2024 October 25
22 Rabiʻ II, 1446 AH
പൊതുബോധ നിര്‍മിതി അപകടത്തില്‍

പൊതുബോധ നിര്‍മിതി അപകടത്തില്‍

  • ഡോ. സുല്‍ഫിക്കര്‍ അലി

കളമശ്ശേരി ബോംബാക്രമണത്തിലൂടെ കുപ്രസിദ്ധനായ ഡൊമിനിക് മാര്‍ട്ടിന്‍ നടത്തിയ ഹീനമായ ഭീകരാക്രമണത്തില്‍ ഇതുവരെ പൊലിഞ്ഞത് ആറ് മനുഷ്യജീവനുകളാണ്. പലരും ഇപ്പോഴും ഗുരുതരാവസ്ഥയിലും ചികിത്സയിലുമാണ്. കുറ്റം ചെയ്യാനുള്ള കാരണങ്ങളും മതപരമായ തീവ്ര വീക്ഷണങ്ങളും ആ വിശ്വാസത്തിന് പിന്തുണക്കാത്ത യഹോവ സാക്ഷികളെ കൊന്നുകളയണം എന്നുള്ള ഭീകരവാദ ഉദ്ദേശ്യലക്ഷ്യങ്ങളും അയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ മാലോകരെ കൃത്യമായി അറിയിച്ചതാണ്. എന്നിട്ടും ക്രൈസ്തവ ഭീകരവാദത്തെ പറ്റിയോ മതമൗലികവാദത്തെ കുറിച്ചോ ഭീകരാക്രമണത്തെ കുറിച്ചോ അതിന് പ്രേരിപ്പിക്കുന്ന തലച്ചോറിലെ സോഫ്റ്റ് വെയറുകളെ കുറിച്ചോ ഉള്ള ഒരു ചര്‍ച്ചയും നടത്താതെ ഒളിച്ചു കളിക്കുകയാണ് കേരളീയ പൊതുബോധം എന്നത് ഏറെ ഗൗരവത്തോടെ വിശകലനം ചെയ്യപ്പെടേണ്ട സാമൂഹിക മാനസികാവസ്ഥയാണ്.

2023 ഒക്‌ടോബര്‍ 29 ഞായറാഴ്ചയായിരുന്നു ഇന്ത്യയെ ആകമാനം നടുക്കിയ ഭീകരാക്രമണം കൊച്ചിയില്‍ നടന്നത്. കൊച്ചി കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ പലതവണ ബോംബുകള്‍ പൊട്ടിത്തെറിക്കുകയും പത്തോളം പേര്‍ അതീവ ഗുരുതരാവസ്ഥയിലും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവത്തിന്റെ ആദ്യ മണിക്കൂറുകളില്‍, ക്രൈസ്തവ സഹോദരന്മാര്‍ക്കെതിരെ മുസ് ലിം വിശ്വാസികള്‍ നടത്തിയ ഭീകരാക്രമണം എന്ന രൂപത്തില്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നു. യഹോവ സാക്ഷികള്‍ ജൂതമത വിശ്വാസികളാണെന്നും, ഫിലസ്ത്വീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിലെ ഹമാസ് സ് ലീപ്പര്‍ സെല്ലുകളുടെ ഭീകരാക്രമണമാണതെന്നും വരെയുള്ള പ്രചാരണം കേരളത്തിലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നടന്നു. 

