2024 November 01
29 Rabiʻ II, 1446 AH
ന്യൂജെൻ കുട്ടികളെ  വളർത്തേണ്ടതെങ്ങനെ?

ന്യൂജെൻ കുട്ടികളെ വളർത്തേണ്ടതെങ്ങനെ?

  • ഹബീബ് റഹ് മാൻ കരുവൻ പൊയിൽ

തലമുറ മാറ്റവും അന്തരവും ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. ലോകത്തിന്റെ അതിദ്രുത വളർച്ചക്കനുസരിച്ച് തലമുറകളും വ്യത്യാസപ്പെടുകയും മാറിക്കൊണ്ടിരിക്കുകയും ചെയ്യുക എന്നത് സ്വാഭാവികമാണ്. പുതു തലമുറ എന്നും ന്യൂ ജെൻ എന്നുമൊക്കെ നാം സൗകര്യപൂർവംവിളിക്കുന്ന തലമുറകൾ എക്കാലത്തുമുണ്ടാകും. നാം ജനിച്ചപ്പോൾ നാമായിരുന്നല്ലോ "ന്യൂജെൻ'. അന്ന് നമുക്കും പ്രത്യേകതകളും വ്യതിരിക്തതകളുമൊക്കെയുണ്ടായിരുന്നല്ലോ. മില്ലേനിയം ജനറേഷൻ, ആൽഫ ജനറേഷൻ എന്നൊക്കെ വിളിക്കപ്പെടുന്ന പുതിയ കാലത്തെ കുട്ടികൾ അതുപോലെത്തന്നെ തികച്ചും വ്യത്യസ്തരായ ഒരു തലമുറയാണ്. രക്ഷിതാക്കൾ തങ്ങളുടെ ലോകത്തിരുന്ന് അവരെ നയിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതാണ് പലപ്പോഴും അപകടം ചെയ്യുന്നത്. 

പുതിയ ജനറേഷന്റെ ഭക്ഷണ രീതികൾ പോലും വ്യത്യസ്‌തമാണ്. ചായ ഇഷ്ടമല്ലാത്ത അവർക്ക് തണുത്ത ഡ്രിങ്ക്സുകളാണ് കൂടുതൽ പഥ്യം. കുറച്ചൊക്കെ കാപ്പിയും. എരുവും പുളിയുമാണ് അവർക്ക് മധുരത്തേക്കാൾ മധുരം. അവർക്ക് അതീവ തണുപ്പ്‌വെള്ളം കുടിക്കുന്നതിനോ ഐസോ ഐസ് ക്രീമോ തിന്നുന്നതിനോ അതിരാവിലെയെന്നോ മഴക്കാലമെന്നോ തണുപ്പ്കാലമെന്നോ വ്യത്യാസമില്ല. ഫാസ്റ്റ് ഫുഡുകൾക്ക് അതിവേഗം അഡിക്റ്റാവുന്ന അവർ രുചിഭേദങ്ങളുടെ പിറകെ പായും. പരമ്പരാഗത ഭക്ഷണങ്ങൾ അപൂർവമായിപ്പോലും അവർക്കിഷ്ടമല്ല. ചോറും കറിയും ഉപ്പേരിയും കഞ്ഞിയുമൊന്നും അവരെ ഹരം കൊള്ളിക്കില്ല. ഭക്ഷണത്തിന്റെ സമയക്രമം പോലും അവർക്ക് പഥ്യമല്ല. 

അവരുടെ ജീവിത ശൈലിയും ജീവിത രീതിയുമൊക്കെ കൗതുകകരം. വെയിലോ മഴയോ അവർക്ക് പ്രശ്നമല്ല. അവർ വെയിലും മഴയും കൊള്ളും. കുടചൂടൽ അവർക്ക് അസഹ്യമാണ്. പ്രകൃതി പോലും അവരോട് രാജിയായിക്കഴിഞ്ഞു. മഴകൊണ്ടതിനാൽ അവർക്ക് ജലദോഷമോ കഫക്കെട്ടോ വരില്ല. അവരെ ഉപദേശിക്കുന്നതോ അവരെ നിയന്ത്രിക്കുന്നതോ അവർക്കിഷ്ടമല്ല. അമിതമായ ഉപദേശികളെക്കണ്ടാൽ "സീൻ" ഉണ്ടാക്കുന്നവരെന്ന് പറഞ്ഞവർ കളിയാക്കും. ചുരുക്കത്തിൽ അവർ മാസ്സാണ്, അല്ല, മരണമാസ്സാണ് 

