നമ്മുടെ മാനസിക വ്യഥകളുടേയും ദുഖങ്ങളുടേയും വേദനകളുടേയും ഒരു വലിയ ഭാഗം ഉല്‍ഭവിക്കുന്നത് യഥാര്‍ത്ഥമല്ലാത്ത, സങ്കല്‍പ്പങ്ങളിലൂടെയാണ്. അഥവാ നാം തന്നെ നമ്മുടെ മനസ്സില്‍ നട്ടുവളര്‍ത്തുന്ന സാങ്കല്‍പ്പിക ദോഷങ്ങളുടെ (Evil) സ്വാധീനം നാം അനുഭവിക്കുന്നു. ഇതിന് ഉദാഹരണങ്ങള്‍ ധാരാളമാണ്.
Reward prediction error എന്ന് ന്യൂറോളജിസ്റ്റുകള്‍ വിളിക്കുന്ന ബൗദ്ധിക പ്രതിഭാസം തന്നെ എടുക്കുക. 60 മാര്‍ക്ക് കിട്ടും എന്ന് ഒരു വിദ്യാര്‍ത്ഥി പ്രതീക്ഷിച്ചു, എന്നിട്ട് 60 മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ മനസ്സ് മ്ലാനമാവുന്നു. 60 മാര്‍ക്ക് കിട്ടില്ല എന്ന് ഒരു വിദ്യാര്‍ത്ഥി പ്രതീക്ഷിച്ചു, എന്നിട്ട് 60 മാര്‍ക്ക് കിട്ടി, എങ്കില്‍ മനസ്സ് ആനന്ദിക്കുന്നു. ഇവിടെ രണ്ട് സിനേറിയോയിലും മാര്‍ക്ക് 60 തന്നെയാണ്. നമ്മുടെ ഭാവനയാണ് അതിനെ മ്ലാനവും ആനന്ദവുമായ അനുഭവങ്ങളാക്കി മാറ്റുന്നത്.
ഒരാളുടെ ജീവിതത്തില്‍ നിന്ന് മറ്റൊരാളുടെ ആകസ്മികമായ അഭാവമോ വേര്‍പാടോ ജീവിതത്തിന് അര്‍ത്ഥരാഹിത്യവും വേദനയും നല്‍കുന്നുവെന്ന് നാം സ്വയം നിശ്ചയിക്കുകയും അതില്‍ ദു:ഖിക്കുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യമാകട്ടെ, ആ വ്യക്തികളുടെ അഭാവം നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തും എന്നതായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഭാവിയെ സംബന്ധിച്ചും ഇത്തരം ഭാവനാത്മകമായ ദോഷം നമ്മെ കാര്‍ന്നു തിന്നാറുണ്ട്. വിവിധ തരം ടെന്‍ഷനുകള്‍ യഥാര്‍ത്ഥത്തില്‍ അസ്ഥാനത്തായിരിക്കും. ഇന്നയാള്‍ തന്നെ വഞ്ചിച്ചുവെന്നോ (യഥാര്‍ത്ഥത്തില്‍ വഞ്ചിച്ചിട്ടുണ്ടാവില്ല) ഇന്ന വസ്തു തനിക്ക് ലഭിക്കാത്തത് വന്‍ നഷ്ടമാണെന്നോ തുടങ്ങി ആയിരമായിരം യാഥാര്‍ത്ഥ്യരഹിതവും കാല്‍പനികവുമായ ദോഷങ്ങള്‍ നമ്മെ കീഴടക്കുന്നു.
ക്വുര്‍ആന്‍ പറയുന്നു: ""...ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാർത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാർത്ഥത്തില്‍) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.'' (ക്വുര്‍ആന്‍: 2:216)
"നമ്മില്‍ പലരും നമ്മുടെ ഭാവനയെ തെറ്റായ കാര്യങ്ങളില്‍ ഉപയോഗിക്കുന്നു; നാം ഭൂതകാലത്തെക്കുറിച്ച് ഓർത്ത് ഖേദിക്കുകയും ഭാവിയെക്കുറിച്ച് അമിതമായി ചിന്താകുലരാവുകയും ചെയ്യുന്നു. നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ അല്ലെങ്കില്‍ നമ്മുടെ ശ്രമങ്ങള്‍ അപൂർവമായി മാത്രം സ്വാധീനിക്കുന്ന കാര്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി നമ്മുടെ ""ഇന്നത്തെ'' ജീവിതം പാഴാക്കുന്നു.
അതുകൊണ്ടാണ് സെനെക പറഞ്ഞത്, ""യാഥാര്‍ത്ഥ്യത്തേക്കാള്‍ ഭാവനയിലാണ് നാം കൂടുതല്‍ വ്യഥ അനുഭവിക്കുന്നത്.''
We suffer more in imagination than in reality.
ഒരു റോമന്‍, സ്റ്റോയിക് തത്ത്വചിന്തകനായ സെനെക സ്റ്റോയിസിസത്തിന് ശാശ്വതമായ സംഭാവനകള്‍ നല്‍കി. Shortness of Life എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരു ദാര്‍ശനിക ലേഖനമാണ്.
