ഫിക്റും ദിക്റും പരസ്പര പൂരകങ്ങളാണ്. ഫിക്റില്‍ നിന്നാണ് ദിക്റുണ്ടാകേണ്ടത്. ഓര്‍മ, ഉപദേശം, സംസാരം, ഉദ്ബോധനം, സ്മരണ തുടങ്ങി നിരവധി സാര ഭേദങ്ങളുള്‍ക്കൊള്ളുന്ന പദമാണ് ദിക്ര്‍.
ഏറ്റവും ശ്രേഷ്ഠമായ കര്‍മം ഏതാണെന്ന ചോദ്യത്തിന് 'അല്ലാഹുവിന്‍െറ ദിക്റിനാല്‍ നനഞ്ഞ നാവുമായി നീ മരണപ്പെടലാണ്' എന്നാണ് റസൂല്‍(സ്വ) പ്രതിവചിച്ചത്. (ഇബ്നുഹിബ്ബാന്‍)
ദിക്ര്‍ ചിന്തയില്‍ മാത്രമല്ല, നാവ് കൊണ്ട് ഉരുവിടുകയും വേണം എന്ന് ഈ നബി വചനം പഠിപ്പിക്കുന്നു.
മനുഷ്യര്‍ക്കെല്ലാം അല്ലാഹു നല്‍കുന്നത് ഒരേ പരിഗണനയല്ല എന്ന് വിശുദ്ധ ക്വുര്‍ആനും നിരവധി നബി വചനങ്ങളും ഓര്‍മിപ്പിക്കുന്നുണ്ട്. അല്ലാഹുവിന്‍െറ ദിക്ര്‍ വര്‍ധിപ്പിക്കുന്നവര്‍ അല്ലാഹു പ്രത്യേകം പരിഗണിക്കുന്ന വിഭാഗമാണ്. അല്ലാഹു പറയുന്നു:
"അതിനാല്‍ നിങ്ങള്‍ എന്നെ സ്മരിക്കുവിന്‍, ഞാന്‍ നിങ്ങളെയും സ്മരിക്കുന്നതാണ്" (2:152)
അല്ലാഹു പ്രത്യേകം സ്മരിക്കുന്നവര്‍ക്ക് പരലോകത്ത് ശ്രേഷ്ഠതയേറിയ പദവിയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ.
ഏറ്റവും മഹത്തായ ദിക്ര്‍ വിശുദ്ധ ക്വുര്‍ആന്‍ തന്നെയാണ്. ബുദ്ധിയേയും ചിന്തയേയും ഉണര്‍ത്തുന്ന അധ്യാപനങ്ങള്‍, ദൈവ മഹത്ത്വം ഉദ്ഘോഷിക്കുന്ന വചനങ്ങള്‍, ദുആകള്‍ എന്നിവയെല്ലാം ഉള്‍ക്കൊളളുന്നതാണല്ലോ ക്വുര്‍ആന്‍. അല്ലാഹു പറയുന്നു.
"സ്വാദ്, ദിക്ര്‍ ആകുന്ന ക്വുര്‍ആന്‍ തന്നെ സത്യം" (വി: ക്വു 38:1)
"തീര്‍ച്ചയായും നാമാണ് ഈ ദിക്ര്‍ അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്"(വി:ക്വു 15:9)
"നിനക്ക് നാം ഓതിക്കേള്‍പിക്കുന്ന ആ കാര്യങ്ങള്‍ (അല്ലാഹുവിന്‍റെ) ദൃഷ്ടാന്തങ്ങളിലും യുക്തിപൂര്‍ണമായ ദിക്റിലും പെട്ടതാകുന്നു" (വി:ക്വു3:58)
ഏറ്റവും നല്ല വചന സമാഹാരമായക്വുര്‍ആനുമായുള്ള അടുപ്പം ഭക്തന്മാരില്‍ രോമാഞ്ചമുണ്ടാക്കുകയുംഅല്ലാഹുവിന്‍റെ ദിക്റിലേക്ക് കൂടുതല്‍ അടുപ്പിക്കുകയുംചെയ്യുമെന്ന്അല്ലാഹു ഉണര്‍ത്തുന്നു.
"അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ തൊലികളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല." (39:23)
ദിക്റിനെ ഉപേക്ഷിക്കുന്നവര്‍ ഹൃദയം കടുത്തവരാണ് എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.
"അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ് ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തുപോയവനെപ്പോലെയാണോ?) എന്നാല്‍ അല്ലാഹുവിന്‍റെ ദിക്റില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ" (39:22)
പാപമോചനവും അതുവഴി സ്വര്‍ഗവും കരസ്ഥമാക്കുന്ന യഥാര്‍ത്ഥ വിശ്വാസികളുടെ സവിശേഷതകള്‍ വിവരിക്കുന്ന കൂട്ടത്തില്‍ അല്ലാഹു അവരെ വിശേഷിപ്പിച്ചത്"അല്ലാഹുവിന് ധാരാളമായി ദിക്ര്‍ ചെയ്യുന്ന (ഓര്‍ക്കുന്ന) പുരുഷന്മാരും സ്ത്രീകളും" എന്നാണ്. (33:35)
ധാരാളമായി ദിക്ര്‍ ചെയ്യാന്‍ വിശ്വാസികളെ അല്ലാഹു ഉദ്ബോധിപ്പിക്കുന്നുമുണ്ട്.
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളം സ്മരിക്കുകയും രാവിലെയും വൈകീട്ടും അവന് തസ്ബീഹ് നിര്‍വഹിക്കുകയും ചെയ്യുവീന്‍" (വി:ക്വു 33:41,42)
അബൂ ഹുറയ്റ(റ) നിവേദനം ചെയ്യുന്നു:, 'മുഫര്‍രിദുകള്‍ മുന്‍കടന്നിരിക്കുന്നു' എന്ന് റസൂല്‍(സ്വ) ആവര്‍ത്തിച്ച് പറയുകയുണ്ടായി. അപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു, ആരാണ് ദൈവ ദൂതരേ മുഫര്‍രിദുകള്‍? അവിടുന്ന് പ്രതിവചിച്ചു: അല്ലാഹുവിന് ധാരാളം ദിക്ര്‍ ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും" (മുസ് ലിം)
അതേ സമയം, 'നരകത്തിന്‍െറ അടിത്തട്ടിലായിരിക്കും' എന്ന് ക്വുര്‍ആന്‍ വിശേഷിപ്പിച്ച മുനാഫിക്വുകളെ കുറിച്ച് പറഞ്ഞതാകട്ടെ 'അവര്‍ കുറച്ച് മാത്രമേ അല്ലാഹുവിന് ദിക്ര്‍ ചെയ്യുകയുളളൂ' എന്നാണ്! (4:142)
നരകാവകാശികളായ കപട വിശ്വാസികള്‍ അല്ലാഹുവെ സ്മരിക്കുകയില്ല എന്നല്ല, കുറച്ച് മാത്രമേ ഓര്‍ക്കൂ എന്നാണ് ക്വുര്‍ആന്‍ ഭാഷ്യം. മുഅ്മിനുകളാവട്ടെ ധാരാളം ദിക്ര്‍ ചെയ്യുന്നവരുമായിരിക്കും. സത്യവിശ്വാസികള്‍ എല്ലാ അര്‍ത്ഥത്തിലും ദൈവ സ്മരണ വര്‍ധിപ്പിക്കണമെന്നര്‍ത്ഥം.
അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങളെ സ്മരിക്കുക എന്നതും ദിക്റിന്‍െറ ഭാഗമാണ്. ഇക്കാര്യം അല്ലാഹു പലവുരു ഓര്‍മപ്പെടുത്തുന്നുണ്ട്.
"മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ സ്മരിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവിന് പുറമേ വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്" (വിസ:ക്വു 35:3)
പ്രപഞ്ചത്തെകുറിച്ച നിരന്തരമായ ചിന്തയിലൂടെഅല്ലാഹുവെ സ്മരിക്കാന്‍ ക്വുര്‍ആന്‍ പ്രേരണ നല്‍കുന്നുണ്ട്. നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം അല്ലാഹുവിന്‍െറ സൃഷ്ടി വൈഭവത്തിന്‍െറ ഫിക്റുകളിലൂടെ കടന്നു പോകുന്നവരില്‍ ഭക്തിയും വിനയവും ദൈവ ഭയവും വര്‍ധിച്ചു കൊണ്ടേയിരിക്കും. സഞ്ചാര വേളകളും ആഹാര സന്ദര്‍ഭവും ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണരുമ്പോഴും സന്തോഷ വേളകളിലും സന്താപ വേളകളിലുമെല്ലാം അല്ലാഹുവിന്‍െറ സൃഷ്ടി വൈഭവവും അനുഗ്രഹങ്ങളും മനസ്സിലും നാവിലുമുണ്ടെങ്കില്‍ തക്വ് വയുടെ ഔന്നത്യത്തിലേക്കുയരാന്‍ സാധിച്ചേക്കാം. അല്ലാഹു ഉണര്‍ത്തുന്നു:
"ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുളളവര്‍ക്ക് തീര്‍ച്ചയായും ദൃഷ്ടാന്തങ്ങളുണ്ട്. അതായത് നിന്നും ഇരുന്നും കിടന്നുമെല്ലാം അല്ലാഹുവെ സ്മരിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെ ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ഞങ്ങളുടെ രക്ഷിതാവേ, നീ ഇതൊന്നും നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല നീ എത്ര പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. ധഎന്നവര്‍ പറയുംപ" (വി:ക്വുയ3:190,191)
നമസ്കാരം ഏറ്റവും ശ്രേഷ്ഠമായ ദിക്ര്‍ ആണല്ലോ. നമസ്കാര ശേഷം യാത്രാ വേളയിലോ വിശ്രമത്തിലോ മറ്റേതെങ്കിലും സാഹചര്യങ്ങളിലോ ആണെങ്കിലും അല്ലാഹുവിന്‍െറ ദിക്ര്‍ തുടരണമെന്നും ക്വുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്.
"അങ്ങനെ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവെ സ്മരിക്കുക" (വി:ക്വു4:103)
ജുമുഅ നമസ്കാരം മറ്റൊരു ശ്രേഷ്ഠ ദിക്റാണ്. ജുമുഅ ദിവസം ധൃതിപ്പെട്ട് അല്ലാഹുവിന്‍െറ ദിക്റിലേക്ക് പോകണമെന്ന് ഉണര്‍ത്തിയ ക്വുര്‍ആന്‍, ജുമുആനന്തരം പലവഴിക്ക് പിരിഞ്ഞാലും ധാരാളമായി ദിക്ര്‍ ചെയ്യണമെന്നും നിര്‍ദേശിക്കുന്നു: 'സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം" (62:9,10)
പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും അല്ലാഹുവിന്‍െറ ദിക്റിനെ വെടിയരുത് എന്ന നിര്‍ദേശവും ക്വുര്‍ആനില്‍ വായിക്കാം. ക്രൂരനും സ്വേച്ഛാധിപതിയുമായ ഫിര്‍ഔനിനെ അഭിമുഖീകരിക്കുക എന്നത് എന്ത് മാത്രം ആധിയും പരിഭ്രമവും നിറഞ്ഞതായിരിക്കുമെന്ന് ഊഹിക്കാമല്ലോ. പ്രസ്തുത സന്ദര്‍ഭത്തില്‍ പോലും ദിക്റില്‍ അമാന്തം കാണിക്കരുതെന്ന് മൂസാ നബിയോടും(അ) ഹാറൂന്‍ നബിയോടും(അ) അല്ലാഹു കല്പിക്കുന്നുണ്ട്. (വി:ക്വു20:42)
ദിക്റുകളോട് മുഖം തിരിക്കുന്നത് അവിശ്വാസികളുടെ സ്വഭാവമാണെന്നും അവര്‍ അന്ധത ബാധിച്ചവരാണെന്നും ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.