വേഗതയേറിയ കാലത്ത് ജനിച്ചതുകൊണ്ടും ജീവിക്കുന്നത് കൊണ്ടും അവരും വേഗതയുടെ ലോകത്താണ്. ഏറ്റവും പുതിയ ടെക്നോളജിയിൽ ഏറ്റവും പെട്ടെന്ന് കാര്യങ്ങൾ ചെയ്യാനാണ് അവർ ശ്രമിയ്ക്കുന്നത്. അവർ കൂടുതൽ വായിച്ചോ കൂടുതൽ എഴുതിയോ കൂടുതൽ സംസാരിച്ചോ സമയം കളയുന്നില്ല. അവരുടെ ബന്ധങ്ങൾ നമ്മെപ്പോലെ വിളിപ്പാടകലെയല്ല. ലോകം ഒരൊറ്റ ഗ്രാമമായ കാലത്താണ് അവർ ജീവിക്കുന്നത്. അതിനാൽ അവരുടെ ബന്ധങ്ങൾ വിപുലമാണ്. അവർക്ക് അന്യ സംസ്ഥാനത്തും അന്യ രാജ്യത്തും അന്യ ഭൂഖണ്ഡങ്ങളിലും സൗഹൃദങ്ങളുണ്ടാകും. അവർ ഇപ്പോൾ തന്നെ ചിന്തിക്കുന്നത് ചന്ദ്രനിലോ ചൊവ്വയിലോ സ്ഥലം സ്വന്തമാക്കാനായിരിക്കും. 

പരമ്പരാഗത പഠന വിഷയങ്ങളോ രീതികളോ ഉപകരണങ്ങളോ അവരെ സന്തുഷ്ടരാക്കുന്നില്ല. അവർക്കെല്ലാം പുതിയതാണിഷ്ടം. പുതിയ പുതിയ വിഷയങ്ങൾ. പുതിയ രീതികൾ. പുതിയ കണ്ടെത്തലുകൾ. അതിന് പ്രദേശത്തിന്റെയോ രാജ്യത്തിന്റെയോ വൻകരകളുടെപോലുമോ അതിർ വരമ്പുകളില്ല. അവർക്ക് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പുത്തൻ അറിവുകളും പുത്തൻ അനുഭവങ്ങളും നേടണം. ചുരുക്കത്തിൽ അവർ വേറെ "വൈബി'ലാണ്. 

അവർക്ക് അമിതമായ രാഷ്ട്രീയ സങ്കുചിതത്വങ്ങളില്ല. എന്നാൽ അവർക്ക് നല്ല രാഷ്ട്രീയ ബോധമുണ്ട്. പരസ്പരം അമിതമായ വലിപ്പച്ചെറുപ്പമോ പരസ്പരമുള്ള അസൂയ-കുശുമ്പുകളോ കുറവാണ്. വർഗീയ വിഭാഗീയ ജാതീയ ചിന്താഗതികൾ നന്നെക്കുറവാണ്. (നമ്മുടെ തലമുറ ഇതവരിൽ കുത്തിവെക്കാൻ നന്നായി പരിശ്രമിക്കുന്നതിനാൽ വലുതാവുമ്പോഴേക്കും അവരതിൽ വീണുപോയേക്കാം). പരസ്പരമുള്ള അപകർഷതകളോ തൻപോരിമകളോ വഴക്ക് വക്കാണങ്ങളോ ചീത്തവിളികളോ വിരളം. പരസ്പര സഹായ മനസ്ഥിതി ഉള്ളവരാണ്. അവർ വിചാരിച്ചാൽ ദിവസങ്ങൾക്കകം കൂട്ടുകാർക്ക് വീടുണ്ടാക്കും. ചികിത്സാ സഹായം ലഭ്യമാക്കും. സഹപാഠിയുടെയും സുഹൃത്തിന്റെയും കീറാമുട്ടി പ്രശ്നങ്ങൾ വരെ പരിഹരിക്കും. 