മനുഷ്യമനസ്സ് ഒരു യുദ്ധക്കളമാണ്; നിഷേധാത്മകമായ പ്രതിഫലനങ്ങളെ മെരുക്കുക, ആന്തരിക വിധികളെ കീഴടക്കുക, മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നതിന്റെയും സ്വയം വിമര്‍ശനങ്ങളുടെയും പെരുപ്പം കുറയ്ക്കുക എന്നിവ അനിവാര്യമാണ്.
വിനാശകരമായ പാറ്റേണുകള്‍ കണ്ടെത്താന്‍ മസ്തിഷ്‌കം വളരെ മികച്ചതാണ്. ഈ മസ്തിഷ്‌ക പ്രക്രിയയെ സ്ഥിരമായി അടിച്ചമര്‍ത്തുന്നില്ലെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തിന്റെ നന്മയെ കവര്‍ന്നെടുക്കുന്ന ഏറ്റവും മോശം സാഹചര്യങ്ങളെ ഭാവനയിലും ചിന്തയിലും സദാ പെരുപ്പിച്ചു കാണിക്കുന്നത് തുടരും.
""പരാജയത്തെക്കുറിച്ചുള്ള ഭയം പരാജയത്തിലേക്ക് നയിക്കുന്നു,'' എന്ന് പൗലോ കൊയ്‌ലോ പറയുകയുണ്ടായി...'
(https://betterhumans.pub/seneca-was-right-we-suffer-more-in-imagination-than-in-reality-67523e5b6502)
പല സന്ദര്‍ഭങ്ങളിലും ഇത്തരം മൂഢവും കാല്‍പനികവുമായ വ്യഥകള്‍ മനുഷ്യര്‍ വലിച്ചു കൊണ്ട് വന്ന് സ്വയം തലയിലേറ്റാറുമുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒരു ഉദാഹരണം പറയാം:
""2018 ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ അര്‍ജന്റീനയുടെ കളിയില്‍ മനംനൊന്ത് കേരളത്തിലെ ദിനു അലക്‌സ് ആത്മഹത്യ ചെയ്യുകയുണ്ടായി. ലയണല്‍ മെസ്സിയുടെ 30 കാരനായ ആരാധകന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആത്മഹത്യാ കുറിപ്പ് എഴുതി, അര്‍ജന്റീനയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ചു.''
ആത്മഹത്യാ കുറിപ്പില്‍ ദിനു അലക്‌സ് എഴുതിയിരിക്കുന്നത് ""എനിക്ക് ഈ ലോകത്ത് കാണാന്‍ ഇനി ഒന്നും ബാക്കിയില്ല, ഞാന്‍ പോകുന്നു, എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല'' എന്നാണ്. '
( https://www.google.com/amp/s/www.ndtv.com/kerala-news/after-argentinas-defeat-die-hard-kerala-fans-suicide-note-nothing-left-in-this-world-1872341/amp/1 )
ക്രോയേഷ്യയോട് 3 ഗോളിന് തോറ്റ അര്‍ജന്റീന Group D യില്‍ ഏറ്റവും താഴെയായിരുന്നു. ഗ്രൂപ്പ് കളിയില്‍ തന്നെ വേള്‍ഡ് കപ്പില്‍ നിന്ന് അര്‍ജന്റീന പുറത്താവുമെന്ന് ഉറപ്പാവുകയും ചെയ്തു... എങ്കിലും ദിനു അലക്‌സ് ആത്മഹത്യ ചെയ്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പോയന്റ് നിലയില്‍ അത്ഭുതകരമായ പല മാറ്റങ്ങളും സംഭവിക്കുകയും അര്‍ജന്റീന അടുത്ത സ്റ്റേജിലേക്ക് പ്രവേശിക്കുകയും ചെയ്തു. 2022 ലാകട്ടെ ലയണല്‍ മെസ്സി നയിച്ച അര്‍ജന്റീന വേള്‍ഡ് കപ്പ് ഉയര്‍ത്തുകയും ചെയ്തു
ദിനു അലക്‌സിന് ഈ ലോകത്ത് കാണാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടായിരുന്നു എന്നര്‍ത്ഥം.
10. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനമാണ് മാതൃക വ്യക്തിത്വങ്ങളെ ഉണ്ടാക്കുന്നത്. അപ്പോള്‍ Evil ഇല്ലെങ്കില്‍ ഹീറോകള്‍ ഉണ്ടാകുമായിരുന്നില്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലൊന്നും മഹാന്മാരുണ്ടാകുമായിരുന്നില്ല. ഗാന്ധി, അംബേദ്കര്‍... തുടങ്ങി വ്യതിരിക്തരും സവിശേഷ വ്യക്തിത്വങ്ങളുമായ ആരും തന്നെ ഉണ്ടാകുമായിരുന്നില്ല.
