2024 September 20
17 Rabiʻ I, 1446 AH
ശെയ്ഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ വ്യാജവാദവും

ശെയ്ഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ വ്യാജവാദവും

  • അബൂഫാഹിമ, കോട്ടക്കൽ

മുസ് ലിം ലോക ചരിത്രത്തിൽ ഏറെ സ്വാധീനം ചെലുത്തിയ മഹദ് വ്യക്തിത്വമാണ് ശെയ്ഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ). ഉള്ളതും ഇല്ലാത്തതുമായ കറാമത്തുകൾ തട്ടി വിടുന്നവർ ശെയ്ഖിന്റെ വിശ്വാസ(അക്വീദ)ങ്ങളെ കുറിച്ച് പഠിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പഠന ഗ്രന്ഥമായ "ഗുൻയത്ത്' അധികപേരും മറിച്ചു നോക്കിയിട്ട് പോലുമില്ല. നോക്കിയവരിൽ തന്നെ പലരും പുത്തൻവാദികൾക്ക് മയ്യിത്ത് നമസ്കരിക്കാൻ പാടില്ലെന്ന് പറയുന്ന ഭാഗങ്ങൾ മാത്രമേ പരാമർശിക്കാറുള്ളൂ. അത് പൂർണമായും സ്വീകാര്യമോ ശരിയോ അല്ല താനും. മാത്രവുമല്ല, സുന്നത്ത് ജമാഅത്തിന്റെ അക്വീദയിൽ നിന്ന് അങ്ങേയറ്റം പിഴച്ച കേരളത്തിലെ അശ്അരീ ത്വരീക്വത്തുകാരാണ് സ്ഥാനത്തും അസ്ഥാനത്തും ഇൗ ഫത്വ ഉദ്ധരിക്കാറുള്ളത്. അതാവട്ടെ അവർക്ക് തന്നെ എതിരാണ് താനും.
മേൽ പറഞ്ഞത് പോലുള്ള അദ്ദേഹത്തിന്റെ ചില ഫത്വകൾ ഏറ്റു പിടിക്കുന്ന അശ്അരിയ്യാക്കളാ രും അദ്ദേഹത്തിന്റെ അക്വീദ സംബന്ധമായ കാഴ്ചപ്പാടുകൾ പഠനവിധേയമാക്കാറില്ല. വിശിഷ്യാ "അസ്മാഉ വസ്സ്വിഫാത്തുമായുള്ള 'കാഴ്ചപ്പാടുകൾ. അത് തീർത്തും അശ്അരീ മദ്ഹബിനും കേരളത്തിലെ ബറേൽവി, സമസ്ത കാഴ്ചപ്പാടിനും വിരുദ്ധമാണ്. അഥവാ യഥാർത്ഥ അഹ്ലുസ്സുന്ന (സലഫി)യുടെ അക്വീദയുമാണ്.
ശെയ്ഖിന്റെ അക്വീദ തങ്ങളുടെ പിഴച്ച അശ്അരീ ചിന്തകൾക്ക് എതിരാണെന്ന് മനസ്സിലാക്കിയ അശ്അരീ പക്ഷപാതിയും സ്വൂഫിയും വ്യാജനുമായ ഇബ്നു ഹജറുൽ ഹൈതമി ഗുൻയത്തിന്റെ പേരിൽ ഒരു വ്യാജവാദം തട്ടിവിട്ടു. ശെയ്ഖിന്റെ പേരിൽ അദ്ദേഹത്തിന്റെ കിതാബിൽ ഇത് ആരോ കടത്തിക്കൂട്ടിയതാണത്രെ. തന്റെ ഇൗ ബഡായിക്ക് അദ്ദേഹം വിശ്വസ്തമായ തെളിവുകളൊന്നും ഉദ്ധരിച്ചിട്ടില്ല. വികല ചിന്താഗതികളുണ്ടെന്ന് പറയുന്ന ഗുൻയത്തിന്റെ യഥാർത്ഥ കോപ്പി കാണിക്കുവാൻ ഹൈതമിക്കോ അദ്ദേഹത്തിന്റെ നുണ ഏറ്റുപിടിച്ചവർക്കോ ഇന്നേ വരെ സാധ്യമായിട്ടുമില്ല.
