2024 November 29
27 Jumada I, 1446 AH
ആശയും  നിരാശയും

ആശയും  നിരാശയും

  • ഇ.കെ.എം. പന്നൂര്‍

 

 

 

വിശ്വാസി ആശിക്കേണ്ടവനും പ്രതീക്ഷിക്കേണ്ടവനുമാണ്. ഇഹത്തിലും പരത്തിലും ഞങ്ങള്‍ക്ക് നീ നന്മ നല്‍കേണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മഹാനാണ് പ്രിയങ്കരനായ മുഹമ്മദ് നബി(സ്വ). ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ തളര്‍ത്തിയില്ല. നിരാശപ്പെടുത്തിയിട്ടുമില്ല. എന്തുകൊണ്ട്? അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിങ്ങള്‍ നിരാശപ്പെടരുത് എന്ന് അല്ലാഹു വഹ്‌യ് ഇറക്കിയതുകൊണ്ട്. നമുക്ക് അതിന്നായി ദിവ്യസന്ദേശം ഇറങ്ങുകയില്ല. മുഹമ്മദ് നബി(സ്വ)ക്കിറങ്ങിയ കല്‍പനകള്‍ നമുക്ക് കൂടിയുള്ളതാണ്. ഞാന്‍ വിശ്വാസിയാണ്. വന്‍ദോഷങ്ങളൊന്നും ചെയ്തിട്ടില്ല, പരമാവധി സല്‍കര്‍മങ്ങള്‍ ചെയ്യുന്നുണ്ട്. അതിനാല്‍ എനിക്ക് അല്ലാഹു ഞെരുക്കമുണ്ടാക്കുകയില്ല എന്ന് നാം വിചാരിച്ചുപോകരുത്. സത്യവിശ്വാസം ഉള്‍ക്കൊണ്ടു എന്ന ഏക കാരണത്താല്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ടിരുന്നു സ്വഹാബിമാരില്‍ പലരും. സത്യവിശ്വാസം അത്ഭുതകരമായ സഹനശക്തി പ്രദാനം ചെയ്യും എന്ന് ബിലാല്‍(റ)യെ പോലുള്ളവര്‍ ജീവിതം കൊണ്ട് തെളിയിച്ചു.

നമ്മുടെ ഇന്നത്തെ അവസ്ഥയോ? ഇസ് ലാം ലോകത്തിന്റെ എല്ലാഭാഗത്തും എത്തി. മുസ് ലിങ്ങള്‍ ന്യൂനപക്ഷമായ ഇന്ത്യയില്‍ അവര്‍ നിര്‍ഭയരായി ഇസ് ലാമിക വ്യക്തിത്വം പുലര്‍ത്തി ജീവിക്കുന്നു. അതിന്നിടയില്‍ ഭൗതികമായ ചില ബുദ്ധിമുട്ടുകള്‍ വന്നേക്കാം. അല്ലാഹുവിന്റെ ഭാഗത്തുനിന്നുതന്നെ പരീക്ഷണം വരും.

""കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നത് ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും.'' (വി.ക്വു. 2:155, 156)

അവങ്കലേക്ക് മടങ്ങേണ്ടവര്‍ എന്ന പ്രയോഗത്തിന്റെ അറബി പദങ്ങള്‍ എല്ലാവര്‍ക്കുമറിയാം.- "ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍' എന്നാണ്. അത് കരുത്തിന്റെയും സഹനത്തിന്റെയും പ്രഖ്യാപനമാണ്. മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ മാത്രം പറയേണ്ട വാക്യമല്ല. ഏതുതരം വിപത്തിന്റെ അവസ്ഥയിലും അത് പറയണം.

സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി(സ്വ)ക്ക് ഉഹ്ദില്‍ പരിക്കേറ്റിരുന്നുവല്ലോ. പട്ടിണി മൂലം ഇലകള്‍ പറിച്ചു തിന്നേണ്ട അവസ്ഥയുണ്ടായി. അദ്ദേഹം അതുകൊണ്ടൊന്നും നിരാശനായില്ല. ജീവിതം എന്നാല്‍ നിരന്ന നിരത്തുകളിലൂടെയുള്ള യാത്രയല്ല. കുഴിയും കുന്നും ഇടക്കിടെ തരണം ചെയ്യേണ്ടി വരും. കഷ്ടപ്പാട് വരുമ്പോള്‍ അതുവഴി താന്‍ പരീക്ഷിക്കപ്പെടുകയാണെന്നും അതില്‍ പരാജയപ്പെടരുതെന്നും തീരുമാനിക്കണം. പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും സഹിക്കലാണ് ആ പരീക്ഷയിലുള്ള വിജയം. മനുഷ്യരില്‍ പലരും ഈ പരീക്ഷയില്‍ തോറ്റുപോകുന്നുണ്ട് എന്ന് അല്ലാഹു പറയുന്നു.