കണ്ണീര്‍ കടലിലെ
പവിഴപ്പുറ്റുകള്‍
11. പ്രചോദന മൂര്‍ത്തികളായ ഒരുപാട് വ്യക്തിത്വങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. വേദനകളുടെ അഗ്‌നിയില്‍ കുരുത്ത പല വ്യക്തിത്വങ്ങളും നമ്മുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്നവരായി ലോകത്തുണ്ടല്ലൊ. ഹെലന്‍ കെല്ലര്‍ തുടങ്ങി നമ്മുടെ നാട്ടിലെ കെ.വി റാബിയ ടീച്ചര്‍ വരെ അംഗവൈകല്യങ്ങളെയും വൈതരണികളേയും അതിജയിച്ച് ജീവിത വിജയവും മൂല്യവും നമുക്ക് ബോധ്യപ്പെടുത്തി തന്ന ഹീറോകള്‍ ഒന്നുമില്ലാത്ത ഒരു ലോകം എത്ര ശൂന്യം!
നഷ്ടങ്ങളും ദുര്‍ബലതകളും വൈതരണികളും ജീവിതത്തിന്റെ അവസാനമല്ലെന്നും ജീവിതത്തിന്റെ മൂല്യവും പ്രസക്തിയും ദ്യോതിപ്പിക്കുന്നതാണെന്നുമാണ് അവരെല്ലാം നമ്മെ പഠിപ്പിച്ചത്.
ഹെലന്‍ കെല്ലറുടെ ചില പ്രസിദ്ധമായ നിരീക്ഷണങ്ങള്‍ കാണുക:
""സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കപ്പെടുന്നു; എന്നാല്‍ പലപ്പോഴും നാം അടഞ്ഞ വാതിലിലേക്ക് ദീര്‍ഘനേരം നോക്കിക്കൊണ്ടിരിക്കും, നമുക്കായി തുറന്നിരിക്കുന്നതു കാണില്ല.''
""വെളിച്ചത്തില്‍ ഒറ്റയ്ക്ക് നടക്കുന്നതിനേക്കാള്‍ ഇരുട്ടില്‍ ഒരു സുഹൃത്തിനൊപ്പം നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.''
""ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങള്‍ കാണാനോ തൊടാനോ പോലും കഴിയാത്തവയാണ്. അവ ഹൃദയം കൊണ്ട് അനുഭവിക്കണം.''
""ജീവിതം ഒന്നുകില്‍ ഒരു ധീരമായ സാഹസികതയാണ് അല്ലെങ്കില്‍ ഒന്നുമല്ല.''
""മരണം ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് കടക്കുന്ന പ്രക്രിയ മാത്രമാണ്. പക്ഷെ എനിക്ക് ഈ മാറ്റത്തില്‍ ചെറിയ വ്യത്യാസമുണ്ട് എന്ന് മാത്രം. അടുത്ത മുറിയില്‍ എനിക്ക് കാണാന്‍ കഴിയും.''
""ഒരാള്‍ക്ക് ഉയരാന്‍ ഒരു പ്രേരണ അനുഭവപ്പെടുന്നു എന്നിരിക്കെ, ഒരിക്കലും ഇഴയാന്‍ സ്വന്തത്തിന് സമ്മതം നല്‍കരുത്.''
""ലോകം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെങ്കിലും, അതിന്റെ അതിജീവനവും ലോകത്ത് നിറഞ്ഞിരിക്കുന്നു.''
""സ്വഭാവം എളുപ്പത്തിലും ശാന്തതയിലും വികസിപ്പിച്ചെടുക്കാന്‍ കഴിയില്ല. പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും അനുഭവങ്ങളിലൂടെ മാത്രമേ ആത്മാവിനെ ശക്തിപ്പെടുത്താനും ദര്‍ശനം ശുദ്ധീകരിക്കാനും അഭിലാഷം പ്രചോദിപ്പിക്കാനും വിജയം കൈവരിക്കാനും കഴിയൂ.''
""ഞാന്‍ അന്വേഷിക്കുന്നത് പുറത്തല്ല, എന്നില്‍ തന്നെയാണ്.''
""ലോകത്ത് സന്തോഷം മാത്രമേ ഉള്ളൂവെങ്കില്‍ നമുക്ക് ഒരിക്കലും ധൈര്യവും ക്ഷമയും പഠിക്കാനാവില്ല.''
""യഥാര്‍ത്ഥ സന്തോഷം എന്താണെന്നതിനെ സംബന്ധിച്ച് പലര്‍ക്കും തെറ്റായ ഒരു ധാരണയുണ്ട്. ആത്മസംതൃപ്തിയിലൂടെയല്ല, യോഗ്യമായ ഒരു ലക്ഷ്യത്തോടുള്ള വിശ്വസ്തതയിലൂടെയാണ് സന്തോഷം കൈവരിക്കാനാവുക.''
""നിങ്ങളുടെ പോരായ്മകളെ അഭിമുഖീകരിക്കുകയും അവ അംഗീകരിക്കുകയും ചെയ്യുക; എന്നാല്‍ നിങ്ങളെ കീഴടക്കാന്‍ അവയെ അനുവദിക്കരുത്. അവ നിങ്ങളെ ക്ഷമയും മാധുര്യവും ഉള്‍ക്കാഴ്ചയും പഠിപ്പിക്കട്ടെ.''
