2024 October 25
22 Rabiʻ II, 1446 AH
നിര്‍മിതബുദ്ധിയും  ഡീപ്‌ഫെയ്ക്  ടെക്‌നോളജിയും

നിര്‍മിതബുദ്ധിയും ഡീപ്‌ഫെയ്ക് ടെക്‌നോളജിയും

  • അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി

സയന്‍സും ടെക്‌നോളജിയും അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐ.ടി) കുതിച്ചുവന്നപ്പോള്‍ നാം പറഞ്ഞു ഐ.ടി യുഗമെന്ന്. അവിടെ നിന്നും മുന്നോട്ടു നീങ്ങുകയാണ്. ഇപ്പോള്‍ എ.ഐ. കാലഘട്ടമാണെന്ന് പറയാം. (Artificial Intelligence) ഈ നിര്‍മിത ബുദ്ധിയെയും മറികടക്കുന്ന ടെക്‌നോളജി ഉടന്‍ വന്നേക്കാം. ഓരോന്ന് വരുമ്പോഴും "അപഡെയ്റ്റഡ്' ആവാന്‍ ഓരോരുത്തരും ശ്രമിക്കുകയും ചെയ്യും.

ഏത് തരത്തിലുള്ള സാങ്കേതിക വിദ്യ രംഗത്തുവന്നാലും അതിന്റെ ദുരുപയോഗമാണ് സമൂഹത്തെ ആദ്യം സ്വാധീനിക്കുന്നത്. ഏതാനും ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പാട്ടുകച്ചേരി നടത്തുന്ന ഒരു വീഡിയോ പുറത്തുവന്നു. അന്യരാജ്യത്ത് പോയി ചടങ്ങുകളില്‍ "ചെണ്ട കൊട്ടിയ' പ്രധാനമന്ത്രിയുടെ പാട്ടുകച്ചേരി ജനങ്ങള്‍ ആ നിലയിലാണ് കണ്ടത്. എന്നാല്‍ മോദി നേരിട്ടുവന്ന് പറയുന്നു, താന്‍ പാട്ടുകച്ചേരി നടത്തിയില്ല. അത് ഡീപ് ഫെയ്ക് ആണെന്ന്. ആഴത്തിലുള്ള പറ്റിക്കല്‍ തന്നെ. ഇത് നിര്‍മിത ബുദ്ധി(എ.ഐ)യുമായി ബന്ധപ്പെട്ടതാണത്രെ

ഒരു എ.ഐ ദുരുപയോഗത്തിന് പ്രധാനമന്ത്രി തന്നെ ഇരയായപ്പോള്‍ വാര്‍ത്തയായി. പ്രധാനമന്ത്രി പാട്ടുപാടിയെന്ന വാര്‍ത്ത കളവെങ്കിലും നിരുപദ്രവമാണെന്നു പറയാം. വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ ഫെയ്ക് ന്യൂസുകള്‍ ഓഡിയോ ആയോ വീഡിയോ ആയോ പ്രചരിച്ചാല്‍ അത് എത്ര ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും!

റഷ്യ യുക്രൈനെ ആക്രമിച്ച 2022 കാലഘട്ടത്തില്‍ യുദ്ധം മുന്നോട്ടു നീങ്ങുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കിയുടെതായി ഒരു വീഡിയോ സന്ദേശം പുറത്തിറങ്ങുകയുണ്ടായി. യുക്രൈന്‍ പ്രസിഡന്റ് തന്റെ പട്ടാളക്കാരോട് "കീഴടങ്ങിക്കോളൂ' എന്ന് പറഞ്ഞതായാണ് സന്ദേശം. വളരെ വേഗം ആ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെങ്കിലും ഈ പ്രവണത ഭരണാധികാരികള്‍ക്കും മറ്റും വന്‍ ഭീഷണി തന്നെയാണ്.

പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധമുഖത്തു നിന്നുവരുന്ന വാര്‍ത്തകളിലധികവും ഇസ്‌റാഈലും അമേരിക്കയും ബോധപൂര്‍വം പടച്ചുവിടുകയാണ്. എന്നാല്‍ അതിനിടയില്‍ ഡീപ് ഫെയ്ക്കുകളും കടന്നുകൂടിയേക്കാം.

മുസ് ലിം ലീഗ് നേതാവും പ്രഗത്ഭ പ്രഭാഷകനുമായ കെ.എന്‍.എ ഖാദറിന്റെ ശബ്ദത്തില്‍ അദ്ദേഹത്തിന്റെ പടവും വെച്ച് ഒരു വോയ്‌സ് ക്ലിപ് ഇറങ്ങിയത് അടുത്ത കാലത്താണ്. താന്‍ മുസ് ലിമല്ല, വിശ്വാസി പോലുമല്ല എന്ന് ഒരു മുസ് ലിം നേതാവ് പരസ്യമായി പ്രഖ്യാപിക്കുന്നതിന്റെ ഗുരുതരാവസ്ഥ എത്ര അചിന്ത്യമാണ്! അദ്ദേഹത്തെ അറിയുന്നവര്‍ ഞെട്ടി. എതിരാളികള്‍ സന്തോഷിച്ചു; വീഡിയോ പ്രചാരണം നല്‍കി.

