കേരളത്തിലെ മുസ് ലിങ്ങളിൽ കടന്നു കൂടിയ അന്ധ വിശ്വാസങ്ങളും അനാചാര ങ്ങളും നിർമാർജനം ചെയ്ത്, അവരിൽ സത്യവിശ്വാസവും സദാചാരവും ഉറപ്പിക്കുകയണ് മുജാഹിദുകൾ ചെയ്യുന്നത്. ചില പുരോഹിതന്മാർ ആക്ഷേപിക്കുന്നത് പോലെ ദീനിൽ ഉള്ള കാര്യങ്ങൾ കുറയ് ക്കുകയോ ഇല്ലാത്ത കാര്യങ്ങൾ ചേർക്കുകയോ ചെയ്യുന്നവരല്ല അവർ. ഇസ് ലാമിന്റെ പ്രമാണങ്ങളായ വിശുദ്ധ ക്വുർആനിലും വിശദീകരണമായ പ്രവാചക ചര്യയിലും ഉള്ള കാര്യങ്ങൾ മുസ് ലിങ്ങളിൽ നിന്ന് ചോർന്നു പോകാതിരിക്കാനും അവയിലില്ലാത്ത പുതു കാര്യങ്ങൾ അവരിലേക്ക് കടന്നു വരാതിരിക്കാനും അതീവ ജാഗ്രത കാണിക്കുന്നവരാണവർ. അതോടൊപ്പം, മുസ് ലിം സമുദായത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിൽ അവർ വളരെ ശ്രദ്ധിക്കുന്നവരുമാണ്. മുസ് ലിങ്ങങ്ങളിൽ ഒരുമയും സാഹോദര്യവും നിലനിർത്തിക്കൊണ്ടുതന്നെ, അവർക്കാവശ്യമായ സംസ്കരണം അപ്പപ്പോൾ അവർ നടത്തി ക്കൊണ്ടിരിക്കുന്നു. "ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കുകയും നല്ലത് കൽപ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളിൽ നിന്നും ഉണ്ടാവട്ടെ ! അവരത്രെ, വിജയികൾ (3:104) എന്ന വിശുദ്ധ ക്വുർആൻ വചനമാണ് അതിന്നവർക്കുള്ള പ്രചോദനം.
നബി(സ്വ) യുടെ നൂറ്റാണ്ടിന്നും തുടർന്ന് വന്ന രണ്ട് നൂറ്റാണ്ടുകൾക്കും ശേഷം ഇതര സമുദായങ്ങളിൽ നിന്നും നാട്ടുനടപ്പുകളിൽ നിന്നും മുസ് ലിങ്ങളിൽ കടന്നു കൂടിയ അന്ധ വിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവക്കെതിരെ മുജാഹിദുകൾ ശക്തമായി പ്രബോധനം നടത്തുന്നു. അതോടൊപ്പം, ഈ അടുത്ത കാലങ്ങളിലായി,സ്വതന്ത്ര ചിന്ത, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ പലവിധ ആകർഷക പേരുകളോടെ യുവ തലമുറയിലേക്ക് കടന്നുവന്ന ദൈവ നിഷേധാശയങ്ങളെ പ്രതിരോധിക്കുന്നതിന്നും അവർ ശ്രമിക്കുന്നുണ്ട്. ഒരു ബഹുമത സമൂഹത്തിൽ ജീവിക്കുന്നവർ എന്ന നിലക്ക്, ഇതര സമുദായങ്ങൾക്കിടയിൽ ഇസ് ലാമിനെ പറ്റി തെറ്റുധാരണകൾ സൃഷ്ടിക്കാതെ നോക്കാനും അവരുമായി സൗഹാർദ്ദവും രഞ്ജിപ്പുമുണ്ടാക്കാനും മുജാഹിദുകൾ ശ്രമിക്കുന്നു. രാജ്യത്തിന്റെ ഭദ്രതക്കും പുരോഗതിക്കും ഊന്നൽ നൽകുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്ക് ചേർന്നും മറ്റുള്ളവരുമായി സഹകരിച്ചും പോരുകയെന്നതാണ് മുജാഹിദുകൾ സ്വാതന്ത്ര്യ ലബ്ധി മുതൽ സ്വീകരിച്ചു പോരുന്ന നിലപാട്.
ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതും മുസ് ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതുമായ ഒരു ഭരണം രാജ്യത്ത് എക്കാലവും ഉണ്ടായിരിക്കണമെന്ന് മുജാഹിദുകൾ ആഗ്രഹിക്കുന്നു. അതിന്ന് വേണ്ടി ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തുന്നവരെ, ജാതി മത ഭാഷാ ചിന്തകൾക്കതീതമായി ഭരണ രംഗത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന്നുവേണ്ടി മുജാഹിദുകൾ ജനങ്ങളിൽ ശരിയായ രാഷ്ടീയാവബോധം സൃഷ്ടിക്കുക പതിവാണ്. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ ചൂണ്ടിക്കാട്ടി അതിനെ വിജയിപ്പിക്കണമെന്നോ മറ്റൊന്നിനെ പരാജയപ്പെടുത്തണമെന്നോ , ആവശ്യപ്പെടുന്ന ഒരു കേവല "കക്ഷി രാഷ്ട്രീയ' ശൈലിയല്ല അവരുടേത്. എന്നാൽ, ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾക്ക് പരിക്കേൽപ്പിക്കാൻ ശ്രമിക്കുന്ന വർഗീയ ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ ഏറ്റവും സാധ്യതയുള്ള മതേതര കക്ഷികളാണ് വിജയിച്ചു വരേണ്ടതെന്നും അവയിൽ മുസ് ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആത്മാർത്ഥതയുള്ളവർക്ക് പ്രാമുഖ്യം നൽകണമെന്നുമാണ് അവർ വ്യക്തമാക്കാറുള്ളത്. മുജാഹിദ് പ്രസ്ഥാനം അതിന്റെ അനുയായികളിൽ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ഉൽബുദ്ധത കാരണം അവരിൽ ഭൂരിപക്ഷം പേർക്കും തങ്ങളുടെ സമ്മതിദാനാവകാശം ആർക്ക് വിനിയോഗിക്കണമെന്ന തിരിച്ചറിവ് സ്വാഭാവികമായും ഉണ്ടാവുന്നതാണ്.
മുജാഹിദ് സംഘടന യാതൊരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടുകമായോ വാലായോ പ്രവർത്തിക്കാറില്ല. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ അരികിലോ സർക്കാരിലോ വല്ല സ്ഥാനമാനങ്ങൾക്കോ പദവികൾക്കോ വേണ്ടി അവർ സമീപിക്കാറുമില്ല. അതേസമയം അതിന്റെ അംഗങ്ങൾക്ക് അവരുടെ വിവേചനശക്തിയുപയോഗിച്ച് ഉചിതമെന്ന് തോന്നുന്ന രാഷ്ടീയ പാർട്ടികളിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം പ്രസ്ഥാനം അനുവദിക്കുന്നുണ്ട്. ഒരു ജനാധിപത്യ മതേതര രാജ്യമായ നമ്മുടെ രാജ്യത്ത്, അതിന്റെ ഭരണ നിർവഹണത്തിന്ന് നിദാനമായ രാഷ്ട്രീയ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും കഴിവതും ഇസ് ലാമിക മൂല്യങ്ങൾ പാലിച്ചു കൊണ്ട് പങ്കെടുക്കുന്നതിനെ പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു.