""ശുഭാപ്തിവിശ്വാസം എന്നത് നേട്ടത്തിലേക്ക് നയിക്കുന്ന വിശ്വാസമാണ്.'' (goodreads.com)
12. പല തിന്മകള്‍ക്കുമുള്ള ശിക്ഷകളായി ഭൂമിയില്‍ തന്നെ പല ദോഷങ്ങളും സംവിധാനിക്കപ്പെട്ടിരിക്കുന്നു. ഇവ അര്‍ഹതപ്പെട്ട ദോഷങ്ങളും നീതിയുടെ തേട്ടവുമാണ്. ഇവ മനുഷ്യര്‍ക്ക് ഗുണപാഠം പകരുന്നു.
കൊറോണ, മിക്കവാറും കാന്‍സറുകള്‍, ലൈംഗിക രോഗങ്ങള്‍... തുടങ്ങി പ്രകൃതി ക്ഷോഭങ്ങള്‍ക്കു വരെ ഉത്തരവാദി പലപ്പോഴും മനുഷ്യര്‍ തന്നെയാണ്...
"അടുത്തിടെ, 2019 അവസാനത്തോടെ, അപരിചിതമായ എറ്റിയോളജി ഉള്ള നിരവധി ന്യൂമോണിയ കേസുകളെ കുറിച്ച് ചൈനീസ് സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ചൈനയിലെ വുഹാന്‍ നഗരത്തിലെ ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് ഈ ആതുര വിസ്‌ഫോടനം ആരംഭിച്ചത്, അതിവേഗം 50-ലധികം ആളുകള്‍ക്ക് രോഗം ബാധിച്ചു. വവ്വാലുകള്‍, തവളകള്‍, പാമ്പുകള്‍, പക്ഷികള്‍, മാര്‍മോട്ടുകള്‍, മുയലുകള്‍ തുടങ്ങിയ ജീവനുള്ള മൃഗങ്ങള്‍ ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ പതിവായി വില്‍ക്കപ്പെടുന്നു...'
( https://www.ncbi.nlm.nih.gov/pmc/articles/PMC7113610/#b0050 )
'ഹുബെയ് പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലെ ഹുവാനന്‍ സീഫുഡ്, അനിമല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഈ അണുബാധ ഉണ്ടായത്, ഇത് സമുദ്രവിഭവങ്ങളുടെയും ജീവനുള്ള മൃഗങ്ങളുടെയും വില്‍പ്പനയിലൂടെയാണ്... മനുഷ്യരിലേക്ക് ഒരു മൃഗവുമായി ചില ബന്ധങ്ങള്‍ നല്‍കി.''
( https://clinmedjournals.org/articles/jide/journal-of-infectious-diseases-and-epidemiology-jide-6-146.php?jid=jide#ref7 )
വവ്വാലുകള്‍, തവളകള്‍, പാമ്പുകള്‍ തുടങ്ങി വന്യജീവികളയും അനുചിതമായി കണക്കാക്കപ്പെടുന്ന കടല്‍ ജീവികളേയുമെല്ലാം തിന്നുക എന്ന അപൂർവം വിചിത്രവുമായ ഭക്ഷ്യ രീതികള്‍...
(വീഡിയോ വളരെ ഗ്രാഫിക് ആണ് എന്ന് മുന്നറിയിപ്പ്:
ജീവനോടെ കത്തിച്ചും പുഴുങ്ങിയും മുറിച്ചും പച്ചക്കുമെല്ലാം ഈ ജീവികളെ ഭക്ഷിക്കുക....
( വീഡിയോ വളരെ ഗ്രാഫിക് ആണ് എന്ന് മുന്നറിയിപ്പ്:https://youtu.be/e_J0WBzNQ5M )
തുടങ്ങിയ ക്രൂരതകളുടേയുമെല്ലാം ബാക്കി പത്രമായാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് കടന്നുവന്നത് എന്നര്‍ത്ഥം !
ലൈംഗിക രോഗങ്ങളെ അടുത്തതായി പരിശോധിക്കാം:
യുഎസ് വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ കണ്‍സര്‍വേഷന്‍ മെഡിസിന്‍ പ്രസിഡന്റും മൃഗഡോക്ടറുമായ അലോണ്‍സോ അഗ്യൂര്‍ വിശദീകരിക്കുന്നു:
""മനുഷ്യരില്‍] പ്രധാന STIകളില്‍ (ലൈംഗികമായി പകരുന്ന അണുബാധകള്‍) രണ്ടോ മൂന്നോ മൃഗങ്ങളില്‍ നിന്നാണ് വന്നത്. ഉദാഹരണത്തിന്, ഗൊണോറിയ കന്നുകാലികളില്‍ നിന്ന് മനുഷ്യരിലേക്ക് വന്നതായി നമുക്കറിയാം. നിരവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കന്നുകാലികളില്‍ നിന്നോ ആടുകളില്‍ നിന്നോ മനുഷ്യരിലേക്ക് സിഫിലിസ് വന്നു, ഒരുപക്ഷേ ലൈംഗികമായി.
മനുഷ്യരെയും മൃഗങ്ങളെയും ലൈംഗികമായി വേര്‍തിരിക്കുന്ന തടസ്സം മറികടന്ന് മനുഷ്യരിലേക്കെത്തിയ, ഏറ്റവും പുതിയതും മാരകവുമായ STI എച്ച്‌ഐവി (HIV) ആണ്, ഇത് ചിമ്പാന്‍സികളിലെ വൈറസിന്റെ സിമിയന്‍ പതിപ്പില്‍ നിന്ന് മനുഷ്യര്‍ക്ക് ലഭിച്ചതാണ്.''