വിഷമത്തിലായ ഖാദര്‍ സാഹിബ് കേസ് കൊടുത്തു. ഈ വീഡിയോ താനിറക്കിയതല്ലെന്നും അതില്‍ പറയുന്നതെല്ലാം നുണയാണെന്നുമദ്ദേഹം അധികൃതരെ ബോധിപ്പിച്ചു. ശബ്ദം നല്‍കിയവനെ കണ്ടെത്തി. അയാള്‍ സമ്മതിച്ചു, ഇത് തന്റെ ശബ്ദമാണെന്ന്. "കെ.എന്‍.എ ഖാദര്‍ പറഞ്ഞു എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. ഖാദറിന്റെ പടം വെച്ച് വീഡിയോ ഇറക്കിയതും താനല്ല.' അതോടെ പോലീസിന് "ന്യായം' നഷ്ടപ്പെട്ടു. എങ്കിലും ഈ അന്വേഷണ വിവരം പുറത്തുവന്നതോടെ ഞെട്ടിയവര്‍ക്ക് ആശ്വാസം. പക്ഷേ... കുറേക്കാലം കഴിഞ്ഞ് അത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു, ചിലര്‍. എന്തൊരക്രമം! സമൂഹ മാധ്യമത്തില്‍ ഒരാളെ മാനഭംഗപ്പെടുത്തുന്നത് ദേഹോപദ്രവത്തേക്കാള്‍ ഗുരുതരമല്ലേ?!

ഇത്തരത്തില്‍ ആര്‍ക്കെതിരിലും എന്തും പടച്ചുവിടാമല്ലോ. അതല്ല വസ്തുത എന്ന് വ്യക്തമാകുമ്പോഴേക്കും വ്യാജോക്തികള്‍ ലോകം ചുറ്റിക്കറങ്ങിയിരിക്കും. ഫോട്ടോഷോപ്പും ഗ്രാഫിക് ഡിസൈനിങും വികസിച്ചപ്പോള്‍ തന്നെ മോര്‍ഫ് ചെയ്ത നിരവധി ഫോട്ടോകള്‍ സമൂഹത്തിന്റെ സ്വാസ്ഥ്യം കെടുത്തിയിരുന്നു. മോര്‍ഫിങില്‍ മാത്രം തകര്‍ന്നുപോയ കുടുംബ ബന്ധങ്ങള്‍ വാര്‍ത്തയായത് തന്നെ അനവധിയാണ്. കണ്ണീര് കുടിച്ചു ജീവിതം തള്ളി നീക്കുന്നവരും ജീവനൊടുക്കിയവരും ഏറെയുണ്ട്.

ഒരു വ്യാജ വാര്‍ത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് ഡീപ് ഫെയ്ക് ആക്കി മാറ്റുന്നു. ഈ ഗുരുതര പാതകം ചെയ്തവന്‍ പക്ഷേ കാണാമറയത്തും. ഇരകള്‍ മാനഹാനിയാല്‍ നെട്ടോട്ടത്തിലും! സമൂഹ മാധ്യമങ്ങളില്‍ ത്യാജ്യ-ഗ്രാഹ്യ ബോധമില്ലാതെ കിട്ടുന്നതെല്ലാം ഫോര്‍വേഡ് ചെയ്യുന്ന ആളുകള്‍ കരുതിയിരിക്കുക. താന്‍ കണ്ട (Forward) വാര്‍ത്ത സത്യമാണോ ഫെയ്ക് ആണോ എന്ന് തിരിച്ചറിയാതെ ആര്‍ക്കും ഒന്നും ഫോര്‍വേഡ് ചെയ്തുകൂടാ. വ്യക്തിഹത്യകള്‍ക്ക് പ്രചാരം കൊടുക്കുന്ന തരത്തിലുള്ളതാണെങ്കില്‍ പ്രത്യേകിച്ചും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് ഇസ് ലാമിന്റെ നിലപാട്. വിശുദ്ധ ക്വുര്‍ആനിന്റെ ഈ വചനം എത്ര ശ്രദ്ധാര്‍ഹവും ചിന്തോദ്ദീപകവുമാണ്!

""സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു സമൂഹത്തിന് നിങ്ങള്‍ ആപത്ത് വരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.'' (വി.ക്വു. 49:6)

ശാസ്ത്രലോകത്തെ വലിയ നേട്ടമായി നിര്‍മിത ബുദ്ധി (Artificial Intelligence) കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യാന്‍ തുനിഞ്ഞാല്‍ അതിന്റെ പ്രഹര ശേഷി മാരകമായിരിക്കും.