 പുതിയ തലമുറയുടെ സ്വഭാവ സവിശേഷതകളിൽ നമ്മുടെയും സാഹചര്യങ്ങളുടേയുമൊക്കെ പങ്ക് അനല്പമാണ്. നമ്മുടെ നിലപാടുകളും നിലവാരവുമൊക്കെയാണല്ലോ അവരും കണ്ടുവളരുന്നത്. മാതാപിതാക്കളുടെ പരസ്പര ബന്ധവും മാതാപിതാക്കൾക്ക് സമൂഹവുമായുള്ള ബന്ധവും മാതാപിതാക്കൾക്ക് അവരുമായുള്ള ബന്ധവുമൊക്കെ അവരെ സ്വാധീനിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുമെന്നത് ഉറപ്പാണല്ലോ. നമ്മുടെ ജോലിഭാരവും ജോലിത്തിരക്കും ജീവിത രീതിയും ടെൻഷനും സാമ്പത്തിക പ്രതിസന്ധിയും തുടങ്ങി ഒട്ടനവധി ചുറ്റുപാടുകളിലാണല്ലോ അവരും വളരുന്നത്. നമ്മുടെ മൊബൈൽ ഉപയോഗവും ടി.വി. കാഴ്ചകളും തിരക്ക് പിടിച്ച ഓട്ടങ്ങളും ബന്ധങ്ങളിലെ വിള്ളലുകളും അവരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കുക സ്വാഭാവികം. വായനാ ശീലമില്ലാത്ത നാം അവരോട് വായിക്കാൻ പറയുന്നതിലും സാമൂഹ്യ രംഗങ്ങളിൽ നിന്ന് ഉൾവലിയുന്ന നമ്മൾ അവരുടെ അന്തർമുഖത്തെക്കുറിച്ച് വാചാലമാകുന്നതിലും വലിയ അർത്ഥമൊന്നുമില്ല. ജീവിക്കാൻ പെടാപാട് പെടണമെന്നും ഒരു ഓട്ടപ്പാച്ചിലാണ് ജീവിതമെന്നും അവർ കരുതിപ്പോകുന്നതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. അവരെ ശ്രദ്ധിക്കേണ്ട കാലത്ത് ശ്രദ്ധിക്കേണ്ടപോലെ നാമവരെ ശ്രദ്ധിച്ചില്ലെങ്കിൽ അവർ നമ്മെയും ശ്രദ്ധിക്കില്ല എന്നത് പ്രകൃതിയുടെ ഒരു തേട്ടമാണ്. 

പുതിയ തലമുറ ജീവിതത്തെയും കാര്യങ്ങളെയും വളരെ ലാഘവത്തോടെയാണ് കാണുന്നത്. ഹരങ്ങളും ആസ്വാദനങ്ങളു (എന്റർടൈൻമെന്റ്) മാണ് അവരുടെ മുഖമുദ്ര. കൂടുതൽ സുഖ സൗകര്യങ്ങളും സന്തോഷങ്ങളുമാണ് അവർ കൊതിക്കുന്നത്. അതിനാൽ തന്നെ അവർ പെട്ടെന്ന് മദ്യ-മയക്കുമരുന്നുകളിലും ലഹരി-പ്രണയങ്ങളിലും വീണ് പോകുന്നു. അവരുടെ സൗന്ദര്യ ബോധം - വിശിഷ്യ പെൺകുട്ടികളുടെ - കൂടുതലാണ്. പക്ഷെ ഈ അമിത സൗന്ദര്യ ബോധം അവരെ പലപ്പോഴും വൈരൂപ്യങ്ങളിലേക്കാണെത്തിക്കുന്നത്. അവർ വായിച്ചും പഠിച്ചും മനസ്സിലാക്കിയല്ല കാര്യങ്ങൾ വിലയിരുത്തുന്നത്. കണ്ടും കേട്ടും അനുഭവിച്ചുമാണ്. അത്കൊണ്ട് തന്നെ നമ്മുടെ ജീവിതത്തിലെ വൈരുധ്യങ്ങളെ അവർ ചോദ്യം ചെയ്യും. റീൽസിലൂടെയും ട്രോൾസിലൂടെയും മിന്നിമറയുന്ന വിവരങ്ങൾ മതി അവർക്ക്. 