( https://www.understandinganimalresearch.org.uk/news/ )
"ക്ലമീഡിയ, 25 വയസ്സിന് താഴെയുള്ള, പന്ത്രണ്ടില്‍ ഒരാള്‍ക്ക് പോസിറ്റീവ് ആണെന്ന് പരിശോധകളില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു, അത് വർധിച്ചുകൊണ്ടിരിക്കുകയുമാണ്. Tinder പോലെയുള്ള ഡേറ്റിങ് ആപ്ലിക്കേഷനുകളുടെ രൂപീകരണം ഒരു ലൈംഗിക പങ്കാളിയെ വേഗത്തിലും എളുപ്പത്തിലും കണ്ടെത്താന്‍ വഴിവെച്ചു, അവ ഉപയോഗിക്കുന്നവര്‍ക്ക് STI-കള്‍ പോസിറ്റീവ് ആവാനുള്ള സാധ്യത അധികമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്, അതിനാല്‍ സൂക്ഷിക്കുക!''
( https://www.understandinganimalresearch.org.uk/news/ )
വ്യത്യസ്ത തരം കാന്‍സറുകളും - നേരിട്ടോ അല്ലാതെയോ - മനുഷ്യ നിർമിതങ്ങളാണ്:
""അമേരിക്കന്‍ ഐക്യനാടുകളിലെ ശ്വാസകോശ അര്‍ബുദ മരണങ്ങളില്‍ 80% മുതല്‍ 90% വരെ പുകവലിയും പുകവലി ഉല്‍പ്പന്നങ്ങളും കാരണമാകുന്നു. വോയ്‌സ് ബോക്‌സ് (ശ്വാസനാളം), വായ, തൊണ്ട, അന്നനാളം, മൂത്രാശയം, വൃക്ക, പാന്‍ക്രിയാസ്, സെര്‍വിക്‌സ്, വന്‍കുടല്‍, മലാശയം, കരള്‍, ആമാശയം എന്നിവയിലും അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന ഒരു തരം രക്താര്‍ബുദത്തിനും പുകവലി കാരണമാകുന്നു. ഏകദേശം 34 ദശലക്ഷം മുതിര്‍ന്നവര്‍ യു.എസ് ല്‍ സിഗരറ്റ് വലിക്കുന്നു, ഓരോ ദിവസവും 18 വയസ്സിന് താഴെയുള്ള ഏകദേശം 1,600 ചെറുപ്പക്കാര്‍ അവരുടെ ആദ്യത്തെ സിഗരറ്റ് പരീക്ഷിക്കുന്നു.
പുകവലിക്കാത്തവരും എന്നാല്‍ വീട്ടിലോ ജോലിസ്ഥലത്തോ പുകവലിക്കുന്നവര്‍ ഉള്ളവരോ ആയവരില്‍ ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യത 20% മുതല്‍ 30% വരെ കൂടുതലാണ്. സെക്കന്‍ഡ് ഹാന്‍ഡ് പുക ഓരോ വര്‍ഷവും ഈ ജനസംഖ്യയില്‍ 7,300 ലധികം ശ്വാസകോശ അര്‍ബുദ മരണങ്ങള്‍ക്ക് കാരണമാകുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, പുകവലിക്കാത്ത 58 ദശലക്ഷം ആളുകള്‍ ഓരോ വര്‍ഷവും സെക്കന്‍ഡ് ഹാന്‍ഡ് പുകവലിക്കും അനുബന്ധ രോഗങ്ങള്‍ക്കും വിധേയരാകുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും സാധാരണമായ ക്യാന്‍സറാണ് സ്‌കിന്‍ ക്യാന്‍സര്‍. മാരകമായ ത്വക്ക് കാന്‍സറായ മെലനോമയുടെ മിക്ക കേസുകളും സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് പ്രകാശം അല്ലെങ്കില്‍ ടാനിങ് (പരസ്യമായി നഗ്‌നരായി വെയില്‍ കായാന്‍ കിടക്കുക ) കിടക്കകളില്‍ നിന്നുള്ള എക്‌സ്‌പോഷര്‍ മൂലമാണ് ഉണ്ടാകുന്നത്...'
( https://www.cdc.gov/chronicdisease/reosurces/publications/factsheets/m )
"അമിതഭാരവും പൊണ്ണത്തടിയും എന്‍ഡോമെട്രിയല്‍ (ഗര്‍ഭാശയ) കാന്‍സര്‍, ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലെ സ്തനാര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍ എന്നിവയുള്‍പ്പെടെ കുറഞ്ഞത് 13 തരം അര്‍ബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, മുതിര്‍ന്നവരില്‍ 42% പേര്‍ക്ക് പൊണ്ണത്തടിയുണ്ട്, ഏകദേശം 74% പേര്‍ക്ക് അമിതവണ്ണവും ഉണ്ട്.
