2024 May 03
24 Shawwal, 1445 AH
മുങ്ങുന്ന കപ്പൽ

മുങ്ങുന്ന കപ്പൽ

  • സുലൈമാൻ മുസ് ലിയാർ ചൊക്ലി

സർവ നന്മകളുടെയും മാതൃകയാവേണ്ട ഉത്തമ സമുദായമാണ് മുസ് ലിങ്ങൾ. ആദര്‍ശ പ്രബോധനത്തോടൊപ്പം സാമൂഹ്യ സദാചാരമൂല്യവും സംസ്കാരവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരെ നേരെയാക്കുക എന്ന ഉത്തരവാദിത്തം കൂടി മുസ് ലിം നേതൃത്വത്തിനുണ്ട്. തിന്മ കാണുമ്പോൾ അതിനെ തടയുക, സാധിക്കാതെ വരുമ്പോൾ ഉപദേശിക്കുക, അതിനും സാധിക്കാത്ത പക്ഷം മനസ്സുകൊണ്ട് വെറുക്കുക എന്നു പഠിപ്പിച്ച ഒരു മതത്തിന്റെ അനുയായികളാണ് നാം . കാലത്തിന്റെ മാറ്റത്തോടൊപ്പം സമുദായം ആന്തരികമാറ്റം കൈവരിക്കുന്ന ദുരന്തകാഴ്ചയാണ് ദൗർഭാഗ്യവശാൽ ഇന്നുള്ളത്. ഇതര വിഭാഗങ്ങൾക്കൊപ്പം ഒരു സമൂഹമായി ജീവിക്കുമ്പോൾ ആവശ്യമായ അവബോധങ്ങൾ ഇല്ലാതെയാവുന്നത് ആരെയും വേദനിപ്പിക്കുന്നതാണ് . സമുദായത്തിൽ ഉണ്ടാകുന്ന അപചയങ്ങളെ പഴി പറഞ്ഞു മേസ്തിരി പണി ചെയ്യുന്ന ഡ്യൂട്ടിയല്ല മതപണ്ഡിതരും മത നേതൃത്വവും ഏറ്റെടുക്കേണ്ടത്. മറിച്ച്, വീണ്ടെടുപ്പിന്റെ കരുതലും ശ്രദ്ധയും പരിശ്രമവുമാണ് ഉണ്ടാവേണ്ടത്. ധാർമികവും സാമൂഹികവുമായ സമുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റവും അധികം പ്രാധാന്യത്തോടെ കാണേണ്ടവരാണ് മുസ് ലിം നേതൃത്വം. വിശിഷ്യാ മഹല്ല് നേതൃത്വം. കേവല അലങ്കാരത്തിനപ്പുറം ധാർമികതയുടെ തുരുത്ത് ഉണ്ടാക്കാൻ കഴിഞ്ഞാൽ മുസ് ലിം സമുദായത്തിന് മാത്രമല്ല പൊതുസമൂഹത്തിനും വലിയ പ്രതീക്ഷയും ആശ്വാസവുമായി മാറും. 

കോഴിക്കോട് ജില്ലയില്‍ കൂട്ടാലിട എന്നു പറയുന്ന പഴയകാല മര വ്യാപാരം നടക്കുന്ന ഒരു പ്രദേശമുണ്ട്. ഹൈന്ദവരും മുസ് ലിങ്ങളും വളരെ സൗഹൃദത്തിൽ തിങ്ങി താമസിക്കുന്ന സ്ഥലമാണിത്. പ്രസ്തുത പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചെങ്ങോട്ട് മല എന്ന് പറയുന്ന ചെങ്കുത്തായ കുന്നിൻ മുകളിൽ ധാരാളം ദരിദ്രര്‍ താമസിക്കുന്നു . വേനൽക്കാലം വരുമ്പോൾ ചെങ്ങോട്ടുമല വരണ്ടുണങ്ങും. കുടിവെള്ളത്തിനു കുന്നിറങ്ങേണ്ട അവര്‍ക്ക് വേനൽക്കാലം ദുരന്തകാലമാണ്. പ്രസ്തുത കുന്നിന്റെ താഴ് വരയിൽ പത്തിൽ താഴെയുള്ള മുജാഹിദ് കുടുംബങ്ങൾ പരിപാലിച്ചു പോരുന്ന ചെറിയ ഒരു സലഫി മസ്ജിദുണ്ട്. കുന്നിൻ മുകളിലെ ആളുകള്‍ക്ക് ആശ്വാസമായി വൻ സാമ്പത്തിക ചെലവ് വരുന്ന കുടിവെള്ള വിതരണ പദ്ധതി പ്രസ്തുത പള്ളിയുടെ ഭാരവാഹികളായ ചെറുപ്പക്കാർ മുൻകൈയെടുത്ത് നടപ്പിലാക്കി. "ജലവുമായി കുന്നുകൾ കയറിയിറങ്ങുന്ന വാഹനം ഓടിക്കുന്നതും വിതരണം നടത്തിയിരുന്നതും ഭാരവാഹികൾ നേരിട്ട് തന്നെയാണ്.