ഇങ്ങനെയൊക്കെയാണെങ്കിലും ഇവർ നമ്മുടെതന്നെ കുട്ടികളാണ്. നമ്മുടെ ഭാവി തലമുറയാണ്. രാജ്യത്ത് ജീവിക്കേണ്ടവരും രാജ്യത്തെ വളർത്തേണ്ടവരുമാണ്. സർവോപരി കുട്ടികളാണ്. അതിന്റെയൊക്കെ ചാപല്യങ്ങളും പോരായ്മകളും അനുഭവക്കുറവുകളും അവർക്കുണ്ടാവും. അത് പരിഹരിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. നാം പറയുന്നത് കേൾക്കില്ലെന്നോ അനുസരിക്കില്ലെന്നോ പറഞ്ഞു ഒഴിഞ്ഞുമാറാനൊന്നും നമുക്ക് വയ്യ. നാമവരുടെ മാർഗദർശികളും വഴികാട്ടികളുമാണ്. അവർക്ക് വളരാനും ജീവിക്കാനുമുള്ള പാതയും പാഥേയവും നൽകേണ്ടത് നമ്മളാണ്. ലോകത്തിന്നുവരെ ജീവിച്ച എല്ലാ തലമുറകളും പിൻതലമുറകളെ വളർത്തുന്നതിലും ഉയർത്തുന്നതിലും നിർണായ പങ്ക് വഹിച്ചിട്ടുണ്ട്. അതുപോലെ പിൻതലമുറ മുൻതലമുറകളിൽ നിന്ന് പാഠം പഠിച്ചിട്ടുമുണ്ട്.

ഇപ്പോഴത്തെ കുട്ടികൾ ഉയർന്ന ക്ഷമതകളും സാധ്യതകളുമുള്ള (high potentiality) വരാണ്. കുട്ടികളുടെ ഈ പൊട്ടൻഷ്യലിറ്റി ഉപയോഗപ്പെടുത്തപ്പെടണം. അല്ലാതെ അവരുടെ കഴിവുകളെയും രീതികളെയും കുറ്റപ്പെടുത്തുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. അത് ശരിയാംവണ്ണം ഉപയോഗപ്പെടുത്തപ്പെട്ടില്ലെങ്കിൽ നിഷേധാത്മക രംഗത്തേക്ക് വഴിതിരിക്കപ്പെടും. അവരുടെ അഭിരുചികളും താല്പര്യങ്ങളും കഴിവുകളും പരിഗണിക്കാതെയുള്ള എന്ത് തീരുമാനവും ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക. 

കുട്ടികളെയും അതീവ സങ്കീർണമായ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് സമീപകാല പഠനങ്ങൾ തെളിയിക്കുന്നുണ്ട്. വിശിഷ്യാ കോവിഡ് കാലത്ത് ഏകദേശം രണ്ടു വർഷത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടച്ചിടൽ കുട്ടികളുടെ സാമൂഹിക ബോധത്തിലും ശാരീരിക ക്ഷമതയിലും പഠന തുടർച്ചയിലും വലിയ വിടവാണ് വരുത്തിയത്. മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും സമൂഹമാധ്യമങ്ങളെ പൂർണമായും ആശ്രയിക്കുന്നത് മൂലവുംഉണ്ടാകുന്ന ഒട്ടനവധി ദുശ്ശീലങ്ങളുണ്ട്. അസത്യങ്ങളും അർധ സത്യങ്ങളും അതിശയോക്തികളും സൃഷ്ടിക്കുന്ന മാനസിക ഉത്കണ്ഠകൾ, വൈകാരിക നിയന്ത്രണത്തിനുള്ള ബുദ്ധിമുട്ട്, വിഷാദരോഗം, ലഹരി ഉത്പന്നങ്ങളോടും സെക്സിനോടുമുള്ള കൗതുകവും അമിതമായ അഭിനിവേശവും, സാമൂഹികമായ ഒറ്റപ്പെടൽ, കളികൾക്കും വിനോദങ്ങൾക്കുമുള്ള സൗകര്യക്കുറവും സമയക്കുറവും തുടങ്ങി ഒട്ടേറെ സങ്കീർണ പ്രശ്നങ്ങളാണ് കുട്ടികൾ നേരിടുന്നത്.