''മനുഷ്യന്ന് നാം നമ്മുടെ ഭാഗത്തുനിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും എന്നിട്ട് അത് അവനില്‍ നിന്ന് എടുത്തുനീക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവന്‍ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും. അവന്ന് കഷ്ടത ബാധിച്ചതിന്നു ശേഷം നാം അവന്ന് ഒരനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ തീര്‍ച്ചയായും അവന്‍ പറയും, തിന്മകള്‍ എന്നില്‍ നിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു എന്ന്. തീര്‍ച്ചയായും അവന്‍ ആഹ്ലാദഭരിതനും അഹങ്കാരിയുമാകുന്നു. ക്ഷമിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അവര്‍ക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവും ഉള്ളത്.'' (വി.ക്വു. 11:9-11)

ക്ഷമയില്ലായിരുന്നുവെങ്കില്‍ നബി(സ്വ)യുടെ സമൂഹം വിജയിക്കുമായിരുന്നില്ല. പൊള്ളുന്ന മണലില്‍ മലര്‍ത്തിക്കിടത്തി നെഞ്ചില്‍ പരുത്ത കല്ലുവെച്ച് ബിലാല്‍ (റ)യെ വലിച്ചിഴച്ചപ്പോള്‍ ആ വേദന അദ്ദേഹം മധുരമുള്ളതാക്കി. അഹദ്, അഹദ് എന്ന മന്ത്രമായിരുന്നു അദ്ദേഹം ഉരുവിട്ടിരുന്നത്. ആരാധന ഏകനായ അല്ലാഹുവിന്ന് മാത്രം എന്ന ദൃഢ പ്രഖ്യാപനം. ഈ ധൈര്യവും സഹനവും എങ്ങനെ കിട്ടി? സത്യവിശ്വാസത്തിന്റെ മധുരം മനസ്സില്‍ കടന്നപ്പോള്‍. അത് ഓരോ സെല്ലിനെയും ശക്തമാക്കി. ഈ പീഢനം തനിക്ക് നഷ്ടമല്ല, ലാഭമാണ് എന്ന വിശ്വാസം. ക്ഷണികമായ ഈ ലോകജീവിതം കഴിഞ്ഞാല്‍ അനന്തമായ സ്വര്‍ഗീയലോകം വിശ്വാസികളെ കാത്തിരിക്കുന്നു എന്ന ദൃഢവിശ്വാസം. ഈ പ്രയോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

""സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തുകൊണ്ടുവരപ്പെടുന്നതാണ്. (അവരോട് പറയപ്പെടും) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും (ജീവിതം) കാത്തുസൂക്ഷിക്കുന്നവനുമായ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്. അതായത് അദൃശ്യമായ രീതിയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോടു കൂടി വരികയും ചെയ്തവന്ന്. (അവരോട് പറയപ്പെടും). സമാധാനപൂര്‍വം നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. ശാശ്വതവാസത്തിന്നുള്ള ദിവസമാകുന്നു അത്. അവര്‍ക്കവിടെ അവര്‍ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്. (വി.ക്വു. 50:31-35)