ഇബ്നു ഹജറുൽ ഹൈതമി അടക്കമുള്ള അശ്അരിയ്യാക്കൾ "വജ്ഹ്(മുഖം), യദ്(കൈ), നുസൂൽ(ഇറക്കം) തുടങ്ങിയ അല്ലാഹുവിന്ന് വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും വ്യക്തമായിപ്പറഞ്ഞ ചില വിശേഷണങ്ങളെ നിഷേധിക്കുന്നവരാണ്. ഇത്തരം ചില വിശേഷണങ്ങളെ ഇവർ ഇവരുടെ പരിമിത ബുദ്ധികൊണ്ടളന്നു. പല വിശേഷണങ്ങളെയും ഇവർ സൃഷ്ടികളുടെ വിശേഷണങ്ങൾ കൊണ്ട് താരതമ്യം ചെയ്തു. ഇതോടെ ഇൗ താരതമ്യം വിശേഷണ നിഷേധത്തിലേക്കെത്തിച്ചു. യദ്(കൈ) എന്നതിനെ ശക്തിയായും നിയന്ത്രണമായും മറ്റും വ്യാഖ്യാനിച്ചു. അല്ലാഹുവിന്റെ നുസൂൽ(ഇറക്കം) എന്നതിനെ റഹ് മത്തിന്റെ ഇറക്കമായും മറ്റും വ്യാഖ്യാനിച്ചു. ഇത് സുന്നത്ത് ജമാഅത്തിന്റെ അക്വീദക്കും ഇസ് ലാമിക പാരമ്പര്യങ്ങൾക്കും പൂർവസൂരികളുടെ നിലപാടുകൾക്കും കടകവിരുദ്ധമായിരുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളടക്കം ക്വുർആനിലും സുന്നത്തിലും പറഞ്ഞ വിശ്വാസ കാര്യങ്ങളെ അതേപോലെ അംഗീകരിക്കുക എന്നതാണ് സുന്നത്ത് ജമാഅത്തിന്റെ നിലപാട്. അവക്ക് സ്വയം വ്യാഖ്യാനങ്ങളോ നിഷേധമോ പാടില്ല. പൂർവസൂരികളുടെ ഇൗ നിലപാട് തന്നെയായിരുന്നു ശെയ്ഖ് അബ്ദുൽ ക്വാദിർ ജീലാനി(റ)ക്കുമുള്ളത്. അദ്ദേഹം തന്റെ "ഗുൻയയിൽ "വളച്ചുകെട്ടലുകളോ മറ്റു വ്യാഖ്യാനങ്ങളോ ഇല്ലാതെ ഇത് നേർക്കു നേരെയെഴുതി. 
അല്ലാഹുവിന്റെ "യദ്'(കരം) എന്ന വിശേഷണം ശെയ്ഖ് തന്റെ കിതാബിൽ ഇങ്ങനെ എഴുതുന്നു: ""അല്ലാഹുവിന് ഇരു കൈകൾ ഉണ്ട്. അവ രണ്ടും വലതാണ്. ആകാശങ്ങളെ അവൻ വലത് കൈയിൽ ചുരുട്ടിപ്പിടിക്കും എന്ന് പറഞ്ഞതുപോലെ. (സുമർ 67)'' (കിതാബുൽ ഗുൻയത്ത് 1/122) അർശിൽ ഉപവിഷ്ഠനാവുക എന്നതിനെ സംബന്ധിച്ചെഴുതുന്നു: ""അവൻ ഉന്നതിയുടെ ജിഹത്തിലാണ്. അർശിൽ ഉപവിഷ്ഠനുമാണ്. അവൻ ആധിപത്യമുള്ളവനും അവന്റെ അറിവ് മുഴുവൻ കാര്യങ്ങളിലും വലയം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്.'' (അതേ ഗ്രന്ഥം. 1/121) അല്ലാഹുവിന്റെ ഇറക്കത്തെ പറ്റി: ""തീർച്ചയായും അല്ലാഹു എല്ലാ രാത്രിയിലും ഒന്നാനാകാശത്തിലേക്ക് ഇറങ്ങും. അത് മുഅ്തസിലിയാക്കളും അശ്അരിയ്യാക്കളും അവകാശപ്പെടുന്നത് പോലെ റഹ് മത്തിന്റെ ഇറക്കം, പ്രതിഫലത്തിന്റെ ഇറക്കം എന്ന അർത്ഥത്തിലല്ല.'' (അതേ ഗ്രന്ഥം) കാര്യം ഇത്ര ക്ലിയറായി ശെയ്ഖ് വ്യക്തമാക്കിയിരിക്കെ ഹൈതമി അടക്കമുള്ള അശ്അരിയ്യാക്കൾക്ക് അത് ദഹിക്കില്ലല്ലോ? അതിന്ന് ഹൈതമി കണ്ടെത്തിയ ഏക പോംവഴിയാണ് ശെയ്ഖിന്റെ കിതാബിൽ കടത്തിക്കൂട്ടലുകൾ നടന്നിട്ടുണ്ടെന്ന വ്യാജാരോപണം. സമസ്തയടക്കമുള്ള പുത്തൻവാദികൾ മനഃസമാധാനത്തിന് വേണ്ടി ഹൈതമിയുടെ നുണ ഏറ്റുപിടിക്കുകയും ചെയ്തു. എന്നാൽ സത്യസന്ധമായി ഇന്നുവരെ ഇത് തെളിയിക്കാൻ ഹൈതമിക്കോ അദ്ദേഹത്തിന്റെ നുണ ഏറ്റു പിടിക്കുന്ന അശ്അരിയ്യാക്കൾക്കോ സാധ്യമായിട്ടില്ലെന്ന് പറഞ്ഞല്ലോ?