ഒട്ടനവധി ക്ലിനിക്കൽ സൈക്യാട്രിസ്റ്റുകളും തങ്ങളുടെ മുമ്പിലെത്തുന്ന കുട്ടികളുടെ ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. പല കുട്ടികൾക്കും മാതാപിതാക്കളെ പേടിയാണ്. മാതാപിതാക്കൾക്ക് കുട്ടികളെയും. കുട്ടികൾക്ക് ഇഷ്ടമല്ലാത്തതെന്തെങ്കിലും പറഞ്ഞാൽ കണ്ണിൽ കാണുന്നതൊക്കെ എറിഞ്ഞുടയ്ക്കും. ബഹളമുണ്ടാക്കും. മൊബൈൽ ഉപയോഗിക്കരുതെന്നു പറയുന്നതാണ് ശത്രുതയ്ക്കുളള ഏറ്റവും വലിയ കാരണം. വഴക്കു പറഞ്ഞാൽ ആത്മഹത്യാ ഭീഷണി മുഴക്കും, പട്ടിണി കിടക്കും, വീട്ടിൽ നിന്നിറങ്ങിപ്പോവുമെന്ന് ഭീഷണിപ്പെടുത്തും. ക്ലാസിൽ നിന്നുവന്നയുടൻ പഠിക്കാതെ മുറിയിൽ കയറി വാതിലടച്ച് യൂണിഫോം പോലും മാറാതെ കിടന്നുറങ്ങും. അങ്ങനെ സമരമുറകൾ നിരവധി. ഇവയെല്ലാം അവധാനപൂർവവും യുക്തിഭദ്രമായും കൈകാര്യം ചെയ്യപ്പെടണം 

കുട്ടികളെ വലിയ സ്കൂളിൽ പഠിപ്പിക്കുന്നതോ നല്ല ട്യൂഷനുകൾ ഏർപ്പാടു ചെയ്യുന്നതോ ആഗ്രഹമുളളതെല്ലാം അടുത്ത നിമിഷത്തിൽ വാങ്ങിക്കൊടുക്കുന്നതോ ഒന്നും നല്ല പാരന്റിങ് ഗണത്തിൽ പെടുന്നില്ലെന്നാണ് സൈക്യാട്രിസ്റ്റുകളുടെ പക്ഷം. എപ്പോഴും അവരുടെ എല്ലാ ആവശ്യവും പെട്ടെന്നു സാധിച്ചു കൊടുക്കാമെന്നു തീരുമാനിക്കരുത്. കുട്ടി, മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നീട്ടി വയ്ക്കാനും പരിശീലനം കൊടുക്കണം. എന്നാലേ ആഗ്രഹം നീട്ടി വയ്ക്കുമ്പോഴുളള ചെറിയ നിരാശയും സങ്കടങ്ങളും കുട്ടി തിരിച്ചറിയൂ. മികച്ച ബ്രാൻഡിലുളള വസ്ത്രങ്ങളോ ചെരുപ്പുകളോ മറ്റ് ഉപകരണങ്ങളോ ഒന്നുമല്ല അവർക്കവശ്യം. ഇഷ്ടം പോലെ പണം നല്കലുമല്ല. സ്നേഹവും പരിഗണനയും അംഗീകാരവും ശ്രദ്ധയുമൊക്കെയാണ് അവർക്കാവശ്യം. അവരെയും അവരുടെ ഇഷ്ടങ്ങളെയും അവരുടെ കൂട്ടുകാരെയും നാം പരിഗണിക്കണം. മാന്യമായും സ്നേഹമസൃണമായും നാമവരോട് പെരുമാറണം. അവരുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങളെ നാം യാഥോചിതം അഡ്രസ്സ് ചെയ്യുകയും പരിഹരിക്കുകയും വേണം. നാം നമ്മുടെ കാലത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോകാനല്ല അവരുടെ കാലത്തേക്ക് ഇറങ്ങിവരാനാണ് ശ്രമിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും. ചുരുക്കത്തിൽ അവരുടെ ഏറ്റവും നല്ല ചങ്ങാതിയും കൂട്ടുകാരനും സുഹൃത്തും മാതാപിതാക്കളാകണം എന്നർത്ഥം. 

