത്.
വിവിധ മതാനുയായികൾ ഒന്നിച്ചു ജീവിക്കുന്ന ബഹുസ്വര സമൂഹത്തിൽ അന്യമതസ്ഥരുടെ അവകാശങ്ങൾ വക വെച്ചു കൊടുക്കുവാൻ ഇസ് ലാം കൽപിക്കുന്നു. ഇസ് ലാമിക ഭരണത്തിന് കീഴിൽ ജീവിക്കുന്ന അന്യമതസ്ഥരുടെ ആരാധനാലയങ്ങളും അവരുടെ മത ചിഹ്നങ്ങളുംസംരക്ഷിക്കപ്പെടണമെന്നാണ് ഇസ് ലാമിന്റെ കാഴ്ചപ്പാട്. മനുഷ്യർക്കിടയിലെ വിശ്വാസ വൈവിധ്യം ദൈവത്തിന്റെ സൃഷ്ടിപ്പിൽ അടങ്ങിയിരിക്കുന്ന യുക്തിഭദ്രതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇൗ വിശ്വാസ വൈജാത്യത്തെ ഉൾകൊണ്ടു കൊണ്ടും അംഗീകരിച്ചു കൊണ്ടും ജീവിക്കാനാണ് ഇസ് ലാം അരുൾ ചെയ്യുന്നത്. വിശുദ്ധ ക്വുർആൻ പറയുന്നു. 'നിന്റെ നാഥൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ മനുഷ്യരെല്ലാം ഒറ്റ സമുദായമാകുമായിരുന്നു. അവർ ഭിന്നാഭിപ്രായക്കാരായി കൊണ്ടേയിരിക്കും, നിന്റെ റബ്ബ് കരുണ ചെയ്തവരൊഴികെ.' (ഹൂദ്: 118, 119)
മുസ് ലിങ്ങൾ ഒരു പ്രദേശത്തെ കീഴടക്കി അവിടെ അധികാരം കൈയാളുമ്പോൾ തദ്ദേശീയരോട് ഉദാര സമീപനമാണ് കൈകൊള്ളാറുള്ളത്. മുസ് ലിങ്ങൾ പിടിച്ചടക്കിയ പ്രദേശങ്ങളിൽറ ഇതര മതസ്ഥരെ ജിസിയ (സംരക്ഷണ നികുതി) നൽകി അവരുടെ മതവിശ്വാസം വെച്ചു പുലർത്തി ജീവിക്കാൻ അനുമതി നൽകി. ജറുസലം മുസ് ലിങ്ങളുടെ ഭരണത്തിൻ കീഴിൽ വന്നപ്പോൾ അവിടുത്തെ ഇതര മതസ്ഥർക്ക് എല്ലാതരത്തിലുമുള്ള മത സ്വാതന്ത്ര്യവും ഭരണാധികാരിയായ ഉമർ അനുവദിച്ചു കൊടുത്തു. അവരുടെ ജീവൻ, സ്വത്ത്, കുരിശ്, പള്ളി തുടങ്ങിയവയ്ക്കെല്ലാം അദ്ദേഹം സംരക്ഷണം കൊടുത്തു.
