2024 February 16
6 Shaʻban, 1445 AH
അലാ ഇന്ന  നസ്വ് റല്ലാഹി ക്വരീബ്

അലാ ഇന്ന നസ്വ് റല്ലാഹി ക്വരീബ്

  • അബൂ ഇസ്'വ

സത്യവിശ്വാസികൾക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും അല്ലാഹു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിവിധ പ്രതിസന്ധികളിൽ അല്ലാഹു നൽകിയ സഹായം ക്വുർആൻ എടുത്ത് പറഞ്ഞിട്ടുമുണ്ട്.

ആൾബലം കൊണ്ടും ആയുധ ബലം കൊണ്ടും ദുർബലരായിരുന്ന ബദ്റിൽ, പരാജയപ്പെടാതിരിക്കാന്‍ ഒരു രാവ് മുഴുവൻ റസൂൽ
(സ്വ) കണ്ണീരൊഴുക്കി റബ്ബിനോട് ദുആ ചെയ്തു. സ്വഹാബത്തിൻെറ മനസ്സിൽ ആശങ്കയുടെ കരിമേഘങ്ങളായിരുന്നു.

എന്നാൽ അദൃശ്യ ശക്തികളായ മലക്കുകളുടെ സാന്നിധ്യം ബദ്റിലുണ്ടായി. കൊച്ചു സംഘം വിജയം വരിച്ചു.

ക്വുർആൻ അത് ഇങ്ങനെ അനാവരണം ചെയ്യുന്നു: ""നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം'' [3:123)

ഹുനൈനിൽ അവസ്ഥ വിപരീതമായിരുന്നു. ശക്തരാണെന്ന ധാരണ മുസ് ലിങ്ങളിൽ പൊതുവെ ഉണ്ടായി. എന്നാൽ ആദ്യ ഘട്ടം മുസ് ലിം സൈന്യം ഒന്ന് വിറളി. പരാജയത്തിൻെറ വക്കോളമെത്തി. അമിത പ്രതീക്ഷയേക്കാൾ പ്രാർത്ഥനയും തവക്കുലുമാണ് വിജയത്തിൻെറ നിദാനമെന്ന സന്ദേശം നൽകുകയായിരുന്നു അല്ലാഹു. അതിനു ശേഷം മുസ് ലിങ്ങൾക്ക് വിജയം സമ്മാനിക്കുകയും ചെയ്തു. 

""തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈന്‍ (യുദ്ധ) ദിവസത്തിലും. അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമി വിശാലമായിട്ടും നിങ്ങള്‍ക്കത് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം'' (9:25)

ബദ്റിലെ വിജയം നൽകിയ അമിത ആത്മവിശ്വാസവും നേതൃത്വത്തോടുളള അനുസരണക്കേടും റസൂൽ(സ്വ)ക്ക് അത്യാഹിതം സംഭവിച്ചു എന്ന കിംവദന്തിയിൽ വിശ്വസിച്ച് ആത്മവീര്യം നഷ്ടപ്പെട്ടതുമായിരുന്നു ഉഹ്ദിലെ പരാജയത്തിന് കാരണം. അവർക്കുളള താക്കീത് കൂടി ഉൾക്കൊളളുന്നതാണ് ഈ സൂക്തം.

""എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം (അല്ലാഹുവിന്റെ) അനേകം ദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്‌. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങിക്കൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു''(3:146)

അല്ലാഹു എന്നും സത്യവിശ്വാസികൾക്കൊപ്പമാണ്. ആനക്കലഹ സംഭവത്തിന് ശേഷം "അല്ലാഹു ക്വുറൈശികളോടൊപ്പമാണ്' എന്നൊരു ധാരണ ക്വുറൈശി പ്രമുഖർക്കുണ്ടായിരുന്നു. ഇത് തിരുത്തിക്കൊണ്ട് കൂടിയാണ് ബദ്റിലെ വിജയ പരാമര്‍ശത്തോടൊപ്പം "വഅന്നല്ലാഹ മഅൽ മുഅ്മിനീൻ' എന്ന് അല്ലാഹു വ്യക്തമാക്കിയത്. (8:19))

അല്ലാഹുവിൻെറ സഹായം അല്ലാഹുവിൻെറ വാഗ്ദാനമാണ്. അല്ലാഹു പറയുന്നു: ""ഓ വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ അവൻ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്‌'' (47:7)

അല്ലാഹു നമ്മെ സഹായിക്കാൻ അല്ലാഹുവിനെ നാം സഹായിക്കുക എന്നതാണ് അവൻെറ കല്പന. പരാശ്രയ മുക്തനായ അല്ലാഹുവിനെ എങ്ങനെയാണ് സൃഷ്ടികളായ നാം സഹായിക്കുക!

അല്ലാഹുവും മനുഷ്യനും തമ്മിലുളള കരാറുകൾ നിറവേറ്റലാണ് അല്ലാഹുവിനെ സഹായിക്കുക എന്നതിന്നർത്ഥം.