ശെയ്ഖിന്നെതിരിൽ ഹൈതമിയുടെ ആരോപണം വ്യാജമാണെന്നതിനെ ശരി വെക്കുന്നതാണ് ഇത് സംബന്ധമായി വിശുദ്ധ ക്വുർആനിലും നബി വചനങ്ങളിലും വന്ന പ്രയോഗങ്ങൾ. ശെയ്ഖ് തന്റെ ഗുൻയത്തിൽ എഴുതിയതും അത് പോലുള്ളതുമായ എമ്പാടും വിശേഷണങ്ങൾ ക്വുർആനിലും സ്വഹീഹായ ഹദീഥുകളിലുമുണ്ട്. അതിൽ നിന്ന് ചിലത് മാത്രം സ്വയം വ്യാഖ്യാനങ്ങളോ നിഷേധമോ കൂടാതെ ഉദ്ധരിക്കുക മാത്രമാണ് മുഹ്യിദ്ദീൻ ശെയ്ഖ് ചെയ്തത്. എന്നിരിക്കെ ശെയ്ഖിന്റെ കിതാബിലുള്ളത് എങ്ങനെ കടത്തിക്കൂട്ടലുകളാണെന്ന് തട്ടിവിടും? 
ഹൈതമിയുടെയും സമസ്ത അശ്അരിയ്യാക്കളുടെയും വാദം വ്യാജമാണെന്നത് ശരിവെക്കുന്ന സമസ്തക്കാരുടേതായ ചില പരാമർശങ്ങൾ കാണുക : ""അല്ലാഹു ഏതെങ്കിലുമൊരു ഭാഗത്താണെന്നോ അവന്ന് ശരീരമോ അവയവങ്ങളോ ഉണ്ടെന്നോ മറ്റോ തോന്നിപ്പിക്കുന്ന ചില പ്രയോഗങ്ങൾ സ്പഷ്ടമായി ക്വുർആനിലും ഹദീഥിലും വന്നിട്ടുണ്ട്. അവയെ കുറിച്ചാണിവിടെ പറയുന്നത്. അത്തരം ചില പുണ്യ വചനങ്ങൾ കാണുക: ""തങ്ങൾക്കു മേലെ നിലകൊള്ളുന്ന രക്ഷിതാവിനെ ആ മലക്കുകൾ ഭയപ്പെടുന്നു. (വി.ക്വു. 16:50) പരമ കാരുണികനായ അല്ലാഹു സിംഹാസനസ്ഥനായി. (20:5) അല്ലാഹുവിന്റെ കൈ അവരുടെ കൈകൾക്ക് മീതെയാണ്. (48:10) എന്റെ ഇരു കൈകൾ കൊണ്ട് ഞാൻ സൃഷ്ടിച്ച ഒന്നിന് സുജൂദ് ചെയ്യുന്നതിൽ നിന്ന് നിന്നെ തടഞ്ഞതെന്ത്? (38:75) ഭൂമിയിലുള്ളതെല്ലാം നശിച്ചുപോകും. ഒൗദാര്യത്തിന്റെയും മഹത്ത്വത്തിന്റെയും ഉടമയായ നിന്റെ നാഥന്റെ മുഖം ശേഷിക്കും. (55:26, 27) ഹദീഥുകളിലുമുണ്ട് ഇത്തരം പ്രയോഗങ്ങൾ. മനുഷ്യ മക്കളുടെ ഹൃദയങ്ങളെല്ലാം പരമ കാരുണികനായ അല്ലാഹുവിന്റെ വിരലുകളിൽ നിന്നുള്ള രണ്ടു വിരലുകൾക്കിടയിലാണ്. ഒരൊറ്റ ഹൃദയം കണക്കിന് അവയെല്ലാം അവൻ മറിച്ചുകൊണ്ടിരിക്കും...