ബഹുദൈവാരാധകരായ മാതാപിതാക്കളോട് വിട്ടുവീഴ്ചയോടെ പെരുമാറണമെന്ന ഇസ് ലാമിക കൽപന അതിന്റെ സഹിഷ്ണുത വിളിച്ചോതുന്നതാണ്. മാതാപിതാക്കളോട് നന്മയിൽ വർത്തിക്കണം എന്ന് കൽപിച്ച ശേഷമാണ് അവർ ബഹുദൈവാരാധനക്കു വേണ്ടി നിർബന്ധിച്ചാൽ അനുസരിക്കരുതെന്ന് അരുളിയത്."നിനക്ക് ഒരു അറിവുമില്ലാത്തതിനെ എന്നോട് പങ്കുചേർക്കാൻ അവർ നിന്നെ നിർബന്ധിച്ചാൽ നീ അനുസരിക്കരുത്. ലൗകിക കാര്യങ്ങളിൽ നല്ല നിലയിൽ അവരുമായി നീ ഇടപഴകണം.' (ലുക്വ് മാൻ: 14, 15)
ഇസ് ലാമിക രാഷ്ട്രത്തിൽ ജീവിക്കുന്ന അന്യമതസ്ഥരെ ദിമ്മികൾ എന്നാണ് ഇസ് ലാം നാമകരണം ചെയ്തത്. അവരോട് സൗഹാർദത്തിൽ വർത്തിക്കാനാണ് പ്രവാചകൻ കൽപിച്ചരുളിയത്. "ഒരു ദിമ്മിയെ ആരെങ്കിലും ഉപദ്രവിച്ചാൽ ഞാൻ അവന്റെ എതിർകക്ഷിയാവും.' (നബിവചനം)
ഹിജ്റ 647നും 657നുമിടയിൽ പാത്രിയാർക്കീസ് സ്ഥാനം വഹിച്ചിരുന്ന ഇൗശായോബ് എന്ന ക്രിസ്ത്യൻ പുരോഹിതൻ പറഞ്ഞ ഇസ് ലാമിന്റെ സഹിഷ്ണുതയെക്കുറിച്ചുള്ള വാക്കുകൾ അന്യമതസ്ഥരോടുള്ള ഇസ് ലാമിന്റെ സമീപനം വിളിച്ചോതുന്നതാണ്. അദ്ദേഹം പറയുകയുണ്ടായി. "ലോകത്ത് ആധിപത്യം സ്ഥാപിക്കാൻ ദൈവം അനുഗ്രഹിച്ച അറബികളുടെ ഞങ്ങളോടുള്ള സമീപനം നിങ്ങൾക്കറിയാമല്ലോ. അവർ ക്രിസ്തുമതത്തിന്റെ ശത്രുക്കളല്ല തന്നെ. ഞങ്ങളുടെ മതത്തെ അവർ മാനിക്കുകയും ഞങ്ങളുടെ മതനേതാക്കളെ ബഹുമാനിക്കുകയും ഞങ്ങളുടെ കോൺവെന്റുകൾക്കും ചർച്ചുകൾക്കും സഹായഹസ്തം നീട്ടുകയും ചെയ്യുന്നു.'
ഇസ് ലാമിനെ പോലെ തന്നെ ക്രിസ്തുമതവും സഹിഷ്ണുതയുടെയും, സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് അതിന്റെ അനുയായികൾക്ക് പകർന്നു നൽകിയത്. 'നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ. നിങ്ങളെ പകയ്ക്കുന്നവർക്ക് ഗുണം ചെയ്യുവിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ. നിങ്ങളെ ദുഷിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിപ്പിൻ. നിന്റെ ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടും കാണിച്ചു കൊടുക്കുക.' (ലൂക്കോസ് 6: 27)
മോശയിലൂടെ ദൈവം പുറപ്പാട് പുസ്തകത്തിലൂടെ ജൂതർക്ക് നൽകിയ പത്ത് കൽപനകളിലൊന്ന് "കൊല ചെയ്യരുത്' (20: 17) എന്നായിരുന്നു.
മതങ്ങളുടെ അധ്യാപനങ്ങളെല്ലാം ഇതര മതസ്ഥരോട് സഹവർത്തിത്വത്തോടെയും സ്നേഹത്തോടെയും വർത്തിക്കാനാണ് കൽപിക്കുന്നത്. മതത്തിന്റെ തത്വങ്ങൾ യഥാവിധി ജീവിതത്തിൽ ഉൾക്കൊണ്ടവർക്ക് മതനിന്ദയിലൂന്നിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുകയില്ല. മതാനുയായികൾ എല്ലാവരും അവരുടെ വേദഗ്രന്ഥങ്ങളിലേക്ക് വഴി നടന്നാൻ മാത്രമേ മതനിന്ദക്കറുതി വരികയുള്ളൂ.