മദ്യപാനം സ്തനാര്‍ബുദം (സ്ത്രീകളില്‍), കരള്‍, വന്‍കുടല്‍, മലാശയം, വായ, ശ്വാസനാളം, അന്നനാളം എന്നിവയിലെ കാന്‍സര്‍ സാധ്യത വർധിപ്പിക്കുന്നു. ചിലതരം അര്‍ബുദങ്ങള്‍ക്ക്, കുറഞ്ഞ അളവില്‍ മദ്യം കഴിക്കുമ്പോള്‍ പോലും അപകടസാധ്യത വര്‍ദ്ധിക്കുന്നു (ഒരു ദിവസം 1 ഡ്രിന്‍ക്).
ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) മിക്ക സെര്‍വിക്കല്‍ ക്യാന്‍സറുകള്‍ക്കും അതുപോലെ തന്നെ യോനി, ലിംഗം, മലദ്വാരം, ഓറോഫറിനക്‌സ് (നാവിന്റെ അടിഭാഗം, ടോണ്‍സിലുകള്‍ എന്നിവയുള്‍പ്പെടെ തൊണ്ടയുടെ പിന്‍ഭാഗത്തെ ക്യാന്‍സറുകള്‍) അര്‍ബുദങ്ങള്‍ക്കും കാരണമാകുന്നു.''
( https://www.cdc.gov/chronicdisease/reosurces/publications/factsheets/cancer.htm )
'മനുഷ്യര്‍ തങ്ങളുടെ ദേഹേച്ഛകള്‍ക്കും സ്വാര്‍ത്ഥ അഭിലാഷങ്ങള്‍ക്കും പിന്നില്‍ പാഞ്ഞ് ധാർമിക വേലിക്കെട്ടുകളും പ്രകൃതിയുടെ വരമ്പുകളും ഭേദിക്കുന്നതിലൂടെ മനുഷ്യര്‍ തന്നെ സ്വയം വഹിക്കുന്ന വിനാശകരമായ ശിക്ഷള്‍ക്ക് ദൈവത്തിനെ പഴിക്കുന്നതിലെ നീതിയെന്താണ് ?! ഇവ അര്‍ഹതപ്പെട്ട ദോഷങ്ങളും നീതിയുടെ തേട്ടവുമാണ് എന്നേ മനുഷ്യനീതി തന്നെ വാദിക്കൂ...
"അവരുടെ കൈകള്‍ മുമ്പ് ചെയ്തു വെച്ചതിന്റെ ഫലമായി അവർക്ക് വല്ല തിന്മയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യൻ നന്ദികെട്ടവൻ തന്നെയാകുന്നു...' (ക്വുര്‍ആന്‍: 42: 48)
"മനുഷ്യരുടെ കൈകള്‍ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതില്‍ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരു വേള മടങ്ങിയേക്കാം.'' (ക്വുര്‍ആന്‍: 30:41)
14. തിന്മ അല്ലെങ്കില്‍ ദോഷം ചെയ്തവര്‍ക്ക് മാത്രമേ അതിന്റെ ഫലം ബാധിക്കുകയുള്ളൂ എങ്കില്‍ തിന്മ ചെയ്യുന്നവരെയും ദോഷകരമായ കാര്യങ്ങള്‍ക്ക് സൂത്രധാരണം നിര്‍വഹിക്കുന്നവരെയും തടയുവാന്‍ ആരും തയ്യാറാവില്ലായിരുന്നു. ഒരു Evil ന് എതിരേയും പ്രതിഷേധങ്ങളുണ്ടാവില്ല, പ്രതിധ്വനികള്‍ എങ്ങു നിന്നും ഉയരില്ല. ""അവരായി അവരുടെ പാടായി'' എന്ന നിലപാടിലേക്ക് ശേഷിക്കുന്നവര്‍ ചുരുങ്ങുന്ന ദാരുണമായ അവസ്ഥ സംജാതമാവുകയാണുണ്ടാവുക. എന്ത് ധാർമിക- പ്രകൃതി ധ്വംസനവും നിര്‍ബാധം നടന്നുകൊണ്ടേയിരിക്കുകയും ചെയ്യും.
""ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല.അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.'' (ക്വുര്‍ആന്‍: 8: 25)
നിരപരാധികള്‍ -അത് സ്വയം നിരപരാധികളാകട്ടെ, നിരപരാധികളായ അപരരാകട്ടെ - അക്രമികളുടെയും തോന്നിവാസികളുടെയും കാരണത്താലോ കൈകളാലോ ശിക്ഷയും പരിണിതഫലവും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് മനുഷ്യരില്‍ തിന്മകളോടും അക്രമങ്ങളോടും വെറുപ്പോ രോഷമോ പ്രതിഷേധമോ ഉണര്‍ത്താന്‍ സഹായിക്കുന്ന അടിസ്ഥാന ഘടകം.