(മുസ് ലിം) പ്രതാപവാനായ നാഥൻ അവന്റെ പാദം ജഹന്നമിലേക്ക് വെക്കുവോളം നരകാവകാശികളെ അതിലേക്ക് ഇട്ടുകൊണ്ടിരിക്കുന്നതാണ്. (മുസ് ലിം)'' (ജൗഹറത്തുത്തൗഹീദ് പരിഭാഷയും വ്യാഖ്യാനവും. പേജ്. 136, 137 സുന്നീ പബ്ലിക്കേഷൻ സെന്റർ. ഹിദായ നഗർ. ചെമ്മാട്)
 സമസ്തക്കാർ എഴുതിയ ഇത്തരം വിശേഷണങ്ങൾ മാത്രമേ മുഹ്യിദ്ദീൻ ശെയ്ഖിന്റെ ഗുൻയത്തിലും ഉള്ളൂ. എന്നിരിക്കെ ഗുൻയത്തിലേത് മാത്രം എങ്ങനെയാണ് കടത്തിക്കൂട്ടിയതായി? ക്വുർആനിലെയും സുന്നത്തിലെയും പ്രയോഗങ്ങളാണല്ലോ മേൽ പറഞ്ഞ സമസ്ത പുസ്തകത്തിൽ ഉദ്ധരിച്ചത്? ഇതിന്റെ പേരിൽ ക്വുർആനിലും സുന്നത്തിലും കൈകടത്തലുകൾ നടന്നിട്ടുണ്ടെന്ന് ഹൈതമിയും അശ്അരിയ്യാക്കളും പറയുമോ? സുന്നത്ത് ജമാഅത്തിൽ നിന്ന് തെറിച്ചുപോയ ഇവരുടെ കാര്യം മഹാ കഷ്ടം തന്നെ.
ഹൈതമിയുടെയും അശ്അരിയ്യാക്കളുടെയും പിഴച്ച വാദങ്ങളെ തൂത്തെറിഞ്ഞുകൊണ്ട് മേൽ പറഞ്ഞതു പോലുള്ള വിശേഷണങ്ങൾ സംബന്ധിച്ചുള്ള സുന്നത്ത് ജമാഅത്തിന്റെ നിലപാട് സമസ്തക്കാരുടെ പുസ്തകത്തിൽ തന്നെ വിശദീകരിക്കുന്നത് കാണുക:""ഇപ്രകാരം പരിശുദ്ധ ക്വുർആനിലോ, തിരുസുന്നത്തിലോ ഖണ്ഡിതമായി വന്നിട്ടുള്ളതത്രയും സത്യമാണെന്നും അവയുടെ ഉദ്ദേശ്യം അല്ലാഹുവിന്ന് മാത്രമേ അറിയാവൂ എന്നും വിശ്വസിക്കലാണ് ഹൃദയശുദ്ധിക്കും മനഃസമാധാനത്തിനുമുള്ള ഏക മാർഗം. സലഫുകളായ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായമാണിത്.'' (അതേ പുസ്തകം. പേജ്. 137)
സലഫുകളായ ഭൂരിപക്ഷത്തിന്റേതല്ല, മുഴുവൻ പണ്ഡിതരുടെയും നിലപാട് മുകളിൽ പറഞ്ഞതാണ്. അവരാരും ഇത്തരം വിശേഷണങ്ങളെ നിഷേധിക്കുകയോ സ്വയം വ്യാഖ്യാനങ്ങൾ മെനയുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞല്ലോ? മുഹ്യിദ്ദീൻ ശെയ്ഖും സലഫികളും സലഫുകളുടെ ഇൗ നിലപാടിലാണുള്ളത്.