കുട്ടികളുടെ എല്ലാ ആഗ്രഹവും ഉടനടി നടത്തിക്കൊടുക്കുന്നവരല്ല നല്ല രക്ഷിതാക്കൾ. കുട്ടികളെ ജീവിതം പഠിപ്പിക്കാനുളള ബാധ്യത മാതാപിതാക്കൾ വിട്ടു പോവരുത്. ജീവിതത്തെ നേരിടാനാവുന്ന രീതിയിലേക്ക് അവരെ വളർത്തിയെടുക്കുകയും പ്രതിസന്ധികളെ നേരിടാൻ പഠിപ്പിക്കുകയും വേണം. നമ്മുടെ പഴയകാല ചരിത്രങ്ങൾ പറഞ്ഞ് അവരെ മടുപ്പിക്കുന്നതിന് പകരം പുതിയ കാലത്തുണ്ടാവുന്ന, ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള മാനസിക-ശാരീരിക-സാമ്പത്തിക ക്ഷമത അവരിൽ വളർത്തണം. ഇതൊക്കെ പറയുന്നത് അങ്ങേയറ്റത്തെ സന്തോഷവും സ്നേഹവും വഴിഞ്ഞൊഴുകുന്ന ഭാഷയിലാവണം. ലോകത്തെ തങ്ങളുടെ ഏറ്റവും വലിയ ഗുണകാംക്ഷികൾ മാതാപിതാക്കളാണെന്ന് അവർക്ക് ബോധവും ബോധ്യവും വരണം.

കുട്ടികളോട് ഹൃദയം തുറന്ന് സംസാരിക്കാനും ആശയ വിനിമയം നടത്താനും സമയം കണ്ടെത്തണം. അവരുടെ ഭാഷയിൽ അവരോട് സംസാരിക്കുകയും സംവദിക്കുകയും വേണം. നിങ്ങൾ കുട്ടികളോടു സംസാരിക്കുന്നത് എത്ര നേരമാണെന്നു സ്വയം കണ്ടെത്തുക. വീട്ടിൽ ചെന്നാൽ മക്കളോട് പഠനകാര്യങ്ങളെല്ലാം ചോദിക്കുന്നുണ്ടാവാം. പഠിക്കുന്ന സമയത്ത് കുട്ടിക്കൊപ്പം ഉറങ്ങാതെ ഇരിക്കുന്നുമുണ്ടാവാം. എന്നാൽ ഇതൊന്നുമല്ല ‘നല്ല സമയം’, അഥവാ ക്വാളിറ്റി ടൈം. ഈ സമയത്താണ് കുട്ടിയുടെ മനസ്സിലേക്ക് മാതാപിതാക്കൾ സ്നേഹം കൊണ്ട് പാലം കെട്ടേണ്ടത്. എങ്കിൽ മാത്രമേ ആ പാലത്തിലൂടെ കുട്ടി നിങ്ങൾക്കരികിലേക്ക് എത്തുകയുളളു.

പുതിയ പഠനമനുസരിച്ച് പാരന്റിങ് തുടങ്ങേണ്ടതെപ്പോഴെന്നോ! ഗർഭകാലത്ത്. എന്നാൽ പലരും ‘പേരന്റിങ്’ തുടങ്ങുന്നത് കൗമാരത്തിലാണ്. മറിച്ച് ഗർഭകാലം, മുലയൂട്ടൽ കാലം, ശൈശവം, ബാല്യം, കൗമാരം, യുവത്വം തുടങ്ങി ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സന്ദർഭോചിതമുള്ള പേരന്റിങ് നിർബന്ധമാണ്. അല്ലാതെ കൗമാര കാലത്ത് മാത്രം കുറെ നിയന്ത്രണങ്ങളും അരുതായ്മകളും കൊണ്ട് അവരെ പൊറുതിമുട്ടിച്ചാൽ ആ വേലിക്കെട്ടുകൾ തകർത്തെറിയാനായിരിക്കും അവരുടെ ശ്രമം. 