ഒരു ഉദാഹരണത്തിലൂടെ നബി (സ്വ) ഇത് പഠിപ്പിക്കുകയുണ്ടായി:
""തെറ്റ് ചെയ്യുകയും അല്ലാഹുവിന്റെ നിയന്ത്രണങ്ങളും കല്‍പ്പനകളും ലംഘിക്കുകയും ചെയ്യുന്നവനെ അപേക്ഷിച്ച്, അല്ലാഹുവിന്റെ കല്‍പ്പനകളും അവന്‍ നിശ്ചയിച്ച പരിധികളും പാലിക്കുന്ന വ്യക്തിയുടെ ഉദാഹരണം ഇപ്രകാരമാണ്: ഒരു കപ്പലില്‍ ഇരിപ്പിടങ്ങള്‍ക്കായി ആളുകള്‍ നറുക്കെടുപ്പ് നടത്തി, അവരില്‍ ചിലര്‍ക്ക് മുകള്‍ ഭാഗത്ത് സീറ്റുകള്‍ ലഭിച്ചു, മറ്റുള്ളവര്‍ക്ക് താഴ് ഭാഗത്തും, താഴെയുള്ളവര്‍ വെള്ളമെടുക്കാന്‍ മുകളിലുള്ളവരെ കടന്നുപോകണം, ഈ പ്രയാസം ഒഴിവാക്കാനായി താഴത്തെ ഭാഗത്തുള്ളവര്‍ കോടാലി എടുത്ത് കപ്പലിന്റെ അടിയില്‍ ഒരു ദ്വാരമുണ്ടാക്കാന്‍ തുടങ്ങി, കടലില്‍ നിന്ന് നേരിട്ട് വെള്ളമെടുക്കാന്‍ വേണ്ടി. മുകളിലുള്ള ആളുകള്‍ വന്ന് അവരോട് ചോദിച്ചു, "എന്താണ് നിങ്ങളുടെ കുഴപ്പം?' താഴ്ഭാഗത്തുള്ള ഒരാള്‍ മറുപടി പറഞ്ഞു, ""ഞാന്‍ തുടരെ തുടരെ വെള്ളത്തിനായി (നിങ്ങളുടെ അടുത്തേക്ക് വരുന്നത്) നിങ്ങള്‍ക്ക് വളരെയധികം പ്രയാസമുണ്ടാക്കുന്നുണ്ടല്ലൊ, എനിക്കാണെങ്കില്‍ വെള്ളം എടുക്കുകയും വേണം. ഈ സാഹചര്യത്തില്‍ അവര്‍ അത് ചെയ്യുന്നതില്‍ നിന്ന് അവനെ തടഞ്ഞാല്‍ അവര്‍ അവനെയും തങ്ങളെയും രക്ഷിക്കും, പക്ഷേ അവര്‍ അവനെ (അവന്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍) വിട്ടാല്‍ അവര്‍ അവനെയും തങ്ങളെയും നശിപ്പിക്കും.'' (സ്വഹീഹുല്‍ ബുഖാരി: 2686)
ഒരു ശിക്ഷയൊ പരിണിതഫലമോ ഉണ്ടാവുമ്പോള്‍ അക്രമികള്‍ക്ക് പുറമെ നിരപരാധികള്‍ കൂടി അത് അനുഭവിക്കേണ്ടിവരുമെങ്കിലും ""ഓരോരുത്തരുടേയും മാനസികമായ നിലയനുസരിച്ചുള്ള നീതി പരലോകത്ത് നല്‍കപ്പെടുമെന്നും...'' നബി (സ്വ) പറഞ്ഞിട്ടുണ്ട്. (സുനനു അബൂദാവൂദ്: 4289) എന്നതു കൂടി ഇതിനോട് ചേര്‍ത്തു വായിക്കുക.
15. Evil നുള്ള പ്രതിരോധമായും പ്രതികരണമായും ദോഷങ്ങള്‍ നിലനില്‍ക്കുന്നതും നീതിയുടെ തേട്ടവുമാണ്. ഇത് ദോഷങ്ങളെ കുറക്കുന്നതിലും തടയുന്നതിലും പങ്കു വഹിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, യുദ്ധത്തെ പ്രതിരോധിക്കാനും യുദ്ധം തന്നെയല്ലാതെ വേറെ മാര്‍ഗമില്ല.
16. കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ നടപ്പാക്കാന്‍ ദോഷം വേണം. ഉദാഹരണത്തിന്, അഴിമതിക്ക് ജയില്‍വാസം ശിക്ഷയായി നല്‍കുന്നതു പോലെ.
17. ശിക്ഷണത്തിന്റെ ഭാഗമായ ശിക്ഷക്ക് ദോഷം ആവശ്യമാണ്. ശിക്ഷണത്തിന്റെ അടിത്തറ തന്നെ ദോഷം ഉപയോഗിച്ചു കൊണ്ടാണെന്ന് വേണമെങ്കില്‍ പറയാം.
18. കുട്ടികളിലെ കാന്‍സര്‍, ക്യാന്‍സര്‍ രോഗികളിലേക്ക് മൊത്തത്തില്‍ ശ്രദ്ധ തിരിക്കുവാനും യുദ്ധങ്ങളില്‍ കുട്ടികള്‍ മരണപ്പെടുന്നത് യുദ്ധത്തിലെ മൊത്തം ഇരകളിലേക്ക് ശ്രദ്ധ തിരിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു. ആഫ്രിക്കയിലെ ദാരിദ്ര്യ നിർമാജന സംരംഭങ്ങളിലേക്ക് സഹായങ്ങള്‍ക്കായുള്ള പ്രചാരണങ്ങളില്‍ ഹൈലൈറ്റ് ചെയ്യപ്പെടാറുള്ളത് കുട്ടികളുടെ ചിത്രങ്ങളാണ്.