മുസ് ലിം സമുദായത്തിന്റെ അന്തസ്സിനെയും അവകാശങ്ങളെയും ഹനിച്ചുകളയുന്നതും മത സൗഹാർദ്ദം തകർത്തുകളയുന്നതുമായ വീക്ഷണങ്ങൾ ആരെങ്കിലും വെച്ചുപുലർത്തുന്നുണ്ടെങ്കിൽ അത് അപ്പപ്പോൾ തിരുത്താനുള്ള ശക്തി സംഘടനാ നേതൃത്വം ഉചിതമായ അവസരങ്ങളിൽ കാണിക്കാറുമുണ്ട്. ബാബരി മസ്ജിദ് തകർക്കപ്പെട്ട സന്ദർഭത്തിൽ പലരും അതിരുവിട്ട് പ്രവർത്തിച്ചപ്പോൾ മുജാഹിദ് പ്രസ്ഥാനം മുസ് ലിങ്ങളോട് വിവേകത്തോടെയും യുക്തിയോടെയും മാത്രം പ്രതികരാക്കാൻ ആവശ്യപ്പെട്ടു. ഹിന്ദു വർഗീയ ഫാഷിസ്റ്റുകൾക്കെതിരെന്ന മട്ടിൽ മുസ് ലിങ്ങൾക്കിടയിൽ ചിലർ, തീവ്ര രാഷ്ട്രീയ ചിന്ത വളർത്തിയപ്പോൾ അതിനെ മുജാഹിദുകൾ ഇസ് ലാമിക അധ്യാപനങ്ങളുടെ ബലത്തിൽ ശക്തമായി എതിർത്തു. അതേസമയം ഭരണപക്ഷത്ത് നിന്നുണ്ടാകുന്ന മുസ് ലിം വിരുദ്ധ നീക്കങ്ങളെ ശക്തമായി എതിർക്കാൻ മുജാഹിദുകൾ എന്നും മുന്നോട്ടു വന്നിട്ടുമുണ്ട്. വഖഫ് വിഷയത്തിൽ സർക്കാർ എടുത്ത തെറ്റായ തീരുമാനം തിരുത്തണമെന്നും വഖ്ഫ് സ്വത്ത് സംരക്ഷണത്തിൽ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്നും, പള്ളികളിലെ ജുമുഅ ക്വുതുബകളിൽ മുജാഹിദ് ഇമാമുമാർ ആവശ്യപ്പെട്ടു.
സർക്കാരുമായി സഹകരിക്കേണ്ട വിഷയങ്ങളിൽ സഹകരിക്കുന്നതിന്ന് മുജാഹിദ് നേതൃത്വം ആരുടെയും അനുവാദത്തിന്ന് വേണ്ടി കാത്തിരിക്കാറില്ല. നന്മയിൽ എല്ലാരുമായും സഹകരിക്കുകയും തിന്മയിൽ ആരുമായും സഹകരിക്കാതിരിക്കുകയുമാണ് മുജാഹിദുകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. ഫിലസ്തീൻ വിഷയത്തിൽ സി പി എം വിളിച്ചുകൂട്ടിയ യോഗത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം നോക്കിയല്ല മുജാഹിദ് നേതാക്കൾ പങ്കെടുത്തത്. മുസ് ലിം സമുദായത്തിന്റെ പൊതുവേയുള്ള അഭിപ്രായവും വിശാലമായ വീക്ഷണവും ഉൾക്കൊണ്ടാണ് മുജാഹിദുകള്‍ പ്രവർത്തിക്കാറുള്ളത്. മുസ് ലിങ്ങളുമായി ബന്ധമുള്ള ഏതെങ്കിലും രാഷ്ട്രീയ വിഷയങ്ങളുടെ വിശദാംശങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുമ്പോൾ അവ, ആരോഗ്യപരമായ ചർച്ചകൾ നടത്തിയും കൂടിയാലോചനകൾ നടത്തിയും, ഏറ്റവും ശരിയായ വീക്ഷണത്തിലെത്തുകയെന്നതാണ് മുജാഹിദുകളുടെ ശൈലി. ഫിലസ്ത്വീനികൾ ഇസ്രായേലിന്നെതിരെ നടത്തുന്നത് സ്വാതന്ത്ര്യത്തിന്ന് വേണ്ടിയുള്ള ചെറുത്ത് നിൽപ്പാണെന്നും അതിനെ തീവ്രവാദമായോ ഭീകര പ്രവർത്തനമായോ ഒരിക്കലും കാണാൻ പാടില്ലെന്നും മുജാഹിദ് നേതാക്കൾ സുവ്യക്തമായി പ്രഖ്യാപിച്ചത് അതിന്റെ ഉദാഹരണമാണ്. ചുരുക്കത്തിൽ മുജാഹിദ് നിലപാട് വളരെ വ്യക്തവും സത്യസന്ധവുമാണ്. അതിൽ കാപട്യങ്ങളില്ല.