മനുഷ്യത്വം മരിക്കുന്നവരുടെ എണ്ണം കൂടുമ്പോള്‍
ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ ദലിത് വിഭാഗത്തില്‍പ്പെട്ട വൃദ്ധനെ മൂത്രം കുടിപ്പിച്ച സംഭവം ഏതാനും ദിവസം മുമ്പ് നടന്നു. വേറെയും ദലിത് പീഡനങ്ങള്‍ പോയ വാരത്തിലുണ്ടായി. ഇത്തരം അതിക്രുര പീഡനങ്ങള്‍ നടന്നത് കൊറോണ വ്യാപനം ശക്തമായിരിക്കുമ്പോഴാണ് എന്നതില്‍ നിന്ന് കൊറോണ മരണത്തിനൊപ്പം മനുഷ്യത്വത്തിനും മരണം സംഭവിക്കുന്നു എന്ന പാഠമാണ് മനുഷ്യത്വമുള്ളവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകമാകെ ഭീതിപരത്തുന്ന പൊതുവിപത്താണ് കൊറോണയെന്ന് അറിഞ്ഞിട്ടും ഇത്തരം പൈശാചിക വ്ൃത്തികള്‍ക്ക് അറുതി വരുന്നില്ലല്ലോ എന്ന് നമുക്ക് വേദനയോടെ ഓര്‍ക്കാനേ കഴിയു. നിയമപാലകര്‍ക്കും സ്യായാലയങ്ങള്‍ക്കും ഇത് ഫലപ്രദമായി നേരിടാനാകും. ഇത്തരം അതിഹീനകുറ്റങ്ങളുടെ വിചാരണയും വിധിയും വേഗത്തിലാക്കുകയും ശിക്ഷാവിധികള്‍ക്ക് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുകയുമാണെങ്കിൽ ഒരു വലിയ അളവോളം അത് ഫലം ചെയ്യും. പൊതു വിപത്തിന് സാധാരണഗതിയില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ നമ്മുടെ നാട്ടില്‍ പൂര്‍ണ രൂപത്തില്‍ ഇല്ല എന്ന് വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ശത്രുത മറക്കുക, ഐക്യം ബലപ്പെടുക, സേവന തല്‍പരത കൂടുകയെന്നതാണ് പൊതുവിപത്തു മുലമുണ്ടാകുന്ന ഗുണങ്ങള്‍. കേരളത്തെപ്പോലുള്ള ഉല്‍ബുദ്ധ മേഖലകളില്‍ ഈ ഗുണം ഉയര്‍ന്ന അളവില്‍ കണ്ടുവരുന്നു. രണ്ട് പ്രളയങ്ങള്‍, വിമാനാപകടം, കോവിഡ് വ്യാപനം എന്നീയവസരങ്ങളില്‍ നമ്മുടെ മനസ് എത്രയോ വിശാലമായി.
എന്നാല്‍ ഉത്തരേന്ത്യയില്‍ സ്ത്രീ പീഡനവും ദലിദ് പീഡനവും അരങ്ങ് തകര്‍ക്കുകയാണ്. ഇത് വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമല്ല. വിദ്യാഭ്യാസം കൊണ്ട് മാനസിക പരിവര്‍ത്തനം ലഭിക്കാത്തതു കൊണ്ടും മനസില്‍ കട്ടപിടിച്ച വര്‍ണവെറി കൊണ്ടുമാണ് ഇത് നടക്കുന്നത്. ജന്മംകൊണ്ടല്ല കര്‍മം കൊണ്ടാണ്‌മനുഷ്യന്‍ നന്നാവുന്നത്. ജനിച്ചുവീഴുന്നവരെല്ലാം ശുദ്ധപ്രകൃതി ഉള്ളവരാണെന്ന അറിവിന് വലിയ സ്ഥാനം നല്‍കുമ്പോഴേ വര്‍ണവെറി മാറുകയുള്ളൂ. മഹാത്മാ ഗാന്ധി ഏറെ പണിപെട്ടിട്ടും തുടച്ചുമാറ്റാന്‍ കഴിയാത്ത കാര്യമാണ് അയിത്തം എന്നതിന് വടക്കന്‍ സംസ്ഥാനങ്ങള്‍ തെളിവു നല്‍കുന്നു. പക്ഷേ, അയിത്തം ലൈംഗികാസക്തി പൂരണത്തിന് ബാധകമല്ല എന്നതാണ് അവിടങ്ങളിലെ അനുഭവം. ദലിത് യുവതികളെയും ബാലികമാരെയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് ദലിതരല്ല എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.
ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ കഴിയാത്ത ഗ്രാമങ്ങളാണ് ഉത്തരേന്ത്യയില്‍ ഉള്ളത്. ഇന്ത്യാ രാജ്യത്തെവിടെയും പണംകൊടുത്ത് ഭൂമി വാങ്ങിപൌരന്മാര്‍ക്ക് വീട് പണിയാം എന്നത് ഭരണഘടന നല്‍കുന്ന പൌര സ്വാതന്ത്രമാണ്. എന്നാല്‍,ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി ഓരോ ജാതിക്കാര്‍ക്കും പ്രത്യേക ഗ്രാമമാണ് എന്നതാണ്.ചമാരോം കാഗാവ (ചെരുപ്പൂത്തികളുടെ ഗ്രാമം), ലുഹാരോം കാഗാവ് (പെരിങ്കൊല്ലന്മാരുടെ ഗ്രാമം) എന്നിങ്ങനെയാണ് അവിടത്തെ അവസ്ഥ. ഒരേഗ്രാമത്തില്‍ വ്യത്യസ്ത ജാതിക്കാരെ അതിവസിപ്പിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ അവിടെ പുതിയ ഒരു സംസ്കാരം ഉടലെടുക്കും.ചുരുക്കിപ്പറഞ്ഞാല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ കുറേ കേരളങ്ങളുണ്ടാവും. അത് പൊതുജീവിതത്തില്‍ പതുക്കെപ്പതുക്കെ ഗുണപരമായ മാറ്റങ്ങളുമുണ്ടാക്കും.