കുട്ടിക്ക് പ്രോത്സാഹനവും ശിക്ഷണവും നല്‍കുമ്പോൾ ആവശ്യത്തിന് ശിക്ഷയും നൽകണം. ശിക്ഷിക്കുന്നത് എന്തിനാണെന്ന് കുട്ടികൾക്ക് ബോധ്യമുണ്ടാകണം. ശിക്ഷ നൽകുമ്പോൾതന്നെ ശാരീരിക ശിക്ഷയെക്കാൾ ചിലപ്പോൾ മാനസിക ശിക്ഷയായിരിക്കും കൂടുതൽ ഉപകാരപ്പെടുക. കുട്ടികളുടെ ചെറിയ ചെറിയ നേട്ടങ്ങള്‍ പോലും മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യും. അതുപോലെ പ്രോത്സാഹനത്തിന് വൈകാരിക സമ്മാനങ്ങൾ നൽകുക. എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നതിനേക്കാൾ ചിലപ്പോൾ നിങ്ങളുടെ ഒരു ചുംബനമോ തലോടലോ ഒക്കെയായിരിക്കാം അവരെ കൂടുതൽ സന്തോഷിപ്പിക്കുക. ഒന്നിനും അവരോട് കണക്കുപറയുകയോ നിബന്ധന വെക്കുകയോ ചെയ്യാതിരിക്കുക, കണക്കു പറയുകയും നിബന്ധന വെക്കുകയും ചെയ്യുന്ന മാതാപിതാക്കളെ കുട്ടികൾക്കിഷ്ടമാവില്ല. എന്തും പൈസ കൊടുത്തു വാങ്ങാം എന്ന ചിന്ത കുട്ടികളിൽ വളർത്തരുത്. കുട്ടികളെ സാമ്പത്തിക പ്രയാസങ്ങളോ കഷ്ടപ്പാടുകളോ ഒന്നുമറിയിക്കാതെ വളർത്തേണ്ടതില്ല. മറിച്ച് എല്ലാം അവരുമായി ചർച്ച ചെയ്യണം. അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കുകയും മാനിക്കുകയും വേണം. ജീവിതസാഹചര്യങ്ങളെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുക്കുക. ഓരോ കുട്ടിയേയും സ്വന്തം സാഹചര്യം തിരിച്ചറിഞ്ഞ് വളരാൻ പരിശീലിപ്പിക്കണം.

പഠനവും പരീക്ഷയുമൊന്നും കുട്ടികൾക്ക് ഒരു ഭാരമാവരുത്. മത്സരപ്പരീക്ഷകളുടെ അമിത പ്രാധാന്യവും റാങ്കിങ്ങുമൊക്കെ കുട്ടികളുടെ മനസ്സിനെ സംഘർഷഭരിതമാക്കുന്നു.‌‌ മാർക്കു കുറഞ്ഞാൽ ജീവിതത്തിൽ വമ്പിച്ച നഷ്ടമാണെന്ന ബോധം അവരിലുണ്ടാക്കരുത്. തോല്‍വി സാധാരണമാണെന്നും വീണ്ടും പരിശ്രമിക്കുകയാണ് വേണ്ടതെന്നും അവരോട് പറയണം. ജീവിതത്തിൽ എന്തെല്ലാം നഷ്ടങ്ങളും പരാജയങ്ങളും അവർക്ക് വരാനിരിക്കുന്നു!

ജീവിത രീതിയുമായി കുട്ടികളുടെ സന്തോഷത്തിനും സംഘർഷത്തിനും ബന്ധമുണ്ട്. ഉറക്കം, ഭക്ഷണം, വിശ്രമം, ഉല്ലാസം, തുടങ്ങി സകല കാര്യങ്ങളും അവരുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ സ്വാധീനിക്കും. വിശിഷ്യാ ഭക്ഷണ ക്രമത്തിലെയും ഉറക്ക സമയത്തെയും താളപ്പിഴകൾ ശരീരത്തിന്റെയും മനസ്സിന്റെയും കരുത്തുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ വിദഗ്ധർ നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇന്ത്യൻ പീഡിയാട്രിക് ജേണലിൽ പ്രസിദ്ധീകരിച്ച ആ റിപ്പോർട്ടിൽ‌ ബ്രേക് ഫാസ്റ്റ് കഴിക്കാത്ത കുട്ടി മറ്റു കുട്ടികളേക്കാൾ കൂടുതലായി മാനസിക സംഘർഷം അനുഭവിക്കുന്നുവെന്നും പത്തു വയസ്സുളള കുട്ടി പത്തു മണിക്കൂർ ഉറങ്ങണമെന്നുമൊക്കെ നിരീക്ഷിക്കുന്നുണ്ട്. 