ശാസ്ത്രസാങ്കേതിക വിദ്യകൊണ്ട് ആ ലോകം കണ്ടെത്താന്‍ കഴിയില്ല. എന്നുവെച്ച് അത് അസത്യമാകുന്നില്ല. എന്നാല്‍ ഒരിക്കലും കാണാത്ത, ഒരുപകരണം കൊണ്ടും അറിയാന്‍ കഴിയാത്ത ഒരു വസ്തുവെ(പരലോകത്തെ) യാഥാര്‍ത്ഥ്യം എന്ന് പറയുന്നതെങ്ങനെ? യാഥാര്‍ത്ഥ്യമുണ്ടെന്ന് എങ്ങനെ കാണാന്‍ കഴിയും? ഉള്‍ക്കാഴ്ച കൊണ്ട്. എന്താണ് ഉള്‍ക്കാഴ്ച? ഉള്‍ക്കാഴ്ച എന്നത് നാം കണ്ടിട്ടില്ലാത്തത് ചില ലോജിക്കുകൊണ്ട് മനസ്സിലാവുന്ന കാര്യമാണ്. അത് പ്രകൃതി നിരീക്ഷണം കൊണ്ട് മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണം: രാവിലെ 5 മണിക്ക് എഴുന്നേറ്റ് കിഴക്കോട്ട് നോക്കിയിരിക്കുക. സൂര്യന്‍ അല്‍പം പ്രകടമാവും. അധികസമയം കഴിയാതെ അത് ചുവന്ന പൂര്‍ണ ഗോളമായി മാനത്ത് ഉയരും. സൂര്യന്‍ യാത്ര ചെയ്യുന്നതായി നമുക്ക് തോന്നും. നട്ടുച്ചക്ക് കിഴക്ക് ഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ അപ്പോള്‍ സൂര്യനെ കാണില്ല. അത് നമ്മുടെ തലക്ക് മുകളിലായിരിക്കും. എന്നും ഇതാണ് അവസ്ഥ. ഈ വ്യവസ്ഥ ആരുണ്ടാക്കി? സൂര്യന്‍ സ്വയം ഉണ്ടായതല്ല. മനുഷ്യരുണ്ടാക്കിയതുമല്ല. ഭൂമിയും ചന്ദ്രനും സൂര്യനും മറ്റൊരുവനാല്‍ സൃഷ്ടിക്കപ്പെട്ടു. ആ സ്രഷ്ടാവ് വല്ലാത്തൊരു ശില്‍പിയാണ്.

""തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രേ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ റബ്ബേ, നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ'' (വി.ക്വു. 3:190-191)

മുസ് ലിങ്ങളല്ലാത്തവരോട് ലോകം ആരുണ്ടാക്കി എന്നു ചോദിച്ചാല്‍ പടച്ചോന്‍, ബ്രഹ് മാവ് എന്നെല്ലാം പറയും. എന്നുവെച്ചാല്‍ ഭൂമി, സൂര്യന്‍, ചന്ദ്രന്‍ തുടങ്ങിയ ഗോളങ്ങള്‍ യാദൃച്ഛിക സൃഷ്ടിയല്ല. സോദ്ദേശ്യ സൃഷ്ടിയാണ്. ആരുടെ ഉദ്ദേശ്യമാണ് ഇതിന്റെ പിന്നില്‍? സ്രഷ്ടാവിന്റെ ഉദ്ദേശ്യം. ഉദ്ദേശ്യമുണ്ട് എന്നതിന്റെ തെളിവെന്ത്? ഈ ഗോളങ്ങള്‍ നിയമവിധേയമായിട്ടാണ് ചലിക്കുന്നത്. ഒരിക്കലും സൂര്യന്‍ പടിഞ്ഞാറു ഭാഗത്തുനിന്ന് ഉദിക്കുന്നില്ലല്ലോ. സൂര്യന്ന് അഭിമുഖമായി ഭൂമി ഓരോ ദിവസവും ഒരു തവണ കറങ്ങുന്നു. അതുകൊണ്ടാണ് രാപ്പകലുകള്‍ മാറിമാറി വരുന്നത്.

ഭൂമിയുടെ സ്വയം കറക്കം ഓരോ ദിവസവും നടന്നില്ലെങ്കില്‍ എന്താണ് സംഭവിക്കുക? ഒരു ഭാഗത്ത് എന്നും പകല്‍. മറുഭാഗത്ത് എന്നും രാത്രി. ഇങ്ങനെ നോക്കുമ്പോള്‍ അപാരശക്തിയുള്ള ഒരു സ്രഷ്ടാവുണ്ട് എന്ന് ബുദ്ധിമാന്മാര്‍ക്ക് ബോധ്യപ്പെടുന്നു. ആ സ്രഷ്ടാവില്‍ നിന്ന് നമുക്ക് വിനയത്തോടെ ആഗ്രഹങ്ങള്‍ ചോദിച്ചുവാങ്ങാം. അല്ലാഹുവെ ആശാകേന്ദ്രമായി കണ്ടാല്‍, നന്മയും തിന്മയും അവനില്‍ നിന്ന് എന്ന ചിന്തവരും. അല്ലാഹുവേ, എന്റെ ആശയും പ്രതീക്ഷയും നിന്നില്‍ ഞാന്‍ അര്‍പ്പിക്കുന്നു. നീ തരുന്നത് ആര്‍ക്കും തടയാനാകില്ല. നീ തടഞ്ഞത് ആര്‍ക്കും തരാനും കഴിയില്ല. എന്റെ റബ്ബേ, നിന്നിലാണ് ഞങ്ങളുടെ പ്രതീക്ഷ.