സിറിയയിലെ പ്രക്ഷുബ്ദമായ അഭ്യന്തര അന്തരീക്ഷത്തെ നമ്മുടെ മനസ്സില്‍ ജ്വലിപ്പിക്കുന്നതില്‍ ഇയാന്‍ കുര്‍ദി ഫോട്ടോയും, അമേരിക്കയുടെ വിയറ്റ്‌നാം ആക്രമണത്തില്‍ തീ പിടിച്ച തന്റെ വസ്ത്രം ഊരിയെറിഞ്ഞ് ജീവന് വേണ്ടി ഓടുന്ന 9 വയസ്സുകാരിയായ കിം ഫുക് ന്റെ ഫോട്ടോയും, 2013 ഇസ്‌റായേലിന്റെ ഗാസാ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ മൃതശരീരം കൈകളില്‍ താങ്ങി കൊണ്ടുപോകുന്ന ഫിലസ്ത്വീന്‍ ഫോട്ടോയും, 146,000 മനുഷ്യരെ കൊലപ്പെടുത്തിയ ഹിരോഷിമ അണു ആയുധ ആക്രമണത്തില്‍ അതീജീവിച്ച ശേഷിക്കുന്ന മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളെ പ്രതിനിധീകരിക്കുന്ന, ക്രിസ്റ്റര്‍ സ്റ്റോംഹോം പകര്‍ത്തിയ ചിത്രത്തിലെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട വിരൂപനായ ബാലന്‍ തുടങ്ങി ഫോട്ടോകളെല്ലാം സംഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇരകളിലേക്കും ലോക ശ്രദ്ധയും സഹായവും എത്തിക്കാന്‍ കാരണമായി.
കുട്ടികള്‍ മരണപ്പെട്ടാല്‍ - അത് ബഹുദൈവാരാധകരുടെ കുട്ടികളാണെങ്കില്‍ പോലും - അവര്‍ സ്വര്‍ഗത്തിലാണെന്ന ഹദീഥും ഇതിനോട് ചേര്‍ത്തു വെക്കണം. (സ്വഹീഹുല്‍ ബുഖാരി: 7047)
19. വിശപ്പ്, ദാഹം, ആക്രമണം, അരക്ഷിതത്വം, വെയില്‍, വന്യമൃഗങ്ങള്‍, രോഗങ്ങള്‍, അക്രമം, കുറ്റകൃത്യങ്ങള്‍, അനീതി, ശണ്ഠ തുടങ്ങിയ ദോഷങ്ങള്‍, ഭക്ഷണ പാനീയങ്ങള്‍, പാചകം, അടുപ്പ്, ഇന്ധനം, കൃഷി, കച്ചവടം, പാര്‍പ്പിടം, ആരോഗ്യരംഗം, ഔഷധം, നിയമം, നിയമജ്ഞര്‍, നിയമപാലകര്‍, എന്നിവയുടെ ആവശ്യത്തിലേക്ക് നയിക്കുന്നു.
പാചകക്കാരന്‍, കൃഷിക്കാരന്‍, കച്ചവടക്കാരന്‍, ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, എഞ്ചിനീയര്‍, പോലീസ്, വക്കീല്‍, ജഡ്ജി, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങിയ ആയിരക്കണക്കിന് തൊഴിലുകളും സേവനമേഖലകളും അതിലൂടെ ജന്മമെടുക്കുന്നു.
20. വിജ്ഞാന ശാഖകള്‍ വികസിക്കാന്‍ കാരണം മനുഷ്യരില്‍ അജ്ഞത ഉണ്ടാക്കുന്ന പലതരത്തിലുള്ള ''ദോഷങ്ങള്‍'' ആണല്ലോ. പുറമെ ദോഷങ്ങളില്ലാതെ, ഗുണങ്ങള്‍ നേടിയെടുക്കാനുമാണ്. അപ്പോള്‍ ദോഷങ്ങളില്ലാത്ത ലോകത്ത് ഭാഷ, സാഹിത്യം, ചരിത്രം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഭൂമിശാസ്ത്രം, സാമൂഹികം, നിയമം, ഗണിതം, സാങ്കേതിക വിദ്യ തുടങ്ങി ഒന്നിനും പ്രസക്തിയില്ല. വിദ്യാര്‍ത്ഥികളില്ല, അധ്യാപകരില്ല, വിദ്യാലയങ്ങളില്ല, കലാലയങ്ങളില്ല, സർവകലാശാലകളില്ല, ഗവേഷണങ്ങളില്ല... വിജ്ഞാനശാഖകളില്ലെങ്കില്‍ വളര്‍ച്ചയും ഉയര്‍ച്ചയും സുഖങ്ങളും ആസ്വാദനങ്ങളും ഭൂരിഭാഗവും ജീവിതത്തില്‍ ഉണ്ടാകുമായിരുന്നില്ല. സാങ്കേതിക വിദ്യയില്ലെങ്കില്‍ വാഹനങ്ങളില്ല, ടീവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ... ഒന്നുമില്ല. (തുടരും)