"എന്‍റെ ദിക്റിന്‍റെമുമ്പില്‍ ആരുടെ കണ്ണുകള്‍ക്ക് മൂടിവീണുപോകുകയും അതുകേട്ടു ഗ്രഹിക്കാന്‍ ആര്‍ക്ക് സാധിക്കാതാവുകയും ചെയ്തുവോ അവരത്രെ (നരകാവകാശികളായ അവിശ്വാസികള്‍" (വി:ക്വു 18:101)
ദിക്ര്‍ വിസ്മരിക്കുന്നവര്‍ അല്ലാഹുവിനെ വിസ്മരിച്ചവരാണ്. ഭൗതിക ചിന്ത ഏറുമ്പോള്‍ ദൈവ ചിന്ത കുറയുന്നു. പതിയെ അവര്‍ അല്ലാഹുവില്‍ നിന്നകലുന്നു. അവര്‍ക്ക് അഞ്ച് നേരത്തെ ഫര്‍ള് നമസ്കാരങ്ങള്‍ പോലും അരോചകമായിത്തീരുന്നു. ദീനീ വഴികളില്‍ ഒട്ടും താല്പര്യമില്ലാത്തവരായി മാറുന്നു.
ഭൗതിക നേട്ടങ്ങള്‍ എത്ര കിട്ടിയാലും മതിയാവാതെ വരുന്നു. ഒന്നിനും സമയം തികയാതെ വരുന്നു. അതിന്നിടയില്‍ എപ്പോഴോ ജീവിതം അസ്തമിക്കുന്നു. ദിക്റിനെ വിസ്മരിക്കുന്നവര്‍ക്ക് ഇടുങ്ങിയ ജീവിതമായിരിക്കും എന്ന ക്വുര്‍ആന്‍ സൂക്തം ഇതിലേക്ക് കൂടിയാണ് വെളിച്ചം വീശുന്നത്. മാത്രമല്ല, അല്ലാഹുവിന്‍െറ ദിക്റ് മറന്നവരെ പരലോകത്ത് അന്ധന്മാരായി എഴുന്നേല്പിക്കുമെന്നും അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നു. ആ സന്ദര്‍ഭത്തില്‍ അവര്‍ അല്ലാഹുവുമായി നടത്തുന്ന സംഭാഷണവും ക്വുര്‍ആന്‍ അനാവരണം ചെയ്യുന്നുണ്ട്.
"എന്‍റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ചു കൊണ്ടുവരുന്നതുമാണ്.അവന്‍ പറയും: എന്‍റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെത്തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അതുപോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അതിരുകവിയുകയും, തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം നല്‍കുന്നത്. പരലോകത്തെ ശിക്ഷ കൂടുതല്‍ കഠിനമായതും നിലനില്‍ക്കുന്നതും തന്നെയാകുന്നു.(124127)
ചിന്തയിലൂടെയായാലും നാവ് കൊണ്ട് ഉരുവിട്ടായാലുംമനസ്സില്‍ പറഞ്ഞാലും ദിക്ര്‍ എന്നത് യാന്ത്രികമാവാതെ, ഈമാനിന്‍െറയും വിനയത്തിന്‍െറയും നിറവില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കണം. അശ്രദ്ധയോടെയും അലസതയോടെയും ചെയ്യുന്ന ഒരു കര്‍മവും അല്ലാഹു സ്വീകരിക്കുകയില്ല. ശബ്ദ ഗാംഭീര്യമല്ല, ക്വല്‍ബകത്തെ നിഷ്കളങ്കതയാണ് ദിക്റിനെ ധന്യമാക്കുന്നത്.
"വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ സ്വയമേ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്" (വിക്വു:7:20)
ദിക്ര്‍ മൊഴിയുന്ന നനഞ്ഞ നാവുമായി മരിക്കാന്‍ കാരുണ്യവാന്‍ നമുക്ക് സൗഭാഗ്യം നല്‍കട്ടെ.
ദിക്റുല്ലാഹ്
- അബൂ ഇസ്‌വ