ഒരു മഹല്ല് സംവിധാനം മുസ് ലിം സമുദായത്തിന്റെ നേതൃത്വമെന്ന പരിമിത വൃത്തത്തിൽ നിന്ന് പൊതുസമൂഹത്തിന്റെ ലീഡർഷിപ്പ് എന്ന പൊതു അംഗീകാരത്തിലേക്ക് ഉയരാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് മേൽ സലഫി മസ്ജിദ് നമുക്ക് കാണിച്ചുതന്നത്. ആരെയാണോ നയിക്കുന്നത് ആ നയിക്കപ്പെടുന്നവരെ കുറിച്ചും, എങ്ങോട്ടാണോ നയിക്കുന്നത് അങ്ങോട്ടുള്ള വഴികളെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തവരും അജ്ഞരുമാണ് നയിക്കുന്നതെങ്കിൽ നയിക്കുന്നവരും നയിക്കപ്പെടുന്നവരും ഇരുട്ടിൽ തപ്പുക സ്വാഭാവികമാണ്. മഹല്ലിന് നേതൃത്വം നൽകുക എന്നത് ഉത്തരവാദിത്തമായി കണ്ട് പ്രവർത്തിക്കണം. വീഴ്ചകൾ വന്നേക്കാം പക്ഷേ വീഴ്ചകൾ വരുത്തുന്നുവെന്ന ആരോപണങ്ങൾക്ക് വഴിയൊരുക്കരുത്. അക്കിടി പറ്റുന്നതും അടിക്കടി പറ്റുന്നതും രണ്ടാണല്ലോ. വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നതിലപ്പുറം ഇസ് ലാമിക ചുറ്റുപാടുകൾക്ക് വിഭവങ്ങൾ ഒരുക്കി കൊടുക്കുന്നതിലാണ് മുഴു ശ്രദ്ധയും പതിയേണ്ടത്.

ഓരോ കാലത്തെയും പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ചുകൊണ്ട് മുന്നോട്ടു നീങ്ങണം. ഭിന്നിപ്പിന്റെയും സങ്കുചിതത്വത്തിന്റെയും പാഴ് ചെടികൾ വളർന്നുവരുന്നുവെങ്കിൽ അവയെനുള്ളി കളഞ്ഞ് രാജ്യത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കായി ഒന്നിപ്പിച്ചു കൊണ്ടുപോകുന്ന ക്രാന്ത ദർശികളായും മിഷനറികളായും പ്രവർത്തിക്കാൻ മഹല്ല് നേതൃത്വത്തിന് കഴിയണം .

ഒന്നാമതായി താനൊരു മുസ് ലിമാണെന്ന അവബോധവും, ഓരോരുത്തരും ഏതെങ്കിലുമൊരു അർത്ഥത്തിൽ മാതൃകയാവേണ്ട നേതാവ് തന്നെയാണെന്ന പ്രവാചക അധ്യാപനവും ഉൾക്കൊണ്ട് പ്രവർത്തിക്കുകയാണെങ്കിൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടും.

"രണ്ടു തട്ടുകൾ ഉള്ള ഒരു കപ്പൽ. നിറയെ യാത്രക്കാരുമായി കടലിലൂടെ സഞ്ചരിക്കുന്നു. മുകളിലെ തട്ടിലുള്ളവർക്ക് അവരുടെ ആവശ്യത്തിനുവേണ്ടി വെള്ളം എളുപ്പത്തിൽ ശേഖരിക്കാൻ കഴിയും. എന്നാൽ താഴെ തട്ടിലുള്ളവർക്ക് വെള്ളം എടുക്കണമെങ്കിൽ മുകളിലേക്ക് കയറി വരണം. ഇത് അവർക്ക് പ്രയാസകരമായിരുന്നു. അപ്പോൾ താഴെ തട്ടിലു ള്ളവരിലെ ഒരാൾ കപ്പലിന് തുളയുണ്ടാക്കി പരിഹരിക്കാം എന്ന് പറയുകയും ,എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു. "നോക്കൂ ഇങ്ങനെ തുളയുണ്ടാക്കാൻ കയറൂരി വിട്ടാൽ എന്താണ് സംഭവിക്കുക എന്നതാണ് ഹദീഥിലെ ഗുണപാഠം . ഈ സമയത്ത് മറ്റുള്ളവർ അവന്റെ കൈക്ക് പിടിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. അല്ലാത്തപക്ഷം നിരപരാധിയും അപരാധിയും ഒരുപോലെ നാശത്തിൽപ്പെടുകയല്ലെ ഉണ്ടാവുക? 

അപ്പോൾ സമുദായമെന്ന കപ്പലിനുള്ളിൽ അരുതായ്മകൾ ഉണ്ടാക്കുന്നവരുടെ കൈക്ക് പിടിച്ച് പൊതു സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് നമ്മുടെ ദൗത്യം . അല്ലാത്തപക്ഷം അതിന്റെ തിക്തഫലം എല്ലാവരും ഒരുപോലെ ഏറ്റുവാങ്ങേണ്ടിവരും. മുസ് ലിം സമുദായം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന ഒരു കഥ അറബികൾക്കിടയിൽ പ്രചാരത്തിലുണ്ട്.