 മക്കള്‍ എല്ലാ കാര്യങ്ങളിലും മിടുക്കുള്ളവരും പഠനത്തില്‍ സമര്‍ത്ഥരും മറ്റുള്ളവരോട് നന്നായി ഇടപെടുന്നവരുമായിരിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. എന്നാല്‍ ഈ ആഗ്രഹം എല്ലാ കുട്ടികളുടേയും കാര്യത്തില്‍ ഒരേപോലെ യാഥാര്‍ത്ഥ്യമാകുമോ? ഒരിക്കലുമില്ല. കുട്ടികള്‍ തീര്‍ത്തും വ്യത്യസ്തരാണ്. കുട്ടികളെ മറ്റുകുട്ടികളുമായി ഒരിക്കലും താരതമ്യം ചെയ്യരുത്. ഒരാള്‍ക്കുള്ള കഴിവുകളായിരിക്കില്ല മറ്റൊരാള്‍ക്കുള്ളത്. ഓരോരുത്തരുടേയും സാമര്‍ത്ഥ്യം ഓരോ കാര്യങ്ങളിലായിരിക്കും. ചിലര്‍ പഠിക്കാന്‍ മിടുക്കരായിരിക്കും എന്നാല്‍ മറ്റു കാര്യങ്ങളില്‍ അത്ര സമര്‍ത്ഥരായെന്നു വരില്ല. അതേസമയം നല്ല സ്വഭാവവും നന്നായി ഇടപെടാന്‍ കഴിവുള്ളവരുമായ കുട്ടികള്‍ നന്നായി പഠിക്കുന്നവരാകണമെന്നില്ല. കുട്ടികളുടെ താല്പര്യവും ജോലിയും ഒന്നാക്കാനാണ് രക്ഷിതാക്കൾ ശ്രമിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും. 

നമ്മുടെ കുട്ടികളിൽ ഭൂരിപക്ഷവും കഴിവുറ്റവരാണ്, പലതരം ശേഷികളാൽ സമ്പന്നരും. അറിവും നിലപാടുകളും ചിന്താശേഷിയുമൊക്കെ ഉള്ളവരാണവർ. സന്ദർഭം വരുമ്പോൾ ഏത് സാഹചര്യത്തെയും നേരിടാൻ അവരിൽ ഒട്ടനവധി പേരുണ്ട്. ഇത് പല സമയങ്ങളിലും അവർ തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുതിയകാലത്തെ കുട്ടികളിൽ വലിയ ശതമാനവും ശരാശരി നിലവാരം പുലർത്തുന്നവരാണ്. പുതിയ കാലത്തെ കുട്ടികളെ മനസ്സിലാക്കുന്നതിലും അതിനനുസരിച്ച് പെരുമാറുന്നതിലും അംഗീകരിക്കുന്നതിലും രക്ഷിതാക്കൾ വലിയ തോതിൽ പരാജയപ്പെടുന്നു എന്നത് വസ്തുതയാണ്. അവർ തങ്ങളെക്കാൾ ഉയർന്നു ചിന്തിക്കുന്നവരും കഴിവുള്ളവരുമാണെന്ന് രക്ഷിതാക്കൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനു കഴിയണമെങ്കിൽ പുതിയ തലമുറയെ പഠിക്കുക തന്നെ വേണം. കുട്ടികളുടെ മനശാസ്ത്രം, സമീപന രീതികൾ, കഴിവുകൾ തുടങ്ങിയവയൊക്കെ രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. പുതിയ കാലത്തെ ശാസ്ത്രത്തിന്റെയും ടെക്നോളജിയുടെയും വളർച്ച, അതിലേക്ക് ജനിച്ചുവീഴുന്ന കുട്ടികളുടെ കഴിവുകളും കാഴ്ചപ്പാടുകളും, അതിൽ അവർ വികസിപ്പിച്ചെടുത്തിട്ടുള്ള സ്വപ്നങ്ങളും സാധാരണ രക്ഷിതാക്കൾ ആലോചിക്കുന്നതിനും അപ്പുറത്താണ്! ഇതേക്കുറിച്ചൊക്കെ രക്ഷിതാക്കൾ ആഴത്തിൽ അറിവും ബോധവും ഉള്ളവരായിരിക്കണം. അതിന് രക്ഷിതാക്കൾക്കും പരിശീലനങ്ങൾ കൂടിയേ തീരൂ.