പൊതുബോധത്തിന്റെ 

ഇരട്ടത്താപ്പ് 

മറ്റൊരുദാഹരണം ശ്രദ്ധിക്കുക, തൃശ്ശൂരിലെ ഒരു സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി തോക്ക് ഉപയോഗിച്ചുകൊണ്ട് മൂന്ന് റൗണ്ട് വെടിവെച്ചു. കുറേസമയം അതിനെക്കുറിച്ച് അന്വേഷിക്കണം, ഗൗരവത്തോടെ ചര്‍ച്ചചെയ്യണമെന്നൊക്കെ ദൃശ്യമാധ്യമപ്രതിനിധികളും ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നവരും പലതും പറഞ്ഞു നോക്കി. കുട്ടിയുടെ പേര് ജഗന്‍ ആണെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ സഡന്‍ ബ്രേക്കിട്ട പോലെ എല്ലാ ചര്‍ച്ചകളും അവസാനിച്ചു. കുട്ടി മാനസിക രോഗിയാണെന്ന വിശദീകരണം വന്നു. അതോടെ ചര്‍ച്ചയും അഭിപ്രായപ്രകടനവും എല്ലാം അവസാനിച്ചു. 

ഈ കുട്ടി ഒരു മുസ് ലിം നാമധാരിയായിരുന്നുവെങ്കില്‍ എന്തൊക്കെ കാര്യങ്ങളാണ് കേരളത്തിലെ പൊതുസമൂഹം ചര്‍ച്ച ചെയ്യുക. കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്, ഗള്‍ഫില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ആളാണ്, കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് വിവിധ കോണുകളില്‍ നിന്ന് പണം വന്നിട്ടുണ്ട്, അവര്‍ക്ക് സ്വര്‍ണാഭരണ ശൃംഖലയുമായി ബന്ധമുണ്ട്, ആ വീട്ടിലേക്ക് ദേശീയ അന്വേഷണ ഏജന്‍സി മുതല്‍ അഴിമതി നിരോധന വകുപ്പു വരെയുള്ള മുഴുവന്‍ ഓഫീസര്‍മാരും ഓടി ക്കിതച്ചെത്തുകയും നിറം പിടിപ്പിച്ച കഥകളുമായി മാധ്യമങ്ങള്‍ രംഗത്ത് വരികയും ചെയ്യും. പുറമെ ഹിന്ദി പരിഭാഷയുമായി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ ഇവ ഏറ്റെടുക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ പേരാണ് പ്രശ്‌നം.

കൗതുകകരമായ ഒരു കാര്യം, സ്‌കൂളില്‍ ഒരു വിദ്യാര്‍ത്ഥി വെടിവെപ്പ് നടത്തിയ സംഭവം, മലയാളത്തിലെ പല ദിനപത്രങ്ങളും അകത്തെ പേജില്‍ ചെറിയ കോളം വാര്‍ത്തയായാണ് കൊടുത്തത്. കുറച്ചു മുമ്പ് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ബോംബ് വെക്കുമെന്ന ഭീഷണിയുമായി ഒരു പൊഴിയൂര്‍ സ്വദേശി സന്ദേശം അയച്ചിരുന്നു. കുറച്ചു മണിക്കൂറുകള്‍ അത് വലിയ വാര്‍ത്തയായി. ഭീഷണി സന്ദേശമയച്ചത് നിധിന്‍ എന്ന യുവാവാണ് എന്ന് അറിഞ്ഞപ്പോള്‍ ചര്‍ച്ചകളും സംവാദങ്ങളും അവസാനിപ്പിക്കുക മാത്രമല്ല പ്രതിക്ക് മനോരോഗിയുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ട് എന്ന വിശദീകരണം വരികയും ചെയ്തു. 

ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിലെ വൈരാഗ്യം മൂലം പത്താം ക്ലാസുകാരനെ കാറിടിപ്പിച്ചു കൊന്ന പ്രതിയെ അറസ്റ്റ് ചെയ്തത് ഈ അടുത്ത് തന്നെയാണ്. അരമണിക്കൂര്‍ നേരം അത് വിവാദമായി നിന്നു. പിന്നീട് അതിനെപ്പറ്റി യാതൊരു ചര്‍ച്ചയും ഇല്ല. മാസങ്ങള്‍ക്കു മുമ്പ്, മുസ് ലിം പേരുള്ള ഒരാള്‍ ഒരു നായയെ വാഹനത്തില്‍ കെട്ടി വലിച്ച സംഭവം ഉണ്ടായിരുന്നു. മാസങ്ങളോളമാണ് സാമൂഹ്യ മാധ്യമങ്ങളും മലയാളത്തിലെ ചാനലുകളും ആ വിഷയം ചര്‍ച്ച ചെയ്തത്. കുറ്റവാളിയുടെ പേര് മുസ് ലിം ആയതു കൊണ്ട് മാത്രം, ഇസ് ലാമിന്റെ മേല്‍ കുതിര കയറാനുള്ള വലിയ അവസരമായിട്ടാണ് അതിനെ കണ്ടത്. കേരളത്തിലെ നവ ലിബറല്‍- യുക്തിവാദികളെല്ലാം അയാളുടെ തലച്ചോറിനകത്തെ സോഫ്റ്റ് വെയര്‍ പ്രശ്‌നമാണെന്നും, എല്ലാ മുസ് ലിങ്ങളുടെയും മനസ്സില്‍ ഇത്തരം ക്രൂരമായ ചിന്തകള്‍ ഉണ്ടെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഒരു ബാലനെ കാറിടിച്ചു കൊന്നപ്പോള്‍, അയാളുടെ വിശ്വാസമോ തലച്ചോറിലെ സോഫ്റ്റ് വെയറോ ചര്‍ച്ചയായില്ലെന്നു മാത്രമല്ല, പെട്ടെന്നുണ്ടായ ദേഷ്യം കൊണ്ട് ചെയ്തതാണെന്ന പൊതുബോധം സാക്ഷ്യപ്പെടുത്തി അവസാനിപ്പിക്കുകയായിരുന്നു.

 

മോട്ടീവ് കണ്‍വിന്‍സിങ് അല്ല!

"കണ്ട നീ അവിടെ നില്‍ക്ക്, കേട്ട ഞാന്‍ പറയട്ടെ' എന്ന ഒരു നാടന്‍ പഴമൊഴി ഉണ്ട്. ഭീകരകൃത്യം ചെയ്ത മാര്‍ട്ടിന്‍ പറയുന്നു, താന്‍ അത്ചെയ്തത് തന്റെ വിശ്വാസപ്രകാരം, യഹോവ സാക്ഷികളുടെ വിശ്വാസം ശരിയല്ലെന്നും, തന്റെ ദേശീയ താല്‍പര്യങ്ങള്‍ക്ക് യോജിക്കുന്ന വിശ്വാസമല്ല അവരുടേത് എന്നതിനാലുമാണ് എന്ന്. അതുകൊണ്ടാണ് അവരെ കൂട്ടമായി വധിക്കാനുള്ള ബോംബ് വെച്ചത്. എന്നാല്‍ മലയാളത്തിലെയുംഹിന്ദിയിലെയും ഇംഗ്ലീഷിലെയും പല ചാനല്‍ അവതാരകര്‍ക്കും സോഷ്യല്‍ മീഡിയ വിധികര്‍ത്താക്കള്‍ക്കും മാര്‍ട്ടിന്റെ ലക്ഷ്യവും ഉദ്ദേശ്യവും അത്ര പോര അഥവാ മോട്ടീവ് കണ്‍വിന്‍സിങ് അല്ല! 

 

മലിനമാകുന്ന

പൊതുബോധം 

സംസ്‌കാരസമ്പന്നം എന്ന് നാമൊക്കെ വിലയിരുത്തിയിരുന്ന മലയാളികളുടെ പൊതുബോധം മലീമസമായിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു ക്രിമിനല്‍ പ്രവൃത്തി നടക്കുമ്പോള്‍, അത് നടത്തിയ ആളുടെ പേര് അറബി പേരാണെങ്കില്‍ ഉടന്‍തന്നെ മുസ് ലിങ്ങളെയും ഇസ് ലാമിനെയും ക്വുര്‍ആനിനെയും പ്രവാചകനെയും അവഹേളിച്ചുകൊണ്ട് ഇതെല്ലാം ഇസ് ലാമിക വിശ്വാസം കാരണമാണെന്ന് വിവരിക്കുന്നവരാണ് അധികവും. മദ്‌റസയില്‍ പോയി പ്രത്യേകമായ ഭീകരവാദ പരിശീലനം ലഭിക്കുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന വ്യാഖ്യാനം വേറെ. പള്ളികളില്‍ ആയുധശേഖരം ഉണ്ടെന്നൊക്കെയുള്ള നുണപ്രചരണങ്ങള്‍ വേറെയും. 