വിശേഷണങ്ങളുടെ യാഥാർത്ഥ്യത്തിൽ നിന്ന് തെറ്റിച്ചു വ്യാഖ്യാനിച്ചൊപ്പിക്കുന്ന സമ്പ്രദായം പിൽക്കാലക്കാരുടേതാണെന്നും സമസ്തക്കാരുടെ പുസ്തകത്തിൽ പറയുന്നു: ""എന്നാൽ സംശയങ്ങളും തർക്കവിതർക്കങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ അത്തരം പ്രയോഗങ്ങളെ അല്ലാഹുവിന്റെ പരിശുദ്ധ സത്തക്കനുയോജ്യമാം വിധം വ്യാഖ്യാനിക്കലാവശ്യമാണെന്ന അഭിപ്രായക്കാരാണ് പിൽക്കാല പണ്ഡിതന്മാർ.'' (അതേ പുസ്തകം. പേജ്. 147.) മേൽ വിശദീകരണത്തിൽ നിന്നു തന്നെ വ്യാഖ്യാനവാദക്കാരുടെ പിഴവിന്റെ ആഴം നമുക്ക് മനസ്സിലാക്കാം. ക്വുർആനിലും ഹദീഥിലും വന്ന പ്രയോഗങ്ങളെ പരിശുദ്ധ സത്തക്ക് അനുയോജ്യമായ വിധത്തിൽ വ്യാഖ്യാനിക്കണമെന്ന് പറഞ്ഞാൽ വ്യാഖ്യാനമില്ലാത്ത ക്വുർആനിന്റെയും സുന്നത്തിന്റെയും പൂർവസൂരികളുടെയും അതേപടിയുള്ള പ്രയോഗങ്ങൾ അല്ലാഹുവിന്റെ പരിശുദ്ധ സത്തക്ക് അനുയോജ്യമല്ലെന്നല്ലേ അതിന്നർത്ഥം? ഇത് ഒരു യഥാർത്ഥ വിശ്വാസിക്ക് അംഗീകരിക്കാൻ പറ്റുമോ? ക്വുർആനിലും സുന്നത്തിലും അല്ലാഹുവിന്റെ പരിശുദ്ധിക്ക് യോജിക്കാത്ത പ്രയോഗങ്ങളുണ്ടോ? തീർച്ചയായും ഇവിട ഇബ്നു ഹജറുൽ ഹൈതമിക്കും അശ്അരിയ്യാക്കൾക്കും തന്നെയാണ് പിഴച്ചത്. അല്ലാഹുവിനെ സംബന്ധിച്ച് ക്വുർആനിലും സുന്നത്തിലും വന്ന മുഴുവൻ വിശേഷണങ്ങളും തീർത്തും അവന്റെ പരിശുദ്ധിക്ക് അനുയോജ്യമായതും അന്യൂനവുമാണ്. അനുയോജ്യമല്ലാത്തത് ക്വുർആനിലും നബിവചനങ്ങളിലും അല്ലാഹുവിനെ കൊണ്ട് പറയുകയില്ല. പറയുമെന്ന വാദം കുഫ്റാണ്. ആ നിലയിൽ അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് സ്വയം വ്യാഖ്യാനങ്ങൾ മെനയണമെന്ന വാദവും പിഴവാണ്. അങ്ങനെ വ്യാഖ്യാനിക്കേണ്ട ഒരാവശ്യം ഇസ് ലാമിന്റെ വിശ്വാസകാര്യങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ അത് നബി(സ്വ)യും സ്വഹാബത്തും അടക്കമുള്ള നമ്മുടെ മുൻഗാമികൾ ചെയ്യുമായിരുന്നു. പക്ഷെ അവരാരും അത് ചെയ്തില്ല. നമുക്കും അതിന്റെ ആവശ്യമില്ല.
ക്വുർആനിലും നബിവചനങ്ങളിലും പറഞ്ഞ അല്ലാഹുവിന്റെ മുഴുവൻ വിശേഷണങ്ങളും സൃഷ്ടികളിൽ നിന്നെല്ലാം വ്യത്യസ്തവും അല്ലാഹുവിന്റെ പരിശുദ്ധിക്ക് മാത്രം അനുയോജ്യമായതുമാണ്. അവമനുഷ്യരുടേയോ മറ്റ് സൃഷ്ടികളുടേയോ അവയവങ്ങളായും പ്രവർത്തനങ്ങളായും തുലനം ചെയ്യുന്നതും ആ നിലക്ക് ചോദ്യങ്ങൾ ഉന്നയിക്കുന്നതും അബദ്ധവും സുന്നത്ത് ജമാഅത്തിന്റെ ആദർശങ്ങൾക്ക് വിരുദ്ധവുമാണ്. അല്ലാഹുവിന് അവൻ പറഞ്ഞ വിശേഷണങ്ങളെ മാത്രം അവന്റെ വിശേഷണങ്ങളായി മനസ്സിലാക്കുക. അതിലുപരി അതിൽ ചിലതിനെ അവയവങ്ങളായി വ്യാഖ്യാനിക്കുന്നതും മറ്റു ചിലതിനെ സ്ഥലം ആവശ്യമായവൻ എന്ന അർത്ഥത്തിൽ മനസ്സിലാക്കുന്നതും അബദ്ധമാണ്.