അല്ലാഹുവിനെ സഹായിക്കുക, അല്ലാഹുവിന് കടം നൽകുക, രോഗിയായപ്പോൾ അല്ലാഹുവിനെ സന്ദർശിക്കുക തുടങ്ങിയ പ്രയോഗങ്ങൾ ക്വുർആനിലും ഹദീഥിലും കാണാം. അല്ലാഹുവിൻെറ സൃഷ്ടികളോട് കാണിക്കുന്ന സഹായങ്ങളും ദയാ വായ്പുകളും സ്നേഹ ബന്ധങ്ങളുമാണ് ഇത്തരം പ്രയോഗങ്ങൾ ഉൾക്കൊളളുന്നത്. സൂറഃ സ്വഫ്ഫിലെ അവസാന സൂക്തത്തിൽ ഇങ്ങനെ വിവരിക്കുന്നു:

""സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക.'' അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്റെ സഹായികളായി ആരുണ്ട്' എന്ന് ഈസ ബ്നു മർയം ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവർ വിജയിച്ചവരായിത്തീരുകയും ചെയ്തു'' അല്ലാഹുവിനെ സഹായിക്കുക എന്നാൽ അവൻെറ മാർഗത്തിലുളള പരിശ്രമമാണെന്ന് ഈ വചനം വ്യക്തമാക്കുന്നു.

""തീര്‍ച്ചയായും നാം ആ അമാനത്ത് (വിശ്വസ്ത ദൗത്യം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു'' (33:72)

ലോകത്തുളള സർവ വസ്തുക്കളും അല്ലാഹുവിന് ദിക്റും ശുക്റും പ്രകീർത്തനവും അർപ്പിക്കുന്നുണ്ട്. എന്നാൽഅവരൊന്നും ഏറ്റെടുക്കാത്ത അമാനത്ത്, അവൻെറ അടിമകളായ മനുഷ്യരെ ലാഇലാഹ ഇല്ലല്ലാഹ് എന്ന ശഹാദത്തിലേക്ക് ക്ഷണിക്കുക എന്നതാണ്. സത്യവിശ്വാസം സ്വീകരിച്ചവരുടെ മഹത്തായ ഉത്തരവാദിത്തമാണിത്. വിശ്വാസികൾ ഉത്തമ സമുദായമെന്ന വിശേഷണത്തിന് അർഹരാവുന്നത് ഈയൊരു ദൗത്യം നിർവഹിക്കുക കൂടി ചെയ്യുമ്പോഴാണ്. അല്ലാഹു ഉണർത്തുന്നു:

""ജനങ്ങൾക്ക് വേണ്ടി കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്‌. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു” (3:110)

അല്ലാഹു പറയുന്നു: നല്ലതിലേക്ക് ക്ഷണിക്കുന്ന നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിലുണ്ടാവണം. അവരത്രേ വിജയികൾ'' (3:104)

സത്യവിശ്വാസികൾക്കിടയിലും ഇതര ജന വിഭാഗങ്ങളിലും അല്ലാഹുവിൻെറ മഹത്വവും ഏകത്വവും ഉപദേശിക്കുക എന്ന വലിയ ദൗത്യം നിർവഹിക്കാതെ എങ്ങനെയാണ് നാം അല്ലാഹുവിൻെറ സഹായം പ്രതീക്ഷിക്കുന്നത്!

അല്ലാഹു പറയുന്നു: ""എൻെറ ദാസന്മാർ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാല്‍ ഞാന്‍ (ഏറ്റവും) അടുത്തുള്ളവനാകുന്നു. പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ഉത്തരം നല്‍കുന്നതാണ്‌.അതുകൊണ്ട് അവർ എന്റെ ആഹ്വാനം സ്വീകരിക്കുകയുംഎന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിച്ചേക്കാമല്ലോ'' (അൽ ബക്വറ:186)

സത്യവിശ്വാസികൾക്ക് ഭൂമിയിൽ പ്രാതിനിധ്യവും നിർഭയത്വവും വാഗ്ദാനം ചെയ്തു കൊണ്ട് അല്ലാഹു പറയുന്നത് കാണുക:

"നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കർമങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട്. അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല.അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍''(24:55)

സത്യവിശ്വാസികൾക്കുളള വാഗ്ദാനം എന്ന് പറഞ്ഞു കൊണ്ടാണ് അല്ലാഹു ഈ സൂക്തം ആരംഭിക്കുന്നത്. എന്നിട്ട് അവരുടെ സവിശേഷതയായി "എനിക്ക് ഇബാദത്ത് ചെയ്യുന്നവരും എന്നിൽ ശിർക്ക് വെക്കാത്തവരും' എന്ന് പ്രത്യേകം എടുത്ത് പറയുന്നു. അല്ലാഹുവിൻെറ മാർഗത്തിലുളള പരിശ്രമവും ത്യാഗവുമില്ലാതെ അവൻെറ സഹായം മാത്രം പ്രതീക്ഷിച്ച് ഇരിക്കുന്നതിൽ അർത്ഥമില്ലെന്ന് സാരം.