അലക്സാണ്ട്രിയയിലെ ഒരു പള്ളിയിൽ മുസ് ലിങ്ങൾ കൂട്ടം കൂടിയിരിക്കുന്ന സമയം. ഒരു ജൂതൻ അവർക്കിടയിലേക്ക് കത്തിയുമായി കടന്നുവന്നു. പലരും നിന്നു പരുങ്ങാൻ തുടങ്ങി. അയാൾ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നല്ല മുസ് ലിം ആരാണ് ? ഒരാളുടെയും ചുണ്ടുകൾ അനങ്ങിയില്ല .എന്നല്ല, പലരുടെയും തൊണ്ടകൾ വരണ്ടുപോയി. കയ്യിൽ കത്തിയുമായി നല്ല മുസ് ലിമിനെ അന്വേഷിക്കുന്ന ഒരു ജൂതനെ അറബികൾ എങ്ങനെയാണ് സങ്കൽപ്പിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജൂതൻ ചോദ്യം ആവർത്തിച്ചു. സഹികെട്ട് കൂട്ടത്തിലെ പ്രായം ചെന്ന ഒരാൾ പരമാവധി ധൈര്യം സംഭരിച്ച് മുന്നോട്ട് വന്നു പറഞ്ഞു. "ഞാൻ ഒരു നല്ല മുസ് ലിം ആണ് " ജൂതൻ അയാളെയും കൊണ്ട് പുറത്തേക്ക് പോയി. അല്പം കഴിഞ്ഞു ജൂതൻ വീണ്ടും അതേ കത്തിയുമായി വന്നിരിക്കുന്നു. ഇനി നിങ്ങളുടെ കൂട്ടത്തിൽ ആരാണ് നല്ല മുസ് ലിം? അയാൾ ചോദ്യം തുടർന്നു. ഇപ്പോൾ അയാളുടെ കത്തിയിൽ നിറയെ ചോരയുണ്ട്. ചോദ്യം കേട്ട മുസ് ലിങ്ങൾ ഞെട്ടി വിറക്കാൻ തുടങ്ങി. അല്പം മുമ്പാ ണിയാൾ ഒരാളെ കൂട്ടിക്കൊണ്ട് പോയത്.

അയാൾ ഇപ്പോൾ ഇല്ല. പോരാത്തതിന് കയ്യിലെ കത്തിയിൽ രക്തവും. എല്ലാം കൂടി കൂട്ടിവായിച്ചപ്പോൾ ഉത്തരം പറയാൻ കഴിയാതെ നാവിറങ്ങിപ്പോയി.

അയാൾ ചോദ്യം ആവർത്തിച്ചു. അവസാനം സൂത്രശാലിയായ ഒരാൾ എഴുന്നേറ്റ് മുന്നോട്ടുവന്നു. എന്നിട്ട് മിഹ്റാബിൽ ജപിച്ചുകൊണ്ടിരിക്കുന്ന ഇമാമിനെ ചൂണ്ടി പറഞ്ഞു 'ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നല്ല മുസ് ലിം അതാ...ആ ഇരിക്കുന്ന ഉസ്താദാണ്" ഇതുകേട്ട് ദേഷ്യപ്പെട്ടു ഇമാം ചാടി എണീറ്റു. ചൂണ്ടിക്കാണിച്ചവനു നേരെ തട്ടിക്കയറി. ഞാൻ മാത്രമാണോ മുസ് ലിം? നിങ്ങളുടെ കൂട്ടത്തിൽ ആരും മുസ് ലിം ഇല്ലേ? കഥയിലെ വൃദ്ധനും, സൂത്രശാലിയും, ഇമാമും വർത്തമാനകാലത്തിന്റെ പരിച്ഛേദമാണ് പ്രതിനിധീകരിക്കുന്നത്. ജൂതനായ സഹോദരന്റെ വീട്ടിൽ രണ്ടു മുസ് ലിം അതിഥികൾ ഉണ്ടായിരുന്നു. അവരെ സൽക്കരിക്കുവാൻ ഒരു ആടിനെ അറുത്ത് തൊലി പൊളിക്കുവാനാണ് ജൂതൻ മുസ് ലിമിനെ തന്നെ അന്വേഷിച്ചിറങ്ങിയത് . എന്നാൽ കൂടെ പോയ വൃദ്ധന് അറുക്കുവാനേ അറിയൂ. അയാൾ അറുത്തതിനു ശേഷം പറഞ്ഞു. എനിക്ക് തൊലി പൊളിക്കുവാൻ അറിയില്ല. അതുകൊണ്ട് മറ്റു പണികൾക്ക് വേണ്ടിയാണ്, ജൂതൻ ഒരു മുസ് ലിമിനെ തേടി വീണ്ടും പള്ളിയിൽ എത്തിയത്. 

പ്രപഞ്ചനാഥനായ അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും അവൻ സഹായിക്കുമെന്നുള്ള ഉറച്ച ബോധ്യവും നേതൃ പദവിയിലുള്ളവർക്കുണ്ടാവണം.