മുസ് ലിങ്ങള്‍ പ്രശ്‌നക്കാരാണെന്ന് മാത്രമല്ല, എല്ലാ പ്രശ്‌നങ്ങളുടെയും പ്രധാന കാരണം മുസ് ലിങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു പൊതുബോധ സൃഷ്ടി ഇന്ത്യയില്‍ വളര്‍ത്തിയെടുക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് സാധിച്ചിട്ടുണ്ട്. 

മുസ് ലിങ്ങള്‍ കലാപകാരികളും ക്രിമിനലുകളുമാണെന്നും അവരെ സൂക്ഷിക്കണമെന്നും പറയാതെ പറയുകയാണ് പൊതുബോധ നിര്‍മിതി ചെയ്യുന്നത്. ആദ്യത്തില്‍ നിസ്സാരമെന്നു കരുതി തള്ളിക്കളയാവുന്ന രൂപത്തില്‍ വരുന്ന ഈ നിർമിതി പിന്നീട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. എണ്‍പതുകളില്‍ അമേരിക്കയിലും യൂറോപ്പിലും നടന്ന ഇത്തരത്തിലുള്ള പ്രചാരണങ്ങളാണ് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. പിന്‍തലമുറ മുസ് ലിങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനടക്കമുള്ള നടപടികളുമായി മുന്നോട്ടുപോയി. വെറുപ്പുല്‍പാദനത്തിലൂടെ ഇസ് ലാമോഫോബിയ വളര്‍ത്തുന്ന ഇത്തരം പൊതുബോധ നിര്‍മിതികള്‍ക്കെതിരെ ജാഗരൂകരായിരിക്കേണ്ടത് സംസ്‌കാരസമ്പന്നരായ സമൂഹത്തിന്റെ ബാധ്യതയാണ്. 

സാംസ്‌കാരിക നായകന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും നിസ്സംഗത ഈ വിഷയത്തില്‍ പേടിപ്പെടുത്തുന്നതാണ്. ക്രിമിനലിസത്തിന് മതമോ ജാതിയോ ഇല്ല എന്നും ക്രിമിനലുകളെ ഒറ്റക്കെട്ടായി എതിര്‍ക്കണം എന്നുമുള്ള സന്ദേശമാണ് സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത്. ഏതെങ്കിലും ഒരു സമുദായത്തില്‍ പിറന്നതുകൊണ്ട് അവരെല്ലാവരും ക്രിമിനലുകള്‍ ആകുമെന്നോ ഏതെങ്കിലും ഒരു സമുദായത്തില്‍ പിറക്കാത്തതുകൊണ്ട് അവരെല്ലാവരും തന്നെ ശുദ്ധഗതിക്കാരായി മാറുമെന്നോയുള്ള നിലപാടുകളിലാണ് മാറ്റം വരേണ്ടത്. അല്ലാത്തപക്ഷം പുതിയ തലമുറ ഒരു സമുദായത്തെ ആകമാനം തന്നെ വെറുക്കുകയും അവരെ വെറുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന രൂപത്തിലേക്ക് വരികയും ഭാവിയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വംശീയ വിദ്വേഷത്തിനും അത് കാരണമായി മാറുകയും ചെയ്യും. സാമൂഹ്യ നേതാക്കളും മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവരും ഇക്കാര്യം ഗൗരവത്തോടെ കാണേണ്ടതുണ്ട്.